Image

മനസ്സിലെ മഞ്ചാടിച്ചില്ലകൾ (കവിത: ജയശ്രീ രാജേഷ്)

Published on 09 February, 2021
മനസ്സിലെ മഞ്ചാടിച്ചില്ലകൾ (കവിത: ജയശ്രീ രാജേഷ്)
അടുക്കളയിലെ
ചില്ലുപാത്രങ്ങളുടെ
ചിന്നിച്ചിതറലിൽ
കെട്ടടങ്ങുന്ന
ചില ക്രോധങ്ങളുണ്ട്

ഒഴുകിയിറങ്ങുന്ന
കണ്ണീരിൻ്റ  ചൂടേറ്റുവാങ്ങി
കുതിരുന്നൊരു
തലയിണയിൽ  ഒതുങ്ങുന്ന
ചില നൊമ്പരങ്ങളുണ്ട്

സഹനത്തിൻ്റെ
രാക്കിളികൾ ചേക്കേറിയ
 മനസ്സിൻ്റെ ചില്ലയിൽ
മൗനം കൂടുകൂട്ടിയ
ചില പ്രതീക്ഷേധങ്ങളുണ്ട്

കാലം നൽകിയ
കർമ്മബന്ധങ്ങളുടെ
മാറാപ്പു പേറി  
സ്വയം താണ്ടിതീർക്കാനുള്ള
ചില യാത്രകളുണ്ട്

ഇടവഴിയിലെവിടെയോ
പൊഴിഞ്ഞു വീണ  
മഞ്ചാടിക്കുരു പോലെ
ചില സ്വപ്നങ്ങൾ
കരിഞ്ഞുണങ്ങിയ
 മനസ്സുകളിൽ
കാത്തിരിപ്പുണ്ട്
ഉയിരിലേക്ക്
നനഞ്ഞിറങ്ങുന്നൊരു
വേനൽമഴയുടെ
കുളിരിനായ്.......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക