Image

കണ്‌ഠകോണേശ്വരന്‍ (കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 08 June, 2012
കണ്‌ഠകോണേശ്വരന്‍ (കഥ: സുധീര്‍ പണിക്കവീട്ടില്‍)
അമേരിക്കയില്‍ നിന്നും അവധിക്കെത്തിയ അയാള്‍ മക്കളോടോപ്പം ഗ്രാമക്ഷേത്രത്തില്‍ പതിവുപ്രകാരമുള്ള ദര്‍ശനത്തിനെത്തിയപ്പോള്‍ അവിടെ ഒരു തിരക്കുമില്ലായിരുന്നു. ആളുകളെല്ലാം ടി.വി.യുടെ മുമ്പിലിരിക്കുകയായിരിക്കുമെന്ന്‌ അയാള്‍ വിചാരിച്ചു. പണ്ടൊക്കെ ഇതേ പോലെ ദര്‍ശനത്തിനു വരുമ്പോള്‍ എന്ത്‌ തിരക്കായിരുന്നു. കാച്ചിയ എണ്ണയുടെ സുഗന്ധം പരത്തികൊണ്ടു കസവുമുണ്ട്‌ ചുറ്റി വരുന്ന സുന്ദരിമാര്‍ അയാളുടെ യൗവ്വന കാലത്തെ നല്ല ഓര്‍മ്മകളില്‍ ഇന്നും പ്രദിക്ഷണം വക്കുന്നു. പ്രസാദം വാങ്ങി തിരിച്ച വരുമ്പോള്‍ പരിചയമുള്ള ഒരാളോട്‌ ചോദിച്ചു `എന്തേ ഒട്ടും തിരക്കില്ലല്ലൊ ഇവിടെ'?

`അമേരിക്കയിലായത്‌കൊണ്ട്‌ അറിഞ്ഞില്ല അല്ലേ? ദേവിയുടെ ശക്‌തിയൊക്കെ ക്ഷയിച്ചു. ഇപ്പോള്‍ അടുത്ത ഗ്രാമത്തിലെ `കണ്‌ഠകോണേശ്വരന്റെ' ക്ഷേത്രത്തിലാണ്‌ തിരക്ക്‌. അവിടേക്കാണ്‌ ജനം ഇരച്ചു കയറുന്നത്‌. `അവിടേയും ഒന്ന്‌ തൊഴുത്‌ വരിക. രാവിലെയായത്‌ കൊണ്ട്‌ അധികം തിരക്ക്‌ കാണില്ല. ഡ്രൈവറോട്‌ പറഞ്ഞാല്‍ മതി അയാള്‍ക്ക്‌ സ്‌ഥലം അറിയും. അടുത്താണ്‌. അയാള്‍ അര്‍ഥഗര്‍ഭമായി ഒന്ന്‌ ചിരിച്ചു.

കാറില്‍ കയറിയിരുന്ന്‌ ഡ്രൈവറോട്‌ ചോദിച്ചുഃ എവിടെയാണീ കണ്‌ഠകോണേശ്വരക്ഷേത്രം. അവിടെ കൂടെ പോയിട്ട്‌ വീട്ടില്‍ പോയാല്‍ മതി.

ഡ്രൈവര്‍ തല കുലുക്കി പറഞ്ഞു `അമ്പലം കണ്‌ഠകോണേശ്വരത്താണ്‌. അത്‌ ഇവിടെ അടുത്താണ്‌.'

വീടിന്റെ സമീപ പ്രദേശങ്ങളൊക്കെ പരിചയമുള്ള അയാള്‍ കണ്‌ഠകോണേശ്വരം എന്ന്‌ ആദ്യം കേള്‍ക്കുകയായിരുന്നു. അത്‌ കൊണ്ടു ഡ്രൈവറോട്‌ വീണ്ടും ചോദിച്ചു. അടുത്ത്‌ എന്ന്‌ പറഞ്ഞാല്‍ എവിടെ? അങ്ങനെ ഒരു പേര്‍ ഇതിനുമുമ്പ്‌ കേട്ടിട്ടില്ലല്ലോ?

പേര്‌ മാറ്റിയതാണ്‌. അതിന്റെ പിന്നില്‍ ഒരു കഥയുണ്ട്‌.

കേരളത്തിലെ പ്രശസ്‌ത അമ്പലങ്ങളുടെ പിന്നില്‍ ഒരു ഐതിഹ്യമുണ്ടാകും. ഈ അമ്പലത്തിന്റെ കഥ കേള്‍ക്കട്ടെ. ഇതിനിടയില്‍ കുട്ടികള്‍ ജിഞ്‌ജാസയോടെ അമ്പലത്തിന്റെ പേര്‌ ചോദിച്ച്‌ പറയാന്‍ പറ്റാതെ ലജ്‌ജിച്ചിരുന്നു

ദര്‍ശനത്തിന്‌ ശേഷം കഥ പറയുന്നതാണ്‌ നല്ലത്‌. ഇപ്പോള്‍ പറഞ്ഞാല്‍ ദേവനെ തൊഴുന്ന ഫലം കിട്ടാതെ പോയേക്കാം. പ്രത്യേകിച്ച്‌ നിങ്ങള്‍ അമേരിക്കയില്‍ നിന്നാകുമ്പോള്‍.

ശരി, കഥ പിന്നെ പറഞ്ഞാല്‍ മതി. അവിടത്തെ വഴിപാടുകളെ കുറിച്ച്‌ അമ്പലത്തെപ്പറ്റിയൊക്കെ പറയാന്‍ വിഷമമുണ്ടൊ?

അവിടത്തെ മുഖ്യ വഴിപാട്‌ പണമാണ്‌. അകത്ത്‌ കയറണമെങ്കില്‍ പ്രവേശന തുക അടക്കണം. ഭക്‌തന്മാര്‍ക്ക്‌ ഏത്‌ വേഷത്തിലും, എപ്പൊഴും പോകാം. ദര്‍ശനം എപ്പോഴും ഉള്ളത്‌ കൊണ്ട്‌ നട അടക്കുന്നത്‌ രാത്രി വളരെ വൈകിയാണ്‌.

അയാളുടെ വിവരണം കഴിഞ്ഞപ്പോഴേക്കും അമ്പലത്തിന്‌ മുന്നില്‍ കാര്‍ എത്തി. പണത്തിന്റെ വിളയാട്ടം വിളിച്ചോതുന്ന പ്രൗഢിയാര്‍ന്ന അമ്പലം. അമ്പലമെന്ന്‌ കണ്ടാല്‍ തോന്നുകയില്ല. വെണ്ണകല്ലില്‍ പണിത ഒരു മനോഹര ഹര്‍മ്മ്യം. പ്രഭാത സൂര്യരശ്‌മികളില്‍ തട്ടി ഒളിമിന്നുന്ന ആ വെണ്‍സൗധം കണ്ണഞ്ചിപ്പിച്ചിരുന്നു. കല്‍ വിളക്കുകളും അരയാലുമില്ലാത്ത അമ്പലം. അമ്പലത്തിന്റെ ചുറ്റും മനോഹരമായ പുല്‍തകിടി. അതില്‍ കൃത്രിമ ജലധാരകള്‍. സുരഭില സുന്ദരമായ പൂന്തോട്ടം. നയന മനോഹരമായ ദൃശ്യം.

അയാളും കുട്ടികളും പ്രവേശന തുകയടച്ച്‌ ശീട്ട്‌ വാങ്ങി മറ്റ്‌ ഭക്‌തന്മാര്‍ക്കൊപ്പം നടന്ന്‌ ഒരു വിശാലമായ ഹാളില്‍ എത്തിയപ്പോള്‍ അവിടെ ജനം തിങ്ങി നില്‍ക്കുകയാണ്‌. ധാരാളം വിദേശികളുമുണ്ട്‌. അവിടെ ജീന്‍സും ഷര്‍ട്ടുമിട്ട്‌ നില്‍ക്കുന്ന ഒരാളാണ്‌ തിരക്ക്‌ നിയന്ത്രിക്കുന്നത്‌. ത്രികോണാകൃതിയില്‍ പണി തീര്‍ത്തിട്ടുള്ള ശ്രീകോവില്‍ തൊഴുത്‌ ജനം മറ്റൊരു വാതിലൂടെ പോകുന്നതിനനുസരിച്ച്‌ കാവല്‍ക്കാരാന്‍ ഹാളില്‍ നിന്നും ആളുകളെ അവരുടെ കയ്യിലുള്ള ശീട്ട്‌ പരിശോധിച്ച്‌ അകത്തേക്ക്‌ വിടും..

ദര്‍ശനത്തിനുള്ള അക്ഷമ ആളുകള്‍ക്കുണ്ടെങ്കിലും എല്ലാവരും വളരെ മര്യാദ പാലിക്കുന്നുണ്ട്‌. ഒരു കൂട്ടം ആളുകള്‍ക്കൊപ്പം അയാളും കുട്ടികളും ശ്രീകോവിലില്‍ കയറിയപ്പോള്‍ അതിനുള്ളില്‍ നല്ല ഇരുട്ട്‌. ചുമരില്‍ ചില സന്ദേശങ്ങള്‍ മലയാളത്തിലും, ഇംഗ്ലീഷിലും തെളിയുന്നത്‌ അയാള്‍ വായിച്ചു. `കഞ്ഞിയും, ചമ്മന്തിയും കഴിച്ച്‌ കഷ്‌ടപെട്ടവരെ, കപ്പയും മീനും തിന്ന്‌ മടുത്തവരെ, പട്ടിണി കിടന്നവരെ, സ്വപ്‌നം കൂടി കാണാന്‍ കഴിയാതിരുന്ന സൗഭാഗ്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കി. വാഹനങ്ങള്‍, ആര്‍ഭാടമായ വീടുകള്‍, പോഷകാഹാരങ്ങള്‍, ജോലി, ജീവിത സൗകര്യങ്ങള്‍..' പെട്ടെന്ന്‌ ശ്രീകോവിലിന്റെ മൂലയില്‍ ഒരു വെളിച്ചം. വെളിച്ചത്തില്‍ ഒരു പൂര്‍ണകായ പ്രതിമ. കൈ കൂപ്പി തൊഴാന്‍ തുടങ്ങിയ അയാള്‍ സ്‌തബ്‌ധനായി. കുട്ടികള്‍ ആശ്‌ചര്യത്തോടെ ചോദിച്ചു `അച്‌ഛാ, അത്‌ ജോര്‍ജ്‌ ബുഷ്‌ അല്ലെ? ടൈയും സൂട്ടുമിട്ട ജോര്‍ജ്‌ ബുഷ്‌ പതിവ്‌ പുഞ്ചിരിയുമായി. ടൈ മാത്രം ശില്‍പ്പി കല്ലില്‍ കൊത്തിയില്ല. ടൈ അവിടത്തെ പൂജാരി ദിവസവും പുതിയതായി കെട്ടുകയാണ്‌. മറ്റ്‌ ദേവന്മാര്‍ക്ക്‌ മാല ചാര്‍ത്തുന്ന പോലെ. ആ ടൈകള്‍ പതിന്മടങ്ങ്‌ വിലയ്‌ക്ക്‌ അമ്പല കമ്മറ്റിക്കാര്‍ വിറ്റ്‌ കാശുണ്ടാക്കുന്നു.

പുറത്തിറങ്ങി കാറിന്റെ അടുത്തേക്ക്‌ നടക്കുമ്പോള്‍ ഡ്രൈവര്‍ നിന്ന്‌ ചിരിക്കുന്നു. അയാള്‍ കഥ മുമ്പ്‌ പറയാതിരുന്നതിന്റെ രഹസ്യം മനസ്സിലായി. എന്തായാലും കഥയെന്തെന്നറിയാന്‍ അയാളോട്‌ ചോദിച്ചു.

ആ ഗ്രാമത്തിലെ ഒരു മലയാളം സാര്‍ പെണ്മക്കളെ കല്യാണം കഴിച്ചയക്കാന്‍ കാശില്ലാതെ വിഷമിക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ ഒരു തുണ്ട്‌ ഭൂമി കോടികള്‍ കൊടുത്ത്‌ ഒരാള്‍ വാങ്ങി. ആ ഓണംകേറാ മൂലയില്‍ ആ വില തികത്തും ദൈവധീനം തന്നെയെന്ന്‌ തിരിച്ചറിഞ്ഞ ആ സാര്‍ സന്തോഷത്തോടെ എന്റെ കണ്‌ഠകോണേശ്വര നീ കാരണമാണീ സാമ്പത്തിക ഉയര്‍ച്ച, നീ തന്നെ തുണയെന്ന്‌ അലറി വിളിച്ച്‌ മാനസിക വിഭ്രാന്തിയോടെ ഗ്രാമത്തില്‍ മുഴുവന്‍ ഓടി നടന്നു. അതിന്‌ ശേഷം ഭൂമിയുടെ വില കുതിച്ച്‌ കയറുകയും ഗ്രാമ വാസികള്‍ മുഴുവന്‍ ആ ദേവന്‌ മനസ്സാ നന്ദി പറയുകയും തൊഴുകയും കൂടി ചെയ്‌തപ്പോള്‍ ആ ഗ്രാമം മലയാളം സാര്‍ പറഞ്ഞ ദേവന്റെ പേരില്‍ അറിയപ്പെടുകയും ചെയ്‌തു. അത്ഭുതങ്ങള്‍ കാണിക്കുന്നവരെ തൊഴുന്നതില്‍ നമ്മള്‍ മുന്‍പന്തിയിലല്ലേ? ഉടനെ വന്നു അമ്പലവും. ടൈ കെട്ടുന്ന ദൈവം എന്നര്‍ഥത്തിലാണ്‌ കണ്‌ഠകോണേശ്വരന്‍ എന്ന്‌ മലയാളം സാര്‍ വിളിച്ചത്‌.

ഭാരതീയര്‍ക്ക്‌ ഒരു സൂട്ടിട്ട ദൈവം. മുപ്പത്തിമുക്കോടി ഒന്ന്‌. ഒരു വ്യത്യാസം മാത്രം. ദേവന്‍ പ്രത്യക്ഷത്തില്‍ മറ്റൊരു മതത്തെ പ്രതിനിധാനം ചെയ്യുന്നത്‌കൊണ്ട്‌ മുപ്പത്തി മുക്കോടിയില്‍ ഉള്‍പെടുമോ എന്നു സംശയമുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. ഈ അമ്പലത്തിന്റെ തറ കെട്ടാന്‍ കുഴിച്ചപ്പോള്‍ കിട്ടിയതാണെന്നും പറഞ്ഞ്‌ ചില ദ്രവിച്ച പനയോലകള്‍ ചില ഹിന്ദുക്കള്‍ നാട്ടുകാരെ കാണിച്ചിരുന്നു. അതില്‍ എഴുതിയിരിക്കുന്നതാണ്‌ അമ്പല മുറ്റത്ത്‌ വലിയ അക്ഷരങ്ങളില്‍ എഴുതി വച്ചിരിക്കുന്നത്‌.

`അവന്‍ കുറ്റികാടുകളില്‍ നിന്നും വരും. അവന്‍ ആകാശ്‌ത്ത്‌ കൂടി പറന്നും, കടല്‍ കടന്നും വരും. അവനിലൂടെ ഭാരതം ഐശ്വര്യ സമൃദ്ധമാകും. അവനെ തൊഴുക.'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക