Image

ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമായി മലയാളിയായ നിത്യ രാമൻ ചരിത്രം കുറിച്ചു

Published on 16 November, 2020
ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമായി മലയാളിയായ നിത്യ രാമൻ ചരിത്രം കുറിച്ചു

ഫോട്ടോകൾ: https://www.nithyaforthecity.com/

യു എസ് പ്രസിഡൻഷ്യൽ ഇലക്ഷന്റെ തിരക്കിൽ ലോസാഞ്ചലസ്സിൽ നടന്ന സിറ്റി കൗൺസിലെ  വാശിയേറിയ മത്സരത്തിന് അർഹിക്കുന്ന മാധ്യമശ്രദ്ധ ലഭിച്ചില്ല. മലയാളിയായ നിത്യ രാമൻ, പതിനേഴ് വർഷങ്ങളായി  കൗൺസിൽ അംഗമായി തുടരുന്ന ഡേവിഡ് റ്യുവിനെ പരാജയപ്പെടുത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോസ് ആഞ്ചലസ്‌ ടൈംസിലെ റിപ്പോർട്ട് പ്രകാരം, 52.5 ശതമാനം വോട്ടുകളാണ് നിത്യ സ്വന്തമാക്കിയത്. 

കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള  പിന്തുണയാണ് നിത്യയെ വിജയത്തിലെത്തിച്ചതിൽ നിർണായകമായത്. ലോസ് ഫെലിസ്, ഹോളിവുഡ് എന്നിങ്ങനെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും. 60,000 ഡോളറിൽ താഴെ മാത്രം വാർഷിക വരുമാനമുള്ള 58 ശതമാനം പേരെ തന്റെ അനുകൂലികളാക്കി മാറ്റിയ നിത്യ, വിജയാഹ്ളാദം  ട്വിറ്ററിൽ പങ്കുവച്ചപ്പോൾ വോട്ടർമാർക്കുള്ള  നന്ദിയും രേഖപ്പെടുത്തി. 

'കേരളത്തിലാണ് ഞാൻ ജനിച്ചത്. മെച്ചപ്പെട്ട അവസരങ്ങൾ തേടി അച്ഛൻ അമേരിക്കയിൽ കുടിയേറുകയും അമ്മയ്ക്ക് ജോലിക്ക് പോകേനടിയും വന്നത്  കൊണ്ട് മുത്തശ്ശിമാരാണ് എന്നെ പരിപാലിച്ചത്. ആറുവയസ്സുള്ളപ്പോൾ ഞാൻ അമ്മയ്‌ക്കൊപ്പം അമേരിക്കയിലെത്തി. ലൂസിയാനയിലായിരുന്നു ആദ്യം. . പിന്നീട് ബോസ്റ്റണിലേക്ക് മാറി. പഠിക്കുന്ന സമയത്ത് ക്ലാസ്‌റൂമിൽ, എന്റെ  നിറമുള്ള മറ്റു  വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല. സമൂഹത്തിൽ തുല്യതയ്ക്കായി പ്രവർത്തിക്കണമെന്ന ആഗ്രഹത്തിന്റെ വിത്ത് അവിടെനിന്നാകാം." നിത്യ രാമൻ തന്റെ അനുഭവങ്ങൾ അവരുടെ ഇലക്ഷൻ വെബ്‌സൈറ്റിൽ വിവരിക്കുന്നു 

'ഹാർവാർഡ് സർവകലാശാലയിലെ പഠനത്തിന് ശേഷം, അർബൻ പ്ലാനിങ്ങിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം ഐ ടി) യിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 

ഡൽഹിയിലും  മുംബൈയിലും ഏഴുവർഷം  ജോലി ചെയ്തിട്ടുള്ളതാണ്  ഇന്ത്യയുമായുള്ള മറ്റൊരു ബന്ധം. ചേരികളിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങൾക്കുള്ള  പരിഹാരം കണ്ടെത്തുന്നതായിരുന്നു പ്രധാന പ്രവർത്തനം. ഡൽഹിയിൽ താമസിക്കുമ്പോൾ,  ഒരുലക്ഷത്തിലധികം പാവങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരി നശിപ്പിക്കുന്നതും  ആ പാവങ്ങൾക്ക് വീടുകൾ ഇല്ലാതാകുന്നതും നേരിൽ കണ്ടു .  

'അതിനൊരു വാർത്താപ്രാധാന്യം ലഭിക്കാത്തതും പത്രങ്ങളിൽ തലക്കെട്ട് ഉണ്ടാകാതിരുന്നതും എന്നെ ഞെട്ടിച്ചു. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ശുചിമുറി, എന്നിവയ്ക്കുവേണ്ടി യാചിക്കുന്ന നോട്ടങ്ങളാണ് ചെന്നൈയിലും ഡൽഹിയിലും എന്നെ വേട്ടയാടിയത്. കുടിയൊഴുപ്പിക്കൽ ഭീഷണി നേരിട്ടിരുന്ന അവരുടെ നിസ്സഹായാവസ്ഥ ഇല്ലാതാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് നഗരത്തിന്റെ ദരിദ്രമുഖം വരച്ചുകാണിക്കുന്ന മാപ്പുകളും വിവരങ്ങളും ശേഖരിച്ച് "ട്രാന്സ്പരെന്റ് ചെന്നൈ" രൂപീകരിച്ചത്. ചേരിനിവാസികൾക്കു കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ നിന്ന്  സംരക്ഷണം നൽകുകയും അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഒരുക്കുകയുമായിരുന്നു ഉദ്ദേശം.

അതിലൂടെ നേടിയെടുത്ത അനുഭവസമ്പത്ത് മുന്നോട്ടുള്ള കാൽവയ്പുകൾക്ക് കരുത്തായി.
2013 ലാണ് ഇന്ത്യയിൽ നിന്ന് വീണ്ടും ഭർത്താവുമൊത്ത് ലോസ് ഏഞ്ചലസിലെത്തുന്നത്. 

ഇവിടെ സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ലഭിച്ചു. ഭവനരഹിതർക്കുള്ള ചിലവുകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ എന്നെ ആയിരുന്നു ചുമതലപ്പെടുത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി ഞാൻ ചില കണ്ടെത്തലുകൾ നടത്തി. അതെന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വീടില്ലാത്തവർക്കായി നഗരസഭ 100 മില്യൺ   ചെലവഴിക്കുമ്പോൾ അതിൽ 90 ശതമാനവും ചിലവഴിക്കപ്പെടുന്നത് കുടിയിറക്കലിനാണെന്നും ബാക്കി 10 ശതമാനം മാത്രമാണ് യാത്രകൾക്കും ചികിത്സയ്ക്കും ഭവന നിർമാണത്തിനുമായി വിനിഗയോഗിക്കപ്പെടുന്നതെന്നും ഞാൻ മനസിലാക്കി. 

എനിക്ക് ഇരട്ടക്കുട്ടികൾ ജനിച്ചപ്പോൾ ജോലിയിൽ നിന്ന് താൽക്കാലികമായി മാറിനിന്നെങ്കിലും സ്വന്തം കമ്മ്യൂണിറ്റിയിലെ ഭവനരഹിതരെ അഭിസംബോധന ചെയ്യുന്നത്  സജീവമായി  തുടർന്നു. സിൽവർ ലേക്ക് നെയ്‌ബർഹുഡ് കൗൺസിലിന്റെ ഭവനരഹിത സമിതിയിൽ കോ -ചെയർ ആയിരുന്നു. ഞങ്ങളുടെ നഗരത്തിൽ വർദ്ധിച്ചുവന്ന ഭവനരഹിതരുടെ എണ്ണം എന്നെയും ഒരുകൂട്ടം അയൽവാസികളെയും വല്ലാതെ അതിശയിപ്പിച്ചു. 

സെലാഹ് (എസ് ഇ എൽ എ എച്ച്) എന്ന പേരിൽ 2017 ൽ വീടില്ലാത്തവർക്കുവേണ്ടി ഞങ്ങളൊരു കൂട്ടായ്മയ്ക് രൂപംകൊടുത്തു. യാതൊരു ലാഭേച്ഛയുമില്ലാതെ ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളിൽ ഏറ്റവും സജീവമായ ഒന്നായി അത് പ്രവർത്തിക്കുന്നു എന്നതിൽ ഏറെ അഭിമാനമുണ്ട്.

# മീറ്റൂ ആക്ടിവിസത്തിലൂടെ വളർന്ന ടൈംസ് അപ്പ് എന്റെർറ്റൈന്മെന്റിന്റെ  എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനവും  വഹിക്കുന്നു. വിനോദ വ്യവസായരംഗത്ത് സ്ത്രീകളുടെ സുരക്ഷയും തുല്യതയും ഉറപ്പു വരുത്തുകയാണ് ലക്‌ഷ്യം. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെ അവകാശങ്ങൾ അറിഞ്ഞിരിക്കണം എന്നതിന്റെ സമഗ്രഹമായ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് എന്റെ നേതൃത്വത്തിൽ ലോഞ്ച് ചെയ്യാൻ സാധിച്ചു.  ഹോളിവുഡിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് സ്ഥിരമായി അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്'- വെബ്‌സൈറ്റിൽ പറയുന്നു '
 
കമ്മ്യൂണിറ്റിയിൽ ഉള്ളവർക്കുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുമ്പോഴും ഉന്നതാധികാരികൾ അർഹിക്കുന്ന  സഹായം നൽകാത്തതാണ് മത്സരരംഗത്തേക്കിറങ്ങാൻ പ്രേരണയായതെന്നും അവർ പറയുന്നു. അധികാരം ലഭിച്ചാൽ  സേവനം വിപുലീകരിക്കുമെന്ന് ഇലക്ഷൻ സമയത്തും നിത്യ വാഗ്ദാനം ചെയ്തിരുന്നു. 

നഗരാസൂത്രണത്തിൽ വൈദഗ്ദ്ധ്യം തെളിയിച്ച നിത്യ, തന്റെ കഴിവുകൾ ലോസ് ഏഞ്ചലസിന്റെ മുഖം മിനുക്കുന്നതിന് പ്രയോജനപ്പടുത്തണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തിയാണ്. 

നേതൃപാടവംകൊണ്ടും കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സാമർഥ്യംകൊണ്ടും മുന്നിലുള്ള വെല്ലുവിളികളെ നേരിടാമെന്ന ഉറച്ചവിശ്വാസം തന്നെയാണ് അവരുടെ മൂലധനം. ഇത്തവണത്തെ മത്സരത്തിൽ ബെർണീ സാൻഡേർസ് അംഗീകരിച്ച ഏക സ്ഥാനാർത്ഥി എന്നതും നിത്യയുടെ കഴിവിന്റെ മാറ്റ് പതിന്മടങ്ങാക്കുന്നു. 

ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമായി മലയാളിയായ നിത്യ രാമൻ ചരിത്രം കുറിച്ചു ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമായി മലയാളിയായ നിത്യ രാമൻ ചരിത്രം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക