Image

തൊഴിലാളിയ്ക്ക് ജോലിക്കരാര്‍പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ എക്‌സിറ്റ് അടിയ്ക്കാനുള്ള കമ്പനിയുടെ ശ്രമം നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം വിഫലമാക്കി.

Published on 19 February, 2021
തൊഴിലാളിയ്ക്ക് ജോലിക്കരാര്‍പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ എക്‌സിറ്റ് അടിയ്ക്കാനുള്ള കമ്പനിയുടെ ശ്രമം നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം വിഫലമാക്കി.

അല്‍ഹസ്സ: 29 വര്‍ഷമായി ജോലി ചെയ്യുന്ന കമ്പനി, ജോലിക്കരാര്‍പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ എക്‌സിറ്റ് അടിച്ചപ്പോള്‍, വിഷമത്തിലായ മലയാളി, നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്തു .

എറണാകുളം സ്വദേശിയായ രാജു 29 വര്‍ഷമായി അല്‍ഹസ്സയിലെ ശുഖൈഖില്‍ ഒരു കണ്‌സ്ട്രക്ഷന് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു.  പ്രായമായതിന്റെ പേരില്‍, ഒരു മാസത്തിനു മുന്‍പ്, കമ്പനി മാനേജ്മെന്റ് രാജുവിനെ എക്‌സിറ്റ് അടിയ്ക്കുകയായിരുന്നു. എന്നാല്‍, ഇത്രയും വര്‍ഷം ജോലി ചെയ്തതിനാല്‍, ജോലിക്കരാര്‍പ്രകാരം നല്‍കേണ്ട എന്‍ഡ് ഓഫ് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ ഒന്നും  നല്‍കാതെ, രാജുവിനെ നാട്ടിലേയ്ക്ക് അയയ്ക്കാനായിരുന്നു കമ്പനിയുടെ ശ്രമം.

നവയുഗം അല്‍ഹസ്സ ശുഖൈഖ് യൂണിറ്റിന്റെ സജീവപ്രവത്തകനായിരുന്ന രാജു, ഈ വിഷയം നവയുഗം മേഖല ഭാരവാഹികളായ സിയാദ് പള്ളിമുക്ക്, ഉണ്ണി മാധവം എന്നിവരെ അറിയിച്ചു സഹായം തേടി. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ വിഷയത്തില്‍ ഇടപെട്ടു. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നിര്‍ദ്ദേശപ്രകാരം രാജു  അല്‍ഹസ്സ ലേബര്‍ കോടതിയില്‍ കമ്പനിയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തു.

ലേബര്‍ കോടതിയില്‍ കേസ് ആയതോടെ രാജുവിന്റെ സ്‌പോണ്‍സര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി. ഉണ്ണി മാധവത്തിന്റെ നേതൃത്വത്തില്‍ നവയുഗം നേതാക്കള്‍ സ്‌പോണ്‍സറുമായി ആദ്യവട്ടചര്‍ച്ചകള്‍  നടത്തിയെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഷാജി മതിലകം തന്നെ നേരിട്ട് സ്പോണ്‍സറെ ബന്ധപ്പെട്ട് സംസാരിയ്ക്കുകയും, ഇന്ത്യന്‍ എംബസ്സിയെ ഈ വിഷയം അറിയിച്ചു സ്‌പോണ്‍സറോട് സംസാരിപ്പിയ്ക്കുകയും ചെയ്തു. നിരന്തരമായ സമ്മര്‍ദ്ദത്തിന് ഒടുവില്‍ സ്‌പോണ്‍സര്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കാമെന്ന് സമ്മതിച്ചു. 

ഷാജി മതിലകം നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കൊപ്പം  അല്‍ഹസ്സ ലേബര്‍ കോടതിയില്‍ എത്തി, ഒത്തുതീര്‍പ്പിന് അടിസ്ഥാനത്തില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുകയും, അവിടെവെച്ചു  രാജുവിന് സ്‌പോണ്‍സറുടെ വക്കീല്‍  എല്ലാ ആനുകൂല്യങ്ങളും കൈമാറുകയും ചെയ്തു. 
ഉണ്ണി മാധവത്തിനും, സിയാദിനുമൊപ്പം, നവയുഗം അല്‍ഹസ്സ മേഖല നേതാക്കളായ സുശീല്‍ കുമാര്‍, ഷിബു താഹിര്‍ എന്നിവര്‍ ഈ കേസില്‍ എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു.

കമ്പനി നല്‍കിയ വിമാനടിക്കറ്റില്‍ അടുത്ത ആഴ്ച രാജു പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങും.

ഫോട്ടോ: (ഇടത്തു നിന്നും) ഷിബു താഹിര്‍, രാജു, ഷാജി മതിലകം, സിയാദ് എന്നിവര്‍ ലേബര്‍ ഓഫിസര്‍ക്കും, മണി മാര്‍ത്താണ്ഡത്തിനുമൊപ്പം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക