-->

fomaa

അനുഭവങ്ങളിൽ ഊതിക്കാച്ചിയ വ്യക്തിത്വം, നേതൃപാടവം: ഫോമാ പ്രസിഡണ്ട് അനിയന്‍ ജോര്‍ജുമായി, ജിനേഷ് തമ്പി നടത്തിയ അഭിമുഖം ....

Published

on


അമേരിക്കയിലെ  സാമൂഹിക, സാംസ്‌കാരിക, കലാ , സംഘടനാ രംഗത്ത്  തനതായ വ്യക്തിമുദ്ര പതിപ്പിച്ചു  ഏറെ ജനകീയനായ നേതാവാണ് , അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ  ഫോമാ പ്രസിഡണ്ട് ശ്രീ അനിയന്‍ ജോര്‍ജ്  

ശ്രീ അനിയന്‍ ജോര്‍ജുമായി , ജിനേഷ് തമ്പി നടത്തിയ അഭിമുഖം ....

1 )ആദ്യമേ തന്നെ  അമേരിക്കയില്‍ താമസിക്കുന്ന ഭാരതീയരുടെ , പ്രത്യേകിച്ചും മലയാളികളുടെ  സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ തിളക്കമാര്‍ന്ന  സേവനങ്ങളെ മാനിച്ചു  ശ്രീ.അനിയന്‍ ജോര്‍ജിന്  ഇന്ത്യന്‍ കോണ്‌സുലേറ്റ് , പ്രവാസി ഭാരതീയ ദിവസ് 2021ന്റെ ഭാഗമായി നല്‍കിയ അവാര്‍ഡിന് അഭിനന്ദനങള്‍  അറിയിച്ചു കൊള്ളുന്നു .
അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ഇപ്പോള്‍  നേരിടുന്ന ഏറ്റവും കാതലായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നാണ് കരുതുന്നത്  ?

അഭിനന്ദനങ്ങള്‍ക്കു  നന്ദി .  പ്രവാസി ഇന്ത്യക്കാര്‍  അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും  അടിയന്തിരമായി പരിഹാരം കാണേണ്ടത്  ഒ സി ഐ കാര്‍ഡിനെ സംബന്ധിച്ചാണ്  എന്ന് കരുതുന്നു . ഇപ്പോള്‍ ഒ സി ഐ കാര്‍ഡ് പുതുക്കുന്നതിനു വേണ്ടിയുള്ള   ഏജന്‍സിയെ നമ്മള്‍ വിളിച്ചാല്‍ , ആ കാള്‍  നേരിട്ട് പോകുന്നത്  ഇന്ത്യയിലേക്കാണ്  . ആദ്യത്തെ കുറച്ചു മിനുട്ടുകള്‍ കഴിഞ്ഞാല്‍ , ഏകദേശം രണ്ടു ഡോളര്‍ വെച്ച് ആ കാള്‍  ചാര്‍ജ് ചെയ്യപ്പെടുന്നുണ്ട്   . ആ ഏജന്‍സിയില്‍ നിന്ന്   കൃത്യമായ   വിവരങ്ങളും, ഉത്തരവും   കിട്ടുന്നില്ല എന്ന വ്യാപകമായ പരാതിയുമുണ്ട് . നാല്പത്തിയെട്ടാം വയസില്‍ ഒരാള്‍ ഒ സി ഐ കാര്‍ഡ് എടുത്താല്‍ , ഇപ്പോഴത്തെ സാഹചര്യത്തില്‍  അമ്പതു വയസ്സ് കഴിഞ്ഞാല്‍ ആ കാര്‍ഡ് വീണ്ടും പുതുക്കേണ്ടി വരും , ഈ സമ്പ്രദായമൊക്കെ   മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  ഇതിനൊക്കെ വേണ്ടി  നമ്മളെല്ലാവരും  ഒറ്റകെട്ടായി നിന്ന് ശബ്ദമുയര്‍ത്തണം . കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ക്കൊക്കെ ഈ കാര്യങ്ങളില്‍ ഇടപെടാന്‍ ഒരുപാടു പരിമിതികളുണ്ട്.  .

ഉറ്റവരുടെ മരണം പോലെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ നാട്ടില്‍ പോകേണ്ടി വരുന്ന അവസ്ഥയില്‍ പോലും  ,  വിസ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ മൂലം മലയാളികള്‍ക്ക്   വിമാനത്താവളത്തില്‍ വെച്ച് യാത്ര  മുടങ്ങുന്ന  എത്രയോ അനുഭവങ്ങള്‍ നമ്മള്‍ കണ്ടതാണ് . ഇതൊക്കെ വിസ നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മൂലം സംഭവിക്കുന്നതാണെന്നു കരുതുന്നു .

ഇതിനൊക്കെയുള്ള പ്രശ്‌ന പരിഹാരമായി കോണ്‍സുലേറ്റ് ജനറലിനെ പോലെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രവാസി സംഘടനാപ്രതിനിധികളുമായും , പത്രക്കാരുമൊക്കെയായി  എല്ലാ മാസവും  സൂം  പോലെയുള്ള മീറ്റിംഗുകള്‍  സംഘടിപ്പിച്ചു  വിസ സംബന്ധിച്ചുള്ള ഏറ്റവും പുതിയവിവരങ്ങള്‍ കൈമാറിയാല്‍ അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായകമാകും

സംഘടനാനേതാക്കള്‍ കോണ്‍സുലേറ്റിനെ പ്രവാസികള്‍ നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളെ പറ്റി ബോധവാന്മാരാക്കിയാല്‍ അത് സര്‍ക്കാര്‍ തലത്തില്‍  പ്രശ്നപരിഹാരത്തിന് വഴി തുറക്കുകയും ചെയ്യും.  മുന്‍പൊക്കെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെ കുറിച്ച് ഒട്ടേറെ പരാതികള്‍ കേള്‍ക്കുമായിരുന്നു . ഇപ്പോള്‍ ആ  കാര്യത്തിലൊക്കെ ഒരുപാടു പുരോഗതി  വന്നിട്ടുണ്ട്.  ഇപ്പോഴത്തെ കോണ്‍സുലേറ്റ് ജനറല്‍മാര്‍ പൊതുവെ നമ്മുടെ കമ്മ്യൂണിറ്റിയുമായി   വളരെയടുത്തു  പ്രവര്‍ത്തിക്കാന്‍ താല്പര്യം ഉള്ളവരാണ് . ഇത് വളരെ സ്വാഗതാര്‍ഹമാണ്

അത് പോലെ നാട്ടിലെ നമ്മുടെ വസ്തുവകകള്‍ സുരക്ഷിതമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് . ഒട്ടേറെ പ്രശ്ങ്ങള്‍ ഇതേ കുറിച്ചുണ്ടാവുന്നുണ്ട് . പ്രശ്‌നപരിഹാരത്തിനായി ഒരു ട്രിബ്യുണല്‍ വേണമെന്നുള്ളത് വളരെ വര്‍ഷങ്ങളായുള്ള നമ്മുടെ ആവശ്യമാണ്. ഒരു ട്രിബുണലിനു വേണ്ടി  നമ്മള്‍ ശക്തമായി നിലകൊള്ളേണ്ടതുണ്ട്

നാട്ടിലേക്കു യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട്  അനിവാര്യമാണോ എന്നതിനെകുറിച്ച്  ഇപ്പോഴും ആശങ്കകള്‍  ബാക്കിയാണ്  . ഇതിനൊക്കെ ഒരു ഗൈഡ് ലൈന്‍ സര്‍ക്കാര്‍ ലഭ്യമാക്കണം എന്ന അഭിപ്രായമുണ്ട് .
നാട്ടിലേക്കു അമേരിക്കയില്‍ നിന്ന് നേരിട്ട് ഒരു  ഫ്‌ലൈറ്റ് എന്നത് നമ്മള്‍ മലയാളികളുടെ വളരെ നാളായുള്ള ആഗ്രഹമാണ്. അടിയന്തിരമായി പരിഹാരം തേടേണ്ട വിഷയങ്ങള്‍ ഇതൊക്കെയാണെന്നു കരുതുന്നു

 
2)ഫോമാ പ്രസിഡന്റ് എന്ന നിലയില്‍  മുന്‍കാലത്തേതില്‍ നിന്നും വ്യത്യസ്തമായി എന്തൊക്കെ  കര്‍മപദ്ധതികളാണ് ശ്രീ അനിയന്‍ ജോര്‍ജ്  പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്

നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നതു കോവിഡ് അതിജീവനത്തിന്റെ സമയത്തിലൂടെയാണല്ലോ . പരസ്പരം കാണുവാനൊക്കെ ഒരു പാട് പ്രയാസമുള്ള സമയം .  ഫോമാ പ്രസിഡന്റ് എന്ന നിലയില്‍ എന്റ്‌റെ ആദ്യത്തെ പരിശ്രമം ഇലക്ള്‍ഷനെ സംബന്ധിച്ചുണ്ടായ ചെറിയ പിണക്കങ്ങളും, പരിഭവങ്ങളുമൊക്കെ പരിഹരിച്ചു ഫോമാ ഉള്‍പ്പെടുന്ന പന്ത്രണ്ട്  റീജിയനുകളും , അതില്‍ ഉള്‍പ്പെടുന്ന എഴുപത്തിയാറ്  സംഘടനകളുടെ  നേതാക്കളെ നേരില്‍ കണ്ടു   ഊഷ്മളമായിട്ടുള്ള ബന്ധം സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. അത് സാധിച്ചതില്‍ ഒരു പാട് സന്തോഷമുണ്ട് . പരമാവധി നേതാക്കളെ  വ്യക്തിപരമായി നേരില്‍ പോയി കാണുകയായിരുന്നു . ഫോമയെ സംഘടനകളുടെ സംഘടന എന്നാണല്ലോ വിശേഷിപ്പിക്കാറ്. ഫോമയില്‍ അംഗമായിട്ടുള്ള സംഘടനകള്‍ ശക്തിയാര്‍ജിച്ചാല്‍ അത് ഫോമക്ക് കൂടുതല്‍ ഗുണകരമാകും.

ഫോമായുടെ പ്രവര്‍ത്തനങ്ങളെ പറ്റി പറയുമ്പോള്‍ വിസ സംബന്ധിച്ചുള്ള പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിനായി അഞ്ചു കോണ്‍സുലേറ്ററുമായും നല്ല ബന്ധം സ്ഥാപിച്ചു  ഫോമാ ലൈഫ് എന്ന പേരില്‍  ആളുകളെ ഇപ്പോള്‍ സഹായിച്ചു വരികയാണ് . ഫോമാ Helping ഹാന്‍ഡ്സ് എന്ന പേരില്‍ നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമേകുന്നതിനായി ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ സൗകര്യത്തിനായി  വെബ്‌സൈറ്റ്  പ്രവര്‍ത്തനസജ്ജമാക്കികൊണ്ടിരിക്കുന്നു    . കോവിഡ് കാലത്തു ഏറെ ജനശ്രദ്ധ നേടിയ ഫോമായുടെ സാന്ത്വന സംഗീത പ്രോഗ്രാം വളരെയേറെ ജനപ്രീതി പിടിച്ചുപറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു .
പത്തനാപുരത്തു്  ഫോമാ വില്ലേജിന്റെ ഭാഗമായി പതിനാറു വീടുകളുടെ നിര്‍മാണം പുരോഗമിച്ചു  വരികയാണ് . മലപ്പുറത്തു പ്രളയദുരിതബാധിതര്‍ക്കായി ഫോമാ പണിത വീടുകള്‍ നിര്‍മാണം പൂര്‍ത്തിയായി ഉല്‍ഘടനത്തിനു സജ്ജമായി കഴിഞ്ഞു  . ഫോമയുടെ വനിതാ ഫോറം എല്ലാ പന്ത്രണ്ടു റീജിയനുകളിലും വ്യക്തമായ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.. ശക്തമായ പ്രവര്‍ത്തനമാണ് വനിതാ ഫോറം  കാഴ്ച വെക്കുന്നത്. യോഗ ക്ലാസുകള്‍, സാരി ഷോ  , അത് പോലെ നൂറില്‍ പരം നിര്‍ധനരായ നഴ്‌സിംഗ് കുട്ടികള്‍ക്ക് വിദ്യാഭ്യാസസൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള ഉദ്യമവും ഫോമാ വനിതാ ഫോറം നേതൃത്വം കൊടുക്കുന്നു .

ഫോമയുടെ ബിസിനസ് ഫോറം പ്രഗത്ഭരായ ബിസിനസുകാരെ  ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഫോറം രൂപീകരണത്തിന് ശേഷം പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കിവരുന്നു, പുതിയ ബിസിനസ് സംരംഭകര്‍ക്ക്   വൈവിധ്യമാര്‍ന്ന മേഖലകളില്‍  സഹായമേകുന്നതിനുള്ള  നൂതന പദ്ധതികള്‍, പ്രവാസി ബാങ്ക് രൂപീകരണം എന്നിവയാണ് പ്രധാന കര്‍മപദ്ധതികള്‍

എല്ലാ റീജിയനുകളിലും , യൂത്ത് ഫോറം അവരുടെ  പ്രാതിനിധ്യം ഉറപ്പാക്കി കഴിഞ്ഞിരിക്കുന്നു .   ലീഡര്‍ഷിപ് ക്യാമ്പ്, കരിയര്‍ പ്ലാനിംഗ് , പൊളിറ്റിക്കല്‍  ലീഡര്‍ഷിപ് എന്നിവയില്‍ യൂത്ത് ഫോറം ശ്രദ്ധചെലുത്തുമ്പോള്‍, അടുത്ത് തന്നെ ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റും യൂത്ത് ഫോറം പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ യുവപ്രതിനിധികള്‍ യൂത്ത് ഫോറത്തിലേക്കു കടന്നുവരുന്നത് വളരെ ആശാവഹമായി തോന്നുന്നു  

ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം കൂടുതല്‍ യുവാക്കളെ ഉള്‍ക്കൊളിച്ചു കൊണ്ട്  പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തി വരുന്നു

3) അമേരിക്കന്‍ മലയാളിയായ വിന്‍സണ്‍ പാലത്തിങ്കല്‍ ഇന്ത്യന്‍ ദേശീയപതാകയേന്തി ക്യാപിറ്റല്‍ മന്ദിരത്തില്‍ പ്രക്ഷോപത്തിനു പോയി എന്ന ആരോപണത്തില്‍ ഇപ്പോള്‍ ഏറെ വിമര്‍ശനം നേരിടുന്നുണ്ടല്ലോ , അതെ കുറിച്ച്  ഫോമാ പ്രസിഡന്റ് എന്ന നിലയില്‍ എന്താണ് അഭിപ്രായം

ഫോമാ പ്രസിഡന്റ് എന്ന നിലയില്‍  ഞാന്‍ പ്രതികരിക്കുന്നില്ല,  വ്യക്തിപരമായ രീതിയില്‍ അഭിപ്രായം പറയാം. കടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവിയായ വിന്‍സണ്‍ പറയുന്ന പ്രകാരം  അദ്ദേഹം ക്യാപിറ്റല്‍ മന്ദിരത്തില്‍ ഒരു ആക്രമണത്തിനോ, കലാപത്തിനോ പോയതല്ല, മറിച്ചു  ഒരു ഇന്ത്യന്‍ വംശജന്‍ എന്ന നിലയില്‍ വളരെയേറെ അഭിമാനിക്കുന്നത് കൊണ്ടാണ് ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചതെന്നാണ്.  അമേരിക്കന്‍ പൗരനായ വിന്‍സന്‍, അമേരിക്കയിലെ   പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തില്‍  സംഘടിപ്പിച്ച ഒരു  പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ ദേശീയപതാക കൊണ്ട് പോയത് തീരെ ശരിയായില്ലെന്ന് വിന്‍സന്റ്‌റെ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.  എന്റ്‌റെ വ്യക്തിപരമായ അഭിപ്രായം ഈ രണ്ടുകൂട്ടര്‍  പറയുന്നതിലും  ശരിയും തെറ്റുമുണ്ടെന്നാണ്. ഇന്ത്യയുടെ ദേശിയ പതാക അര്‍ഹിക്കാത്ത സ്ഥലങ്ങളിലും, സന്ദര്‍ഭങ്ങളിലും   പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന്  നമ്മള്‍ ഉറപ്പായും ചിന്തിക്കേണ്ടതാണ്. ഈ വിവാദം ഒഴിവാക്കാമായിരുന്നു എന്നാണ് ഞാന്‍  കരുതുന്നത്  

4) ശ്രീ അനിയന്‍ ജോര്‍ജിന്റെ ആദ്യകാല അമേരിക്കന്‍  അനുഭവങ്ങള്‍ എന്തൊക്കെയാണ് ?

1992 ലാണ് ഞാന്‍ അമേരിക്കയില്‍ വരുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍, വൈകിട്ടാണ് എത്തിയത്. പിറ്റേ ദിവസം തന്നെ ഭാര്യ സിസ്സിക്ക് ജോലിയുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റു താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റ്റില്‍ നിന്നും നടന്നു എലിസബത്ത് ട്രെയിന്‍ സ്റ്റേഷനില്‍ എത്തി അവിടെ നിന്നും ട്രെയിന്‍ കയറി   ന്യൂയോര്‍ക് പോയി  മാര്‍ക്കറ്റ് സ്ട്രറേറ്റില്‍ ഏകദേശം ഒരു കൊലോമീറ്ററോളം നടന്നു ' Are you hiring , Are you hiring ' എന്ന് ചോദിച്ചു ജോലിക്കായി നടന്നത് ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു ജോലി തരപ്പെടുത്തണം എന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്ത് ജോലിയും ചെയ്യാന്‍  തയ്യാറായാണ് അമേരിക്കയില്‍ എത്തിയത്. സോഷ്യല്‍ സെക്യൂരിറ്റി പോലും അപ്പോള്‍ കിട്ടിയിരുന്നില്ല . അന്നേ ദിവസം തന്നെ  ഒരു ജൂവിഷ് കാരന്റെ  99 സെന്റ് കടയില്‍ സെക്യൂരിറ്റിയായി ജോലി  കിട്ടി. രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ ജോലി ഉച്ചക്ക് ലഞ്ച് പോലും കഴിക്കാതെ വൈകിട്ട് ഒന്‍പതു മണിക്കാണ് തീര്‍ന്നത് .  ജോലി കഴിഞ്ഞു  വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ഏതാണ്ട്   അറുപതു ആളുകള്‍ അവിടെയുണ്ടായിരുന്നു  എന്നെ ഇവിടെ അടക്കം ചെയ്യാനോ, അതോ മൃതശരീരം നാട്ടിലേക്കു കൊണ്ട് പോകണോ എന്ന് തീരുമാനിക്കാന്‍ . (പൊട്ടി ചിരിക്കുന്നു) പിന്നീടാണ് അവരെ  ജോലി കിട്ടിയ കാര്യമൊക്കെ പറഞ്ഞു  ബോധ്യപ്പെടുത്തിയത് . നാട്ടില്‍ അത്യാവശ്യം നല്ല സാമ്പത്തികസ്ഥിതിയില്‍ ജീവിച്ചു, ഹൈകോടതില്‍ അഡ്വക്കേറ്റ്  ഒക്കെയായിരുന്ന ഞാന്‍  നല്ലൊരു ജോലിക്കായി കാത്തിരുന്ന് കൂടെയെന്ന് അമേരിക്കയിലെ ബന്ധുക്കളൊക്കെ   ചോദിക്കുമായിരുന്നു . ആരെയും കഷ്ട്ടപെടുത്താതെ സ്വന്തം കാലില്‍ ജോലിയെടുത്തു ജീവിക്കണം എന്നായിരുന്നു എന്റ്‌റെ ആഗ്രഹം. പിന്നീട്  ഈ ജോലി  രാവിലെ ഏഴു മണി മുതല്‍ മൂന്ന് മണിവരെയാക്കി , നാലു മണി മുതല്‍ പന്ത്രണ്ടു മണി വരെ KFC ഇല്‍ ജോലിയായി. നാട്ടില്‍ നിന്ന് വന്നു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ മോറിസ് ടൗണ്‍ കോര്‍ട്ടറില്‍ സെക്യൂരിറ്റി ഓഫീസറായും   അതിനു ശേഷം  ജുവനൈല്‍ ഓഫീസറായും ജോലി ചെയ്തു. അതിനു ശേഷമാണു  ബിസിനസിലേക്ക് കടക്കുന്നത്.

KFC ല്‍ ജോലി ചെയ്ത സമയത്തുണ്ടായ  ഒരു സംഭവം ഓര്‍മ്മ വരുന്നു. അവിടെ  ജനറല്‍ മാനേജര്‍ ഒരു പാകിസ്താനിയായിരുന്നു. അയാള്‍ക്ക് ഒരു പ്രത്യേക വിനോദം ഉണ്ടായിരുന്നു. മറ്റു അമേരിക്കക്കാരുടെ മുന്‍പില്‍ വെച്ച് എന്നോട് നിലം തുടക്കാനും, സ്ത്രീകളുടെ റസ്റ്റ് റൂം  വൃത്തിയാക്കാനുമൊക്കെ പറയുമായിരുന്നു. ഇതൊന്നും എന്റ്‌റെ  ജോലിയുടെ ഭാഗമായിരുന്നില്ല. ഒരു ഏഷ്യക്കാരന്‍  മറ്റൊരു ഏഷ്യക്കാരനോട് കാണിക്കുന്ന മഹത്വമില്ലായ്മയായി ഇതെനിക്ക് തോന്നി. ഒരു മാസമേ അവിടെ ജോലി ചെയ്തുള്ളൂ. തുടര്‍ച്ചായി ഈ മാനേജര്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍  ഞാന്‍ അയാളോട് നേരിട്ട്  മുഖത്തു നോക്കി പറഞ്ഞു ഈ അപമാനത്തിനു  നിന്ന് തരില്ലെന്നും, വേണമെങ്കില്‍ നിലം  തന്നെ തുടച്ചോളണമെന്നും. അതൊക്കെ പറയാനുള്ള ധൈര്യം അന്ന്  കിട്ടിയിരുന്നു. അന്നേ ദിവസം തന്നെ അവിടെ നിന്നും രാജി വെച്ച് പോരുകയും ചെയ്തു. നമ്മുടെ ആത്മാഭിമാനം ആരുടെയും മുന്‍പില്‍ പണയം വെച്ച് തല കുനിക്കേണ്ട കാര്യമില്ലല്ലോ. ആ മാനേജര്‍ പിന്നീട്  ക്ഷമാപണം നടത്തിയിരുന്നു.  ഇത് ഒരു ഇന്ത്യ പാകിസ്ഥാന്‍ പ്രശ്‌നമായി കരുതുന്നില്ല, എത്രയോ  സ്ഥലങ്ങളില്‍  ഇന്ത്യന്‍ മാനേജര്‍മാര്‍ തന്നെ ഇന്ത്യന്‍  കീഴ്‌ജോലിക്കാരെ ഉപ്രദ്രവിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്.

5) എഴുപത്തിയാറു സംഘടനകള്‍ അംഗമായുള്ള ഫോമയില്‍, പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ സംഘടനകളേയും ഒരുമിച്ചു കൊണ്ട് പോവുക വളരെ  ശ്രമകരമായ ദൗത്യമാണല്ലോ. ഈ വെല്ലുവിളിയെ എങ്ങനെ നേരിടുന്നു ?

സത്യത്തില്‍ എനിക്ക് ഇതൊരു വെല്ലിവിളിയായി തോന്നുന്നതേയില്ല. പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോയാല്‍ ഒരു പ്രശ്‌നവും കാണുന്നില്ല. 'Give  respect and  take  respect ' എന്നതില്‍ ഉറച്ചു വിശ്വസിക്കുന്നു. റീജിയന്‍, മെമ്പര്‍  സംഘടനകളുടെ  നേതാക്കളെ  നേരിട്ട് വിളിച്ചു സംസാരിക്കാറുണ്ട്. ഫോമയിലെ റീജിയന്‍, മെബര്‍ അസോസിയേഷന്‍ നേതാക്കളെയൊക്കെ  വിശ്വാസത്തില്‍ എടുത്തു, പരസ്പര ധാരണയോടെ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. ആരെയും മാറ്റിനിര്‍ത്താന്‍ താല്പര്യമില്ല. ഫോമായിലെ തിരഞ്ഞെടുപ്പ് സമയത്തു മാത്രമല്ല മെമ്പര്‍ അസ്സോസിയേഷനുകളുമായി ബന്ധം സ്ഥാപിക്കുന്നത്   ,  ഫോമായുടെ എല്ലാ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും, റീജിയന്‍, മെബര്‍ സംഘടനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യവും, ഉത്തരവാദിത്വങ്ങളും ഉറപ്പായും നല്‍കും. മുന്‍കാലങ്ങളില്‍ ചിലഘട്ടങ്ങളിലൊക്കെ ഫോമയിലെ അംഗ സംഘടനകളുമായുള്ള ആശയവിനിമയത്തില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടാകാം. അതൊക്കെ തിരുത്തിയാക്കും ഈ ഭരണസമിതി മുന്നോട്ടു പോവുക  

6) 2008 'ഇല്‍ ഫോമയുടെ സ്ഥാപക സെക്രട്ടറി ആയതിനു ശേഷം, ഒരു പതിറ്റാണ്ടിനു ശേഷമാണല്ലോ ഫോമാ പ്രസിഡന്റ് പദവിയിലേക്ക് കടന്നു വരുന്നത്. എന്തായിരുന്നു  ഇത്രയും   കാലതാമസത്തിനു കാരണം

ഫോമയുടെ സ്ഥാപക പ്രസിഡണ്ട്  ശ്രീ ശശിധരന്‍ നായര്‍ക്ക് ശേഷം വേണമെങ്കില്‍ എനിക്ക് പ്രസിഡന്റ് ആകാമായിരുന്നു. പക്ഷെ സീനിയര്‍ നേതാക്കള്‍ ഒരുപാടുള്ള  സ്ഥിതിക്ക് അവര്‍ ആകട്ടെ എന്ന് കരുതി.  എന്നാലും  ഒരു നിഴല്‍ പോലെ  ഇക്കാലമത്രെയും ഫോമായുടെ കൂടെയുണ്ടായിരുന്നു. കണ്‍വെന്‍ഷന്‍  ചെയര്‍മാന്‍,  ഇലക്ള്‍ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, കേരളത്തില്‍ നിര്‍ധനര്‍ക്ക് നാല്‍പതു വീടുകള്‍ ഫോമാ പണി കഴിപ്പിച്ചതിന്റെ ഫോമാ വില്ലജ് പ്രൊജക്റ്റ് ഇന്‍ ചാര്‍ജ് എന്നിങ്ങനെ ഒരുപാടു ഉത്തരവാദിത്വങ്ങള്‍  നിറവേറ്റിയിട്ടുണ്ട്. ഇപ്പോള്‍ പ്രസിഡന്റ് ആകാനായിട്ടു അവസരം വന്നപ്പോള്‍ അത്  ഏറ്റെടുക്കുകയും, നല്ല രീതിയില്‍ മുന്നോട്ടു  കൊണ്ടുപോകാമെന്നുള്ള  വിശ്വാസവുമുണ്ട്

7 ) ഇന്ത്യന്‍ വംശജയായ കമല ഹാരിസിന്റെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് എലെക്ട്  പദവിയിലേക്കുള്ള ചുവടുവെപ്പ്, ഇന്‍ഡ്യക്കാരെയും, മലയാളികളേയും കൂടുതലായി അമേരിക്കന്‍  മുഖ്യധാരഷ്ട്രീയത്തിലേക്ക്  ആകര്‍ഷിക്കുമെന്നു കരുതുന്നുണ്ടോ..

ഉറപ്പായും അങ്ങനെ കരുതുന്നു. കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവി അലങ്കരിക്കുന്നത്  ഇന്‍ഡ്യക്കാര്‍ക്കൊക്കെ വലിയ ആവേശം തന്നെയായിരിക്കും. പ്രത്യേകിച്ചും യുവാക്കള്‍ക്ക്  അമേരിക്കന്‍ മുഖ്യധാരരാഷ്ട്രീയത്തിലേക്കു  കടന്നു വരാനുള്ള  കൂടുതല്‍  പ്രചോദനമാകുമെന്നും കരുതുന്നു. ഫോമാ പൊളിറ്റിക്കല്‍ ഫോറം ഞങ്ങള്‍ ഇതിനോടകം  രൂപികരിച്ചു കഴിഞ്ഞു. കെവിന്‍ തോമസ്, വിന്‍ ഗോപാല്‍  മുതലായ അമേരിക്കന്‍ രാഷ്ട്രീയത്തിലെ നമ്മുടെ വലിയ വാഗ്ദാനങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട്  വരുംതലമുറയ്ക്ക് രാഷ്ട്രീയ പ്രവേശനത്തിനായുള്ള മാര്‍ഗ്ഗദര്‍ശനത്തില്‍ കേന്ദ്രീകരിച്ചുള്ള  പദ്ധതികളും ആവിഷ്‌കരിച്ചു വരുന്നുണ്ട്

8 )  അമേരിക്കയിലെ നമ്മുടെ യുവതലമുറ  മലയാളി  സംഘടനകളോട്   പൊതുവെ വിമുഖത കാണിക്കുന്നതാണല്ലോ കണ്ടു വരുന്നത്. യുവാക്കളെ കൂടുതലായി എങ്ങനെയാണു ഫോമാ പോലെയുള്ള സംഘടനകള്‍ ആകര്‍ഷിക്കുന്നത്?

അത് ശരിയാണ്. യുവാക്കളെ മലയാളി സംഘടനകളിലേക്ക്  കൂടുതലായി ആകര്‍ഷികേണ്ടത് അത്യന്താപേക്ഷിതമാണ്. മുന്‍പൊക്കെ ദേശിയ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ യുവാക്കളുടെ വലിയ സാന്നിധ്യമുണ്ടാക്കുമായിരുന്നു.  അതൊക്കെ തിരികെ കൊണ്ടു  വരണം   പല മലയാളി സംഘടനകളിലും  അധികാരത്തിനായി നടക്കുന്ന  കിടമത്സരങ്ങള്‍  യുവാക്കളെ  നിരുത്സാഹപ്പെടുന്നുണ്ടാകാം . യുവതലമുറക്കായി  നല്ലൊരു പ്ലാറ്റഫോം ഒരുക്കി, അവര്‍ക്കു ഉപകാരപ്രദമായ പ്രോഗ്രാമുകള്‍, അതായത് കരിയര്‍ ഫെസ്റ്റ്, കുട്ടികള്‍ക്കായി സ്‌പെല്ലിങ് ബീ, ക്വിസ് മുതലായ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ യുവതലമുറ ഉറപ്പായും  നമ്മുടെ കുടകീഴിലേക്കു  വീണ്ടും വരുമെന്നാണ് പ്രതീക്ഷ. യുവാക്കള്‍ക്കായി നിലകൊളുന്നു എന്ന് പറഞ്ഞിട്ട് സംഘടനകള്‍  ബഡ്ജറ്റില്‍ അവര്‍ക്കു വേണ്ടി നയാ പൈസ നീക്കി വെക്കാതെ, വാചകക്കസര്‍ത്തില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കിയാല്‍ യുവാക്കളുടെ സഹകരണം നമ്മള്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അവര്‍ക്കു പ്രയോജനകരമായ പരിപാടികള്‍ കൊണ്ടുവരിക തന്നെ ചെയ്യണം.

9) അമേരിക്കയിലെ സംഘടനാ  നേതാക്കളില്‍ ഏറ്റവും ജനകീയനായ വ്യക്തിത്വങ്ങളിലൊരാളാണല്ലോ  ശ്രീ അനിയന്‍ ജോര്‍ജ്. സമൂഹത്തിലെ നാനാതുറകളിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള  വലിയ സുഹൃത്വലയവും വ്യക്തിബന്ധങ്ങളും എങ്ങനെ കത്ത് സൂക്ഷിക്കുന്നു ?

നന്നേ  ചെറുപ്പം മുതലേ നല്ല  സുഹൃദബന്ധങ്ങള്‍ എപ്പൊഴും കൂട്ടിനുണ്ട്, അതൊരു   മുതല്‍ക്കൂട്ടായി കരുതുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റല്‍ മുറിയില്‍  കൂട്ടുകാരുടെ സാന്നിധ്യമില്ലാത്ത സമയമുണ്ടായിരുന്നില്ല  നല്ല സുഹൃത്ത് ബന്ധങ്ങള്‍ക്കായുള്ള വലിയ ഭാഗ്യം എപ്പൊഴും ലഭിച്ചിട്ടുണ്ട്. സമൂഹത്തിലെ പല പ്രമുഖരേയും പരിചയപ്പെടുമ്പോള്‍ സൗഹൃദത്തിന്റെ ഒരു കെമിസ്ട്രി എങ്ങനെയോ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് മലയാളത്തിന്റെ പ്രിയനടന്‍  പൃഥ്വിരാജുമായി   വളരെ വര്‍ഷങ്ങളായി അടുത്ത പരിചയമുണ്ട്. ഗായകര്‍ എം ജി ശ്രീകുമാര്‍, വേണുഗോപാല്‍  ഉള്‍പ്പെടെ പല പ്രമുഖരുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ട്. ഇതൊക്കെ ഒരു ഭാഗ്യമായി കരുതുന്നു. നാട്ടില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ആയി പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ വലിയ കൂട്ടായ്മയുടെ ഭാഗമാകാനും, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചിരുന്നു

10) അനിയന്‍ ജോര്‍ജ് ഫോമയുടെ പ്രസിഡന്റ് ആയിരിക്കുമ്പോള്‍, ഫോമയും ഫൊക്കാനയില്‍ തമ്മിലുള്ള യോജിപ്പിനുള്ള എന്തെങ്കിലും സാധ്യത കാണുന്നുണ്ടോ ?

ഫോമയും ഫോകാനയും ഇപ്പോള്‍ രണ്ടു രീതിയിലുള്ള പ്രവര്‍ത്തന ശൈലിയുമായല്ലേ മുന്നോട്ടു പോകുന്നത്.  ഫൊക്കാനയില്‍ നിന്നും വ്യത്യസ്തമായി ഫോമാ അമേരിക്കന്‍ മലയാളികളുടെയൊപ്പം,  നമ്മുടെ ജന്മനാടായ കേരളത്തിലുമുള്ള ജീവരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു  പ്രാധാന്യം കൊടുത്താണ് പ്രവര്‍ത്തിച്ചു പോരുന്നത്. ഫോമാ ഫൊക്കാന യോജിപ്പിനെ പറ്റി സംസാരിക്കേണ്ട  സാഹചര്യം ഇപ്പോള്‍ ഉണ്ട് എന്ന് തോന്നുന്നില്ല. അങ്ങനെ ഒരു അവസ്ഥ വന്നാല്‍, അപ്പോള്‍ പരിഗണിക്കാം. 


11) ഫോമാ പ്രസിഡന്റ് പദവിയില്‍  എത്തി നില്‍ക്കുന്ന സംഘടനാ നേതൃപാടവത്തിന്റെയും, അംഗീകാരമികവിലും  കുടുംബത്തിന്റെ പിന്തുണക്കുള്ള റോള്‍ എത്രത്തോളമുണ്ട് ,

സംഘടനാപ്രവര്‍ത്തനത്തില്‍  ഭാര്യ സിസിയുടേയും, മകന്‍ കെവിന്റെയും അകമഴിഞ്ഞ പിന്തുണ വലിയ ഭാഗ്യമായി  കരുതുന്നു. കുടുംബവും സംഘടനാപ്രവര്‍ത്തവും ഒരുമിച്ചു കൊണ്ടുപോവുക  വളരെ ശ്രമകരമാണെന്നിരിക്കെ  കുടുംബത്തിന്റെ പിന്തുണക്കു എപ്പൊഴും കടപ്പെട്ടിരിക്കുന്നു. അമ്മയെയും, അച്ചാച്ചനെയും സന്ദര്‍ശിക്കുവാന്‍  നാട്ടില്‍ വര്‍ഷത്തില്‍ അഞ്ചു പ്രാവശ്യം പോകേണ്ട സാഹചര്യം ഉണ്ടായപ്പോള്‍  പോലും ഒരിക്കലും സിസ്സി  എതിര്‍പ്പ് പറഞ്ഞിട്ടില്ല. എന്റ്‌റെ പാത പിന്തുടര്‍ന്ന് അറ്റോര്‍ണിയായ മകന്‍  കെവിനും പൊതുരംഗത്തു കൂടുതല്‍ സജീവമാകാന്‍ താല്പര്യമുണ്ട്.

12) പൊതുരംഗത്തുള്ള പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും റോള്‍ മോഡലുണ്ടോ

വലിയ പ്രചാരണങ്ങള്‍ക്കും, പബ്ലിസിറ്റിക്കുമൊന്നും കാത്തു നില്‍ക്കാതെ  ആത്മാര്‍ഥത മാത്രം കൈമുതലാക്കി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരും എനിക്ക് റോള്‍ മോഡലാണ്. ഉദാഹരണത്തിന് അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായി ശ്രീ ദിലീപ് വര്‍ഗീസ്. കൊച്ചിയിലെ കോടികള്‍  വിലമതിക്കുന്ന കണ്ണായ സ്ഥലം അദ്ദേഹം ചാരിറ്റിക്കായി സംഭാവന ചെയ്തത് അടുത്ത സുഹൃത്തായ എനിക്ക് പോലും അറിയില്ലായിരുന്നു. അങ്ങനെയുള്ള ആളുകളാണ് എനിക്ക് റോള്‍ മോഡല്‍.

13) സംഘടനാ നേതാക്കളില്‍ വലിയ ഗ്ലാമര്‍ പരിവേഷമുള്ള നേതാവാണ് താങ്കള്‍
എങ്ങനെയാണു യുവത്വം നിലനിര്‍ത്തുന്നത്.

നന്നായി ഉറങ്ങുക, ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക, എപ്പൊഴും സന്തോഷവാനായിരിക്കാന്‍ ശ്രമിക്കുക. എത്ര തിരക്കിലും ഒരു മിനിറ്റ് കണ്ണടച്ചാല്‍ എനിക്ക് ഉറങ്ങാന്‍ സാധിക്കും. അത് പോലെ വാരിവലിച്ചു ഭക്ഷണം കഴിക്കുന്ന ശീലവും  ഇല്ല. ഇതൊക്കെയായാകാം യുവത്വം നിലനില്‍ക്കാന്‍ കാരണം

ഫോമായുടെ ജനകീയ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ് പറഞ്ഞു നിര്‍ത്തി.

Jinesh

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

ഫോമയുടെ വിഷു ആശംസകൾ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

View More