Image

കാലിഫോർണിയയിലെ കോവിഡ് മരണസംഖ്യ 50,000 കടന്നു (റൗണ്ട് അപ്പ്)

മീട്ടു റഹ്മത്ത് കലാം Published on 25 February, 2021
കാലിഫോർണിയയിലെ കോവിഡ് മരണസംഖ്യ 50,000 കടന്നു  (റൗണ്ട് അപ്പ്)
see below: 
കമല ഹാരിസിന്റെ വൈറ്റ് ഹൗസ്  പൂൾ റിപ്പോർട്ടറുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് 
നഴ്സിംഗ് ഹോമുകളിലെ  കോവിഡ് മരണനിരക്കിൽ വലിയ കുറവ് 
ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്
-----------------------------
കാലിഫോർണിയയിലെ കോവിഡ് മരണസംഖ്യ ബുധനാഴ്‌ച 50,000 കടന്നു. ഇത്ര ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് കാലിഫോർണിയ.

 താരതമ്യേന കുറഞ്ഞ രോഗനിരക്ക് മാത്രമേ മഹാമാരിയുടെ പ്രാരംഭത്തിൽ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളു. വാക്സിനുകളുടെ വരവോടെ  വൈറസിനെ നിയന്ത്രണവിധേയമാക്കാമെന്ന്  പ്രതീക്ഷിച്ചിരിക്കെയാണ്  തീരെ കുറഞ്ഞ കോവിഡ് നിരക്കിൽ നിന്ന് കേസുകളുടെ എണ്ണം ഭയാനകമായ തോതിൽ ഉയർന്നത്. 
 
 രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയയിൽ  ജനുവരിമാസം,  പ്രതിദിന കോവിഡ്മരണങ്ങൾ  ശരാശരി 560 ൽ എത്തി. നവംബറിൽ  ഒരു ദിവസം  50-ൽ താഴെ മരണങ്ങൾ മാത്രമാണ്  ഉണ്ടായിരുന്നത്.

ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ 400,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ ആദ്യം 10 മാസം വേണ്ടിവന്നെങ്കിൽ നവംബർ 30 നും ജനുവരി 2 നും ഇടയിൽ ഒറ്റമാസംകൊണ്ടാണ്  വേറൊരു  400,000 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തത്. 

 സെൻട്രൽ വാലിയിലും ലോസ് ഏഞ്ചൽസിലും ദരിദ്ര വർണ്ണ സമുദായങ്ങളിൽപ്പെട്ട ഒരുപാട് പേർ മരണത്തിന് കീഴടങ്ങി.
അവശ്യ വ്യവസായങ്ങളിൽ ജോലിചെയ്യാൻ സാധ്യതയുള്ള ലാറ്റിനോകൾ, രോഗം ബാധിച്ചാൽ സ്വയം ഒറ്റപ്പെടാൻ വിഭവങ്ങളോ സ്ഥലമോ ഇല്ലാത്തവർ, എന്നിങ്ങനെയുള്ളവരാണ്  മറ്റ് കാലിഫോർണിയക്കാരെ അപേക്ഷിച്ച് കൂടുതലായി മരണപ്പെട്ടത്. താഴ്ന്ന വരുമാനക്കാർക്ക് ആശുപത്രി സംവിധാനങ്ങൾ ആവശ്യമുള്ള രീതിയിൽ പ്രാപ്യമാകാതെ വന്നതാണ് ഇതിന് കാരണം. സമാന അസമത്വങ്ങൾ സംസ്ഥാനത്തിന്റെ വാക്സിൻ വിതരണത്തിലും ഉള്ളതായി വിമർശനമുണ്ട്.

താങ്ക്സ്ഗിവിംഗിന്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപനം കൂടുമെന്ന് സംസ്ഥാന ഉദ്യോഗസ്ഥർ നവംബർ പകുതിയോടെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ജനങ്ങൾ അത് ചെവിക്കൊണ്ടിരുന്നില്ല. കേസുകൾ ഉയർന്നപ്പോൾ, നേതാക്കൾ മുൻകരുതലുകൾ ഒഴിവാക്കരുതെന്ന് അപേക്ഷിക്കുകപോലും ചെയ്തു. നീക്കംചെയ്ത നിയന്ത്രണങ്ങൾ ‌വീണ്ടും ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായി .

 നിയന്ത്രണങ്ങളുണ്ടായിട്ടും, വൈറസ് അതിവേഗം പടരുകയും ആശുപത്രികൾ കവിഞ്ഞൊഴുകുകയും ചെയ്തു.

 കാലിഫോർണിയയിൽ ഇപ്പോൾ പടരുന്ന കൊറോണ വൈറസ് വേരിയന്റ്, മുൻ പതിപ്പുകളേക്കാൾ കൂടുതൽ വ്യാപനശേഷി ഉള്ളതാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.
7.6 ബില്യൺ ഡോളറിന്റെ ദുരിതാശ്വാസ പാക്കേജിന് സംസ്ഥാന നിയമനിർമ്മാതാക്കൾ ഈ ആഴ്ച അംഗീകാരം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ നീക്കാൻ ചില കൗണ്ടികളെ അനുവദിക്കുകയും ചെയ്തു.
 
കുട്ടികളെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിലും ജനങ്ങളുടെ  കൈകളിലേക്ക് പ്രതിരോധ കുത്തിവയ്പ്പ് എത്തിക്കുന്നതിനും വേണ്ടത് ചെയ്യുമെന്ന് ഗവർണർ ഗാവിൻ ന്യൂസോം ഉറപ്പ് നൽകി.  മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ വാക്സിൻ ഡോസുകൾ നൽകിയത് കാലിഫോർണിയ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഴ്സിംഗ് ഹോമുകളിലെ  കോവിഡ് മരണനിരക്കിൽ വലിയ കുറവ് 

മാസങ്ങൾക്ക്  ശേഷം, നഴ്സിംഗ് ഹോമുകളിലെ  കോവിഡ് മരണനിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്.

ഡിസംബർ അവസാനത്തോടെ തന്നെ, വാക്സിൻ സ്വീകരിക്കാൻ നഴ്സിംഗ് ഹോമുകളിലും ദീർഘകാല പരിചരണ കേന്ദ്രങ്ങളിലുമുള്ളവർക്ക്  മുൻ‌ഗണന നൽകിയതാണ് 
 പുതിയ കേസുകളും മരണങ്ങളും കുറയാൻ സഹായകമായതെന്ന് ന്യൂയോർക്ക് ടൈംസിന്റെ  വിശകലനത്തിൽ പറയുന്നു.

വാക്സിനേഷൻ ഫലപ്രാപ്തിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു അടയാളമായി ഇതിനെ കണക്കാക്കാം.

കമല ഹാരിസിന്റെ വൈറ്റ് ഹൗസ്  പൂൾ റിപ്പോർട്ടറുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് 

വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വൈറ്റ് ഹൗസ് പ്രസ് പൂൾ ഡ്യൂട്ടിക്ക് നിയോഗിച്ച റിപ്പോർട്ടർമാരിൽ ഒരാളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി. സുരക്ഷ ഉറപ്പാക്കാൻ ഇത്തരത്തിൽ പതിവായി പരിശോധന നടത്താറുണ്ട്. ബുധനാഴ്‌ച ഫലം അറിഞ്ഞയുടൻ  ഉച്ചതിരിഞ്ഞ് നടത്തുന്ന പത്രസമ്മേളനത്തിന് മുമ്പ് , വൈറ്റ്  ഹൗസ് ബ്രീഫിംഗ് റൂം അണുവിമുക്തമാക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊണ്ടു. 
'വിവരം അറിഞ്ഞപ്പോൾ തന്നെ വൈസ് പ്രസിഡന്റിന്റെ വൈറ്റ് ഹൗസ് പൂൾ പിരിച്ചുവിട്ടു. അടുത്ത ദിവസം വീണ്ടും പരിശോധന നടത്തിയ ശേഷമേ പ്രവേശനം അനുവദിക്കൂ. അതീവ  ജാഗ്രതയോടെ ബ്രീഫിങ് റൂം വൃത്തിയാക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. രോഗം ബാധിച്ച റിപ്പോർട്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. വൈസ് പ്രസിഡന്റുമായോ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരുമായോ സമ്പർക്കം ഉണ്ടായിട്ടില്ല '-പ്രസ്താവനയിൽ പറയുന്നു. 
   രോഗം ബാധിച്ച റിപ്പോർട്ടറെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബ്രീഫിങ് റൂം വൃത്തിയാക്കുന്ന ചിത്രം, വൈറ്റ് ഹൗസ് പ്രസ് പൂൾ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മുക്ക്ലാച്ചി ന്യൂസിന്റെ ഒരു റിപ്പോർട്ടർ  ട്വീറ്റ് ചെയ്തു.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്:

ഇന്ന് ന്യൂയോർക്കിൽ നവംബർ 21 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന പോസിറ്റിവിറ്റി  നിരക്കായ 2.85 ശതമാനം രേഖപ്പെടുത്തി. അഭൂതപൂർവമായ ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ , ന്യൂയോർക്കുകാർ പ്രകടിപ്പിച്ച ഉൾക്കരുത്തും സാമർഥ്യവുമാണ്  ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെയും  രോഗബാധിതരുടെയും എണ്ണം കുറയാൻ സഹായിച്ചത്. ജനങ്ങൾക്ക് എന്റെ നന്ദി. വാക്സിനേഷൻ വിതരണത്തിൽ നമ്മൾ മുന്നേറ്റം തുടരുന്നു. ബ്രൂക്ലിനിലെ മെഡ്ഗാർ എവേഴ്സ് കോളജിലും ക്വീൻസിലെ യോർക്ക് കോളജിലും രണ്ട് മെഗാ വാക്സിനേഷൻ സൈറ്റുകൾ തുറന്നു. മഹാമാരി രൂക്ഷമായി ബാധിച്ച പിന്നോക്കം വരുന്ന കമ്മ്യൂണിറ്റികളിലെ ജനങ്ങൾക്ക് വാക്സിൻ എത്തിക്കുകയാണ് സൈറ്റിന്റെ ലക്ഷ്യം.  ജീവൻ രക്ഷാ വാക്സിൻ അവിടേക്ക് എത്തിക്കുന്നത് എളുപ്പമാക്കിത്തന്ന എംടിഎ ബസ് സർവീസിന് നന്ദി.

 മുന്നോട്ടുള്ള പ്രയാണത്തിൽ, സാമൂഹ്യ തുല്യതയ്ക്കും ന്യായബോധത്തിനും മുൻഗണന നൽകിക്കൊണ്ട് തന്നെയായിരിക്കും പ്രതിരോധ മരുന്നിന്റെ വിതരണം.  ന്യൂയോർക് നിവാസികളുടെ വംശമോ  പശ്ചാത്തലമോ അവർ താമസിക്കുന്ന സ്ഥലമോ പരിഗണിക്കാതെ തുല്യമായി വാക്സിൻ  ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും.

* ആശുപത്രിയിൽ പ്രവേശിതരായവരുടെ എണ്ണം 5,876 ആയി കുറഞ്ഞു.  216,813 ആളുകളെ പരിശോധിച്ചതിൽ  6,189 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്: 2.85 ശതമാനം.  ഐസിയുവിലെ രോഗികൾ: 1,154 പേർ ,മരണസംഖ്യ:  99 .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക