Image

ഉണ്ണ്യേട്ടന്റെ ഗ്രാമം - എന്റേയും - ഡോക്ടര്‍ (മേജര്‍)നളിനി ജനാര്‍ദ്ദനന്‍

ഡോക്ടര്‍ (മേജര്‍)നളിനി ജനാര്‍ദ്ദനന്‍ Published on 11 June, 2012
ഉണ്ണ്യേട്ടന്റെ ഗ്രാമം - എന്റേയും - ഡോക്ടര്‍ (മേജര്‍)നളിനി ജനാര്‍ദ്ദനന്‍
ഈ മഹാനഗരം ഉറങ്ങുന്നതെപ്പോഴാണ് ? ഇവിടെ രാത്രികള്‍ പകലുകളെപ്പോലെത്തന്നെ സജീവമാണ് എപ്പോഴും വാഹനങ്ങളുടെ കോലാഹലങ്ങള്‍. അര്‍ദ്ധരാത്രിയില്‍പ്പോലും ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകള്‍. എപ്പോഴും ശബ്ദമുഖരിതമായ റോഡുകള്‍. ഈ സ്വപ്നനഗരിയില്‍ ജീവിതം വളരെ വേഗതയിലാണ്. മുബൈ നഗരത്തിലെ എന്റെ മുറിയില്‍ കിടക്കയില്‍ കിടന്നുകൊണ്ട് ഉറക്കം വരാതെ വിഷമിക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെടുകയായിരുന്നു.
അങ്ങകലെ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ നിശ്ശബ്ദ സുന്ദരമായ രാത്രികള്‍ ഓര്‍ത്തുപോയി. ഉണ്ണിയേട്ടന്റെ ഗ്രാമം-പിന്നീട് എന്റേതുമായിത്തീര്‍ന്ന കാവുമ്പായി എന്ന കൊച്ചുഗ്രാമം.
ആ പഴയ വീട്ടിനുമുമ്പിലെ ചാണകംമെഴുകിയ വിസ്തൃതമായ മുറ്റം. നെല്ലുണക്കാനിടുന്ന ആ വലിയ മുറ്റത്തിന്റെ അരികില്‍ മനോഹരമായ ചുവന്ന പൂങ്കുലകളേന്തി നില്‍ക്കുന്ന തെച്ചിപ്പൂച്ചെടികള്‍-കൃഷ്ണനു മാല ചാര്‍ത്താന്‍ തെച്ചിപ്പൂക്കള്‍ പറിക്കുന്നത് ആ ചെടികളില്‍ നിന്നാണ്. വാലിട്ടെഴുതിയ നീലക്കണ്ണുകള്‍പോലെ വിടര്‍ന്നുനില്‍ക്കുന്ന ശംഖുപുഷ്പങ്ങള്‍. ചെമ്പരത്തിപ്പൂക്കള്‍ക്കിടയില്‍ 'കോഴിവാലന്‍' എന്നു തമാശയായി വിളിക്കപ്പെടുന്ന ചുവന്ന പൂക്കള്‍വിരിയുന്ന ചെടികള്‍.
വിഷുപ്പക്ഷിയുടെ കളകൂജനം. വീട്ടിന്റെ കല്‍പ്പടവുകള്‍ ഇറങ്ങുന്നത് വിശാലമായി പരന്നുകിടക്കുന്ന നെല്‍വയലിലേക്കാണ്. സന്ധ്യയ്ക്ക് പണികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന ഗ്രാമീണര്‍. ദൂരെ ശിവന്റെ അമ്പലത്തില്‍ നിന്നു കേള്‍ക്കുന്ന ശംഖനാദവും കീര്‍ത്തനങ്ങളും. മനസ് ഭക്തിസാന്ദ്രമാകുന്ന ആ നിമിഷങ്ങളില്‍ ശാന്തതമാത്രം. നഗരത്തിലെ മാനസിക സംഘര്‍ഷങ്ങളൊന്നുമില്ലാതെ മനസ്സ് അനുഭവിക്കുന്ന സുഖകരമായ ശാന്തത.
നിലാവുള്ള രാത്രികളില്‍ മുറ്റത്തുനിന്നുകൊണ്ട്, വെള്ളനിറമുള്ള നേര്‍ത്തപുതപ്പുപുതച്ചുറങ്ങുന്ന പ്രകൃതിയെ നോക്കി നില്‍ക്കാന്‍ എനിക്കേറെയിഷ്ടമായിരുന്നു. വെണ്‍മുകിലുകള്‍ പഞ്ഞിക്കഷ്ണങ്ങള്‍ പോലെ ചിതറിക്കിടക്കുന്ന നീലാകാശത്തില്‍ പുഞ്ചിരിതൂകുന്ന പൂര്‍ണ്ണചന്ദ്രബിംബം.
സുഗന്ധം പൊഴിക്കുന്ന കുടമുല്ലപ്പൂക്കള്‍-ഇളം കാറ്റിലെങ്ങോ നിന്ന് ഒഴുകിയെത്തുന്ന നിശാഗന്ധിപ്പൂക്കളുടെ സൗരഭ്യം ആകാശത്തിലേക്കു തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന കവുങ്ങുകളും തെങ്ങുകളും. കവുങ്ങുകളില്‍ ലജ്ജാഭാരത്തോടെ ചുറ്റിപ്പടര്‍ന്നു കയറിയ കുരുമുളകുവള്ളികള്‍. ഒരു നേര്‍ത്ത കാറ്റുപോലും അലകളിളക്കുന്ന ഹരിതസമുദ്രംപോലെ പരന്നുകിടക്കുന്ന വിശാലമായ നെല്‍വയലുകള്‍-ഉണ്ണിയേട്ടന്റെ ഗ്രാമം ഒരു സ്വപ്നദൃശ്യംപോലെ സുന്ദരമാണ്.
യാഥാസ്ഥിതിക മനഃസ്ഥിതിയുള്ള അച്ഛനമ്മമാരുടെ മുമ്പില്‍ വെച്ച് തന്നോട് ചിരിക്കാനോ കൊച്ചുവര്‍ത്തമാനങ്ങള്‍ പറയാനോ മടിക്കുന്ന ഉണ്ണിയേട്ടന്‍. മനസ്സില്‍ തോന്നുന്നത് മുഖം നോക്കാതെ പറയുമെങ്കിലും വാത്സല്യം മാത്രം നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയായ സ്‌നേഹസമ്പന്നയായ എന്റെ അമ്മായിയമ്മ. എന്റെ അച്ഛന്റെ മരണത്തിനുശേഷം എനിക്കുണ്ടായ സങ്കടം ഇല്ലാതാക്കാനും ഒരച്ഛന്റെ അഭാവം എനിക്കുതോന്നാതിരിക്കാനും കഴിയുന്നത്ര ശ്രമിച്ച വാത്സല്യനിധിയായ എന്റെ അമ്മായിയച്ഛന്‍. നിഷ്‌ക്കളങ്ക സ്‌നേഹം മാത്രം കൈമുതലായുള്ള ആ കുടുംബം എനിക്കെന്നും പ്രിയപ്പെട്ടതാണ്. ഏട്ടനും ഏടത്തിയമ്മയും ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവുമെല്ലാം എന്റെ സ്വന്തം കൂടപ്പിറപ്പുകള്‍ തന്നെയാണെന്നും തോന്നി. വ്യത്യസ്ത കുടുംബത്തില്‍ നിന്നും കടന്നുവന്ന എന്നെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ച ആ ബന്ധുക്കള്‍ ഇന്നും എന്നെ ഒരു കുഞ്ഞനിയത്തിയായി കണക്കാക്കുന്നു. അനുജനും ഭാര്യയും എന്നെ ഏടത്തിയമ്മ എന്നല്ല 'ചേച്ചി' എന്നാണു വിളിക്കുന്നത്.
“മോളേ, നീയെപ്പൊ വന്നിനി? കുഞ്ഞികളോട്ത്തൂ? മാളൂ, നിനിക്കറിയോ? ഇത് നമ്മടെ ജനന്റെ ഓളല്ലേ? വല്യ ഡാക്ടറാണ്“-ആദ്യമൊന്നും മനസ്സിലാവാതിരുന്ന ഗ്രാമീണഭാഷ. പക്ഷേ തന്നെ കാണാനോടിയെത്തുന്ന വൃദ്ധകളുടെയും വൃദ്ധന്മാരുടെയും നിഷക്കളങ്കമായ പുഞ്ചിരിയും സ്‌നേഹവും ഹൃദയം കീഴടക്കുമ്പോള്‍ ഭാഷയൊരു പ്രശ്‌നമായി തോന്നിയില്ല.
കാവുമ്പായി എന്ന ഗ്രാമത്തിലെ വീടുകളില്‍ പലതും ബന്ധുവീടുകളാണ്. വൈകുന്നേരങ്ങളില്‍ ഞാനും ഉണ്ണിയേട്ടനും ബന്ധുവീടുകളില്‍ സന്ദര്‍ശനത്തിനായിറങ്ങും.
“അമ്മായി സുഖം തന്നെയല്ലേ?”, “ഏടത്തിയമ്മ വീട്ടില്‍ കയറുന്നില്ലേ?” “എളേമ എപ്പോവന്നു?”
“എടാ, നോക്ക് നിന്റെ വല്യമ്മയാണ്”
“ഊയ്യെന്റെ മോളേ, നീ വല്ലാതെ ക്ഷീണിച്ചുപോയല്ലോ”
“ഏച്ചിയുടെ അമ്മയ്ക്കും അനിയത്തിമാര്‍ക്കും സുഖമാണോ?”
ഞാനിവിടെ പലരുടെയും ബന്ധുവായിത്തീരുകയാണ് ഒരു വലിയ കൂട്ടുകുടുംബത്തിലെ ഒരംഗമായി ഞാന്‍ മാറുന്നു. ആ കൊച്ചുഗ്രാമത്തിലെ നിവാസികള്‍ എന്നെ സ്‌നേഹം കൊണ്ടു പൊതിയുന്നു. ലീവു കഴിയുമ്പോള്‍ മനസ്സില്‍ നേര്‍ത്ത വിഷാദം നിറയും. സ്‌നേഹം നിറഞ്ഞ ആ ഗ്രാമം വിട്ടുപോകാന്‍ മനസ്സ് വിസമ്മതിക്കും. എങ്കിലും ആര്‍മിയിലെ ലീവ് കഴിഞ്ഞാല്‍ തിരിച്ചുപോകാതിരിക്കാന്‍ കഴിയില്ല. അടുത്ത വരവിനായി കാത്തിരിക്കുന്ന മനസ്സ്.
ഈ കൊച്ചുഗ്രാമത്തിന്റെ അഭിമാനഭാജനമായ എന്റെ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സിന്റെ അഭിമാനം നിറഞ്ഞു. ഒരു നല്ല എഴുത്തുകാരനെന്നനിലയിലും ആ ഗ്രാമത്തിലെ ആദ്യത്തെ ആര്‍മിഓഫീസര്‍ എന്ന നിലയിലും പേരെടുത്ത എന്റെ ഉണ്ണിയേട്ടന്‍.
വീട്ടിലേക്കുള്ള ചവിട്ടുപടികള്‍ കയറുമ്പോള്‍ എത്തുന്ന നീണ്ട വരാന്ത- തിണ എന്നു വിളക്കപ്പെടുന്ന ആവരാന്തയില്‍ പാടത്തുനിന്നും വരുന്ന കുളിര്‍കാറ്റുമേറ്റ് സന്ധ്യകളില്‍ അമ്മായിയമ്മ എനിക്കു ചൊല്ലിത്തരുന്ന വടക്കന്‍പാട്ടുകളും കേട്ടിരിക്കാന്‍ വളരെ ഇഷ്ടം തോന്നിയിരുന്നു.
കല്യാണം കഴിഞ്ഞ് വലതുകാല്‍വെച്ചു കയറുമ്പോള്‍ നിലവിളക്കുമായി എതിരേറ്റ സ്‌നേഹസമ്പന്നയായ ഏടത്തിയമ്മയെ ഒരു ചേച്ചിയെപ്പോലെയാണു തോന്നിയത്.
അന്തരാളം എന്നു വിളിക്കപ്പെടുന്ന പൂജാമുറിയില്‍ ഞങ്ങളെയിരുത്തി ബന്ധുക്കള്‍ തലയില്‍ അരിയിട്ടനുഗ്രഹിച്ചതും ഓര്‍മ്മയുണ്ട്. കോലായില്‍ ഒരറ്റത്തുള്ള ഞങ്ങളുടെ മുറി. പ്രഥമരാത്രിയുടെ പരിഭ്രമവും ആഹ്ലാദവും ഒരേപോലെ പങ്കുവെച്ച ആകൊച്ചുമുറിയുടെ ചുമരുകള്‍. പിന്നീട് പലപ്പോഴും ആമുറിയില്‍ കാലെടുത്തുവെക്കുമ്പോള്‍ മനസ്സ് സമ്മിശ്രവികാരങ്ങള്‍കൊണ്ട് വിവശമായിരുന്നു.
മദ്ധ്യാഹ്നങ്ങളില്‍ കടുത്തചൂടേറ്റു തളരുമ്പോള്‍ നിവര്‍ത്തിയിട്ട കോസടിയില്‍ കിടന്നു വിശ്രമിക്കും. തെങ്ങിന്‍ തലപ്പുകളെ തഴുകിയെത്തുന്ന ഇളംകാറ്റ് നെറ്റിയില്‍ മൃദുവായി തലോടുമ്പോള്‍ ഉറക്കം കണ്‍പോളകളെ തഴുകിയടയ്ക്കും. സ്വപ്നത്തില്‍ ചിലപ്പോള്‍ കടന്നുവരുന്ന ബാല്യകാല സ്മരണങ്ങള്‍ തന്റെ വീട്ടിനു പുറകിലെ തൊടിയിലുള്ള ഏഴിലംപാല- “കുട്ടികളേ, സന്ധ്യകഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ മുടിയഴിച്ചിട്ടു നടക്കരുത്. പ്രത്യേകിച്ചും ഏഴിലംപാലയുടെ അടുത്തു പോകരുത്,ട്ട്വോ”- മുത്തശ്ശി തന്നോടും അനുജത്തി ഉമയോടും പറയും.
“അതെന്താ മുത്തശ്ശീ?”-ഞങ്ങളുടെ ജിജ്ഞാസ കലര്‍ന്ന ചോദ്യം.
“പോകേണ്ട എന്നു പറഞ്ഞാല്‍ അനുസരിച്ചാല്‍ മതി. ഗന്ധര്‍വ്വന്‍ ഏഴിലംപാലയിലാണു താമസിക്കുന്നത്. പെണ്‍കുട്ടികളെക്കണ്ടാല്‍ അവരില്‍ ഗന്ധര്‍വ്വന്‍ ആവാഹിക്കും”-
കൗമാരപ്രായത്തിന്റെ കുസൃതിയും ജിജ്ഞാസയുംകൊണ്ട് ഞാനും ഉമയും ഉച്ചനേരങ്ങളില്‍ അമ്മയും മുത്തശ്ശിയും ഉറങ്ങുമ്പോള്‍ മെല്ലെ ഏഴിലംപാലയുടെ അടുത്തുപോകുമായിരുന്നു. രാത്രിപോകാന്‍ ധൈര്യമില്ലല്ലോ. “നമ്മുക്ക് ഒരു പ്രാവശ്യമെങ്കിലും ഗന്ധര്‍വ്വനെ കണ്ടാല്‍മതിയായിരുന്നു. അതിസുന്ദരനായിരിക്കും, അല്ലേ ചേച്ചീ?”- ഒരിക്കല്‍ ഉമ പറഞ്ഞു.
പാലപ്പൂക്കളുടെ സുഗന്ധം വഹിച്ചെത്തിയ മന്ദമാരുതന്‍ കവിളില്‍ തലോടുമ്പോള്‍ അത് ഗന്ധര്‍വ്വന്റെ വിരല്‍സ്പര്‍ശമായി സങ്കല്പിച്ചു. ഉറക്കത്തില്‍ സ്വപ്നങ്ങളിലെപ്പോഴോ ഗന്ധര്‍വ്വന്റെ അധരസ്പര്‍ശം കവിളില്‍ രോമാഞ്ചം നല്‍കി. ഒരിക്കലും യാഥാര്‍ത്ഥ്യമാവാത്ത ഒരു സങ്കല്പമായിരുന്നു അത്-പിന്നീട് കൗമാരത്തിലെ ഓര്‍മ്മകളിലൊന്നുമാത്രമായിത്തീര്‍ന്നു.
“മോള്‍, എണീക്കൂ! കാതില്‍ മന്ത്രിച്ചതാരാണ്? കവിളില്‍ ലാളനമേകിയത് മൃദുലമായ ഏതു ചുണ്ടുകളാണ്?” കണ്ണു തുറന്നപ്പോള്‍ ഒരു ഗന്ധര്‍വ്വനെപ്പോലെ ആകര്‍ഷണീയമായ വ്യക്തിത്വമുള്ള തന്റെ ഉണ്ണിയേട്ടന്‍ മുമ്പില്‍ നില്‍ക്കുന്നു. ഉച്ചയുറക്കം നല്‍കിയ ആലസ്യവുമായി കണ്ണുതിരുമ്മി എഴുന്നേറ്റു. കുളിക്കാന്‍ തോര്‍ത്തുമായി നടക്കാനൊരുങ്ങിയ ഉണ്ണിയേട്ടന്റെ വിടര്‍ന്ന രോമാവൃതമായ നെഞ്ചും വടിവൊത്ത മാംസപേശികളുള്ള കരുത്തേറിയ കൈകാലുകളും നോക്കിനിന്നു.
അപ്പോള്‍ അമ്മായിയമ്മ പാടാറുള്ള വടക്കന്‍പാട്ടിലെ വരികള്‍ ഓര്‍ത്തുപോയി. ശംഖു കടഞ്ഞ കഴുത്തഴകും ആലിലയ്‌ക്കൊത്ത അണിവയറും കുന്നത്തുചന്ദ്രനുദിച്ചപോലെയുള്ള മുഖകാന്തിയും. ആരോമല്‍ച്ചേകവരെക്കുറിച്ചുള്ള വര്‍ണ്ണന-മറ്റാരും കാണാതെ ഉണ്ണിയേട്ടനെ നോക്കിനിന്നപ്പോള്‍ ആ വ്യക്തിത്വം തന്നെ അടിമപ്പെടുത്തുകയായിരുന്നു.
ലോകനാര്‍ക്കാവിലമ്മയും ഉണ്ണിയാര്‍ച്ചയും ഒതേനനും ആരോമല്‍ച്ചേകവരുമെല്ലാം അമ്മ പാടുന്ന വടക്കന്‍പാട്ടുകളിലൂടെ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു.
കടത്തനാട്ടിന്റെ വീരനായകന്മാരെയും നായികയെയും ഓര്‍ത്ത് അഭിമാനപുളകിതമാവുന്ന ആ കൊച്ചുഗ്രാമം-ഉണ്ണിയേട്ടന്റെ ഗ്രാമം-എന്റെയും മനസ്സില്‍ എന്നു മായാതെ നില്‍ക്കുന്ന ആ കൊച്ചുഗ്രാമം-ഉണ്ണിയേട്ടന്റെ ഗ്രാമം-എന്റെയും മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന ആ കൊച്ചുഗ്രാമം-ഉണ്ണിയേട്ടന്റെ മാത്രം എന്നു പറയല്ലേ കുട്ടീ, ഇത് നിന്റേയും നാടാണ്- ഒരു മുത്തശ്ശി പറഞ്ഞതോര്‍ത്തുപോയി. ശരിയാണ് ഈ കൊച്ചുഗ്രാമം എന്റേതുമാണ്.
ഉണ്ണ്യേട്ടന്റെ ഗ്രാമം - എന്റേയും - ഡോക്ടര്‍ (മേജര്‍)നളിനി ജനാര്‍ദ്ദനന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക