Image

ചില സങ്കടങ്ങൾ ഉണ്ടെങ്കിലും പൂർണ്ണ തൃപ്തൻ: ഫിലിപ്പ് ചാമത്തിൽ

അനിൽ പെണ്ണുക്കര Published on 10 July, 2020
ചില സങ്കടങ്ങൾ ഉണ്ടെങ്കിലും പൂർണ്ണ തൃപ്തൻ:  ഫിലിപ്പ് ചാമത്തിൽ
അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമയുടെ പ്രസിഡൻ്റ് പദവി ഏറ്റെടുത്ത് രണ്ട് വർഷം ആകുമ്പോൾ താൻ പരിപൂർണ്ണ തൃപ്തനാണെന്ന് ഫിലിപ്പ് ചാമത്തിൽ ഇ-മലയാളിയോട്.

" രണ്ട് വർഷത്തെ സംഘടനയുടെ പ്രവർത്തനത്തിൽ പരിപൂർണ്ണ തൃപ്തനും സന്തോഷവാനുമാണ്. ഏറ്റെടുത്ത ജോലികൾ സത്യസന്ധമായും ആത്മാർത്ഥമായും ചെയ്യുവാൻ സാധിച്ച ഒരു ടീമിനൊപ്പം പ്രവർത്തിക്കുവാൻ ,പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും സാധിച്ചു.പക്ഷെ മനസിൽ സന്തോഷമുണ്ടെങ്കിലും ഈ കോവിഡ് കാലത്ത് ഫോമയെയും അമേരിക്കൻ മലയാളികളേയും വിട്ടു പിരിഞ്ഞ് പോയ സുഹൃത്തുക്കളും ,അതിന് കാരണമായ കോവിഡ് എന്ന മഹാമാരിയും ഹൃദയത്തിൽ വേദന ഉണ്ടാക്കി.മാത്രമല്ല കോവിഡ് എന്ന വൈറസ് ലോകത്ത് വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഞങ്ങൾ എല്ലാവരും ഫോമാ നാഷണൽ ക്രൂയിസ് കൺവൻഷൻ കഴിഞ്ഞു ഇപ്പോൾ തിരിച്ചു വരേണ്ട സമയം കൂടി ആയിരുന്നു .ജൂലൈ ആറുമുതൽ പത്തുവരെ തീരുമാനിച്ചിരുന്ന കൺവൻഷൻ നടക്കാതെ പോയതിൽ ഫോമയുടെ പ്രസിഡന്റ് എന്ന നിലയിൽ അതിയായ സങ്കടം ഉണ്ട് .പക്ഷെ ഈ പശ്ചാത്തലത്തെ മനസിലാക്കുന്നു .ഉൾക്കൊള്ളുന്നു.

പക്ഷെ ഞാൻ സംതൃപ്തനാണ്. ഫോമ പ്രസിഡൻ്റ് ആയി  അധികാരം ഏറ്റെടുത്ത സമയം മുതൽ ഫോമ നടത്തിയ പ്രവർത്തനങ്ങൾ ഒരു തുറന്ന പുസ്തകം പോലെ പൊതുജനങ്ങൾക്ക് മുമ്പിലുണ്ട്.നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നടപ്പിലാക്കിയ രണ്ട് വർഷങ്ങളാണ് കടന്നു പോയത്. ഓരോ പ്രവർത്തനങ്ങളും പ്രത്യേകം പരാമർശിക്കുന്നില്ലങ്കിലും ഫോമ വില്ലേജ് പ്രോജക്ടിനെക്കുറിച്ച് പറയാതിരിക്കാൻ വയ്യ.നാൽപ്പതോളം വീടുകൾ വീടില്ലാത്ത കുടുംബങ്ങൾക്കായി നിർമ്മിച്ചു നൽകിയ ബൃഹത്തായ ഒരു പദ്ധതി.തിരുവല്ലയ്ക്കടുത്ത് കടപ്ര വില്ലേജിൽ നടപ്പിലാക്കിയ പദ്ധതിയുടെ പിന്നിൽ ഒരു ജനവിഭാഗത്തിൻ്റേയും, കേരളത്തിൻ്റേയും വേദനയുടെ ചരിത്രമുണ്ട്. 

രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ച ഒരു സമൂഹത്തെ താങ്ങും തണലും നൽകി കൈ പിടിച്ച് ഉയർത്തുകയായിരുന്നു ഫോമ. എന്നും ഫോമാ പ്രവർത്തകർക്കും, അമേരിക്കൻ മലയാളികൾക്കും, പ്രവാസി മലയാളികൾക്ക് ഓരോരുത്തർക്കും സധൈര്യം സമൂഹത്തിന് ചൂണ്ടിക്കാണിക്കുവാൻ പറ്റുന്ന ഒരു പ്രോജക്ട് ആയിരുന്നു ഫോമാ വില്ലേജ് പ്രോജക്ട് .ഫോമ നാഷണൽ കമ്മറ്റി ,ജനറൽ ബോഡി ,റീജിയണൽ കമ്മറ്റികളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ചുരുങ്ങിയ സമയം കൊണ്ട് ,കേരളാ കൺവൻഷൻ സമയത്ത് നാൽപ്പത് വീടുകളുടേയും നിർമ്മാണം പൂർത്തിയാക്കി താക്കോൽ ദാനം നിർവ്വഹിച്ച മഹനീയ മുഹൂർത്തം മറക്കുവതെങ്ങനെ. ഇതൊരു തുടർ പ്രോജക്ടായി ഫോമായുടെ തുടർ കമ്മറ്റികൾ മുന്നോട്ടു കൊണ്ടു പോകുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഭവന നിർമ്മാണ പ്രോജക്ടായി മാറും എന്ന കാര്യത്തിൽ സംശയമില്ല.

ഫോമയുടെ വിമൻസ് ഫോറം തീരുമാനിച്ച് നടപ്പിലാക്കാനിരുന്ന മറ്റൊരു ബൃഹത്തായ പ്രോജക്ട് കേരളത്തിലെ നിർദ്ധനരായ നേഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണമായിരുന്നു. അൻപതിനായിരം രൂപ വീതം അൻപത്തിയഞ്ചു നേഴ്സിങ് വിദ്യാർത്ഥികൾക്ക് നൽകുന്ന ബ്രിഹത്തായ ഒരു സ്‌കോളർഷിപ്പ് പദ്ധതിയായിരുന്നു അത് . കോവിഡ് പശ്ചാത്തലത്തിൽ സ്കോളർഷിപ്പ് വിതരണം വലിയ ചടങ്ങുകളോടെ നടത്താൻ പറ്റിയിട്ടില്ല. അർഹരായവർക്ക് അത് എത്തിക്കുവാൻ വിമൻസ് ഫോറം  പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

രണ്ട് വർഷം ഒപ്പം നിന്ന ഫോമാ നാഷണൽ കമ്മിറ്റി ,സഹപ്രവർത്തകർ ,റീജിയണൽ കമ്മറ്റികൾ,അതിലുപരി അമേരിക്കൻ മലയാളികൾ ,ഫോമയുടെ അംഗ സംഘടനകൾ,മാധ്യമ പ്രവർത്തകർ ,ഫോമയുടെ മുൻ നേതാക്കൾ, അഭ്യുദയ കാംക്ഷികൾ എന്നിവരോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുക്കുന്നതല്ല.അവരുടെ സഹകരണവും തോളോട് തോൾ ചേർന്നുള്ള പ്രവർത്തനങ്ങളുമാണ് ഫോമയുടെ വിജയത്തിന്റെ നാഴികക്കല്ല് എന്ന് ഞാൻ വിശ്വസിക്കുന്നു .

കോവിഡ് മഹാമാരി ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ ഫോമാ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങിയ ഹെൽപ്പ് ലൈൻ, കൃഷിപാഠം, കലാകാരൻമാരുടെ ഏകോപനം,കോൺസൾട്ടുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങളുടെ ഏകോപനം,ഈ ലോക്ക് ഡൗൺ കാലത്തിലും ഫോമാ ജനങ്ങൾക്കൊപ്പം ലൈവായി ഉണ്ട് എന്നതിൻ്റെ തെളിവായി. ഇപ്പോഴും സജീവമായി അത് തുടരുന്നതിലും ഫോമാ പ്രസിഡൻ്റ് എന്ന നിലയിൽ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഫിലിപ്പ് ചാമത്തിൽ എപ്പോഴും പ്രസരിപ്പോടെ ഓടി നടക്കുന്ന സാമൂഹ്യ പ്രവർത്തകനായതിനാൽ വയസിന് പ്രസക്തിയില്ല എന്ന് കരുതിക്കൊണ്ട് ഈ മലയാളിയുടെ ജന്മദിനാശംസകൾ നേരുകയും തുടർ പ്രവർത്തനങ്ങൾക്ക് ആശംസകളും പിന്തുണയും അറിയിക്കുകയും ചെയ്യുന്നു.
ചില സങ്കടങ്ങൾ ഉണ്ടെങ്കിലും പൂർണ്ണ തൃപ്തൻ:  ഫിലിപ്പ് ചാമത്തിൽ
Join WhatsApp News
Tony 2020-07-10 22:25:03
Hats off to you for exiting gracefully without hanging in power.A job well done .
Thomas Koshy 2020-07-11 10:12:58
Wish you a very Happy Birthday, and many many more to come. As President of FOMAA, your contributions are highly commendable, especially your work among the poor during the last Kerala flood. Thanks for a job well done!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക