Image

ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്: കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം

Published on 05 March, 2021
ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്: കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം

തിരുവനന്തപുരം : ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം.  

തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധ:പ്പതിച്ചിരിക്കുന്നു. ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്. യു.ഡി.എഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നല്‍കും. പ്രതികളിലൊരാള്‍ കോടതിയില്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞതാണെന്ന രീതിയില്‍ മാസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് പ്രസ്താവന നല്‍കുന്നതിന്റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണെന്നും പ്രസ്താവനയില്‍് പറയുന്നു. 

കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയ അടിസ്ഥാനരഹിത ആരോപണങ്ങള്‍ കോടതികളില്‍ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ.ഡിയും കസ്റ്റംസും സി.ബി.ഐയും ചെയ്യുന്നത്. 

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ വന്ന ഏജന്‍സികള്‍ക്ക് ഇതുവരെയും അതു സംബന്ധിച്ച ഒന്നും തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പുകമറകള്‍ സൃഷ്ടിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയതാണ്. അതില്‍ നിന്നും പാഠം പഠിക്കാതെ തരം താണ കളിക്ക് നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും പ്രസ്താവന പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക