Image

കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ക്ക് വരുത്തുന്ന സാമ്പത്തിക ബാധ്യത പരിഹരിയ്ക്കുക: നവയുഗം

Published on 24 February, 2021
കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ക്ക് വരുത്തുന്ന സാമ്പത്തിക ബാധ്യത പരിഹരിയ്ക്കുക: നവയുഗം
ദമ്മാം:  വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മൂലം പ്രവാസികള്‍ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രിയ്ക്കും, കേരളമുഖ്യമന്ത്രിയ്ക്കും നിവേദനം നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ചു, വിദേശങ്ങളില്‍ നിന്നും 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് PCR ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നാട്ടില്‍ വിമാനമിറങ്ങുന്ന പ്രവാസികളില്‍ നിന്നും, വിമാനത്താവളങ്ങളില്‍ വെച്ച് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുവാനായി പണം വാങ്ങുകയാണ്.
ഓരോ വ്യക്തിയ്ക്കും 1800 രൂപ വരെയാണ് എയര്‍പോര്‍ട്ടില്‍ കൊറോണ ടെസ്റ്റ് നടത്താന്‍ ഈടാക്കുന്നത്. പ്രവാസികളോട് കേന്ദ്രസര്‍ക്കാര്‍ കാണിയ്ക്കുന്ന തികഞ്ഞ അനീതിയാണ് ഇത്,

കൊറോണ രോഗബാധ സൃഷ്ട്ടിച്ച സാമ്പത്തികപ്രതിസന്ധിയില്‍ വിഷമിയ്ക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം, ഈ പുതിയ നിയമങ്ങള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തികനഷ്ടം വളരെ വലുതാണ്. നാല് പേരടങ്ങുന്ന കുടുംബം നാട്ടിലേയ്ക്ക് വരുന്നതിന്, വിമാനക്കൂലിയ്ക്ക് പുറമെ വിദേശത്തും, നാട്ടിലുമായി  രണ്ടു പ്രാവശ്യം കൊറോണ ടെസ്റ്റ് ചെയ്യുക കൂടി വേണമെന്നതിനാല്‍, ലക്ഷക്കണക്കിന് രൂപ ചിലവാക്കേണ്ട സ്ഥിതിയാണ്.

ഈ ദുരവസ്ഥ മനസ്സിലാക്കി പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ മാറ്റാന്‍ വിമാനത്താവളങ്ങളിലെ കൊറോണ ടെസ്റ്റ് ഒഴിവാക്കണമെന്ന്  കേന്ദ്രസര്‍ക്കാരിനോട് നവയുഗം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ നയം മാറ്റാന്‍ തയ്യാറാകാത്ത പക്ഷം, മുന്‍പ് ഉണ്ടായിരുന്ന പോലെ, കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന പ്രവാസികളുടെ കൊറോണ ടെസ്റ്റ് നടത്താനുള്ള ചിലവ് കേരള സര്‍ക്കാരോ, നോര്‍ക്കയോ  തന്നെ വഹിച്ചു പ്രവാസികളെ സഹായിക്കണമെന്ന് കേരളമുഖ്യമന്ത്രിയോട് നവയുഗം  അഭ്യര്‍ത്ഥിച്ചു.

പ്രവാസികളെ ഗുരുതരമായി ബാധിയ്ക്കുന്ന ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട്,  കക്ഷിരാഷ്ട്രീയഭേദമന്യേ ഒന്നിച്ചു നിന്ന്  അധികാരികളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍  എല്ലാ പ്രവാസികളും തയ്യാറാകണമെന്ന് നവയുഗം ആഹ്വാനം ചെയ്തു.

കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ക്ക് വരുത്തുന്ന സാമ്പത്തിക ബാധ്യത പരിഹരിയ്ക്കുക: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക