Image

വഴിവിളക്കുകൾ കഥ പറയുന്നു ( കവിത :സൂസൻ പാലാത്ര )

Published on 15 February, 2021
   വഴിവിളക്കുകൾ കഥ പറയുന്നു ( കവിത :സൂസൻ പാലാത്ര )

ഇരുളിൻകരിമ്പടംപുതച്ചു
    രാത്രിയുറങ്ങവെ
അല്പവെളിച്ചം ഞാനേകിടുന്നു
   മാലോകർക്കെല്ലാം
തീക്ഷ്ണവെളിച്ചമുണ്ടെന്നാകിലും
  പ്രാണികളെന്നേകാഗ്രത
കളയുന്നു.. 
വെളിച്ചം ചിതറുന്നു... 
അടുത്തൊരു ശകട കാത്തിരിപ്പുകേന്ദ്രം
 അവിടെയുണ്ടൊരതിഥി
ഒരുവർഷംമുമ്പു കണ്ടതാണവളെ
  കൈകൾ രണ്ടുമില്ലാത്തവൾ
കാലുകൾകൊണ്ടുതന്നരുമയെ
 മാറോടുചേർക്കാൻ പാടുപെടുന്നു..
അരുമക്കുഞ്ഞമ്മിഞ്ഞയ്ക്കായ്
 ചുണ്ടുപിളർത്തിക്കേഴുന്നു
അടുത്തു ചെല്ലാനുമക്കുഞ്ഞിനെ
  വാരിപ്പുണരാനുമാവാതെ 
വെറുതെനോക്കി നിന്നുപോയിഞാൻ 
അക്കുഞ്ഞിവിടെ 
   പ്രസിദ്ധനായൊരുൻ്റെ സൃഷ്ടി
അവനന്നാഉത്സവരാത്രിയിൽ
  കൈകളില്ലാപ്പാവമാം യാചകിയെ ....
എടുത്തുകൊണ്ടുപോയി
ക്ഷേത്രക്കുളത്തിലും 
പള്ളിക്കുളത്തിലും 
മാറിമാറി കുളിപ്പിച്ചൊരുക്കി
സുഗന്ധതൈലങ്ങൾ പൂശിച്ചവളുമായിരമിച്ചു...
മധുപനായവൻ ..
അവളൊരുമലരുമായി ...
ഗതികെട്ടിട്ടവളൊരു മലരുമായി
തേനാവോളംകുടിച്ചിട്ടു
ദാഹംതീർത്തവൻസ്ഥലം
വിട്ടുപോയി ... 
പിന്നെതിരിഞ്ഞു
നോക്കിയില്ലൊരിക്കലും.

വയറുവീർത്തുവന്ന അവളെക്കണ്ടെല്ലാരും
കാർക്കിച്ചുതുപ്പീ
എവിടെയോമറഞ്ഞവൾ

പിന്നീടവളെ ഞാനെത്ര വട്ടംതിരഞ്ഞു 
കണ്ടില്ലൊരിക്കലും ...

കഷ്ടമവളിന്നു വീണ്ടും
വന്നിതായെന്നെ കരയിക്കുവാൻ
കുഞ്ഞേ നിന്നെയൊന്നാശ്വസിപ്പിച്ചിടാനോ
നിന്നരുമതൻവായിലിറ്റു തണ്ണീരുപകരാനോ ആവതില്ലാതെ ഞാനുരുകുന്നു......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക