Image

അഭിനയമറിയാത്ത തിലകൻ! (വിജയ് സി.എച്ച്)

Published on 24 September, 2020
അഭിനയമറിയാത്ത തിലകൻ! (വിജയ് സി.എച്ച്)
മലയാള സിനിമയുടെ പെരുന്തച്ചൻ യാത്രയായിട്ട്    എട്ടു വർഷം.
 
ക്രൂരനായ കീരിക്കാടൻ ജോസിൻറെ പ്രഹരമേറ്റ് ഭൂമിയിൽ ശരീരം ഇടിച്ചു വീണ ആ പാവം പോലീസുകാരന് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ -- തൻറെ മകൻ താൻ സല്യൂട്ട് ചെയ്യുന്ന ഒരു പോലീസ് സബ് ഇൻസ്പെക്റ്ററായി മാറണമെന്ന്. ആ മോഹം സഫലമാവാതെ പോയി. മാത്രവുമല്ല, തൻറെ മകൻ പ്രദേശത്തെ ഏറ്റവും കുപ്രസിദ്ധനായ ഒരു കുറ്റവാളിയാണെന്നു തൻറെ മേലാധികാരിയായ സബ് ഇൻസ്പെക്റ്റർക്കു റിപ്പോർട്ടു ചെയ്യേണ്ട ദുർവിധിയും ആ പോലീസുകാരനുണ്ടായി.
സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം' കണ്ടിറങ്ങിയപ്പോൾ, 'കോൺസ്റ്റബിൾ അച്യുതൻ നായരെ' കണ്ട് അൽപം സംസാരിച്ചില്ലെങ്കിൽ, തുടർന്നുള്ള നാളുകളിൽ എനിക്ക് സുഖനിദ്ര ഉറപ്പില്ലെന്നു തോന്നി! ചിലർ മനസ്സിൽ കയറിയാൽ, അവരെ അവിടെ നിന്നിറക്കാൻ അവർക്കുമാത്രമേ കഴിയൂ!

അന്വേഷണത്തിൽ തിലകൻ ചേട്ടൻ കാസർഗോഡ് നടക്കുന്ന ഒരു ഫിലിം സെറ്റിൽ ആണെന്ന് അറിഞ്ഞു. ചിത്രീകരണം ഒരു മാസമെങ്കിലും അവിടെത്തന്നെ ആയിരിക്കുമെന്നും. ഇത്രയും നീണ്ട കാത്തിരിപ്പോ? കഴിയില്ല, മംഗലാപുരം മെയിൽ തന്നെ ശരണം.

ഉൾപ്രദേശത്തുള്ള ഒരു ലൊക്കേഷൻ. ചോദിച്ചറിഞ്ഞ് അവിടെ എത്തി. സമയം ഉച്ച കഴിഞ്ഞിരുന്നു. ഒരു സൂപ്പർസ്റ്റാർ ഉൾപ്പെടെ പല പ്രശസ്തരേയും അവിടെ കണ്ടുവെങ്കിലും, എനിക്ക് പഥ്യം തിലകൻ ചേട്ടൻ മാത്രമായിരുന്നു.

ഒരു കേറ്ററിംങ് കമ്പനിക്കാർ വന്ന് സെറ്റിലുള്ളവർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു തിരിച്ചു പോയി. അന്ന് എക്സ്ട്രാ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്ന ഷൂട്ട് ആയിരുന്നതിനാൽ ഭക്ഷണം തികഞ്ഞില്ലെന്ന് കേറ്ററിംങ് കൂട്ടരുടെ വാഹനത്തിനു ചുറ്റും കണ്ട ബഹളത്തിൽനിന്നു മനസ്സിലായി.

ലഞ്ച് പൊതി എടുത്തില്ലേയെന്നു തിലകൻ ചേട്ടൻ ചോദിച്ചപ്പോൾ, അങ്ങിനെ ഒരു ഓഫർ എനിക്ക് ഉണ്ടായില്ലെന്നു പറയാതെ, വെളിയിൽ പോയി കഴിച്ചോളാമെന്ന് ഞാൻ മറുപടി പറഞ്ഞു.

"അടുത്തൊന്നും റസ്റ്റോറൻറുകളില്ല. സിറ്റിയിലേക്കു പോകണം. ഒരു മണിക്കൂറിനുമേൽ യാത്രയുണ്ട്, ഇങ്ങോട്ടു വന്നപ്പോൾ ശ്രദ്ധിച്ചില്ലേ?" തിലകൻ ചേട്ടൻ വ്യാകുലപ്പെട്ടു.

ഒടുവിൽ ഞാൻ തിലകൻ ചേട്ടൻറേയും, അദ്ദേഹത്തിൻറെ അപേക്ഷ മാനിച്ചു, എൻറെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ സുഹൃത്ത് ഔട്ട്ഡോർ യൂനിറ്റിലെ ഒരാളുടേയും, ഭക്ഷണ പൊതികൾ പങ്കിടാൻ നിശ്ചയിച്ചു. നിലത്തു വിരിച്ച ഒരു ടാർപോളിൻ ഷീറ്റിലിരുന്നാണ് തിലകൻ ചേട്ടനും ഞാനും ഒരു പൊതിയിൽ നിന്നു ഭക്ഷണം കഴിച്ചിരുന്നത്.

ഞങ്ങൾ ഏറെ സ്നേഹത്തിൽ കാര്യങ്ങൾ പറഞ്ഞു ഊണു കഴിക്കുന്നതു ശ്രദ്ധിച്ച ഒരു പ്രസിദ്ധ നടൻ അടത്തുവന്ന് ഞാൻ തിലകൻ ചേട്ടൻറെ സുഹൃത്താണോയെന്നു ചോദിച്ചു. അതെയെന്നു തിലകൻ ചേട്ടൻ പ്രതികരിക്കുകയും ചെയ്തു.
"ഇത്, വിജയ്. ഞങ്ങൾ പഴയ സുഹൃത്തുക്കളാണ്. 1979 മുതൽ അറിയും," ആ അഭിനേതാവിന് തിലകൻ ചേട്ടൻ എന്നെ പരിചയപ്പെടുത്തി. ഇത്രയും കേട്ടപ്പോൾ അദ്ദേഹം നടന്നകന്നു.

ഏകദേശം ഒരു മണിക്കൂറു മുന്നെ മാത്രം ആദ്യമായി നേരിൽകണ്ട എന്നെ ചിരകാല സുഹൃത്താക്കിയ തിലകൻ ചേട്ടനെ ഞാൻ ഒരു കുസൃതി ചിരിയോടെ നോക്കി.
"കേമ്പസ് ചലച്ചിത്രമായ 'ഉൾക്കടൽ' മുതൽ എൻറെ മിക്ക പടങ്ങളും വിജയ് കണ്ടിട്ടുണ്ടെന്നും, ഉൾക്കടലിലെ ആ ചെറിയ റോൾ കണ്ടപ്പോൾതന്നെ ഞാൻ താങ്കളുടെ മനസ്സിൽ കയറി ഇരിപ്പായെന്നും തൊട്ടുമുന്നെയല്ലേ വിജയ് പറഞ്ഞത്! നമ്മുടെ സൗഹൃദത്തിൻറെ ആ സീനിയോരിറ്റിയെ കുറിച്ചു തന്നെയല്ലേ ഞാനും അയാളോടു പറഞ്ഞുള്ളൂ!" തിലകൻ ചേട്ടൻ വിശദീകരിച്ചു.

"കെ. ജി. ജോർജിൻറെ 'ഉൾക്കടൽ' റിലീസായത് 1979-ലാണ്," തിലകൻ ചേട്ടൻ കൂട്ടിച്ചേർത്തു.

പിന്നെ ഞങ്ങൾ രണ്ടുപേരും കുറച്ചധികം നേരം ചിരിച്ചു. സംശയമില്ലാതെ പറയാം, 'ഉൾക്കടൽ' തുറന്നിട്ട ആ ചിരിയുടെ ഉള്ളറകളിൽനിന്ന് എനിക്കു അപ്രതീക്ഷിതമായി വീണുകിട്ടിയത് ഒരു ചിരകാല സുഹൃത്തിനെ തന്നെയാണ്.

"പിന്നെ, വിജയ് എൻറെ സുഹൃത്താണെന്നു പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്."
"എന്താണ്?"

"അയാൾ ഇവിടെ വന്നു തിരക്കിയതിൻറെ യഥാർത്ഥ ഉദ്ദേശ്യം, വിജയ് വല്ല മാസികയുടെ റിപ്പോർട്ടറൊ, പത്രക്കാരനോ മറ്റോ ആണോയെന്ന് അറിയാനാണ്."
"ആണെങ്കിൽ?"

"എന്നോടു സംസാരിച്ചതിനുശേഷം, താങ്കളെ അങ്ങോട്ടു വിടാൻ പറയും."
ഞാൻ, ഔത്സുക്യത്തോടെ നോക്കിയപ്പോൾ, തിലകൻ ചേട്ടൻ സംഗതി കൂടുതൽ സ്‌പഷ്‌ടമാക്കി: "നടന്നുകൊണ്ടിരിക്കുന്ന ഷൂട്ടിൽ റോൾ ഇല്ലാത്തവർ ചുമ്മാ ഇരിക്കുകയല്ലെ. ആ സമയത്ത് വിജയ് രണ്ടു ഫോട്ടോ എടുത്തു കൊണ്ടുപോയാൽ, അത് എവിടെയെങ്കിലും അച്ചടിച്ചു വരും. താങ്കളുടെ ചിലവിൽ കിട്ടുന്നൊരു പബ്ലിസിറ്റി അവരെന്തിനാ നഷ്ടപ്പെടുത്തുന്നത്?"

മാധ്യമ പ്രവർത്തകർ തങ്ങളുടെ തൊഴിലിൻറെ ഭാഗമായി ഒരഭിമുഖത്തിന് അഭ്യർത്ഥിക്കുമ്പോൾ, നൂറ്റിയൊന്ന് കാരണങ്ങൾ അണിനിരത്തി സ്വയം വലുതാവുന്നവരുടെ തനിരൂപമാണ് തിലകൻ ചേട്ടൻ 'വെട്ടിത്തുറന്നു' വരച്ചു കാണിച്ചത്!

"സൂപ്പർസ്റ്റാർ തൻറെ പരിവാരങ്ങളോടൊപ്പം ഇരിക്കുന്ന ഭാഗത്തേക്കു ആംഗ്യം കാണിച്ചു, തിലകൻ ചേട്ടൻ ശബ്ദമടക്കി പറഞ്ഞു: "മാവേലിയുടെ ഭരണം പ്രാബല്യത്തിൽ വരുന്നത് ഷൂട്ടിങ് സെറ്റുകളിലാണ്. മാനുഷരെല്ലാരുമൊന്നുപോലെ... കണ്ടില്ലേ, എല്ലാവരും തറയിലിരുന്ന് ഭക്ഷണം കഴിക്കുന്നത്!"

"എന്നാൽ, ഞങ്ങൾ താമസിക്കുന്ന, സിറ്റിയിലെ സ്റ്റാർ ഹോട്ടലിൽ എത്തിയാൽ അവർക്കു സ്റ്റാർ വാല്യു തിരിച്ചു കിട്ടുന്നു. കാരണം, വലിയവർക്കു താമസിക്കാൻ ഫേമിലി സ്യൂട്ടാണ്, എന്നെപ്പോലെയുള്ള 'ചെറിയ' കലാകാരന്മാർക്ക് സിങ്കിൾ റൂമും!"
താര വ്യവസ്ഥയാണ് മലയാള ചലചിത്ര വ്യവസായത്തിൻറെ പതനത്തിനു പ്രധാന കാരണമെന്ന് അവസരം കിട്ടിയ എല്ലാ വേദികളിലും അദ്ദേഹം തുറന്നു പറയാൻ തുടങ്ങുന്നതിനു മുമ്പുള്ളൊരു കാലഘട്ടത്തിലാണ് തിലകൻ ചേട്ടൻ ഇതെന്നോടു പറഞ്ഞതെന്ന് ഇപ്പോൾ ഓർക്കുമ്പോൾ, ഒരു കാര്യം വ്യക്തമാണ് -- മറ്റു വിഷയങ്ങൾ സ്വാധീനിച്ചതല്ല ഈ അഭിപ്രായം, മറിച്ച്, ഇത് അദ്ദേഹത്തിൻറെ എന്നത്തേയും കാഴ്ചപ്പാടാണ്. വ്യക്തി താൽപര്യങ്ങളില്ലാത്ത വസ്‌തുനിഷ്‌ഠമായ നിലപാട്.
ഊണിനു ശേഷവും തുടർന്ന ഞങ്ങളുടെ സംവാദം, 'യവനിക'യും, 'ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കും', 'നമുക്കു പാർക്കാൻ മുന്തിരി തോപ്പുകളും', 'പഞ്ചാഗ്നി'യും, 'മൂന്നാം പക്ക'വും കഴിഞ്ഞു വീണ്ടും ബോക്‌സോഫീസിൽ ചരിത്ര വിജയം നേടിയ 'കിരീട'ത്തിലെത്തി.

"കിരീടത്തിൻറെ ക്ലൈമാക്സ് ഷൂട്ട്. പ്രതികാരാഗ്നിയിൽ കത്തി ജ്വലിച്ചു, നേരിടുന്നവൻ ആരായാലും അവനെ കുത്തിക്കീറാൻ കത്തി വീശി അലറുന്ന സേതുമാധവൻ. ജീവിതത്തിലെ തിക്താനുഭവങ്ങളാൽ സാമാന്യബോധം ചോർന്നുപോയ അക്രമാസക്തൻ," തിലകൻ ചേട്ടൻറെ വിവരണം സിനിമയിൽ കണ്ട ദൃശ്യത്തേക്കാൾ ശക്തിയേറിയത്!

"ഒരു പാട്ടിൻറെ ആലാപനത്തിലാണെങ്കിൽ, ആരോഹണം കഴിഞ്ഞു high pitch-ൽ എത്തിയാൽ, അവരോഹണം പാടി താഴെ കൊണ്ടുവരാം. പക്ഷെ, കോപത്താൽ കൊടുംപിരികൊണ്ടു നിൽക്കുന്ന സേതുവിനെ എങ്ങിനെ താഴെ ഇറക്കും?"
"ആജ്ഞാപന സ്വരത്തിൽ പറഞ്ഞപ്പോൾ, അവൻ അച്ഛനു നേരെയും കത്തി ചൂണ്ടി!"
"ഈ പ്രത്യേക സാഹചര്യം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് സംവിധായകനടുൾപ്പെടെ ആർക്കും ഒരു രൂപവുമില്ല. ചിത്രീകരണം തൽക്കാലം നിർത്തിവെക്കേണ്ട ഘട്ടത്തിലെത്തി!"

"അവസാനം, അൽപം ഒരാലോചനക്കു ശേഷം, ഞാൻ ആ ദൃശ്യം ചെയ്തു കാണിച്ചു കൊടുത്തു. കുറെ കാലം സ്റ്റേജിലും കയ്യിൽ കുത്തിയതല്ലേ!"
"ഏതു പുത്രനും, ഏതു മനോനിലവാരത്തിലും, തൻറെ പിതാവിനോടു തോന്നുന്ന ഉള്ളിൻറെ ഉള്ളിലെ ആദരവ്‌... എടുത്തു പ്രയോഗിച്ചു, ഞാൻ..."
"മോനേ, കത്തി താഴെ ഇടടാ..."

ശോകം വാത്സല്യത്തിൽ പൊതിഞ്ഞ ദയനീയ സ്വരത്തിൽ ഞാൻ വീണ്ടും മകനോടു കെഞ്ചി: "നിൻറെ അച്ഛനാടാ പറയുന്നേ, കത്തി താഴെ ഇടടാ..."
"രോഷാവേശത്താൽ വിറകൊണ്ടു നിൽക്കുന്ന സേതുവിൻറെ ഭാവം മെല്ലെമെല്ലെ മാറാൻ തുടങ്ങി. കോപം കടിച്ചമർത്തി, സേതു അവസാനം കത്തി തറയിലെറിയുന്നു!"

മകനെക്കുറിച്ചുള്ള സകല സ്വപ്നങ്ങളും തകർന്ന് ഉള്ളുരുകി കണ്ണീർ പൊഴിക്കുന്ന പിതാവിനെ നോക്കി വാവിട്ടുകരയുന്ന സേതുവിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.

തിലകൻ ചേട്ടൻ ഒരു നടനേയല്ല എന്നതാണു ശരി. അദ്ദേഹം പകരക്കാരനില്ലാത്തൊരു പ്രതിഭയാണ്! അഭിനയിക്കാറേയില്ല, എല്ലാം ജീവിച്ചു കാണിച്ചു കൊടുക്കുകയാണ്!
എന്നാൽ, നയതന്ത്രത്തിനു നാട്യമെന്ന ഒരു പര്യായവുമുണ്ടെങ്കിൽ, ശരിയാണ്, തിലകൻ ചേട്ടൻ ഒരു വൻ പരാജയമായിരുന്നു! മികവുറ്റ വ്യക്തിത്വ വിശേഷങ്ങൾ പരാമർശിക്കുമ്പോൾ, വിദേശ ആനുകാലികങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള 'brutally frank' എന്ന ആംഗലേയ ഉപവാക്യത്തിൻറെ അർത്ഥം 'മൃഗീയമായ വെട്ടിത്തുറന്നു പറയൽ' എന്നാണെങ്കിൽ, തിലകൻ ചേട്ടൻ അങ്ങിനെയായിരുന്നുവെന്ന് ഞാനിവിടെ എഴുതട്ടെ!

ഈ സ്വാഭാവവിശേഷം കാപട്യം ഒട്ടുമില്ലാത്തവരുടെ പ്രകൃതമാണ്. എന്നാൽ, ഇതു കൊണ്ടുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെകുറിച്ച്  അവർ ഒരിക്കലും ചിന്തിക്കാറേയില്ലെന്നുള്ളതാണ് കാവ്യനീതിയുടെ മറുപുറം.
നിർഭീതമായ അഭിപ്രായ പ്രകടനം പാശ്ചാത്യലോകത്ത് തികഞ്ഞൊരു യോഗ്യതയാണെങ്കിൽ, നമ്മുടെ നാട്ടിൽ ഇതൊരു അപകടമായ അയോഗ്യതയാണ്. ഒരു പക്ഷെ, കേരളത്തിൽ ഈ 'ദുസ്വഭാവത്തിൻറെ' ഏറ്റവും വലിയ ഇര തിലകൻ ചേട്ടൻ തന്നെ ആയിരുന്നിരിക്കണം. മരണം വരെ ഈ മഹാപ്രതിഭയെ അലട്ടിക്കൊണ്ടിരുന്നത് മറ്റൊന്നുമായിരുന്നില്ല എന്നത് ചരിത്രത്തിൻറെ ഭാഗമാണ്.

അരങ്ങത്തേയും അഭ്രപാളിയിലേയും അത്ഭുതങ്ങൾക്കായി ജീവിതം സമർപ്പിച്ച സമുന്നതനായൊരു കലാകാരൻ, താര സംഘടനയിൽനിന്നും വെള്ളിത്തിരയിൽ നിന്നും പുറത്താക്കപ്പെട്ട്, ജീവിക്കാനായി നിത്യക്കൂലിക്ക് സീരിയലുകളിൽ അഭിനയിക്കാൻ പോകേണ്ട സാഹചര്യമുണ്ടായത്, സിനിമാ ലോകത്ത് പതിവായി കാണുന്ന വിലകുറഞ്ഞ കാര്യങ്ങളിൽ പങ്കുണ്ടായതുകൊണ്ടല്ല, നട്ടെല്ലു വളക്കാൻ അദ്ദേഹത്തിനു താൽപര്യമില്ലാത്തതുകൊണ്ടു മാത്രമായിരുന്നു.
ഒമ്പത്‌ സംസ്ഥാനതല അംഗീകാരങ്ങൾക്കൊപ്പം, 'ഋതുഭേദ'ത്തിനും, 'ഏകാന്ത'ത്തിനും, 'ഉസ്താദ്‌ ഹോട്ടലി'ലും ദേശീയ പുരസ്കാരങ്ങൾകൂടി നേടിയൊരു കലാകാരന്, ഒരു പത്മശ്രീ ജേതാവിന്, തൻറെ ജീവിത സായാഹ്നത്തിലുണ്ടായൊരു ദുഃരവസ്ഥ, നേരിനെ നെഞ്ചിലേറ്റുന്നവർക്ക് ഏറെ ദുസ്സഹമാണ്.

കപ്പിനും ചുണ്ടിനുമിടക്ക് തിലകൻ ചേട്ടനു പലതും നഷ്ടപ്പെട്ടു. എംടി രചിച്ച 'പെരുന്തച്ച'നിലെ അഭിനയത്തിന് മികച്ച ദേശീയ നടനുള്ള ഭരത് അവാർഡ് അദ്ദേഹത്തിനു നഷ്ടപ്പെട്ടത്, ജൂറി ചെയർമാനായിരുന്ന അശോക് കുമാറിൻറെ വോട്ട് അമിതാഭ് ബച്ചനു ലഭിച്ചതുകൊണ്ടായിരുന്നു. അതിനു കാരണം മലയാളം തനിക്കു മനസ്സിലാവാത്തുകൊണ്ടാണെന്ന് 'ദാദ മുനി' തന്നെ ഈ ലേഖകൻറെ ഒരു ചോദ്യത്തിന് ഉത്തരമായി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു!

1990-ൽ അങ്ങിനെ, 'അഗ്നിപഥ്'ലെ ബച്ചൻറെ ശരാശരി അഭിനയം പെരുന്തച്ചൻറെ കറയറ്റ നാട്യ വൈഭവത്തെ അപ്രാമാണ്യമായി ഭജ്ഞിച്ചു.
അജയന് നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'പെരുന്തച്ചൻ', മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമാ ചരിത്രത്തിലെതന്നെ ഒരു ക്ലാസിക് ക്രിയേഷനാണ്!

കമല ഹാസൻ ബ്ലോക്ബസ്റ്റർ, 'നായകൻ'
മത്സരത്തിന് ഉണ്ടായിരുന്നതുകൊണ്ടാണ്, 1987-ൽ, തിലകൻ ചേട്ടൻറെ 'ഋതുഭേദ'ത്തിലെ അഭിനയം ദേശീയ തലത്തിൽ ഒന്നാമതാവാതെ പോയത്.
എന്നാൽ, രാജ്യത്തെ വ൯താരങ്ങൾക്കുപോലും തിലകൻ ചേട്ടനോട്‌ മത്സരിച്ചുവേണമായിരുന്നു ശ്രേഷ്‌ഠ പദവിയിലെത്താൻ എന്ന യാഥാർത്ഥ്യമായിരുന്നു അദ്ദേഹത്തെ ശരിക്കുമൊരു ബഹുമുഖപ്രതിഭയാക്കിയത്. അവഗണനകൾക്ക് അപ്രസക്തമാക്കാൻ കഴിയാത്തതാണ് ആ സ്വത്വം!
അഭിനയമറിയാത്ത തിലകൻ! (വിജയ് സി.എച്ച്)അഭിനയമറിയാത്ത തിലകൻ! (വിജയ് സി.എച്ച്)അഭിനയമറിയാത്ത തിലകൻ! (വിജയ് സി.എച്ച്)അഭിനയമറിയാത്ത തിലകൻ! (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക