Image

കേളി ഇടപെടല്‍ ശമ്പളവും ഭക്ഷണവും ലഭിക്കാത്ത പ്രവാസികളെ നാട്ടിലെത്തിച്ചു

Published on 19 February, 2021
 കേളി ഇടപെടല്‍ ശമ്പളവും ഭക്ഷണവും ലഭിക്കാത്ത പ്രവാസികളെ നാട്ടിലെത്തിച്ചു


റിയാദ് : മാസങ്ങളായി ജോലിയോ,ശമ്പളമോ, ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്ന പ്രവാസി മലയാളികളെ കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി സുഭാഷ്, തൃശൂര്‍ സ്വദേശി സുരേഷ് എന്നിവരെയാണ് കേളിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചത്.

റിയാദ് സുലൈയിലെ ഒരു സ്വകാര്യ കമ്പനി തൊഴിലാളികളായ ഇവര്‍ക്ക് ജോലി ചെയ്ത നാലു മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ഇവരുടെ ദുരവസ്ഥ മനസിലാക്കിയ കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ ആഹാരം പാചകം ചെയ്യുന്നതിനുള്ള സാധനങ്ങളും പാചക വാതകവും എത്തിച്ചു നല്‍കി. തുടര്‍ന്ന് സ്‌പോണ്‍സറുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇവരുടെ ശമ്പള കുടിശിക നല്‍കാനോ ഇവരെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് നല്‍കാനോ സ്‌പോണ്‍സര്‍ തയാറായില്ലെങ്കിലും ടിക്കറ്റ് നല്‍കിയാല്‍ ഫൈനല്‍ എക്‌സിറ്റ് വീസ അടിച്ച് നല്‍കാമെന്ന് സമ്മതിച്ചു.

തൃശൂര്‍ സ്വദേശി സുരേഷിനുള്ള ടിക്കറ്റ് കേളിയുടെ സുലൈ ഏരിയ കമ്മിറ്റിയും തിരുവനന്തപുരം സ്വദേശി സുഭാഷിന് അദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ നിന്നും ടിക്കറ്റ് ഏര്‍പ്പാട് ചെയ്‌തെങ്കിലും ദുബായ് വഴിയുള്ള ടിക്കറ്റ് ആയതിനാല്‍ സുലൈ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി ഇരുവരെയും നാട്ടിലേക്ക് കയറ്റിവിട്ടു. തങ്ങളെ സഹായിച്ച കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തകരോടുള്ള കടപ്പാടും നന്ദിയും അറിയിച്ചു കൊണ്ടാണ് രണ്ടുപേരും നാട്ടിലേക്ക് യാത്രയായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക