Image

ദൈവത്തിന്റെ കുരുന്നുകൾക്ക് തണലൊരുക്കാൻ ഗോപിനാഥ് മുതുകാടിനൊപ്പം ഫൊക്കാനയും

അനിൽ പെണ്ണുക്കര Published on 04 December, 2020
ദൈവത്തിന്റെ കുരുന്നുകൾക്ക് തണലൊരുക്കാൻ ഗോപിനാഥ് മുതുകാടിനൊപ്പം ഫൊക്കാനയും
ഭിന്നശേഷിക്കാരായ ഒട്ടനേകം കുരുന്നുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. പൂകളെയും പൂമ്പാറ്റകളെയും സ്നേഹിച്ചും ലാളിച്ചും പാറിനടക്കേണ്ട പ്രായത്തിൽ ചുറ്റുമുള്ളവരിൽ നിന്നും വേർതിരിക്കപ്പെട്ടവർ, കാഴ്ചയിലെ വൈകല്യം മനസിന്റെ നിഷ്കളതയെ ബാധിക്കാത്തവർ, വ്യത്യസ്തമായ ചിന്താഗതികളും വിശാലമായ ഒരു ലോകവുമുള്ളവർ. എന്നാൽ ഇത്തരക്കാരുടെ പരിമിതികളിൽ സഹതപിക്കാനല്ലാതെ അവരെ കൈചേർത്ത് പിടിക്കാൻ പലപ്പോഴും നമ്മൾ മനസ്സു കാണിക്കാറില്ല. അവിടെയും ദൈവത്തിന്റെ കരസ്പർശമേറ്റ കുറെ നല്ല മനുഷ്യർ രംഗത്തെത്തി. ലോക പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റിലെ ഡിഫെൻസ് ആർട്ട് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും ആ കുരുന്നുകൾക്കായി കൈകോർത്തിരിക്കുന്നു.ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ പരിശീലനത്തിനും അതിലുടെ വരുമാനം കണ്ടെത്തുന്നതിനുമായി തുടങ്ങിയ മികച്ച ഒരു പദ്ധതിയാണ് "കരിസ്മ എ മൂവ് ഫോർ മദേഴ്‌സ് ". 

ഗോപിനാഥ് മുതുകാടിനൊപ്പം ഒന്നിക്കുകയാണ് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ മാതൃ സംഘടനയായ ഫോക്കാനായും ലയൺസ് ക്ലബും ഒപ്പം ചേരുന്നതോടെ ഈ പ്രോഗ്രാം ലോക മലയാളികളുടെ ശ്രദ്ധയിലേക്ക് വരികയും കരിസ്മയ്ക്ക് കൂടുതൽ സഹായങ്ങൾ ലഭിക്കുകയും ചെയ്യും.തിരുവനന്തപുരം കഴക്കൂട്ടത്ത് സ്ഥിതി ചെയ്യുന്ന മുതുകാടിന്റെ മാജിക്കൽ പ്ലാനെറ്റിൽ  ഉള്ള ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാർക്കാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. തയ്യൽ പരിശീലനം, ബാഗ് നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം തുടങ്ങി വിവിധ തരത്തിലുള്ള തൊഴിൽ പരിശീലനമാണ് കരിസ്മ സെന്റർ മുന്നോട്ട് വെക്കുന്നത്. പരിശീലനം നൽകുന്നതിനോടൊപ്പം ഇവിടെയുണ്ടാകുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 

അങ്ങനെ ലഭിക്കുന്ന വരുമാനം പൂർണ്ണമായും ഭിന്നശേഷിക്കാരുടെ കുടുംബത്തിനായി തന്നെ വിനിയോഗിക്കപ്പെടും. 100 തയ്യൽ മെഷീനുകൾ വാങ്ങിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകി ഈ പദ്ധതിയിൽ പങ്കാളിത്തം സ്വീകരിച്ചിരിക്കുകയാണ് ഫോക്കാനയുടെ വിമൻസ് ഫോറം ഇപ്പോൾ.തുടർന്നും കരിസ്മയുമായി സഹകരിക്കുകയും  ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിന് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ഇ-മലയാളിയോട് പറഞ്ഞു . ഗോപി നാഥ് മുതുകാടിനെപോലെയുള്ള വ്യക്തിത്വങ്ങൾ നേതൃത്വം നൽകുന്ന ഇത്തരം പദ്ധതികളോട് ഫൊക്കാന സഹകരിക്കുമ്പോൾ സംഘടനയും  ,സ്മഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും കൂടുതൽ അംഗീകരിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല .ഭിന്നശേഷിക്കാരായ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഇപ്പോഴും സംഘർഷത്തിലാകുന്നത് അവരുടെ മാതാപിതാക്കളാണ് .പ്രത്യേകിച്ച് അവരുടെ അമ്മമാർ .ആ അമ്മമാരെ ശാക്തീകരിക്കുവാൻ തുടങ്ങിയ പദ്ധതി എന്ന നിലയിൽ കരിസ്മയ്ക്ക് വലിയ പ്രത്യേകതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ കുടുംബത്തെയും സമൂഹത്തിന്റെ മുഖ്യധാരായിലേക്ക് കൊണ്ടുവരാൻ മുതുകാടും സംഘവും നടത്തുന്ന പ്രയത്നത്തെ പ്രശംസിക്കാതെ വയ്യ. അവരും ദൈവത്തിന്റെ സൃഷ്ടികളാണെന്നും നമ്മളെ പോലെ ഒരുപക്ഷെ നമ്മളെക്കാൾ അറിവും കഴിവുമുള്ളവരാണെന്നും അംഗീകരിക്കാൻ കഴിയാത്ത ഈ സമൂഹത്തിന് മുന്നിൽ വലിയൊരു പാഠപുസ്തകമാവുകയാണ് ഗോപിനാഥ്‌ മുതുകാട്. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ തിരിച്ചറിഞ്ഞു സഹായ ഹസ്തങ്ങളുമായി ഫോക്കാനാ എന്നും ഒപ്പമുണ്ടാകുമെന്ന് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷാഹി പറഞ്ഞു .
ലോക ഭിന്നശേഷി ദിനത്തിൽ അഡിഷണൽ ഡി ജി പി ബി. സന്ധ്യ കരിസ്മ സെന്ററിന്റെ ഉത്‌ഘാടനം  നിർവഹിച്ചു. ചലച്ചിത്ര താരം മേനക സുരേഷ് മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ കെ ടി സി ചെയർമാൻ എം. വി ജയകുമാർ അധ്യക്ഷത  വഹിച്ചു. ഡിഫെൻസ് ആർട്ട്‌ കോർഡിനേറ്റർ ദിവ്യ സ്വാഗതമർപ്പിച്ചു. ഫോക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഫോക്കാനാ വിമൻസ് ഫോറം ചെയർ ഡോ. കല ഷഹി, മാജിക്കൽ അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊ. ഗോപിനാഥ് മുതുകാട് ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാർ,ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല,കരിസ്മ കോ-ഓർഡിനേറ്റർ സൊഹ്‌റ മമ്മു ,എന്നിവർ സംസാരിച്ചു. ഈ കൂട്ടായ്മയിൽ ഫോക്കാനയെ പോലെ ഒരു വലിയ സംഘടന കൈകോർത്തതിൽ പ്രൊ. ഗോപിനാഥ് മുതുകാട് കൃതജ്ഞത അറിയിച്ചു.

ആരുമില്ലാത്തവർക്ക് തുണയായി നിൽക്കാൻ മനസ്സുകാണിക്കുന്നവരെ ദൈവതുല്യരായി കാണണമെന്ന് പറയാറുണ്ട്. ഭിന്നശേഷിക്കാരായ നിരവധി കുഞ്ഞുങ്ങൾക്ക് ജീവനും ജീവിതവും നൽകിയ പ്രൊ. ഗോപിനാഥ് മുതുകാടിനെ  പോലുള്ളവരെ സ്നേഹാദരങ്ങളോടെ നമിക്കുന്നു. ഒപ്പം കരിസ്മ പദ്ധതിക്ക് ഇ-മലയാളിയും വിജയാശംസകളും പിന്തുണയും അറിയിക്കുന്നു .
ദൈവത്തിന്റെ കുരുന്നുകൾക്ക് തണലൊരുക്കാൻ ഗോപിനാഥ് മുതുകാടിനൊപ്പം ഫൊക്കാനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക