-->

America

അരിയോര (ചെറുകഥ-1: സാംജീവ്)

Published

on

ഒന്നാംഭാഗം

പ്രൈമറിസ്ക്കൂൾ അദ്ധ്യാപകനായിരുന്ന നാരായണപിള്ളസാറിനെ നാട്ടുകാർ അരിയോര നാണുപിള്ളസാറെന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ചിലരൊക്കെ സൗകര്യാർത്ഥം അരിയോരസാറെന്നും വിളിച്ചു. അദ്ദേഹം പ്രൈമറിസ്ക്കൂളിൽ പഠിപ്പിച്ച ഒരാൾ കാലചക്രഭ്രമണത്തിൽ ഐ.എ.എസ്സുകാരനായി.
രാജേന്ദ്രൻ.ഐ.എ.എസ്.
അതോടുകൂടി അരിയോര നാണുപിള്ളസാറിന്റെ പെരുമാറ്റം മാറി.
“എന്റെ ശിഷ്യൻ ഐ.എ.എസുകാരനാണ് കേട്ടോ”
അരിയോര നാണുപിള്ളസാർ ദേശം മുഴുവൻ പാടിനടന്നു. കേട്ടവർ കേട്ടവർ അന്തം വിട്ടു.

ഇന്നത്തെ ദിനപ്പത്രത്തിലാണ് വാർത്തവന്നത്. അഭിമാനംകൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായ അരിയോരസാർ ദിനപ്പത്രത്തിൽനിന്ന് രാജേന്ദ്രന്റെ പടവും വാർത്തയും വെട്ടിയെടുത്തു. അരിയോരസാർ ആ തുണ്ടുകടലാസ് ചില്ലിട്ട് ഭിത്തിയിൽ തൂക്കി.
അരിയോരസാറിന്റെ പൊങ്ങച്ചം അതിരുകടന്നപ്പോൾ ഭാര്യ സാവിത്രിയമ്മ ചോദിച്ചു.
“വല്ലവനും ഐയ്യേയസുകാരനായതിന് നിങ്ങളിവിടെക്കിടന്ന് ചാടുന്നതെന്തിനാ? നമ്മടെ മോൻ വെറും ഗുമസ്ഥനല്ലേ?”
“അതേടി, നീ അക്ഷരവൈരിയാണെന്ന് എനിക്കറിയാം. അതെങ്ങനാ അക്ഷരവൈരികളുടെ കുടുംബമല്യോ നിന്റെ കുടുംബം?” അരിയോരസാർ ഭാര്യയ്ക്ക് ചുട്ട മറുപടിനല്കി.
“അതിനും എന്റെ കുടുംബത്തെ പറഞ്ഞോ. എന്റെ കുടുംബത്തിന് കുഴപ്പമൊന്നുമില്ല. കൊടശ്ശനാട്ട് നാരായണപ്പണിക്കരുടെ മോളാ എന്റമ്മ.  അങ്ങേരു കുടുംബത്തെ പറയുന്നു.”
സാവിത്രിയമ്മയും വിട്ടുകൊടുക്കാൻ തയ്യാറായില്ല.
“എനിക്കറിയാമെടി കൊടശ്ശനാട്ടുകാരുടെ ആഢ്യത്തം. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.” അരിയോരസാർ പറഞ്ഞു.
“എന്തോ പറയാനാ മനുഷ്യാ? ഞാനീവീട്ടിൽ വരാനൊള്ളതല്ല.”  
സാവിത്രിയമ്മ കരച്ചിലും പിഴിച്ചിലും തുടങ്ങി.
“ആഢ്യത്തം പറഞ്ഞാൽ ഞങ്ങള് ഇല്ലക്കാരാ. കൊടശ്ശനാടന്മാർ സ്വരൂപക്കാർ പോലുമല്ല. വെറും പാദമംഗലം നായന്മാരാണ്. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.”
“നിങ്ങൾക്ക് വേറെ ജോലിയില്ലേ മനുഷ്യാ ഇങ്ങനെ കൊലോം പറഞ്ഞോണ്ട് നടക്കാൻ? കൊലോം പറഞ്ഞോണ്ട് നടന്നാൽ വയറ് നിറയത്തില്ല. പപ്പനാവന്റെ നാല് കാശ് പെൻഷൻ കിട്ടുന്നെന്ന് പറഞ്ഞുനടക്കുവാ. എന്റെ അച്ഛൻ തന്ന നാലഞ്ചുപറ കണ്ടമുള്ളതുകൊണ്ട് കഞ്ഞികുടിച്ച് കിടക്കുന്നു.
നിങ്ങടെ ശിഷ്യൻ കളക്ടരായാൽ നിങ്ങടെ വയറുനിറയുമോ? നിങ്ങൾ അവന് അരിയോര പാടി നടക്ക്.”
“എന്താടി പാടിക്കൊണ്ട് നടന്നാല്? രാജേന്ദ്രൻ ഗുരുത്വമുള്ളവനാടി. അവൻ മന്ത്രിയോ ഐയ്യേയസ്സോ ആകുമെന്നെ് എനിക്കറിയാമായിരുന്നു.”
രാജേന്ദ്രൻ ഐയേസ്സിന്റെ ഗുരു. അതൊരു അന്തസ്സാണേ.
അരിയോരസന്ധ്യയിൽ ആർപ്പുവിളിച്ചുകൊണ്ട് ഓടുന്നതുപോലെ നാണുപിള്ള വാദ്ധ്യാർ ദേശത്തിന് നെടുകെയും കുറുകെയും ഓടി. കണ്ണിൽ കണ്ടവരോടെല്ലാം അദ്ദഹം ഉറക്കെ പ്രഖ്യാപിച്ചു.
“രാജേന്ദ്രൻ ഐയേയസ്സിന്റെ ഗുരുവാണ് ഞാൻ.”


വൃശ്ചികമാസത്തിലെ കാർത്തികനാളിലാണ് ഹരിയോഹരവിളി. നെല്പാടങ്ങളിൽ നെല്ചെടികൾ പൂക്കുന്നത് വൃശ്ചികമാസത്തിലാണ്. കതിരുകൾ പ്രത്ക്ഷമായിട്ടില്ല. പക്ഷേ ചെടികളുടെ കൊതുമ്പ് വീർക്കാൻ തുടങ്ങുന്ന കാലമാണത്. നെൽച്ചെടികൾക്ക് പ്രത്യേക പരിരക്ഷണം കൊടുക്കേണ്ട സമയമാണത്.


വൃശ്ചികമാസത്തിലെ കാർത്തികനാളിൽ പാണൻപരമു ഒരു മണ്ഡപം തീർക്കും. കമുകിൻതടി ചീകിയെടുത്ത ദണ്ഡുകളും വാഴപ്പിണ്ടിയും കൊണ്ടാണ് മണ്ഡപം തീർക്കുന്നത്. മണ്ഡപത്തിന്റെ നെറുകെയും കുറുകെയുമുള്ള പ്രധാന തൂണുകളും ദണ്ഡുകളും കമുകിൻതടിയാണ്. ഉപദണ്ഡുകൾ വാഴപ്പിണ്ടിതന്നെ. സന്ധ്യ മയങ്ങുന്നതിനുമുമ്പ് മണ്ഡപം കോരുതുവിളമുക്കിൽ പ്രതിഷ്ഠിക്കും. പാടശേഖരങ്ങൾക്ക് മദ്ധ്യത്തിലുള്ള ഒരു തുരുത്താണ് കോരുതുവിളമുക്ക്. ആ പേര് ആ തുരുത്തിന് എങ്ങനെ ലഭിച്ചുവെന്ന് പഴമക്കാർക്കുപോലും അറിഞ്ഞുകൂടാ. തഴച്ചുവളരുന്ന കുറേ നാളികേര വൃക്ഷങ്ങൾ ആ തുരുത്തിലുണ്ട് കോരുതുവിളത്തുരുത്തിനോടു ചേർന്ന് ഒരു ചെറിയതടാകമുണ്ട്. തടാകത്തിൽ നിന്ന് പുറപ്പെടുന്ന ഒരു ചെറിയ അരുവി തുരുത്തിനെ രണ്ടായി മുറിച്ചുകൊണ്ട് പാടശേഖരങ്ങളെ നനച്ച് പെരുന്തോടിലേയ്ക്ക് നിർഗ്ഗമിക്കുന്നു. ഒരു കാപ്പിക്കട, ഒരു പലവ്യഞ്ജനക്കട, ഒരു തുണിക്കട- ഇവയാണ് കോരുതുവിളമുക്കിലെ വ്യാപാരസമുച്ചയത്തിലുള്ളത്. തുണിക്കടയുടെ കോലായിൽ സദാ തയ്യൽയന്ത്രം ചവിട്ടിക്കൊണ്ടിരുന്ന ഒരു മനുഷ്നുണ്ട്. അയാളെ നാട്ടുകാർ പാണൻ പരമു എന്നാണ് വിളിക്കുന്നത്..അരിയോര നാളിൽ പാണൻ പരമു തീർത്ത മണ്ഡപം നിറയെ നെയ് വിളക്കുകൾ സ്ഥാപിക്കും. പാണൻ പരമുവിന്റെ നേതൃത്വത്തിൽ നടക്കുന്ന മണ്ഡപപ്രതിഷ്ഠയ്ക്ക് ഒരുപറ്റം നാട്ടുകാരുടെ സഹകരണമുണ്ടാവും.
സന്ധ്യ മയങ്ങുന്നതിനുമുമ്പ് മണ്ഡപത്തിൽ നെയ് വിളക്കുകൾ കത്തിത്തുടങ്ങും. പെട്ടെന്നാണ് ഹരിയോഹര വിളി. അതു ലോപിച്ച് അരിയോരയായി മാറും.
കോരുതുവിളത്തുരുത്തിൽ നിന്ന് കണ്ണെത്താത്ത നീളത്തിൽ നീണ്ടുകിടക്കുന്ന പാടശേഖരങ്ങളുടെ ഒരു ശൃംഖലയുണ്ട്. കുന്നുകൾക്കിടയിലെ താഴ്വരകളിലാണ് പാടശേഖരങ്ങൾ. ചെറിയ പാടശേരങ്ങളെ ഏലാ എന്നു വിളിക്കും.
കൂവളത്ത് ഏലാ
നെല്ലുവേലി ഏലാ
പൊൻനിലത്ത് ഏലാ
മാഞ്ഞന്നൂർ ഏലാ
വടവൂർ ഏലാ
തളിരോട് ഏലാ..
അങ്ങനെ മാലപോലെ നീണ്ടുകിടക്കുകയാണ് പാടശേഖരങ്ങൾ.


വൃശ്ചികമാസത്തിലെ കാർത്തികനാളിൽ കത്തിച്ച ദീപശിഖകളുമായി ഏലായ്ക്കു കുറുകെ തലങ്ങും വിലങ്ങും ഓടണം, അരിയോര വിളിച്ചുകൊണ്ട്. കുട്ടികളാണ് അരിയോരവിളിക്കാരിൽ കൂടുതലും. കത്തിച്ച് വീശുന്ന ചൂട്ടുകറ്റകൾ ദീപശിഖകളായിമാറും.
“വിളി അമ്പാനെ, വിളി അമ്പാനെ, നെല്ക്കതിരുകൾ വേഗം വരട്ടെ.”
അരിയോര നാണുപിള്ളസാർ കുട്ടികൾക്ക് നേതൃത്വം നല്കും.
അരിയോരവിളികൾ ഒരു യുദ്ധസന്നാഹത്തിന്റെ പ്രതീതി ദേശത്തുളവാക്കും, ഏകദേശം ഒന്നുരണ്ട് നാഴിക നേരത്തേയ്ക്കങ്കിലും.
അരിയോരവിളി ഓരോ നെല്ച്ചെടിയും കേൾക്കണം.
ഓരോ നെല്ച്ചെടിയും ഓരോ കതിർ ഗർഭത്തിൽ വഹിക്കുന്നവരാണ്. ഗർഭസ്ഥശിശു അരിയോരശബ്ദം കേട്ടുണരും. ആഴ്ചകൾക്കുള്ളിൽ ആരോഗ്യമുള്ള നിറഞ്ഞ കതിർക്കുലകൾ പുറത്തുവരും.
മൺമറഞ്ഞ ഗ്രാമീണസംസ്ക്കാരത്തിൽ അലിഞ്ഞുചേർന്ന ആചാരങ്ങൾ.
നെയ് വിളക്കുകൾ
കതിർമണ്ഡപം
ദീപശിഖകൾ
ആർപ്പുവിളികൾ.


ഒരിക്കൽ സാവിത്രിയമ്മ ഭർത്താവിനോട് ചോദിച്ചു.
“ദേണ്ടേ, ഞാനറിയാണ്ട് ചോദിക്കുവാ. ഇത്രയും ഒച്ചയും ഓശയും ചാട്ടവും ഓട്ടവും വേണോ ഈ അരിയോര പാടാൻ? മുതുകൂത്തുതന്നെ. അല്ലാതെന്തു പറയാൻ?”
ചോദ്യം അരിയോര നാണുപിള്ളസാറിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അസഹിഷ്ണുതയോടെ പറഞ്ഞു.
“എടീ സാവിത്രി, ഹരിയോഹരനെന്നു വിളിക്കുന്നത് ഈശ്വരപൂജയാ. സാക്ഷാൽ ശ്രീഅയ്യപ്പനാണ് ഹരിഹരമൂർത്തി. അയ്യപ്പഭഗവാൻ മഹിഷിയെ നിഗ്രഹിക്കുന്ന കഥ ഭാഗവത പുരാണത്തിലുള്ളതാ. അതെങ്ങനാ, കൊടശ്ശനാട്ടെയല്ല്യോ സന്തതി? അക്ഷരവൈരികളുടെ കൊലമല്യോ?”
ഭർത്താവിറെ മറുപടി സാവിത്രിയമ്മയ്ക്കും ഇഷ്ടപ്പെട്ടില്ല. അവർ ചവിട്ടിത്തുള്ളി അടുക്കളയിലേയ്ക്കു നടന്നുപോയി.

(തുടരും....)


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philp Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

പ്രണയം (ജംഷീര്‍)

സഖാവ് കാസ്‌ട്രോ ദിവാകരന്‍ (കഥ: സാം നിലമ്പള്ളില്‍)

THIS IS GETHSEMANE (POEM:Samgeev)

സ്‌നേഹം (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

നസ്രായനായ ക്രിസ്തു (നോയമ്പുകാല രചന: ചാക്കോ ഇട്ടിച്ചെറിയ)

View More