Image

പ്രിയപ്പെട്ട കളക്ടർ പി.ബി നൂഹ്, അമേരിക്കൻ മലയാളികളുടെ നന്ദി (ഫിലിപ്പ് ചാമത്തിൽ)

Published on 25 January, 2021
പ്രിയപ്പെട്ട കളക്ടർ പി.ബി നൂഹ്,  അമേരിക്കൻ മലയാളികളുടെ നന്ദി (ഫിലിപ്പ് ചാമത്തിൽ)
പത്തനംതിട്ട ജില്ലാ കളക്ടറായി മൂന്നര വർഷക്കാലം സേവനമനുഷ്ടിച്ച്  സഹകരണ രജിസ്ട്രാറായി പുതിയ പദവിയിലേക്ക് പോകുന്ന ശ്രീ.പി.ബി നൂഹ് ഐ.എ. എസിന് അഭിനന്ദനങ്ങൾ അർപ്പിക്കുമ്പോൾ വ്യക്തിപരമായി അല്പം വിഷമം ഉണ്ടെന്ന് ഈ അവസരത്തിൽ പറയട്ടെ. കാരണം മൂന്നര വർഷം പത്തനം തിട്ടയുടെ സ്വകാര്യ അഹങ്കാരം ആയിരുന്ന അദ്ദേഹവുമായി കഴിഞ്ഞ രണ്ട് വർഷക്കാലം നിരന്തരം ഇടപെടുവാൻ സാധിച്ചു എന്നത് അതിയായ സന്തോഷം നൽകുന്ന ഒന്നാണ്. ശരിയായ വ്യക്തി, ശരിയായ സമയത്ത് കൃത്യതയോടെ നടത്തുന്ന ഇടപെടലുകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ശ്രീ.പി.ബി.നൂഹു ഐ.എ.എസ് വ്യക്തിപരമായി എന്നെപ്പോലെ തന്നെ ഓരോ അമേരിക്കൻ മലയാളികളുടേയും സഹോദര സുഹൃത്താണ്.

ഫോമ 2018-20 കമ്മറ്റി കേരളത്തിൽ നടപ്പിലാക്കിയ ഫോമ വില്ലേജ് പ്രോജക്ട് വൻ വിജയത്തിലെത്തുന്നതിന് നൂഹു ഐ.എ.എസ് നടത്തിയ പ്രവർത്തനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല .തിരുവല്ല പ്രോജക്ട് നടപ്പിൽ വരുത്തുന്നതിന് സർക്കാറിൻ്റെ ഭാഗത്തുനിന്ന് വേണ്ട പിന്തുണയും സഹായവും ഉറപ്പു വരുത്തുന്നതിന് ഫോമയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയതും അദ്ദേഹമാണ്. ജില്ലാ കളക്ടർ എന്ന നിലയിൽ അദ്ദേഹത്തെ അടുത്തറിയുന്ന ഓരോ വ്യക്തികൾക്കും അദ്ദേഹം നൽകുന്ന മാനസികമായ കരുത്തും പിന്തുണയും കരുതലുമാണ് അദ്ദേഹത്തെ ഇത്രത്തോളം ശ്രദ്ധേയനാക്കിയത്." ഞാൻ ഒപ്പമുണ്ട്  ' എന്ന് രണ്ട് മഹാമാരികൾ വന്നപ്പോൾ പത്തനംതിട്ടയിലെ ജനങ്ങളോട് പറയുക മാത്രമല്ല "മുന്നിലുണ്ട് "എന്ന് പ്രവർത്തനങ്ങളിലൂടെ കാട്ടിക്കൊടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.പ്രളയ സമയത്ത് വീടു നഷ്ടപ്പെട്ടവർക്ക് ,അതിജീവനത്തിനായി പൊരുതുന്നവർക്കൊപ്പം താങ്ങും തണലുമായി ഒപ്പം നിന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രവർത്തങ്ങൾക്ക്  പിന്തുണ നൽകി ഫോമാ എന്ന മഹത്തായ അമേരിക്കൻ മലയാളി സന്ഘടനയും,അമേരിക്കൻ പ്രവാസി സമൂഹവും  അദ്ദേഹത്തിനൊപ്പം കൂടുകയും തുടർന്ന് മഹത്തായ ഒരു പ്രോജക്ട് നിലവിൽ വരികയും ചെയ്തു.

 " ഫോമ വില്ലേജ് പ്രോജക്ട് " അതിൻ്റെ പരിപൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കാൻ പി.ബി നൂഹ് ഐ. എ.എസ് നൽകിയ പിന്തുണ ചെറുതല്ല.കാരണം തിരുവല്ല വില്ലേജ് പ്രോജക്ടിന് സ്ഥലം കണ്ടെത്തുന്നതു മുതൽ ഈ നിമിഷം വരെ അദ്ദേഹം നൽകിയ കരുതൽ എടുത്തു പറയേണ്ട ഒന്നാണ്.ഒരു പ്രോജക്ട് പൂർത്തിയാക്കുന്നതിന് ആവശ്യമായ ഫോളോ അപ് നൽകുന്നതിൽ അദ്ദേഹം കാട്ടിയ മഹാമനസ്കതയും പ്രത്യേകം ഓർമ്മിക്കുന്നു.

രണ്ട് പ്രളയങ്ങൾ ,കോവിഡ് എന്നിവ കൊണ്ട് കേരളം വലഞ്ഞു പോയ അവസരങ്ങളിൽ തൻ്റെ ആത്മവിശ്വാസം ജനങ്ങളിലേക്ക് പകരുകയും അവരെ മനസുകൊണ്ട് ബലപ്പെടുത്തുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്ക് അമേരിക്കൻ മലയാളികൾ എന്നും കടപ്പെട്ടവരായിരിക്കും.പത്തനം തിട്ടയെ ലോകത്തിലെ തന്നെ വലിയ ടൂറിസ്റ്റു കേന്ദ്രങ്ങൾ ആകുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട അവസരത്തിലാണ് അദ്ദേഹം കളക്ടർ പദവിയിൽ നിന്നും മാറുന്നത് എന്നത് വിഷമം ഉണ്ടാക്കുന്നു എങ്കിലും അത്തരം പദ്ധതികൾ വിജയത്തിലെത്തിക്കുവാൻ അമേരിക്കൻ മലയാളികൾ എന്ന നിലയിൽ നമുക്കും പലതും ചെയ്യുവാൻ സാധിക്കും എന്ന ഓർമ്മപ്പെടുത്തലും അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടായിരുന്നു .അത് നമുക്ക് സന്തോഷത്തിനും പ്രവർത്തിക്കുവാനും പ്രചോദനം നൽകുന്നു .

2018-20 ഫോമാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ,മെഡിക്കൽ ക്യാമ്പുകൾ, ഫോമ വില്ലേജ് പ്രോജക്ട് ഇവയ്ക്കെല്ലാം സർക്കാരിൻ്റെ ഭാഗത്തു നിന്നുമുള്ള പിന്തുണ എന്നു പറയുമ്പോൾ അത് പി.ബി നൂഹ് എന്ന ഈ നന്മ മരം ആയിരുന്നു എന്ന് ഏത് അവസരത്തിലും നമുക്ക് സംശയത്തിന് ഇട നൽകാതെ പറയുവാൻ സാധിക്കും.ഏതു ഭരണം വരുമ്പോഴും സർക്കാരിന്റെ ഭാഗത്തു നിന്നും നമ്മുടെ മനസറിഞ്ഞു വേണ്ട പിന്തുണ ലഭിക്കുകയാണെങ്കിൽ നമമുടെ പദ്ധതികൾ വൻ വിജയത്തിൽ എത്തിക്കുവാൻ സാധിക്കും എന്നതിന്റെ വലിയ ഉദാഹരണമാണ് ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ട് .

ഏത് പ്രതിസന്ധിയിലും നമുക്ക് ലഭിക്കുന്ന ഒരു കച്ചിത്തുരുമ്പാണ് ഒരു ചെറുപുഞ്ചിരി .ആ ചെറു പുഞ്ചിരിയുടെ ഉടമയായിരുന്നു ശ്രീ.പി.ബി നൂഹ് ഐ.എ.എസ്.ഫോമയുടെ ,അമേരിക്കൻ മലയാളികളുടെ  തിരുവല്ല വില്ലേജ്   പ്രോജക്ടിനൊപ്പം കരുത്തായി നിന്ന, ഞങ്ങൾക്ക് എന്നും പ്രചോദനമായി നിലകൊണ്ട അങ്ങേയ്ക്ക്, പുതിയ പദവിയിലും ശോഭിക്കുവാൻ ഈശ്വരൻ അവസരം നൽകട്ടെയെന്ന് ആശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക