-->

kazhchapadu

നീർമാതളപ്പൂവിനുള്ളിൽ നീഹാരമായി വീണ കാലം (സിന്ധു കോറാട്ട്)

Published

on

ആമിയിലെ നീർമാതളപ്പൂവിനുള്ളിൽ നീഹാരമായി വീണ നാളിൽ....  എന്ന ശ്രേയ ഗോഷാലിന്റെ നേർത്ത ശബ്ദത്തിലുള്ള  റഫീക്ക്  അഹമ്മദിന്റെവരികൾ  എന്നെ അമ്മമ്മയുടെ മടിത്തട്ടിലേക്കും  ആ വീടിന്റെ പടർന്നു പന്തലിച്ച  ഓർമ്മകളിലേക്കും കൊണ്ടുപോയി...

വള്ളിക്കുടിലുകളും പാമ്പിൻകാവും എന്റെ ഒഴിവുകാലത്തെ ഒറ്റപ്പെട്ട  ജീവിതവും  വീണ്ടും ഓർമിപ്പിച്ചു.....ഒരു കൗമാരക്കാരിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികമായിരുന്നു അവിടുത്തെ  ഏകാന്തത..  വളപ്പിലെ നിശ്ശബ്ദരായ മരങ്ങൾ..എന്തോ  വലിയ കാര്യ സാധ്യത്തിനായി തപസ്സിൽ  മുഴുകിയ  മുനി വര്യന്മാരെ പോലെ..  വള്ളിക്കുടിലിനുള്ളിൽ നൂണ്ടു കയറി ഇരുന്നു പുൽച്ചാടിയെ പോലെ ഹരിതഗന്ധം നുകർന്ന് നുകർന്ന് കഴിഞ്ഞ കാലം. . ഒട്ടും തിരക്കില്ലാത്തവരുടെ ഒരു ലോകമായിരുന്നു അത്....

അമ്മമ്മയുടെ ഒരു ദിവസം ആരംഭിക്കുന്നത് അടുക്കള ചാണകം കൊണ്ട് മെഴുകുന്നത് മുതലാണ് അടുപ്പുകളുടെ മൊട്ട  തലയിൽ മെഴുകി മിനുക്കി പിന്നെ അതിത്തിരി ഉണങ്ങുന്നത് വരെ കാക്കണം വലിയ വട്ടത്തിലുള്ള വെളുത്ത പുള്ളിക്കുപ്പായമിട്ട ഉലുവാമണമുള്ള  ദോശകൾ കിട്ടാൻ ...ഭാഗം വെക്കലുകളോടെ പലതരം  വിഭജനത്തിന്റെ  പല  അവസ്ഥകളോട്   പൊരുതി ജീവിക്കുന്ന ഭർത്താക്കന്മാരും  ആങ്ങളമാരും ഒരുപോലെ ഉപേക്ഷിച്ച  ഫ്യുഡൽ വ്യവസ്ഥയുടെ ബാക്കിപത്രങ്ങളായ  മൂന്ന്  മധ്യവയസ്കർ ആയ  വിധവകൾ ആയിരുന്നു  അവിടത്തെ പ്രധാന  അന്തേവാസികൾ...  

എന്റെ പ്രായത്തിനു ചേരുന്ന ഒരു കൂട്ടും  അവിടെ ഉണ്ടായിരുന്നില്ല പലതരം പേടിപ്പിക്കുന്ന  കഥകൾ അറിയുന്ന എട്ടമ്മയായിരുന്നു  മറ്റൊരു  കഥാപാത്രം ഒറീസ്സയിൽ എവിടെയോ ഉണ്ടെന്നു അവർ മാത്രം  വിശ്വസിക്കുന്ന ഭർത്താവിനായുള്ള നീണ്ട കാത്തിരിപ്പായിരുന്നു ആ  ജീവിതം.  ഇടക്കിടെ കുട്ടിക്കൂറ പൗഡറും കണ്മഷിയും സിന്ദൂരവും വാങ്ങാൻ അവർ കുറ്റിപ്പുറത്തെ സൂറത്ത് എന്ന കടയിൽ പോകുമ്പോൾ എന്നെയും കൊണ്ടുപോകുമായിരുന്നു..

അവരുടെ കുളിയും അണിഞ്ഞൊരുങ്ങലും കാണാൻ നല്ല  ഭംഗിയായിരുന്നു .. അവരുടെ പിന്നാലെ നടക്കലായിരുന്നു  എന്റെ പകൽ നേരങ്ങളിലേ  പ്രധാന പണി . അവർ കുളിക്കാനായി താളിയൊരുക്കുന്നതും ആകെയുള്ള നാലുമുടിയിൽ അത് തേച്ചുപിടിപ്പിച്ചു ഞാവൽപ്പഴം പോലെ  ഉണങ്ങി വാടിയ അമ്മിഞ്ഞയിൽ സോപ്പ് തേക്കുന്നതും  കഞ്ഞിപശയിട്ട് വടിപോലാക്കിയ  കോട്ടൺ സാരി  ശ്രദ്ധയോടെമെലിഞ്ഞു  ഒട്ടിയ വയറിൽ  ഞൊറിഞ്ഞു തിരുകുന്നതും  കുട്ടിക്കൂറ പൗഡറിന്റെ മണവും ചാരു പടിയിലെ ചെറിയ കണ്ണാടിയിൽ കുനിഞ്ഞിരുന്നു കണ്ണെഴുതി പൊട്ടുകുത്തുന്നതുമൊക്കെ  നോക്കിയിരിക്കാൻ എനിക്കിഷ്ട്ടായിരുന്നു..

എങ്കിലും രാത്രിയായാൽ എട്ടമ്മ ഒരു  ദുര്മന്ത്രവാദിനിയായി മാറും പിന്നെ മറുതയും  ഒടിയനുമൊക്കെ അവരുടെ കഥയിൽ നിന്ന് ഇറങ്ങി വന്നു എന്നെ ഭയപ്പെടുത്തും.... ചെറിയ മൂട്ട വിളക്കിന്റെ പ്രകാശത്തിൽ ഞാൻ മൂത്രമൊഴിക്കാൻ പോലും ഭയന്ന് ശ്വാസം അടക്കിപിടിച്ചിരിക്കും ... രാവിലെ ആകുന്നതോടെ എല്ലാ ഭൂതങ്ങളും വിടവാങ്ങും കാടിനുള്ളിൽ നിന്ന് വീണ്ടും സിൻഡ്രല്ലമാർ ഇറങ്ങി വരും.. എന്നോട് കളി പറഞ്ഞിരിക്കും. അവിടെ ആർക്കും  ഒന്നിനും ഒരു ധൃതിയും ഇല്ലായിരുന്നു കാലം അവരെ കാത്തു നിന്നോളും എന്ന ഭാവമായിരുന്നു  
അവർക്ക്....  

ജീവിക്കുക എന്നത് അവർ ഒരു അലങ്കാരമായി കണ്ടു വളരെ  ശ്രദ്ധയോടെ അത്   ചെയ്തു പോന്നു..ജീവിക്കാൻ പ്രത്യേകിച്ച്  കാരണങ്ങൾ ഒന്നിമില്ലാതിരുന്നിട്ടും..  എങ്കിലും ജീവിതത്തിന്റെ സർവതാളങ്ങളും തെറ്റിയവരും അവിടെ ഉണ്ടായിരുന്നു ... ഞാൻ ചെറിയമ്മയെന്നു വിളിച്ചിരുന്ന മറ്റൊരു വൃദ്ധയായിരുന്നു അത്.. അവർ തനിക്ക് ഭീകരമായ എന്തോ അസുഖമാണെന്ന് വിശ്വസിച്ചു ...

അവരൊഴികെ ആർക്കും അത് വിശ്വാസമായിട്ടില്ല   എന്ന് തോന്നുന്നു അവർ ഉമ്മറത്തിരുന്നു രാവിലെ മുതൽ കരയാൻ തുടങ്ങും എനിക്ക് വയ്യേ എന്നാണ് കരച്ചിലിന്റെ സാരം കുറെ കേൾക്കുമ്പോൾ സഹികെട്ട് ആരെങ്കിലുമൊക്കെ ചീത്തപറയും അപ്പോൾ  കുറച്ചു നേരത്തേക്ക് നിശബ്ദമാവും കുറെ കഴിഞ്ഞാൽ വീണ്ടും പഴയ പല്ലവി തന്നെ . ഇവിടെയായിരുന്നു എന്റെ കൗമാരം ഒഴിവുകാലങ്ങളിൽ കിനാക്കളുടെ  പച്ചപ്പാവാട വിടർത്തിയത്.. ഞാനും മറ്റൊരു പുൽച്ചാടിയായി ഹരിതമായ എന്റെ  ലോകം സൃഷ്ടിച്ചത്.. സ്വപ്നം കാണാൻ തുടങ്ങിയത്.  ആ വള്ളിക്കുടിലിലും  പാമ്പിൻകാവിലുമൊക്കെ രാജകുമാരനെ കാത്തിരിക്കുന്ന സുന്ദരിയായ  രാജകുമാരിയായി ഞാനെന്നെ തന്നെ സങ്കൽപ്പിച്ചു  ....

വായിച്ച കഥകളിലെ സിൻഡ്രല്ല ആയി മാറി ഞാൻ.. അപ്പുറത്തെ വീട്ടിൽ എന്നെ പ്രണയിക്കുന്ന പൊടിമീശയുള്ള  ഒരു ചെക്കനുണ്ടെന്ന് വെറുതെ സങ്കൽപ്പിച്ചു .... അയാൾക്ക് വേണ്ടിയാകും മഞ്ഞൾ തേച്ചു കുളിയും കണ്ണെഴുത്തും പൊട്ടുകുത്തുമൊക്കെ എട്ടമ്മയെ പോലെ   ഇല്ലാത്തതിനെ  കാത്തിരിക്കാൻ പഠിച്ചത് അവിടുന്നായിരിക്കണം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

View More