കൊറോണക്കാലത്തെ 'സത്യ'ചിന്തകൾ ( വിജയ്.സി.എച്ച്)

Published on 04 August, 2020
കൊറോണക്കാലത്തെ 'സത്യ'ചിന്തകൾ ( വിജയ്.സി.എച്ച്)

ഇത് കൊറോണക്കാലത്തെ 'സത്യ'ചിന്തകൾ! അമ്പത്തിയാറ് സന്ദേശമുള്ള പടങ്ങൾ സാക്ഷി, മലയാള സിനിമയുടെ ആസ്ഥാനം അന്തിക്കാടാണ്. അനന്തപുരിയിലെ 75 ഏക്കർ വിസ്തീർണ്ണമുള്ള ചിത്രാഞ്ജലി ചലച്ചിത്ര നിർമ്മാണ സമുച്ചയം സംസ്ഥാനത്തിൻറെ സാംസ്കാരിക തലസ്ഥാനത്തുവന്ന് അന്തിക്കാട്ടെ രാജാവിന് കപ്പം കൊടുക്കണം!

"പക്ഷെ, രാജാവിനെയും പ്രജകളെയും കരുണകെട്ട കൊറോണ തടവുകാരാക്കി വച്ചിരിക്കുകയാണ്. മമ്മുട്ടിയോടും, മോഹൻ ലാലിനോടും, ജയറാമിനോടും, ഫഹദ് ഫാസിലിനോടും ഞാൻ പതിവായി ഫോണിൽ സംസാരിക്കാറുണ്ട്. എല്ലാവരും താന്താങ്കളുടെ വീടുകളിൽ കുടുബസമേതം അങ്ങിനെ കഴിയുന്നു... എവിടെയും പോകാതെ. ആർക്കും പുതിയ പ്രോജക്റ്റുകൾ ഒന്നുമില്ല," സത്യൻ അന്തിക്കാടിൻറെ ശബ്ദത്തിൽ സങ്കടം.

നാട്ടിൻപുറത്തെ നിഷ്കളങ്കമായ കുടുംബ പ്രശ്നങ്ങളും, ജീവിതഗന്ധിയായ വിഷയങ്ങളും, വിഷമ ഘട്ടങ്ങളിൽപോലും ശുദ്ധമായ ഹാസ്യവും ചിത്രീകരിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ കയറിയിരിപ്പായ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് കൊറോണക്കാലത്തെ തൻറെ അനുഭവങ്ങൾ അദ്ദേഹം  പങ്കിടുന്നു:

അശാന്തിയുടെ ദിനരാത്രങ്ങൾ

കൊറോണക്കാലം അപ്രതീക്ഷിതമായി വന്നൊരു വിപത്താണ്. അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 മഹാമാരി സിനിമയെ മാത്രമല്ല, സകല മേഖലകളെയും സാരമായി ബാധിച്ചു കഴിഞ്ഞു. ഇതുവരെ നാം അനുഭവിച്ചിട്ടില്ലാത്ത തരത്തിൽ നമ്മുടെ ജീവിതം അസഹനീയമായിക്കൊണ്ടിരിക്കുന്നു.

ഇതിനെ ഏറ്റവും വലിയ ദുരന്തമാക്കുന്നത് പ്രവചിക്കാൻ പറ്റാത്ത വിധം ഈ ശോചനീയാവസ്ഥ നീണ്ടുപോകുന്നുവെന്ന യാഥാർത്ഥ്യമാണ്. കൊറോണയിൽനിന്ന് മനുഷ്യർക്ക് എന്ന് മോചനം ലഭിക്കുമെന്ന് ചിന്തിക്കുമ്പോഴാണ് ഭീതിയും അനിശ്ചിതത്വവും നമ്മെ കീഴ്പ്പെടുത്തുന്നത്. രോഗബാധിതരുടെ എണ്ണം സംസ്ഥാനത്തും രാജ്യത്തും ദിനം പ്രതി പെരുകിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിപ്പോൾ ലോകത്തെ ഏറ്റവും കൂടുതൽ രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന സത്യാവസ്ഥ അങ്ങേയറ്റം ഹൃദയഭേദകമാണ്.
ഞാൻ ഒരു പടം കഴിഞ്ഞാൽ അൽപം വിശ്രമിച്ചതിനു ശേഷമാണ് പുതിയതിന് തയ്യാറെടുക്കുന്നത്. ഈ ഇടവേള മാത്രമാണ് എനിക്ക് വായിക്കാനും എഴുതാനും ലഭിക്കുന്ന അവസരം. അങ്ങിനെ ഇത്തിരി വായനയിലും എഴുത്തിലും മുഴുകിയിരിക്കുന്ന സമയത്താണ് രാജ്യത്തെ ആദ്യത്തെ കൊറോണ കേസ് തൃശ്ശൂരിലെന്ന് വാർത്തകൾ വന്നത്. ജനുവരി അവസാനത്തിൽ. കൂടിയാൽ രണ്ടോ മൂന്നോ മാസത്തെ പ്രശ്നമേയുള്ളൂവെന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ, ആളിപ്പടർന്ന സാംക്രമിക രോഗം എനിക്കു തന്നത് അശാന്തിയുടെ ദിനരാത്രങ്ങളാണ്. വായിക്കാനും എഴുതാനുള്ള എൻറെ മനോനില പത്തൊമ്പതാം നമ്പറുകാരൻ കീടം തട്ടിയെടുത്തു.

കൊറോണ കളഞ്ഞ ഓണം റിലീസ്

മമ്മുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള തിരക്കഥ നിരവധി ചർച്ചകൾക്കും, മിനുക്കു പണികൾക്കുമൊടുവിൽ അന്ത്യരൂപം കൊണ്ടു. മറ്റു അഭിനേതാക്കളുടെയും, സാങ്കേതിക വിദഗ്‌ദ്ധരുടെയും കാര്യങ്ങളിലും തീരുമാനമായി. ഷൂട്ടിംങ് ലൊക്കേഷനും നിശ്ചയിച്ചു. ഷെഡ്യൂളും തയ്യാറാക്കി. ഞാൻ അവസാനം സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പടം 'ഒരാൾ മാത്രം' ആയിരുന്നു. പത്തിരുപത്തിമൂന്നു വർഷമായി. അതുകൊണ്ടാണ് പുതിയ പടത്തിൽ മമ്മുട്ടി വേണമെന്ന് ആഗ്രഹിച്ചത്.

ഓഗസ്റ്റ് അവസാനത്തിലാണ് ഓണം. ജനുവരിയിൽതന്നെ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഏപ്രിൽ 10-ന് ഷൂട്ട് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. ഏപ്രിൽ-മേയ് ആണല്ലൊ സിനിമയുടെ കൊയ്ത്തുകാലം. ഷൂട്ടിനും ലേബ് വർക്കിനും നാലഞ്ചുമാസത്തെ സമയം കിട്ടുന്നുണ്ട്. സ്ക്രിപ്റ്റ് റെഡിയാണെങ്കിൽ, ഇത്രയും സമയമേ വേണ്ടൂ എനിക്കൊരു പ്രോജക്റ്റ് ചെയ്യാൻ.

ഷൂട്ട് അൽപം വൈകിയാൽപോലും, യുദ്ധകാലാടിസ്ഥാനത്തിൽ രാവും പകലും പണിയെടുത്താൽ, പടം ഓണത്തിന് തിയേറ്ററുകളിൽ എത്തിക്കാമെന്നും കണക്കുകൂട്ടി. കൊറോണക്കാലം അന്ന് ലോക്ക്ഡൗണിൽ എത്തിയിട്ടില്ലായിരുന്നു. എങ്ങിനെയെങ്കിലും ഷൂട്ടുമായി മുമ്പോട്ടു പോകാമെന്നുതന്നെയാണ് അവസാനംവരെ കരുതിയത്. പക്ഷെ കോവിഡ് വ്യാപനം കുതിച്ചുയർന്നു. എല്ലാ സ്വപ്നങ്ങളും തകർന്ന് തരിപ്പണമായി.

ഇനി ഈ സ്ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാൻ കഴിയുമോയെന്നും ഉറപ്പിച്ചു പറയാൻ കഴിയില്ല. അതാണ് ഏറ്റവും വലിയ ഖേദം. സമയത്തിനും കഥാപാത്രത്തിനും പ്രസക്തിയുള്ള കഥയാണത്. മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ സകല നഷ്ടങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു.
മമ്മുട്ടിയെ നായകനാക്കി ഞാൻ മുന്നെ സംവിധാനം ചെയ്തിട്ടുള്ള 'കളിക്കളം', 'അർത്ഥം', 'ഗോളാന്തര വാർത്തകൾ', 'നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്', 'കനൽക്കാറ്റ്' മുതലായവയെല്ലാം വലിയ വിജയങ്ങളായിരുന്നു.
'ശ്രീധരൻറെ ഒന്നാം തിരുമുറിവ്' വിജയിക്കാത്തതിരുന്നതിൻറെ കാരണം മമ്മുട്ടിയല്ല. അദ്ദേഹത്തിന് കോമഡി ചേരില്ലെന്ന നിഗമനത്തിലൊന്നും എത്തിച്ചേരുന്നത് ശരിയല്ല. ഞാനും ശ്രീനിവാസനും ആ പരാജയം ഏറ്റെടുക്കുന്നു. എൻറെ കഥയും ശ്രീനിയുടെ തിരക്കഥയുമാണ് 'ശ്രീധരൻറെ ഒന്നാം തിരുമുറിവ്'.

കൊറോണ പഠിപ്പിച്ച പാഠങ്ങൾ

എല്ലാ രാജ്യങ്ങളിലെയും എല്ലാ തട്ടിൽ പെട്ടവരെയും ഏറ്റക്കുറച്ചിലില്ലാതെ രോഗഗ്രസ്തരാക്കിയ കൊറോണ വൈറസ് നമ്മെ പഠിപ്പിച്ച ആദ്യത്തെ പാഠം എല്ലാവരും തുല്യരെന്നാണ്. ഉള്ളവനെയും ഇല്ലാത്തവനെയും കോവിഡ്-19 ഒരുപോലെ പിടികൂടി. അഹങ്കരിക്കാനായി ഒന്നുമില്ലെന്നു തെളിയിച്ചു. ഒരു നിമിഷം മതി എല്ലാം തലകീഴായ് മറിയാൻ. പണമെത്ര ഉണ്ടായാലും കൊച്ചു കാര്യങ്ങൾവരെ നടക്കില്ലെന്നു കൊറോണ നമ്മെ ബോദ്ധ്യപ്പെടുത്തി.
രണ്ടാമത്തെ പാഠം, പരാശ്രയം കൂടാതെ ജീവിക്കാൻ നമ്മളെ പാകപ്പെടുത്തിയെടുത്തതാണ്. അതിഥി തൊഴിലാളികളെ ആശ്രയിക്കാതെ എങ്ങിനെ ജീവിക്കാമെന്ന് കൊറോണക്കാലം നമ്മെ പഠിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തിയ ജോലിക്കാരെ തിരിച്ചയച്ചതാണ് പരസഹായമില്ലാതെ കഴിഞ്ഞുകൂടാൻ നമ്മെ പ്രേരിപ്പിച്ചത്.

'ഞാൻ പ്രകാശൻ' അൽപം ആശ്വാസം

ഞാൻ ഒടുവിൽ ചെയ്ത 'ഞാൻ പ്രകാശൻ' 2018 ഡിസംബർ അവസാനമാണ് റിലീസ് ചെയ്തത്. എൻറെ അമ്പത്തിയാറാമത്തെ പടം. ശ്രീനിവാസൻറെ രചന ജനപ്രിയമാണെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടു. ഏതിലും തൽ‍ക്ഷണം നേട്ടം കാംക്ഷിക്കുന്ന പുതിയ തലമുറയെ പ്രതിനിധീകരിച്ചു പ്രകാശൻറെ വേഷമിട്ട ഫഹദ് ഫാസിലിനെ ജനം ഹർഷാരവത്തോടെ സ്വീകരിച്ചു. 2013-ലെ 'ഒരു ഇന്ത്യൻ പ്രണയകഥ'ക്കു ശേഷം, ഫഹദിനെ വീണ്ടും നായകനാക്കുകയായിരുന്നു.
ബോക്സ് ഓഫീസിൽ വലിയ വിജയം തന്നെയായിരുന്നു 'ഞാൻ പ്രകാശൻ'. നൂറു ദിവസം പിന്നിട്ടതിനെ തുടർന്ന് ആഘോഷ പരിപാടികളും നടത്താൻ കഴിഞ്ഞു. കൂടാതെ, ഈ പടത്തിൻറെ തിരക്കഥ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.
കാലൻ കൊറോണ ഇങ്ങെത്തുംമുന്നെ ഇതെല്ലാം സാധിച്ചല്ലൊയെന്ന് ഇപ്പോൾ ഓർക്കുമ്പോൾ വലിയ ആശ്വാസം തോന്നുന്നു. ഇനിയൊരു പടം ചെയ്ത് തിയേറ്റർ-റിലീസ് എന്നു നടത്തുവാൻ കഴിയുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാത്ത ഈ കാലഗതിയിലാണ് അവസാനം സംവിധാനം ചെയ്തു വിജയമായിത്തീർന്ന 'ഞാൻ പ്രകാശന്' പ്രാധാന്യം വർദ്ധിക്കുന്നത്.

ചലച്ചിത്രം കടുത്ത പ്രതിസന്ധിയിൽ

പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാറിൻറെ 'അഗ്നി പർവ്വതം' (1979) എന്ന പടത്തിൻറെ സഹസംവിധായകനായി രംഗത്തെത്തിയതു മുതൽ ഞാൻ സിനിമയിൽ സജീവമാണ്. നാൽപ്പത്തിയൊന്ന് വർഷമായി ഇവിടെയുണ്ട്. എന്നാൽ, ചലച്ചിത്ര നിർമ്മാണവും അതിൻറെ പ്രദർശനവും മുന്നെയൊരിക്കലും കേട്ടുകേൾവിയില്ലാത്ത വെല്ലുവിളികളാണ് ഇപ്പോൾ നേരിടുന്നത്. കോവിഡ് പ്രോട്ടൊക്കോളിൻറെ ഭാഗമായി തിയേറ്ററുകൾ അടച്ചിടപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ചിത്രീകരണവും എളുപ്പമല്ല.

സിനിമ ഒരു അവശ്യ വസ്തുവല്ല എന്നതാണ് ഈ മാധ്യമത്തിൻറെ നിലനിൽപ്പിനെ ശരിക്കും അപകടത്തിലാക്കുന്നത്. ഭക്ഷണമോ പാർപ്പിടമോ പോലെയല്ലല്ലൊ ഇത്. മനുഷ്യന് സിനിമയില്ലാതെയും കഴിയാം എന്നതുകൊണ്ട് ചലച്ചിത്രത്തിൻറെ നിലനിൽപ്പിന് പ്രത്യേക

ഒടിടി പ്ലേറ്റ്ഫോം പകരമാവില്ല

കോവിഡിൽ നിന്ന് മുക്തിനേടി, തീയേറ്ററുകൾ ഉടനെ തുറക്കാൻ സാധ്യതയില്ലെന്ന ആശങ്കയിൽ സിനിമാ റിലീസും പ്രദർശനവും ഒടിടി പ്ലേറ്റ്ഫോമിലേക്ക് (OTT: 'Over-the-Top' media service) മാറുന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാണ്. ഏതെങ്കിലുമൊരു പ്ലേറ്റ്ഫോമിൻറെ വരിക്കാരായി, വീട്ടിലിരുന്നു ഇൻറർനെറ്റുവഴി പുതിയ സിനിമകൾ കാണാനുള്ള സൗകര്യമാണിത്.

പക്ഷെ, ഒടിടി-ക്ക് ഒരുപാട് പരിമിതികളും പ്രതിബന്ധങ്ങളുമുണ്ട്. പോസ്റ്റർ ഡിസൈൻ മുതൽ ചിത്രീകരണരീതിവരെ സ്വകാര്യ പ്ലേറ്റ്ഫോം ഉടമസ്ഥരുടെ നിയന്ത്രണത്തിലാകും നടക്കുക. ആർട്ടിസ്റ്റ് വാല്യൂ, ബിഗ് ബജറ്റ്-സ്മാൾ ബജറ്റ് മുതലായ കാര്യങ്ങളൊക്കെ അവർക്ക് സ്വീകാര്യമാണെങ്കിൽ മാത്രമേ അവർ പടം എടുക്കുകയുള്ളൂ. ഒടിടി-യിൽ പ്രതിഭാശാലികളായ പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതിനുവരെ കടമ്പകൾ കടക്കേണ്ടിവരും. തീയേറ്ററിലാണ് റിലീസ് ചെയ്യുന്നതെങ്കിൽ ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല.
ചലച്ചിത്രനിർമ്മാണവും പ്രദർശനവും ഒടിടി പ്ലേറ്റ്ഫോമിൽ തളച്ചിടേണ്ട ഒരു കലയല്ല. അൽപം വൈകിയാലും ഈ ആപൽ‍ഘട്ടം അതിജീവിച്ച് മലയാള സിനിമ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.

അച്ഛൻ മകനെ സഹായിച്ചോ?

മകൻ അനൂപിൻറെ കന്നി സംവിധാനം തിയറ്ററുകൾ നിറഞ്ഞോടി. കൊറോണയെ തുടർന്ന് സിനിമാ ശാലകൾ അടക്കുംവരെ അത് പല കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ആയിത്തന്നെ പ്രദർശിപ്പിക്കപ്പെട്ടു.

'വരനെ ആവശ്യമുണ്ട്' വലിയൊരു വിജയമായി മാറിയതിൽ എനിക്ക് യാതൊരു പങ്കുമില്ല. അച്ഛൻ മകനെ സഹായിച്ചെന്നൊരു തോന്നൽ പലർക്കുമുണ്ട്. ദുൽഖർ സൽമാൻറെ കൂടെ, മുതിർന്ന ആർട്ടിസ്റ്റുകളായ സുരേഷ് ഗോപി, ശോഭന, കെപിഎസി ലളിത, ഉർവ്വശി മുതലായവരെ അവന് സ്വന്തമായി സംവിധാനം ചെയ്യാൻ കഴിയുമോ എന്നൊക്കെയാണ് പൊതുവെയുള്ള സംശയങ്ങൾ.
എന്നാൽ, എൻറെ ഇടപെടലുകൾ ഒരുമേഖലയിലും ഉണ്ടായിട്ടില്ല. അനൂപ് സ്വന്തമായി എഴുതിയതാണ് അതിൻറെ കഥ. എഴുത്തിലും സംവിധാനത്തിലും അനൂപ് അവൻറെ ചില അടുത്ത കൂട്ടുകാരെ മാത്രമേ ഇടപെടാൻ അനുവദിച്ചിട്ടുള്ളൂ.

ഞാൻ അവനെ സഹായിച്ചാൽ, 'വരനെ ആവശ്യമുണ്ട്' എൻറെ പടം പോലെ ഇരിക്കില്ലേ? അനൂപിൻറെ വർക്കിൽ കാണേണ്ടത് അവൻറെ സ്വത്വമല്ലേ?
സോഫ്‌റ്റ്വെയർ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തതിനു ശേഷം, നാഷണൽ ‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ‍നിന്ന് അനൂപ് സിനിമാ നിർമ്മാണവും പഠിച്ചിട്ടുണ്ട്. കൂടാതെ അവൻ ലാൽ ജോസിൻറെ അസോസിയേറ്റായും പ്രവർത്തിച്ചു.

'താറാവ്' മാസ്റ്റർപീസ് -- വീണ്ടും ചെയ്യും

'പൊന്മുട്ടയിടുന്ന താറാവ്' എൻറെ മാസ്റ്റർപീസാണെന്നു വിലയിരുത്തുന്നവരുണ്ട്. വിശാലമായ കേൻവാസ്സിൽ വേറെ പടങ്ങളും ചെയ്തിട്ടുണ്ടെങ്കിലും, 'താറാവ്' പ്രേക്ഷകരെപ്പോലെ എനിക്കും വേറിട്ടൊരു അനുഭവമായിരുന്നു.
'പൊന്മുട്ടയിടുന്ന തട്ടാൻ' എന്നായിരുന്നു വാസ്‌തവത്തിൽ‍ അതിൻറെ പേര്. തട്ടാനും സ്വർണ്ണവും തമ്മിലുള്ള ഇടതൂർന്ന ബന്ധം. തട്ടാൻ തനിക്കു പ്രിയം തോന്നുന്നവൾക്ക് ഇത്തിരി വല്ല്യേ ഒരു പണ്ടം ഉണ്ടാക്കിക്കൊടുക്കുന്നതും നാട്ടുനടപ്പ്. വിവാദങ്ങളൊഴിവാക്കാനാണ്, പേര് പിന്നീട് 'പൊന്മുട്ടയിടുന്ന താറാവ്' എന്നാക്കി മാറ്റിയത്.

തട്ടാൻ ഭാസ്കരനും, സ്നേഹലതയും, വെളിച്ചപ്പാടും, 'പശുപോയ' പാപ്പിയും മുതൽ, അതിഥിവേഷം ചെയ്ത ഹാജിയാരുടെ ബീവിവരെയുള്ള എല്ലാ കഥാപാത്രങ്ങൾക്കും പ്രേക്ഷകർക്കൊരു സന്ദേശം കൊടുക്കാനുണ്ടായിരുന്നു. ഇതിൻറെ ക്രെഡിറ്റ് രഘുവിനാണ് (തിരക്കഥാകൃത്ത്, രഘുനാഥ് പലേരി).
രഘുവി൯റെ മനോഹരമായൊരു ഭാവനയായിരുന്നു ഈ കഥ. രഘുവും, ഞാനും, ശ്രീനിയും (ശ്രീനിവാസൻ) പലവട്ടം കൂടിയാലോചിച്ചാണ് കഥക്കും കഥാരംഗങ്ങൾക്കും അന്തിമരൂപം നൽകിയത്.

പൊതു സമൂഹത്തിലെ സത്യമായ സംഗതികൾ ഹാസ്യാത്മകമായി വരച്ചുകാട്ടുന്ന 'താറാവ്' പോലെയുള്ള വിപുലമായ തിരക്കഥ ഇനിയും ചെയ്യും. സമാനമായ സാമൂഹിക പ്രമേയമുള്ള സിനിമകൾ ഇന്നും ഏറെ പ്രസക്തിയുള്ളവ തന്നെയാണ്. കാലത്തിനനുസരിച്ച് അവതരണ രീതിയിൽ പരിഷ്‌ക്കാരങ്ങൾ‍ വരുത്തണമെന്നേയുള്ളൂ. മറ്റു കാര്യങ്ങൾ യോജിച്ചുവന്നാൽ 'താറാവ്' പോലെ മറ്റൊന്നിനെക്കുറിച്ച് ആലോചിക്കും.

വാരിയംകുന്നൻ എൻറെ വിഷയമല്ല

ആദ്യമായാണ് ഒരു കഥ നാലുപേർ ഒരേസമയത്ത് സിനിമയാക്കാൻ ശ്രമിക്കുന്ന വിവരം അറിയുന്നത്. പക്ഷെ, എത്ര പേർ ഈ പ്രോജക്റ്റുമായി ശരിക്കും മുന്നോട്ടു പോകുന്നുവെന്നറിയാൻ കാത്തിരിക്കുക തന്നെ വേണം.
ഏറനാട് കലാപത്തിൽ പോരാടിയ ഒരു മുൻനിര ഖിലാഫത്ത് നായകനായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഞാൻ ചരിത്രം സിനിമയാക്കാറില്ല. നാട്ടിൻപുറത്തെ സാധാരണക്കാരെ വരച്ചുകാട്ടാനാണ് എനിക്കിഷ്ടം. ഞാൻ സംവിധാനം ചെയ്ത 'അർത്ഥ'വും, 'പിൻഗാമി'യും മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. മറ്റുള്ള പടങ്ങളിലെ കഥാപാത്രങ്ങളെല്ലാം ശരാശരി ഒരേ സ്വഭാവ രീതികളുള്ള നമ്മുടെ ഗ്രാമീണരുടെ പൊതു പ്രതിനിധികളാണ്. ആയതിനാൽ വാരിയംകുന്നൻ എൻറെ വിഷയമല്ല.

ഇഷ്ട സിനിമയുടെ വ്യാകരണം

നന്മനിറഞ്ഞൊരു കുടുംബ ജീവിതത്തിനു യോജിക്കാത്തതായി ഒന്നും പറയില്ല, കാണിക്കില്ല, സൂചിപ്പിക്കുക പോലുമില്ല. അവസാനം ഒരു സന്ദേശവും വേണം. നമ്മുടെ പരിസരങ്ങളിൽനിന്നു തന്നെ കണ്ടെത്തിയ സ്വാഭാവികമായ കഥാപാത്രങ്ങളുമാകണം. ഇതൊക്കെയാണ് എൻറെ ഇഷ്ട സിനിമയുടെ ഏകദേശ വ്യാകരണം.

ഞാനൊരു ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ്. സാധാരണക്കാരൻറെ പ്രശ്നങ്ങളാണ് എനിക്കു കൂടുതൽ മനസ്സിലാകുന്നത്. എനിക്ക് ഏറ്റവും നന്നായി ചെയ്യാൻ സാധിക്കുന്നത് എനിക്കു നേരിട്ടറിയാവുന്ന വിഷയങ്ങളാണ്.
വിദേശ നോവലുകളും അവയുടെ നാടൻ വിവർത്തനങ്ങളും, മലയാളിക്കു മനസ്സിലാവാത്ത അവയിലെ കഥാപാത്രങ്ങളും എൻറെ കേൻവാസിൽ കാണില്ല. മൊഴിമാറ്റം ചെയ്ത മറ്റു ഇന്ത്യൻ ഭാഷകളിലെ പുസ്തകങ്ങളിലേക്കും ഞാൻ കേമറ തിരിച്ചിട്ടില്ല. നമ്മുടെ പ്രേക്ഷകർ എന്നിൽനിന്നു പ്രതീക്ഷിക്കുന്നതും നാടൻ വിഷയങ്ങളാണ്.

'ടി.പി.ബാലഗോപാലൻ എം.എ'-യും, 'സന്മനസ്സുള്ളവർക്കു സമാധാന'വും, 'ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റും' ആരംഭകാലത്തെ ചില ഉദാഹരണങ്ങളാണ്. 'വരവേൽപ്പ്', 'സന്ദേശം' മുതലായവ നാട്ടിലെ സമകാലിക സംഭവങ്ങളുടെ ആവിഷ്ക്കാരങ്ങളുമായിരുന്നു.

ഞാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കൊച്ചു കൊച്ചു സന്തോഷങ്ങ'ളും 'രസതന്ത്ര'വും അതുപോലെയുള്ള മറ്റു പടങ്ങളും തന്നെയാണ് എൻറെ ചലചിത്ര ഭാഷയുടെയും അതിൻറെ വ്യാകരണത്തിൻറെയും സാക്ഷ്യപത്രങ്ങൾ! 'കൊച്ചു കൊച്ചു സന്തോഷങ്ങൾ'ക്ക് മികച്ച മലയാളം സിനിമക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

സത്യൻ-ശ്രീനിവാസൻ കൂട്ടുകെട്ട്

ഞാൻ സംവിധാനം ചെയ്യുന്നു, ശ്രീനി എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നു. സാമൂഹികമായി ഞങ്ങളുടെ കുടുംബപശ്ചാത്തലം ഒരുപോലെയാണ്. അതുകൊണ്ട് പലകാര്യങ്ങളിലും ഞങ്ങൾക്ക് ഒരുപോലെ ചിന്തിക്കാൻ കഴിയുന്നുണ്ട്. ഞങ്ങളുടെ തിരക്കഥകളിൽ നർമ്മമാണ് പൊതുവായുള്ളത്. പുതിയ പ്രോജക്റ്റുകൾക്കായുള്ള
തിരക്കഥകളുടെ കാര്യത്തിലും ഈ സമചിന്തകൾ വളരെ സഹായകരമാണ്. എല്ലാം ഞങ്ങൾ ഒരുമിച്ച് ചർച്ചചെയ്ത് തീരുമാനിക്കുന്നു.
'നാടോടിക്കാറ്റ്', 'പട്ടണപ്രവേശം', 'സന്ദേശം', 'വരവേൽപ്പ്', 'തലയണമന്ത്രം', 'നരേന്ദ്രൻ മകൻ ജയകാന്തൻ വക', 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌' മുതലായ പടങ്ങളുടെ വിജയകാരണം ഈ യോജിപ്പാണ്.

സംവിധായകൻ എന്ന നിലയിലെ നേട്ടം

എഴുപതുകളിലെ തീപ്പൊരി സുകുമാരൻ മുതൽ, മമ്മുട്ടിയും മകൻ ദുൽഖർ സൽമാനും, ജയറാമും മകൻ കാളിദാസനും വരെയുള്ള നായകന്മാർക്കും, അറുപതുകളിലെ താരം ഷീല മുതൽ ഇന്നിൻറെ നാഡിമിടിപ്പ് അമലാ പോൾ വരെയുള്ള നായികമാർക്കും കേമറക്കുമുന്നിൽ നിർദ്ദേശങ്ങൾ കൊടുക്കുവാൻ സാധിച്ചു!

ഇനി ഗാനങ്ങളില്ലേ?

സിനിമാ രംഗത്ത് തുടക്കക്കാരനായിരുന്ന കാലത്താണ് കൂടുതൽ ഗാനങ്ങൾ രചിച്ചിട്ടുള്ളത്. അന്ന് എഴുത്തിന് കൂടുതൽ സമയം കണ്ടെത്താൻ കഴിയുമായിരുന്നു. കാലത്തെ അതിജീവിച്ച് ഇന്നും എല്ലാവരും മൂളുന്ന 'ഒരു നിമിഷം തരൂ, നിന്നിലലിയാൻ...', അല്ലെങ്കിൽ, 'ഓ, മൃദുലേ...' മുതലായ ഗാനങ്ങളൊക്കെ അക്കാലങ്ങളിലാണ് എഴുതപ്പെട്ടത്.
പത്തുപതിനെട്ടു സിനിമകൾക്കു വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും, സംവിധാനമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. പാട്ടെഴുത്തിൽ ശ്രദ്ധിച്ചിരുന്ന കാലങ്ങളിൽ ഞാൻ തനിയെ പടങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടില്ല. സ്വതന്ത്രമായി ഞാൻ ചെയ്ത ആദ്യ പടം 'കുറുക്കൻറെ കല്യാണ'മാണ്. ഡോ. ബാലകൃഷ്ണൻ രചിച്ച ഈ ഹാസ്യചിത്രം 1982-ലാണ് ഇറങ്ങിയത്. 'സിന്ദൂര'ത്തിനുവേണ്ടി 'ഒരു നിമിഷം തരൂ, നിന്നിലലിയാൻ...' എഴുതിയത് 1976-ൽ ആയിരുന്നു.
എൻറെതന്നെ പടമായ 'തൂവൽ കൊട്ടാര'ത്തിനു വേണ്ടിയാണ് ഒടുവിൽ ഗാനമെഴുതിയത്. ദാസേട്ടൻ ആലപിച്ച 'തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ...' എന്നു തുടങ്ങുന്ന ഗാനം. 1996-ൽ ആയിരുന്നു അത്. ഇനി പാട്ടെഴുതുന്നില്ലെന്നു പറയുന്നില്ല, കൊറോണ ഒഴിഞ്ഞ് സർഗ്ഗശക്തിയുള്ളൊരു ചിന്താമണ്ഡലം തിരിച്ചു ലഭിക്കട്ടെ!


കൊറോണക്കാലത്തെ 'സത്യ'ചിന്തകൾ ( വിജയ്.സി.എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക