Image

തോല്‍ക്കാതെ (കവിത: ആറ്റുമാലി)

Published on 02 March, 2021
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
പരാജയഭീതി നിഴല്‍പോലെ
ഒപ്പം കൂടിയിരിക്കുന്നു
തോറ്റില്ല: തോല്‍ക്കാന്‍ പാടില്ല.
വഴുവഴുപ്പുള്ള പാറയില്‍
കാലുകള്‍ ഉറയ്ക്കുന്നില്ല.
എങ്ങാനും കാല്‍ വഴുതിയാല്‍!
താഴേക്ക് നോക്കിയിട്ട് പേടിയാകുന്നു.
മരിക്കാന്‍ ഭയപ്പെട്ടിട്ടല്ല.
എന്തിനിപ്പോള്‍ മരിക്കണം?
ജീവിതം വലിച്ചെറിയാനുള്ളതല്ലല്ലോ:
ജീവിച്ച് പൂര്‍ത്തീകരിക്കാനുള്ളതല്ലേ!
പിന്നിട്ട വഴികള്‍!
ശിരസ്സിലേറ്റിയ മുള്‍ക്കിരീടങ്ങള്‍.
വനവാസം. അരക്കില്ലങ്ങള്‍....
എല്ലാം എല്ലാം അതിജീവിച്ചു;
വിശ്വസിക്കാനാവുന്നില്ല.
ഒട്ടേറെ തവണ വീണെങ്കിലും
അപ്പോഴെല്ലാം എഴുന്നേറ്റു.
പലപ്പോഴും പതറിപ്പോയി;
എങ്കിലും ധൈര്യം വീണ്ടെടുത്തു.
തോല്‍ക്കാനായിരുന്നെങ്കില്‍
അത് എന്നേ ആകാമായിരുന്നു!
പ്രതിസന്ധികള്‍ ഒടുങ്ങുന്നില്ല.
പേടിപ്പെടുത്തുന്ന കരിമ്പാറകള്‍.
നിഗൂഢതകളുടെ നിബിഡ വനങ്ങള്‍....

ഏറെ ദൂരം പോകാനുണ്ട്;
ഏറെ കടമ്പകള്‍ ബാക്കിയുണ്ട്.
തോല്‍ക്കാനാവില്ലല്ലോ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക