Image

ഫോമാ എമ്പയർ റീജിയൻ ആർ.വി.പി ആയി ഷോബി ഐസക്ക് വിജയിച്ചു

Published on 24 January, 2021
ഫോമാ എമ്പയർ റീജിയൻ ആർ.വി.പി ആയി ഷോബി ഐസക്ക് വിജയിച്ചു

ന്യു യോർക്ക്: ഫോമാ ന്യു യോർക്ക് എമ്പയർ റീജിയൻ ആർ.വി.പി ആയി ഷോബി ഐസക്ക് നറുക്കെടുപ്പിൽ വിജയിച്ചു.

ഇലക്ഷനിൽ മോളമ്മ വർഗീസിനും ഷോബി ഐസക്കിനും 27  വീതം വോട്ടുകൾ ലഭിച്ചതിനാൽ ആരാണ്  ആർ.വി.പി. ആകുകയെന്ന്   ഏതാനും മാസമായി തുടർന്ന  തർക്കമാണ് ഫോമാ പ്രസിഡന്റ് അനിയൻ ജോർജിന്റെയും അഡ്വൈസറി ബോർഡ് ചെയർ ജോണ് സി വർഗീസിന്റെയും കംപ്ലെയ്ൻസ് കൗൺസിൽ വൈസ് ചെയർ തോമസ് കോശിയുടെയും  സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെ പരിഹരിക്കപ്പെട്ടത്.

ഇന്ന് (ഞായർ) യോങ്കേഴ്‌സിൽ ജോസ് മലയിലിന്റെ ഓഫീസിൽ നടന്ന നറുക്കെടുപ്പിൽ   സ്ഥാനാർത്ഥികൾക്കു പുറമെ റോയി ചെങ്ങന്നൂർ, സണ്ണി കല്ലൂപ്പാറ, ജോസ് മലയിൽ, ജോഫ്രിൻ ജോസ്, മോൻസി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

പുതിയ ആർ.വി.പിക്ക് എല്ലാ വിധ മംഗളങ്ങളും അനിയൻ ജോര്ജും ജോണ് സി. വർഗീസും തോമസ് കോശിയും  നേർന്നു. തർക്കം സൗഹൃദപൂർവം  പരിഹരിക്കുക എന്ന ഫോമയുടെ പാരമ്പര്യത്തിന് മികച്ച തെളിവാണിത്.

സംഘടനയുടെ നന്മക്കായി ഉറച്ച് പ്രവർത്തിക്കുമെന്ന്  ഷോബി പറഞ്ഞു. ഷോബിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മോളമ്മയും വ്യക്തമാക്കി.

യോങ്കേഴ്സ് മലയാളീ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഫോമാ എമ്പയര്‍ റീജിയന്‍ സെക്രെട്ടറിയുമായിരുന്ന  ഷോബി ഐസക്ക് ഫോമയിലെ മുതിർന്ന നേതാക്കളിലൊരാളാണ്.  

ഇലക്ഷന്‍ ഫലം വന്നപ്പോള്‍ ഷോബിക്ക് 28, മോളമ്മ 27 എന്നിങ്ങനെ ആയിരുന്നു വോട്ടിംഗ് നില.  ഷോബി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി 

എന്നാല്‍ മൊത്തം 54 അംഗങ്ങള്‍ മാത്രമേയുള്ളുവെന്നും 55 പേര്‍ വോട്ട് ചെയ്തുവെന്നും ഇലക്ഷന്‍ കമ്മീഷനു പരാതി ലഭിച്ചു. വോട്ടെടുപ്പ് നടത്തിയ കമ്പനിയുമായി ഇലക്ഷന്‍ കമീഷന്‍ അതു പരിശോധിക്കുകയും ഒരു വോട്ട് കൂടുതലായി ചെയ്തുവെന്നു കണ്ടെത്തുകയും ചെയ്തു. പ്രസ്തുത വോട്ട് അസാധുവാക്കിയതോടെ ഇരുവര്‍ക്കും 27 വോട്ട് വീതമായി.

തുടർന്ന് രണ്ട് പേരും ഓരോ വർഷം വീതം സ്ഥാനം വഹിക്കണമെന്ന്  നിർദേശം വന്നു. ഷോബിയെ അനുകൂലിക്കുന്നവർ അത് സമ്മതിച്ചില്ല. അവർ റീ-ഇലെക്ഷൻ ആവശ്യപ്പെട്ടു.

ഒരു വോട്ട് കൂടുതല്‍ വന്നത് ഷോബിക്കാണു ലഭിച്ചതെന്നു പറയുമ്പോള്‍ തന്നെ വോട്ടിന്റെ രഹസ്യ സ്വഭാവത്തെ പറ്റി സംശയം വന്നു. ഇതേതുടർന്ന് ആരും സ്ഥാനമേൽക്കാതെ തുടരുകയായിരുന്നു. ഒടുവിൽ മുതിർന്ന നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് നറുക്കെടുപ്പിനു ഇരുവരും സമ്മതിക്കുകയായിരുന്നു.

തുല്യ വോട്ട് വന്നാൽ എന്തു ചെയ്യണമെന്നു ഫോമാ ഭാണഘടന പറയുന്നില്ലെന്നു മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യു, കമ്മീഷനര്‍മാരായ സ്റ്റാന്‍ലി കളരിക്കാമുറി, സണ്ണി പൗലോസ് എന്നിവര്‍ വ്യക്തമാക്കി.   ഭാവിയില്‍ ഇത്തരം സാഹചര്യം നേരിടാന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്നും കമ്മീഷന്‍ അഭ്യര്‍ഥിച്ചു .

പുതിയ ആർ.വിപി.യെ നാഷണൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, ജോ. ട്രഷറർ ബിജു തോണിക്കടവിൽ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, മുൻ ട്രഷറർ ഷിനു ജോസഫ് തുടങ്ങിയവർ സ്വാഗതം ചെയ്തു.

Join WhatsApp News
Palakkaran 2021-01-26 00:45:23
പിന്നെ ഫോമ ആർവി പി എന്നു വച്ചാൽ ന്യൂയോർക്ക് മേയറല്ലെ. ചുമ്മാ പോട കൊച്ചനെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക