-->

America

വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)

Published

on

ഇനിയും ഉറക്കം സിരകളിലേക്കിറങ്ങുന്നില്ല. എവിടെയും വെള്ളത്തിന്റെ ഇരമ്പല്‍ മാത്രം.

“യെല്ലോറ സിനിയോറ..” അവളുടെ ഇമ്പമുള്ള ശബ്ദത്തിനായി കാതുകളള്‍ കൊതിക്കുന്നു. അലക്‌സാന്‍ഡ്രിയ എന്ന് തന്നെ ഇതിനു മുമ്പ് ആരും വിളിച്ചിട്ടില്ല. ആ വിളിയില്‍ കാപട്യത്തിന്റെ ഒളിയമ്പുകള്‍ ഇല്ലായിരുന്നു. പകരം ആത്മാവിന്റെ ഉള്‍ത്തടങ്ങളില്‍ എവിടെ നിന്നോ ഉത്ഭവിക്കുന്ന അത്മാര്‍ത്ഥത അയാള്‍ തിരിച്ചറിഞ്ഞു. ആ ശബ്ദം തന്റെ ആത്മാവിലേക്കിറങ്ങി. അവള്‍ ഒരു ടൂറിസ്റ്റ് ഗൈഡു മാത്രമാണന്നയാള്‍ മറന്നു. കഴിഞ്ഞ പത്തു ദിവസമായി അവള്‍ തന്റെ ആരോ എന്നയാള്‍ക്കു തോന്നി.

രാവിലെ മറ്റെല്ലാവരെക്കാളും മുന്നെ ഹോട്ടല്‍ ലോബിയിലെത്തി അവളുടെ ദര്‍ശനത്തിനായി കാക്കുന്നു. അവളില്‍ നിന്നും പ്രസരിക്കുന്ന ചൈതന്യം തന്നിലേക്ക് ഉന്മേഷമായി പ്രവഹിക്കുന്നു. തനിക്കുവേണ്ടി മാത്രം മാറ്റിവെച്ചിരുന്നു എന്നു തോന്നുമാറുള്ള ഒരു പ്രത്യേക സ്വരത്തിലും ഭാവത്തിലും അവള്‍ പറയുന്ന 'ഗുഡ്‌മോര്‍ണിങ്ങ്' ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആനന്ദമായി മാറുന്നു. ഇതൊരു പുതിയ അനുഭവമാണല്ലോ എന്നു ചിന്തിച്ചു നില്‍ക്കേ അവളുടെ കുസൃതികണ്ണുകളില്‍ നിറയുന്നനീലത്തടാകത്തില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങുന്നു. പിന്നെ അവള്‍ പറയുന്നതൊന്നും താന്‍ കേള്‍ക്കുന്നില്ല. ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളുടെ വേലിയേറ്റത്തില്‍ താന്‍ ഒരു കൊതുമ്പുവള്ളത്തിലെന്നപോലെ ആടിയുലയുന്നു.

അവള്‍ മരിയ ഗ്രെഗറി,അവളുടെ കണ്ണുകളിലെ മാസ്മരികതയില്‍ താന്‍ തളക്കപ്പെട്ടിരിക്കുന്നുവോ? അവളുടെ മുന്നില്‍ താന്‍ കൈകാല്‍ ബന്ധിതനാകുന്നുവല്ലോ. ''അലക്‌സാന്‍ട്രിയ നീ ബ്രെക്ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ വരു.''അവള്‍ വിളിക്കുന്നു. ഭാര്യ വരുന്നതുവരെ കാക്കണമോ... അവള്‍ ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്കൊപ്പം വരട്ടെ. അവളോടു പറയാനുള്ള ന്യായങ്ങളെക്കുറിച്ച് ഉള്ളില്‍ ഒരു രൂപരേഖയുണ്ടാക്കി അയാള്‍ അവര്‍ക്കൊപ്പം നടന്നു. കഫറ്റേറിയയില്‍ അധികമാരും എത്തിയിട്ടില്ല.

മരിയ ഗ്രെഗറി അവള്‍ക്കാവശ്യമായ ഭക്ഷണവും എടുത്ത് അയാള്‍ക്കായി കാക്കുന്നു. എന്തെടുക്കെണമെന്നയാള്‍ തത്രിക്കവേ, ഒരു ഗൈഡിന്റെ ചുമതലയെന്നോണം, ഭക്ഷണ മേശയില്‍ നിരത്തിയിരിക്കുന്ന ഒരോന്നിനെക്കുറിച്ചും അവര്‍ വിവരിച്ചു. മുട്ടയും ചീസും ഒന്നിച്ചു കുഴച്ച വിഭവം വളരെ ആരോഗ്യദായകമാണവള്‍ പറഞ്ഞപ്പോള്‍, തന്റെ രുചിഭേദങ്ങളെ മറന്നയാള്‍ അതില്‍ വീണു. അവള്‍ തന്റെ മേല്‍ ഉറപ്പിക്കുന്ന സ്വാധീനം അയാള്‍ തിരിച്ചറിയുന്നുണ്ടായിരുന്നെങ്കിലും നിഷേധിക്കാന്‍ കഴിയുന്നില്ല. അവള്‍ക്കൊപ്പം ഒരു ഒഴിഞ്ഞ കോണിലെ മേശയില്‍ ഇരുന്നു.

ബ്രെഡില്‍ ക്രീംചീസും ജെല്ലിയും പുരട്ടുന്നതിനിടയില്‍ മരിയ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. അയാള്‍, അവള്‍ പറയുന്നതില്‍ പകുതിയും കേട്ടില്ല. അവളുടെ ഒരോ വാക്കുകളും എത്ര കാവ്യാത്മകം എന്നായിരുന്നയാളുടെ ചിന്ത. അവളുടെ നിരയൊത്ത പല്ലുകളും, ചിരിക്കുമ്പോള്‍ വലതു കവിളില്‍ വിരിയുന്ന നൂണക്കുഴിയും ഒക്കെ അയാളെ മോഹിപ്പിച്ചു.

''മരിയ എവിടെയാണു നിന്റെ താമസം… നി വിവാഹിതയാണോ?.'' ഒരു മലയാളിയുടെ ആകാംഷയോടയാള്‍ ചോദിച്ചു.

അപ്രതീക്ഷിത ചോദ്യം കേട്ടതുപോലെ അവള്‍ ഒന്നു പകച്ചു. പിന്നെ വളരെ ലാഘവത്തോടെ പറയാന്‍ തുടങ്ങി; ''യെല്ലോറ സിനിയോറ...'' ഒരു ജനക്കൂട്ടത്തെ മുന്നില്‍ കാണുന്നപോലെ മുന്നിലേക്ക് നോക്കി., പിന്നെ എന്തോ തിരിച്ചറിവിനാലെന്നപോലെ, ദീര്‍ഘമായൊന്നു നിശ്വസിച്ച്, അവള്‍ വളരെ ശാന്തമായി പറഞ്ഞു. ''അലക്‌സാന്‍ട്രിയ.., ഞങ്ങള്‍ ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് പാലിക്കേണ്ട ചില അടിസ്ഥാന നിയമങ്ങളുണ്ട്. ഞങ്ങളുടെ വ്യക്തിഗത ജീവിതം കസ്റ്റമേഴ്‌സിന്റെ അനുകമ്പക്കായി ദുരുപയോഗം ചെയ്യരുതെന്നുള്ളത് അതില്‍ പ്രധാനമാണ്. എന്നിരുന്നാലും, നീ എനിക്ക്ആരെല്ലാമോ ആണന്നൊരു തോന്നല്‍. ദിവസവും എതെല്ലാം തരത്തിലുള്ള ആളുകളുമായി ഞങ്ങള്‍ യാത്രയിലാണ്. പലര്‍ക്കും ഞങ്ങളുടെ ശരീരത്തിലാണു താല്പര്യം. ചിലരെങ്കിലും അവസരമൊക്കുമ്പോള്‍ അതു തുറന്നു പറയാതിരുന്നിട്ടുമില്ല. എങ്കിലും ഞങ്ങള്‍ തന്ത്രപൂര്‍വ്വം അവരെ കൈകാര്യം ചെയ്യും.”

താന്‍ പിടിക്കപ്പെട്ടോ എന്ന അയാളുടെ സന്ദേഹം വായിച്ചിട്ടെന്നപോലെ അവള്‍ തുടര്‍ന്നു. “മനുഷ്യ മനസ്സ് എത്ര വിചിത്രമാണെന്നു നിനക്കറിയാമോ...? ആര്‍ക്കെങ്കിലും ആരുടെയെങ്കിലും മനസ്സ് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഐ ലൗ യു എന്നു പറയുമ്പോള്‍, ഞാന്‍ നിന്നെ അങ്ങേയറ്റം വെറുക്കുന്നു എന്നു നാം കേള്‍ക്കണം. അപ്പോഴേ അതിന്റെ പൂര്‍ണ്ണത നാം അറിയുകയുള്ളു.” അയാള്‍ അവളെ തുറിച്ചു നോക്കി. അവളുടെ ഉള്ളില്‍ നിന്നും മറ്റൊരു പെണ്‍കുട്ടി പുറത്തേക്കു വരുമ്പോലെ അയാള്‍ക്കു തോന്നി.

“അതെ എല്ലാവരും ഇരട്ടമുഖമുള്ളവരാണ്. നിനക്ക് എന്നേയും ആ കൂട്ടത്തില്‍ കൂട്ടാം.” അവള്‍ തന്റെ ചോദ്യവുമായി ബന്ധമില്ലാത്തതെന്തെല്ലാമോ പറയുന്നു. അവളുടെ ജീവിത കഥ തുടങ്ങാന്‍ അവള്‍ ഒരു പഴുതു തേടുകയാകാം.

“എവിടേയും വെള്ളമാണ്. ആ വെള്ളത്തില്‍ എങ്ങനെ ജിവിക്കാം എന്നുള്ള. അതിജീവനത്തിന്റെ ആദ്യ പാഠം ഇവിടെയുള്ള ഞങ്ങള്‍ തലമുറയായി പഠിച്ചവരാണ്. റോമില്‍ നിന്നാണു നമ്മുടെ യാത്ര തുടങ്ങിയത്. ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അവിടെ നിന്നാണു വന്നത്. ബാര്‍ബേറിയന്‍സ് റോമിനെ കീഴടക്കിയ കാലം; ഓര്‍ക്കണം റോമന്‍ സാമ്രാജ്യത്തെ ഒരു കൂട്ടം കൊള്ളക്കാര്‍ എത്ര മാത്രം ഭയപ്പെട്ടുത്തി എന്ന്!... അന്ന് ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ തങ്ങളുടെ കുടുംബത്തെആ നീചന്മാരില്‍ നിന്നും രക്ഷിക്കാനായി, കിട്ടിയ വള്ളങ്ങളില്‍ തങ്ങള്‍ക്കുള്ളതെല്ലം വലിച്ചുകയറ്റി പലായനം ചെയ്തു. അവര്‍ മുക്കുവന്മാരായിരുന്നു. ഈ ദീപസമൂഹം പണ്ടേ അവരെ ലഹരിപിടിപ്പിച്ചിട്ടുണ്ടാകാം. വെള്ളത്തില്‍ കൂടിയല്ലാതെ ഇവിടെയാര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ല എന്ന സുരക്ഷിത ബോധംഅവര്‍ക്ക് വലിയ ആസ്വാസമായി. ബാര്‍ബേറിയന്‍സ് വെള്ളത്തില്‍ അത്ര മിടുക്കള്ളവരായിരുന്നില്ല എന്നുള്ള തിരിച്ചറിവും അവരെ ഇവിടെ താവളമുറപ്പിക്കാന്‍ പ്രേരിപ്പിച്ചു. തങ്ങളുടെ വള്ളവുംവലയുമായി അവര്‍ ഇവിടെ ജീവിതം ആരംഭിച്ചു. ആദ്യം ഈ കരയില്‍ കാലുകുത്തിയതാരാണ്. ആ യാത്രയില്‍ ആരായിരുന്നു നേതാവ്.അതൊന്നും ഇന്നാരും ചോദിക്കുന്നില്ല. അപ്പോള്‍ അവര്‍ ചരിത്രം സൃഷ്ടിക്കുന്നവരാണന്നവര്‍ക്കു തോന്നിയിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെ അവര്‍ ചരിത്രം എഴുതിയിട്ടും ഉണ്ടാകില്ല” അവള്‍ ഒന്നു നിര്‍ത്തി അയാളുടെ കണ്ണുകളിലേക്കു നോക്കി.

“മുക്കുവന്മാര്‍ മാത്രമായിരുന്നില്ല ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്. പുറപ്പാടിന്റെ സമയത്ത് തങ്ങളുടെ അയല്‍ക്കാരെ അവര്‍ ഉപേക്ഷിച്ചില്ല. അവരും എങ്ങോട്ടെന്നറിയാതെ ഒപ്പം കൂടി. ക്രൂരന്മാരയ കൊള്ളക്കാരില്‍ നിന്നും രക്ഷപെടുക എന്നതു മാത്രമായിരുന്നവരുടെ അപ്പോഴത്തെ ചിന്ത. അവര്‍ വെള്ളത്തില്‍ പരിചയമുള്ളവരായിരുന്നില്ല.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ ദീപസമൂഹത്തില്‍ എങ്ങനെ ജീവിതം പണിതുയര്‍ത്തും എന്നറിയാതെ അവര്‍ പകച്ചു. എന്നാല്‍ മുക്കുവര്‍ക്ക് ജീവിതം വെള്ളത്തിലായിരുന്നു. അതിനാല്‍ അവര്‍ ഭയപ്പെട്ടില്ല. അവര്‍ കിട്ടുന്നതൊക്കെ പങ്കുവെച്ച്. പരസ്പരം താങ്ങയി. മുക്കുവര്‍ മീന്‍പിടിക്കാന്‍ പോകുമ്പോള്‍, മറ്റുള്ളവര്‍ കരയില്‍ അവര്‍ക്കു പാര്‍ക്കാന്‍ കിടപ്പാടങ്ങള്‍ പണിതു. മുക്കുവര്‍ ദൂരെ, ദൂരെ എവിടെ നിന്നൊക്കയോ തടികള്‍ കൊണ്ടുവന്നു. ഉറപ്പില്ലാക്കരയില്‍ അവര്‍നീളമുള്ള തടികള്‍ അടിച്ചു താഴ്ത്തി. ഉറപ്പുള്ള നിലം വരേയും അതു തഴ്ന്നു. ഉപ്പുരസം നിറഞ്ഞ ചളിയില്‍ തടികള്‍ കോണ്‍ക്രീറ്റിനെക്കാള്‍ ബലമുള്ളതായി.അതിനു മീതെ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളെ പണീതു. അതൊരു പുതിയ സാങ്കേതിക വിദ്യയായിരുന്നു. അവര്‍ വെനീസിന്റെ എഞ്ചിനിയറന്മാരായി. ഒരോ ദീപുകളേയും അവര്‍ നടപ്പാലങ്ങളാല്‍ ബന്ധിച്ചു.”

കുട്ടനാട്ടില്‍ തെങ്ങുകള്‍ ചതുപ്പില്‍ അടിച്ചിറക്കി വീടുകള്‍ക്കു തറയൊരുക്കുന്നതോര്‍ത്ത് അയാള്‍ അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.

അയാളുടെ നോട്ടത്തിന്റെ പൊരുളറിയാതെ അവള്‍ തുടര്‍ന്നു: ''ഇനിയും ഞാന്‍ നിന്റെ ചോദ്യത്തിനുത്തരം തന്നില്ല. എന്താണു പറയേണ്ടതെന്നെനിക്കറിയില്ല. അതാണു കാര്യം. ഞാന്‍ വെനീസുകാരിയാണ്. തലമുറകളായി ഞങ്ങള്‍ ഇവിടെത്തന്നെയാണ്. ഒരു കാലത്തിവിടം ലോകവ്യാപാര കേന്ദ്രം ആയിരുന്നുവെന്നറിയാമല്ലോ? ലോകത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നുമുള്ള സുഗന്ധ വര്‍ഗങ്ങളും വിലകൂടിയ പട്ടുതുണിത്തരങ്ങളും, വജ്രം, സ്വര്‍ണം എന്നു വേണ്ട എല്ലാം ഇവിടെ എത്തിയിട്ടായിരുന്നു ലോകത്തിന്റെ പലഭാഗങ്ങളിലേക്കും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് വെനീസിന്റെ പ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു. ഒരോരാജ്യങ്ങളും അവരുടേതായ പുതിയ തുറമുഖങ്ങളില്‍ വ്യാപാരം ഉറപ്പിച്ചു. ഇന്നിവിടെ ഏതാനം കുടില്‍ വ്യവസായങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ചില ഗ്ലാസ് ഫാക്ടറികളും, ലതര്‍ ഉല്പന്നങ്ങളും. ഇവിടെ നിന്നും ജനങ്ങള്‍ വലിയ തോതില്‍ മറ്റു പട്ടണങ്ങളിലേക്ക് കുടിയേറുന്നു. തൊഴിലാണവരുടെ പ്രശ്‌നം.''

''എനിക്കും കുടുംബത്തിനും ഇവിടെ നിന്നൊഴിഞ്ഞു പോകാന്‍ പറ്റില്ല. ഇവിടവുമായി ഞങ്ങള്‍ അത്ര മാത്രം ഒട്ടിപ്പോയി. രണ്ടുമൂന്നു തലമുറകളായി ഞങ്ങള്‍ ടൂര്‍ ഗൈഡുകളാണ്. ഇവിടെ മറ്റെന്തു ജോലി കിട്ടാനാണ്. അമ്മയും, അമ്മുമ്മയും കാട്ടിത്തന്ന വഴികളിലുടെ മുന്നേറുന്നു. . യെല്ലോറ സിനിയോറ, ഞാന്‍ കാടുകയറിപ്പോകുകയാണോ. ഇങ്ങനെയൊക്കേ എനിക്കു പറയാന്‍ പറ്റു. അലകസാന്‍ഡ്രിയ… നിനക്കും കഥകളില്ലെ. തീര്‍ച്ചയായും നിനക്കു കഥകളുണ്ടാകും. പക്ഷേ ഞാനാരോടും കഥള്‍ ചോദിക്കാറില്ല. എന്നാല്‍ നീ പറയാതെ തന്നെ നിന്റെ കഥകള്‍ എനിക്കു പറയാന്‍ പറ്റും. ശാഠ്യക്കാരിയായ നിന്റെ ഭാര്യയെക്കുറിച്ചെന്നോടു പറയണമെന്നു നീ ആഗ്രഹിക്കുന്നു. പക്ഷേ ഞാന്‍ ചോദിക്കില്ല. കഴിഞ്ഞ പത്തു ദിവസമായി ഞാന്‍ അവളെ ശ്രദ്ധിക്കുന്നു. എപ്പോഴൊക്കെ നീ എന്നെ നോക്കിന്നുവോ അപ്പൊഴോക്കെ അവള്‍ ഒരു കൊടും കാറ്റായി നിന്നെ വലിച്ചകറ്റുന്നു. എങ്ങനെയോ എല്ലാവരിലും ഒരു ധാരണയുണ്ട്, ഞങ്ങളെപ്പോലെയുള്ള സ്ത്രികളത്രയും പിഴയാണന്ന്. അവര്‍ അങ്ങനെ കരുതിക്കോട്ടെ...പക്ഷേ നീ ...” മരിയ പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുമ്പേ കൂടെയുള്ളവര്‍ കഫറ്റീരയിലേക്കു വന്നു.

“യെല്ലോറ സിനിയോറ... ഗുഡ്‌മോര്‍ണിങ്ങ്... ഒമ്പതുമണിക്ക് എല്ലാവരും ഹോട്ടല്‍ ലോബിയില്‍ വരണം. ഇന്ന് നമ്മുടെ ഈ ടൂറിന്റെ അവസാന ദിവസമാണ്. ആരും താമസിക്കരുത്” പിന്നെ ഒരു കള്ളച്ചിരിയോട്മരിയ അയാളോടായി വളരെ നേരിയ സ്വരത്തില്‍പറഞ്ഞു, “സൂക്ഷിക്കണം നിന്റെ ഭാര്യ വളരെ കോപത്തിലാണ്.”മരിയ പിന്നെക്കാണാമെന്നു പറഞ്ഞ് അവിടെ നിന്നും പോയി. അയാള്‍ ലൈലയെ തിരിഞ്ഞു നോക്കി. ശരിയാണ്. അവളുടെ കണ്ണുകളില്‍ വെറുപ്പ് കത്തുന്നു. അയാള്‍ക്കതൊരു പുതുമയായി തോന്നിയില്ല. എന്നും അവള്‍ അങ്ങനെ തന്നെ എന്നയാള്‍ ഓര്‍ത്തു.

ജോലിയാണവളുടെ മന്ത്രം. യാത്രകള്‍ അത്രയൊന്നും ഇഷ്ടപ്പെടുന്നില്ല. ചരിത്രവും, ഭൂമിശാസ്ത്രവും അവളുടെ ചിന്തകളില്‍ ഇല്ല. പിന്നെ ഷോപ്പിങ്ങ്, അതെത്രയായാലും അധികമെന്നവള്‍ പറയില്ല. ജോലി, പള്ളി, കുക്കിങ്ങ്, ഷോപ്പിങ്ങ്. ഇതാണവളുടെ ലോകം. ഏക മകന്‍ കോളേജ് ഡോമില്‍ അവന്റെ ഏകാന്തതയെ എങ്ങെനെയൊക്കെ നിറയ്ക്കുന്നു എന്നാരറിയുന്നു. ആദ്യകാലത്ത് പണം വലിയൊരു പ്രീണനമായിരുന്നു. ആര്‍ക്കും ഒന്നും കൊടുക്കാതെ, ദിവസവും ബാങ്കിലെ പാസുബുക്ക് തലയിണക്കീഴില്‍ വെച്ചു കിടന്നുറങ്ങി. ലൈലയെ രണ്ടു ജോലിക്കുവിട്ട് അവളുടെ അടുത്ത 'പേ'ചെക്കിലെ വലിയ തുകയും സ്വപ്നം കണ്ടുറങ്ങി. പെരുകുന്ന പണം ഒരു ലഹരിയായിരുന്നു. പക്ഷേ ഇന്ന് പണം ഒരധികപറ്റായി തോന്നുന്നു. കുടുംബം ഇമ്പമില്ലാത്തതായി. പരസ്പരം കാണാനോ പങ്കുവെയ്ക്കാനോ സമയം ഒന്നില്ലാതായി. യൗവ്വനം എങ്ങനെയോ പുഴകടന്ന് കടലിലേക്കു പതിക്കുന്നു. ഇനി തടയണകള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല. അപ്പോഴാണ് ലോകമെല്ലാം കാണാമെന്ന മോഹം വീണ്ടും ഉണര്‍ന്നത്.

എന്നും ലോകം മുഴുവന്‍ ചുറ്റുന്ന ഒരു സഞ്ചാരി ആകണമെന്നാഗ്രഹിച്ചിരുന്നു. അപ്പന്റെ മൂത്ത മകനെങ്ങനെ ഇറങ്ങിപ്പോകാന്‍ കഴിയുമായിരുന്നില്ല. ഫരീദബാദിലെ, ട്രാക്ടറുകള്‍ ഉണ്ടാക്കുന്ന ഒരു കമ്പിനിയിലെ മെഷിനിസ്റ്റായ അപ്പന്‍, മകനെ ഒരു മെക്കാനിക്കല്‍ എഞ്ചിനിയറാക്കി ഒരു ഫാക്ടറിയില്‍ തളച്ചു. പെങ്ങന്മാരുടെ രണ്ടുപേരുടെയും കല്ല്യാണം കഴിയുന്നതുവരേയും സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിച്ചില്ല. ഒടുവില്‍ വളരെ വൈകി വന്ന അമേരിക്കന്‍ ആലോചനയില്‍ പിടിമുറുക്കി ഇവിടെയെത്തി. ജീവിതത്തിലെ വീണ്ടുവിചാരങ്ങളുടെ കാലം വൈകിയാണെത്താറുള്ളതെന്നു സ്വയം സമാധാനിച്ചു.

''എന്താ ബ്രെയിക്ക്ഫാസ്റ്റ് നന്ദായി പിടിച്ചു എന്നു തോന്നുന്നു.'' അവള്‍ മരിയ ഒഴിഞ്ഞ സ്ഥാനത്തു വന്നിരുന്ന് അവളുടെ പ്ലെയിറ്റിലെ വിഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചോദിക്കുന്നു. അവളുടെ ചോദ്യത്തിലെ കുറ്റിയും, കൊളുത്തും നന്നായി മനസ്സിലായിട്ടും ഒന്നും അറിയാത്തപോലെ അയാള്‍ നടിച്ചു.

''മുട്ടയും ചീസുംകൂടിയുള്ള ആ കൂട്ടിയിളക്കത്ര പിടിച്ചില്ല. പഴങ്ങള്‍ എന്താ ഉള്ളതെന്നു നോക്കട്ടെ...'' കൂടുതല്‍ പറഞ്ഞ് ഇന്നത്തെ ദിവസം നശിപ്പിക്കാതെ അയാള്‍ മെല്ലെ അവിടെ നിന്നും എഴുനേറ്റു. അവളും വിചാരിച്ചു, പത്തു ദിവസത്തെ പരിചയം. വെറും ഒരു കൗതുകം..... അതു നാളക്കൊണ്ടു തീരുമല്ലോ...? അവള്‍ സമാധാനിച്ചു.

''യെല്ലോറ സിനിയോറ... വെനീസിലെ ഏറ്റവും തിരക്കേറിയതും, ഏറ്റവും പ്രാധാന്യം ഉള്ളതുമായ ഒരു സ്ഥലമാണീത്. സെന്റ് മാര്‍ക് സ്‌ക്വയര്‍. സെന്റ് മാര്‍ക്ക് ബെസിലിക്കോ എ.ഡി. തൊള്ളയിരത്തിനും ആയിരത്തി ഒരുനൂറിനും ഇടയില്‍ആണു പണികഴിച്ചതെന്നു കരുതുന്നു. ഏറ്റവും മനാഹരമായ കൊത്തു പണികളാല്‍ തീര്‍ത്ത ഈ പള്ളി വെനീസിന്റെ കാവല്‍ക്കാരന്‍ കൂടിയാണ്. ഈ സ്‌ക്വയറില്‍ എപ്പോഴും തിരക്കാണ്. എല്ലാവിധ കലാപരിപാടികളും ഇവിടെയാണരങ്ങേറുന്നത്. എന്നാല്‍ ഇവിടെ എപ്പോഴാണു വെള്ളം കയറുന്നതെന്നറിയില്ല. വേലിയേറ്റങ്ങളുള്ള ദിവസങ്ങളില്‍ ഇവിടെ അരയൊപ്പം വെള്ളം കാണൂം. ഒപ്പം കടലിലെ കോളിളക്കങ്ങളും ഞങ്ങളെ വെള്ളത്തിലാക്കുന്നു. ഇവിടെ തറയില്‍ പാകിയിരിക്കുന്ന കല്ലുകള്‍ക്കിടയില്‍ വെള്ളം കയറിയിറങ്ങാനുള്ള സംവിധാങ്ങള്‍ ഒരിക്കിയിരിക്കുന്നു. നോക്കിയിരിക്കുന്ന നേരംകൊണ്ട് വെള്ളം അടിയില്‍ നിന്നും മുകളിലേക്ക് തിളച്ചുകയറുന്നപോലെ തോന്നും. എവിടെയും പിന്നെ വെള്ളമാണ്. വെള്ളം ഇറങ്ങുന്നതു അതുപോലെ പെട്ടന്നാണ്.'' മരിയ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. വാക്കിടോക്കിയുടെ ഹിയര്‍പ്ലെഗ് ചെവിയില്‍ തിരുകി അവളുടെ ശബ്ദത്തെ ഉള്ളിലേക്ക് ആവാഹിക്കുന്നു. പറയുന്നതത്രയും ഒരു നാടിന്റെ ചരിത്രം. എന്നാല്‍ ഉള്ളില്‍ അവളുടെ ശബ്ദത്തിന്റെ താളലയങ്ങല്‍ മാത്രമേ എത്തിപ്പെടുന്നുള്ളു.

“ഇനി നമുക്ക് സെന്റ് മാര്‍ക്ക് ബെസേലിക്കയിലേക്ക് പോകാം.” എല്ലാവരും മരിയെ പിന്‍പറ്റി.

“നിങ്ങള്‍ക്കറിയാമോ... സെന്റ് മാര്‍ക്കിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ ഏകദേശം എട്ടാംനൂറ്റാണ്ടിനൊടുവില്‍, ഈജിപ്റ്റില്‍ നിന്നും വെനീഷ്യന്‍ കച്ചവടക്കാര്‍ മോഷ്ടിച്ചുകൊണ്ടുവന്നതാണന്ന്? അതെ, ഈജിപ്റ്റില്‍ അദ്ദേഹത്തിന്റെ കല്ലറ നശിപ്പിക്കപ്പെട്ടപ്പോള്‍, അവിടെയുണ്ടായിരുന്ന വെനീസില്‍ നിന്നുമുള്ള കച്ചവടക്കാര്‍ മര്‍ക്കോസിന്റെഅവശിഷ്ടങ്ങള്‍ പട്ടാളക്കാരെ സ്വാധീനിച്ച്, പന്നിയുടെ നെയ്ക്കൊപ്പം ബാരലില്‍ ആക്കി, ആരും അറിയാതെ ഇവിടെക്കൊണ്ടുവന്ന് ആഘോഷമായിപ്രതിഷ്ഠിച്ചു.”

“വെനീസുകാരനായ സെന്റ് മാര്‍ക്ക് അറിയപ്പെടുന്ന ഒരു വൈദ്യനായിരുന്നു ഇവിടെ നിന്നും റോമിലെ കൊട്ടാര വൈദ്യനായി പോകുകയും, അവിടെനിന്നും ഈജിപ്റ്റില്‍ എത്തുകയും ചെയ്തതാകാം. എന്തായിരുന്നാലും സെന്റ് മാര്‍ക്ക് വെനീസിന്റെ പുണ്യാളന്‍ തന്നെ. ഈ പള്ളിയുടെ ചുമരുകളിലൊക്കെ ഒട്ടേറെപ്പേരെ അടക്കം ചെയ്തിട്ടുണ്ട്. ഈ പള്ളിക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്ന മാര്‍ബിള്‍ നോക്കു, ഒരു കാലത്ത് വെനീസ് എന്തു സമ്പന്നമായിരുന്നു എന്ന് അതു വിളിച്ചു പറയുന്നു. ഇനിയുള്ള സമയം നിങ്ങളുടേതാണ്. വൈകിട്ട് അഞ്ചുമണിക്ക് എല്ലാവരും ഹോട്ടല്‍ ലോബിയില്‍ എത്തണം. അടുത്ത രണ്ടുമണിക്കുര്‍ ഞാന്‍ ഇവിടെയുണ്ടാകും. ഇവിടെ രുചികരമായ ഭക്ഷണം ലഭിക്കും. ഷോപ്പിങ്ങിനുള്ള ഇടങ്ങള്‍ ഉണ്ട്. വീണ്ടും കാണാം.” മരിയ റേഡിയൊ ഓഫാക്കി.
അടുത്തുള്ള റെസ്റ്ററന്റില്‍ നീന്നും ഭക്ഷണത്തിനൊപ്പംകഴിച്ച വൈയിന്‍ അയാളെ ഏറെ ലഘുചിത്തനാക്കി. ഒരൊരോ ചെറു കടകളിലെ കൗതുക വസ്തുക്കളിലേക്കു മറ്റുള്ളവര്‍ തിരിഞ്ഞപ്പോള്‍, അയാള്‍ പ്രീയമുള്ളവളോടു പറഞ്ഞു, നിങ്ങള്‍ തൊട്ടും തലോടിയും ഈ കടയിലുള്ള എല്ലാ സാധങ്ങളോടുമുള്ള ഇഷ്ടം അറീയ്ക്കുമ്പോഴേക്കും ഞാന്‍ അവിടെ തുറസ്സില്‍ അല്പം കാറ്റു കൊള്ളട്ടെ. തീരുമ്പോള്‍ എല്ലാവര്‍ക്കും ഒപ്പം അവിടെക്കു വരുക. അയാള്‍ അവരില്‍ നിന്നും നടന്നകന്നു. വെനീസ് അയാളുടെ ഉള്ളിലെ അനേകം ഓര്‍മ്മകളെ ഉണര്‍ത്തി. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ അപ്പന്റെ വീട്ടില്‍ ജനിച്ചു വളര്‍ന്നവന്, കായലും വെള്ളവും ഒക്കെ എന്നേ നഷ്ടപ്പെട്ടിരുന്നു. കാറ്റില്‍ കടലിന്റെ ചൂരും കായലിന്റെ ഗന്ധവും. അയാള്‍ എല്ലാം മറന്ന് സെന്റ് മാര്‍ക്ക് സ്വകറിലെ ഒരു പടകില്‍ കണ്ണുകള്‍ അടച്ചിരുന്നു.

''നീ സ്വപ്നം കാണുകയാണോ...?''ആരോ അയാളെ തൊട്ടു.തന്റെ പൂര്‍വ്വ പിതാക്കന്മാരാരോ കായല്‍പ്പരപ്പില്‍ നിന്ന് തന്നെ തൊടുന്നപോലെ അയാള്‍ക്കുതോന്നി. അയാള്‍ കണ്ണുകള്‍ തുറന്നു. മരിയ ചിരിക്കുന്നു. ''എവിടെ നിന്റെ കൂട്ടുകാര്‍.''

''അവര്‍ ഷോപ്പിങ്ങിലാണ്.''

''എങ്കില്‍ വരു നമുക്ക് നടക്കാം.'' അവള്‍ പറഞ്ഞു. അവര്‍ നടന്നു. അവള്‍ എന്തൊക്കയോ പറയാന്‍ തയ്യാറെടുക്കുകയായിരുന്നു.

''ഞങ്ങള്‍ ഈ തെരുവിലാണു കളിച്ചു വളര്‍ന്നത്. അവന്റെ വീട്, എന്റെ വീടിനെക്കാള്‍ നാലുവീടുകള്‍ക്കപ്പുറം. സെന്റ് മാര്‍ക്ക് ബസീലിക്ക ഞങ്ങളുടെ ഒളിത്താവളവും, സംഗമസ്ഥലവുമായിരുന്നു. അറിയപ്പെടാത്ത അനേകം വിനോദസഞ്ചാരികള്‍ക്കിടയില്‍ ഞങ്ങള്‍ ഞങ്ങളെ മറന്നോടിക്കളിച്ചു. എന്റെ അമ്മ ഒരു ടൂറിസ്റ്റ് ഗൈഡായിരുന്നു. അമ്മ എന്നേക്കാള്‍ സുന്ദരിയായിരുന്നു. അച്ഛന്‍ പരമ്പരാഗതമായി കിട്ടിയ ഒരു പഴഞ്ചന്‍ ‘ഗോന്‍ഡാല’യുടെ ഉടമയായിരുന്നു. ദിവസം രണ്ടോ മൂന്നോ സഞ്ചാരികളെ കിട്ടിയാല്‍ തന്നെ ഒരു വിധം സുഖമായി കഴിയാം. അച്ഛന്റെ മദ്യത്തോടുള്ള സ്‌നേഹത്താല്‍ ക്രമേണ ആരോഗ്യം നശിക്കയും, തുഴയെടുക്കുമ്പോള്‍ കിതയ്ക്കുന്നവനുമായി അച്ഛന്റെ, കഴിവുകെട്ടവന്‍ എന്ന തോന്നലില്‍ നിന്നും ആരംഭിക്കുന്ന കുടുംബകലഹം ഒരു നിത്യസംഭവമായി മാറി. ദിവസങ്ങള്‍ കഴിയും തോറും അച്ഛന്റെ സ്വരം മാറി. അമ്മ രാവിലെ പോകുന്നതത്രയും അവിഹിതത്തിനാണന്നു പറഞ്ഞു. എന്നിട്ടും അമ്മ ഒന്നുമറിയാത്തവളെപ്പോലെ, അച്ഛനു പ്രിയമുള്ള വിസ്‌കി ഒരിക്കലും മുടക്കിയില്ല. എനിക്കു മൂത്ത രണ്ടുപേര്‍ ഫ്‌ളോറന്‍സിലേക്കും റോമിലേക്കും തൊഴില്‍ തേടിപ്പോയി. പിന്നെ അവരെക്കുറിച്ചൊന്നും അറിയാതെയായി.”
അവള്‍ അയാളുടെ കൈ കോര്‍ത്തു പിടിച്ചു. “ഞങ്ങള്‍ ഇങ്ങനെയാണിവിടെ നടന്നിരുന്നത്. നിന്നെ ആദ്യം റോമിലെഹോട്ടല്‍ ലോബിയില്‍ കണ്ടപ്പോളെ എന്റെ ഉള്ളൊന്നു കിടുങ്ങി. അവന്‍ തിരിച്ചു വന്നപോലെ എനിക്കു തോന്നി. ഞാന്‍ ഒന്നും അലോചിക്കാതെയാണു നിന്നെ അലക്‌സാന്‍ഡ്രിയ എന്നു വിളിച്ചത്. കഴിഞ്ഞ പത്തുദിവസമായി നീ എനിക്കു തന്ന സന്തോഷം എത്രയെന്നു നിനക്കറിയില്ല. നാളെ നമ്മള്‍ പിരിയേണ്ടവര്‍.” അവള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. അവളുടെ ഉള്ളില്‍ കെട്ടിക്കിടക്കുന്ന ദുഃഖമത്രയും പുറത്തേക്കൊഴുകുമ്പോലെ.

“ഹൈസ്‌കൂള്‍ കഴിഞ്ഞ ഞങ്ങള്‍ ഒരു തൊഴിലിനെക്കുറിച്ചു ചിന്തിച്ചു. ഞാന്‍ അമ്മയുടെ വഴി സ്വീകരിച്ചു. അവന്‍ ഒരു ഒരു വാട്ടര്‍ ടാക്‌സി ഡ്രൈവര്‍. മറ്റു ജോലികളൊന്നും അത്ര എളുപ്പമായിരുന്നില്ല. അവന്‍ അവന്റെ ജോലി ഇഷ്ടപ്പെട്ടു. കഷ്ടിച്ച് ഒരു മാസമേ ആയിട്ടുള്ളു ജോലി തുടങ്ങിയിട്ട്. ഒരു ദിവസം രാവിലെ ദിവസവും അവനെ ഓവര്‍ടേക്കു ചെയ്യുന്ന മറ്റൊരു കമ്പിനിയുടെ ഡ്രൈവര്‍ക്കൊപ്പം മത്സരിച്ചോടിയതാണ്. ചീറിപ്പായുന്ന വള്ളങ്ങള്‍ സൃഷ്ടിച്ച ഓളവും കടലിലെ കാറ്റും അവനു പ്രതികൂലമായി. അവന്‍ കീഴ്‌മേല്‍ മറിഞ്ഞു. നല്ലൊരു നീന്തല്‍ക്കാരനായിരുന്നിട്ടും അവനു രക്ഷപെടാന്‍ കഴിഞ്ഞില്ല. അവന്റെ കാല്‍ ബോട്ടിലെ സീറ്റിനിടയില്‍ കുടുങ്ങി ഒടിഞ്ഞിരുന്നു. എന്റെ ജീവിതം ഒരിക്കലും തിരിച്ചുവരാത്ത അവനുവേണ്ടിയും, എപ്പോഴും വഴക്കിടുന്ന എന്റെ മതാപിതാക്കള്‍ക്കുവെണ്ടിയുമായി. ഒഴിവുള്ള ദിവസങ്ങളില്‍ ഇവിടെ വന്നിരിരുന്ന് വെറുതെ വെള്ളത്തോടു തേങ്ങും. അവനെ മടക്കിക്കൊണ്ടുവരാമോ എന്നു ചോദിക്കും. ഓളങ്ങള്‍ക്കൊപ്പം ഞാനും ചോദ്യത്തിന്റെ നിരര്‍ത്ഥകതയെ ഓര്‍ത്തു ചിരിക്കും. നീ ഇപ്പോള്‍ ചിന്തിക്കുന്നതെന്താണന്നെനിക്കറിയാം. പലരും എന്നോട് അവര്‍ക്കൊപ്പം ചെല്ലാന്‍ പറഞ്ഞു. പക്ഷേ എനിക്കറിയാം, അവര്‍ക്കു വേണ്ടത് എന്റെ ശരീരമാണ്. അതിനുള്ളിലെ എന്നെ അവര്‍ക്കു വേണ്ട.” അവള്‍ തന്റെ മനസ്സു വായിക്കുക ആണല്ലോ എന്നറിഞ്ഞ് അയാള്‍ അവളെ നോക്കി.
“സാരമില്ല...നീ എന്തിനു സങ്കടപ്പെടുന്നു. ഞാന്‍ എങ്ങോട്ടും പോകുന്നില്ല. അല്ല എനിക്കു പോകാന്‍ കഴിയില്ല. ഒരു പെഗ് മദ്യത്തിനുവേണ്ടി കലഹിക്കുന്ന എന്റെ അപ്പനേയും അമ്മേയും ഞാന്‍ ഉപേക്ഷിക്കില്ല. നിനക്കറിയാമോ, നാലു തലമുറകള്‍ക്കപ്പുറം ഞങ്ങള്‍ ഇവിടെ വലിയ വ്യാപാരികളായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുവന്ന് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യും. ഒരു മുത്തച്ഛന്‍ കറുത്ത പൊന്നുതേടി ഇന്ത്യയിലേക്കുപോയി. കിഴക്കിന്റെ വെനീസയാ ആലപ്പുഴയിലെ വിശേഷങ്ങള്‍ക്കൊപ്പം ചാക്കുകണക്കിനു കുരുമുളകുമായി ഇവിടെ എത്തി, ഞങ്ങള്‍ ധനികരായി. ഇവിടെ സ്വന്തമായി കെട്ടിടങ്ങളുണ്ടായി. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന രണ്ടുമുറി വീടും താവഴിയായി എന്റെ അപ്പനു കിട്ടിയ വിഹിതമാണ്.ഇതൊക്കെ പറഞ്ഞു കേട്ട കഥകളാണ്.ഒരോ യാത്രയിലും ആ മുത്തച്ഛന്റെ തിരിച്ചുവരവിന്റെ ദൈര്‍ഘ്യംകൂടിക്കുടി പിന്നെ മടങ്ങി വന്നതേയില്ല. നീ കേരളിയനാണന്നു നിന്റെ യാത്രാ രേഖകളില്‍ നിന്നും ഞാന്‍ അിറഞ്ഞു. കിഴക്കിന്റെ വെനിസായ ആലപ്പുഴയെ അറിയാത്ത കേരളിയനോ…? അതാണു ഞാന്‍ ഈ കഥ നിന്നോടു പറഞ്ഞത്. ഒരു വേള നിന്റെ നാട്ടില്‍ അതു സംബന്ധമായ എന്തെങ്കിലും കഥകള്‍....?” അവള്‍ ഫോണില്‍ നിന്നും ഒരു വരചിത്രം കാണിച്ചു.
അലക്‌സാന്‍ഡ്രിയ എന്നവള്‍ അനുകമ്പ നിറഞ്ഞ സ്വരത്തില്‍ വിളിച്ച. അയാള്‍ വിയര്‍ത്തു. ഇതുപോലൊരു ചിത്രം അപ്പന്‍ പുരയുടെ ചുവരില്‍ ഏറെക്കാലും തൂക്കിയിരുന്നത് അയാള്‍ ഓര്‍ത്തു. അപ്പന്‍ അഭിമാനത്തോട് പറയുന്ന കാനായി തൊമ്മന്റെ പരമ്പര ഇതാ ഇവിടെ കൂട്ടിമുട്ടിയിരിക്കുന്നു. മുറിഞ്ഞ ഒരുകണ്ണി കണ്ടെത്തിയവനെപ്പോലെ അയാള്‍ സ്വയം വെളിപ്പെടുത്താതെ നടന്നു.

“മരിയ നീ എനിക്കാര്...?”

Facebook Comments

Comments

 1. josecheripuram

  2021-02-27 15:29:58

  A well written, interesting short story, with an unpredictable end. As we all scattered all over the world, who knows who is related whom. This can happen to our future generations. All the best Samsy bro. Keep writing, we are here to read& comment.

 2. RAJU THOMAS

  2021-02-27 12:58:45

  I m sorry for a mistake: the reference is to the illustrious short story writer and novelist John Mathew, Houston. 'ജോൺ മത്തായിയുടെ' എന്നത് 'ജോൺ മാത്യുവിൻറെ' എന്നു വായിക്കുക.

 3. രാജു തോമസ്

  2021-02-27 12:46:52

  നല്ല ഭാവന ! കൊടുത്തിരിക്കുന്ന ചരിത്രവും ഭൂമിശാസ്ത്രവും ശരിയും പ്രയോജനകരവുമാണ്. സാംസി ശരിക്കും വെനീസ് പോയിക്കണ്ടിരിക്കണം. ഒരു സംശയം: പടിഞ്ഞാറുള്ള റോമിൽനിന്ന് കിഴക്കുള്ള വെനീസിലെത്താൻ തെക്കോട്ടുപോയി ഇറ്റലി മുഴുവൻ ചുറ്റി പിന്നെ വടക്കോട്ടു പോയെന്നോ, അതും വള്ളത്തിൽ! അവസാനത്തെ ആ തായ്‌വഴി ബന്ധിക്കൽ വായിച്ചപ്പോൾ, ശ്രീ ജോൺ മത്തായിയുടെ 'ഭുമിക്കുമേലൊരു മുദ്ര' എന്ന നോവലിൻറെ അവസാനം, ഒരു മലയാളിയുടെ കുടുംബവേര് ബ്രസീൽവരെ നീണ്ടത് ഓർത്തു..

 4. നിദ്രാ വിഹീന രാത്രികൾ! വെനീസിലെ പെണ്ണ് വരുത്തിവെച്ച വിനകൾ! ഒരു പെനിപോലും മുടക്കാതെ മുഖപട്ട കെട്ടി പ്ലെയിനിൽ ഇരിക്കാതെ വെനീസിൽ എത്തിച്ച സാംസിക്കു നന്ദി. പിന്നെ ഒരു സുന്ദരിയുടെ കൂടെ ബ്രെക്ക്ഫാസ്റ്റും, എന്താണ് ഞാൻ കഴിച്ചത് എന്നുപോലും ഓർമ്മയില്ല, അവളാണ് മനസ്സു നിറയെ. '' ഓമലാളേ കണ്ടുഞ്ഞാൻ പൂംകിനാവിൽ, താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ; ഞാൻ തൊഴുന്ന കോവിലിലെ റാണിയാണവൾ, ......എന്നൊക്കെ പല തവണ പാടി, പൂംകിനാവിൽ ഇതുവരെ അവൾ വന്നില്ല, ഉറക്കം വന്നിട്ട് വേണ്ടേ കിനാവ് കാണാൻ!. മാട പ്രാവേ വാ! കൂട് കൂട്ടാൻ വാ! -അങ്ങനെ അറിയാവുന്ന പാട്ടുകൾ ഒക്കെ പാടി, എന്നാൽ ഇതുവരെ അവൾ വന്നില്ല. ഇനിയും ഒരിക്കൽ കണ്ടുമുട്ടും എന്ന് ഓർത്തു നിദ്രാ വിഹീനൻ ഞാൻ....andrew

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സാമൂഹ്യബോധം (രാജൻ കിണറ്റിങ്കര)

പേരില്ലാത്തവർ ( കഥ : ശാന്തിനി ടോം )

ജി. രമണിയമ്മാൾ രചിച്ച ഗ്രഹണം - നോവൽ പ്രകാശനം ചെയ്‌തു

കറുത്ത (ജന്മ) ദിനം (കവിത - സോജി ഭാസ്‌കര്‍)

ചേക്കേറുന്ന പക്ഷികൾ (രാജൻ കിണറ്റിങ്കര)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കൽ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

കനൽ: കവിത, ഷാമിനി

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒടുവിലായൊരിക്കൽ കൂടി (അർച്ചന ഇന്ദിര ശങ്കർ)

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

View More