Image

സ്നേഹത്തോടെ ഒരു ക്രിസ്മസ് ദിനം കൂടി: ജോർജി വർഗീസ് (ഫൊക്കാന പ്രസിഡന്റ്)

Published on 25 December, 2020
സ്നേഹത്തോടെ ഒരു ക്രിസ്മസ് ദിനം കൂടി: ജോർജി വർഗീസ് (ഫൊക്കാന പ്രസിഡന്റ്)
മഞ്ഞു പെയ്യുന്ന രാവ്.....
മാനത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ....
ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികൾ...
വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളിൽ നിറയാൻ ഒരു ക്രിസ്മസ് കൂടി വന്നെത്തിയിരിക്കുന്നു. പ്രളയവും മഹാമാരിയും വിട്ട് മാറാത്ത ഈ സാഹചര്യത്തിൽ കഴിഞ്ഞ കാലത്തെ മറക്കാനും ഒരു പുതുയുഗം രചിക്കാനും ക്രിസ്മസ് രാവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നമ്മൾ. നഷ്ടങ്ങളുടെ തീരാ വേദനയിലും ഒരിത്തിരി സന്തോഷം പകരാൻ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ഈ ക്രിസ്മസ്    നമുക്ക്  തുണയാവും. പുതിയ പുലരിയെ തേടി അലയുന്ന നമുക്ക് ഓർമയിൽ ഒരിക്കൽ കൂടി കൊതിക്കുന്ന നാളുകളെ തൊട്ടുണർത്താൻ ഈ ക്രിസ്മസ് ദിനത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കാം... കുറച്ചു നിമിഷത്തേക്കെങ്കിലും പോയ കാലത്തിന്റെ കൈപ്പേറിയ അനുഭവങ്ങളെ അകറ്റി നിർത്തി മതി മറന്ന് ആഘോഷിക്കാം.
 
പ്രാചീനകാലങ്ങളിൽ മതപരമായ ഒരു ആഘോഷമായിരുന്നെങ്കിലും ഇന്ന് തികച്ചും മതേതരമായ ഒരു ഉത്സവരാവ് തന്നെയാണ് ക്രിസ്മസ്. ജാതിമതവർഗ ഭേദമന്യേ ഏവരും ഒന്നിച്ചാഘോഷിക്കുന്ന ഒരു വലിയ വിരുന്ന്. ഡിസംബർ ആദ്യവാരത്തിൽ തന്നെ ക്രിസ്മസിനെ വരവേൽക്കാനായി തിരക്കു കൂട്ടിയിരുന്നു നമ്മൾ. എന്നാൽ ഇന്ന്  ആഘോഷങ്ങൾക്ക് വഴി കൊടുക്കാതെ ആപത്തുകളും മനപ്രയാസവും നമ്മെ  തേടിയെത്തിയിരിക്കുന്നു. എങ്കിലും പ്രതീക്ഷയുടെ വെളിച്ചം തൂകി ഇന്നിതാ ഈ ക്രിസ്മസും നമ്മളിലേക്ക് എത്തുകയാണ്. 
 
ഒരായിരം സ്നേഹത്തോടെ, വിശ്വാസത്തോടെ, പ്രാർത്ഥനയോടെ, ഒപ്പം അതീവ ജാഗ്രതയോടെയും ഈ ക്രിസ്മസിനെയും നമുക്ക് സ്വാഗതം ചെയ്യാം. പുൽക്കൂടും, ക്രിസ്മസ് അപ്പൂപ്പനും, നക്ഷത്ര വിളക്കുകളും സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പുതുനാമ്പുകൾ നമുക്കായി സമ്മാനിക്കുന്നു.
ക്രിസ്മസ് ആഘോഷം കേവലം സോഷ്യൽ മീഡിയയിലെ സന്ദേശമായി ചുരുക്കപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. പുൽകൂടൊരുക്കിയും ക്രിസ്മസ് മരം അലങ്കരിച്ചും രുചിയേറിയ ഭക്ഷണങ്ങൾ ഒന്നിച്ചിരുന്നു പങ്കിട്ടും പിന്നീട് ക്രിസ്മസ് അപ്പൂപ്പന്റെ വരവിനായി ആകാംഷയോടെ കാത്തിരുന്നുമുള്ള ആ ക്രിസ്മസ് ദിനങ്ങൾ എവിടെയോ നമുക്ക് നഷ്ടമായിരിക്കുകയാണ്. പ്രളയക്കെടുതിയും കൊറോണ എന്ന മഹാമാരിയും കേരളത്തെ  വലച്ച ഈ സാഹചര്യത്തിലും നമുക്ക് കൂട്ടായ് എത്തിയിരിക്കുകയാണ് ഈ ക്രിസ്തുമസ്. നക്ഷത്രങ്ങൾ വർണ്ണം വിരിയിക്കുന്ന ആകാശത്തിൽ മാലാഖമാർ ക്രിസ്മസ് ഗാനം ആലപിക്കുമ്പോൾ,  നമുക്ക് സ്വീകരിക്കാം ആ പഴയ ഓർമയിലെ ഒരു ക്രിസ്മസ് രാവിനെ. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു. പോയ വർഷത്തിന്റെ കൈപ്പും ചവർപ്പും എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞ് ഒരു പുതു വർഷത്തേക്കൂടി നമുക്ക് സ്വാഗതം ചെയ്യാം. ..
 
എന്നെ സംബന്ധിച്ച് സന്തോഷമുള്ള ക്രിസ്മസ് കാലമാണ് .ഫൊക്കാനയെ നയിക്കുവാൻ ലഭിച്ച അവസരവും ഫൊക്കാനയുടെ എല്ലാ നേതാക്കളെയും അഭ്യുദയ കാംഷികളെയും ഒരു കുടക്കീഴിൽ അണി നിരത്തുകയും ഫൊക്കാനയുടെ ഒരു പ്രോജ്ജ്വല കാലഘട്ടത്തെ തിരിച്ചു എത്തിക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുവാനും സാധിച്ചു .തുടർന്നും അമേരിക്കൻ മലയാളികളുടെയും ,മാധ്യമ സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ട എല്ലാവര്ക്കും ഫൊക്കാനയുടെ ക്രിസ്മസ് പുതുവത്സരാശംസകൾ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക