Image

മനസ്സിലെ മലയാളം (കവിത: ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 24 February, 2021
മനസ്സിലെ മലയാളം (കവിത: ജയശ്രീ രാജേഷ്)
പിച്ച വെച്ചീടുമ്പോള്‍
കൊഞ്ചിച്ചു കൊണ്ടൂട്ടിയ
അമ്മതന്‍ ഭാഷയാ-
ണെന്റെ ഭാഷ
അമ്മിഞ്ഞപാലിന്‍
മധുരമാണെന്‍ ഭാഷ

നെഞ്ചിലെ സ്‌നേഹം 
ഒളിപ്പിച്ച കണ്ണുമായ് 
ഉമ്മറകോണില്‍
ഒറ്റക്കിരിക്കുന്ന
അച്ഛനാണെന്‍ ഭാഷ

കള കളാരവത്താല്‍
പുഴയൊഴുകും വഴി പോലെ
സ്‌നേഹത്തിന്‍
 കൈവഴിയെന്റെ ഭാഷ

അലയായി ഞൊറിയായി
അറിവിന്റെ പാതയില്‍
കിന്നാരം ചൊല്ലുന്ന- 
കിളിയാണെന്‍ ഭാഷ

ചേറ്റു മണ്ണിന്റെ
നെല്‍വയല്‍ മണമോടെ  
വീശുന്ന തെന്നലില്‍  
അലയായ് 
ഒഴുകുന്നതെന്റെ ഭാഷ

നാവില്‍ വിളയുന്ന
വിരലാല്‍ കിളിര്‍ക്കുന്ന
സ്‌നേഹാമൃതത്തിന്‍
മാതൃഭാഷ .......
എന്റെ മലയാള ഭാഷ......
 


മനസ്സിലെ മലയാളം (കവിത: ജയശ്രീ രാജേഷ്)
Join WhatsApp News
-വിദ്യാധരൻ 2021-02-28 18:27:11
ഭാഷയുടെ ജന്മ ഗേഹം മനസ്സ് തന്നെയായിരിക്കണം. സ്നേഹത്തിലും സൗന്ദര്യത്തിലും മനസ്സിൽ സംശ്ലേഷണം ചെയ്‌തെടുത്ത വാക്കുകൾ വായിക്കാനും കേൾക്കുവാനും ഇമ്പമുള്ളതായിരിക്കും . അതുകൊണ്ടാണ് വി .സി . ബാലകൃഷ്ണപ്പിള്ള കുറിച്ചത്, "ജ്യോതിർഭ്രമത്താലുളവാമൊലികൊണ്ടിതാദ്യ, സാഹിത്യഗീതികലകൾക്കുദയം വരുത്തി നേരായുദിർത്തൊരാ സ്വരതാളമേളം ജീവാതു ജീവിത സുഖത്തെ വളർത്തിടുന്നു " നല്ലൊരു കവിതക്ക് അഭിനന്ദനം -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക