Image

കേരളത്തിലും അസമിലും കോണ്‍ഗ്രസിന് സാധ്യത; പ്രചാരണം ശക്തമാക്കും

Published on 06 March, 2021
കേരളത്തിലും അസമിലും കോണ്‍ഗ്രസിന് സാധ്യത; പ്രചാരണം ശക്തമാക്കും
ന്യൂഡല്‍ഹി : കേരളത്തിലും അസമിലും പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. ഭരണത്തിലെത്താന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ സര്‍വ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് ഊന്നല്‍ നല്‍കും.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പ്രചാരണ സമ്മേളനങ്ങളേറെയും കേരളവും അസമും കേന്ദ്രീകരിച്ചാകും. കേരളത്തിലെ തീരദേശത്തു രാഹുലും അസമിലെ തോട്ടം മേഖലയില്‍ പ്രിയങ്കയും നടത്തിയ പ്രചാരണം പാര്‍ട്ടിക്ക് ഉണര്‍വേകിയെന്നു കണക്കുകൂട്ടുന്ന ഹൈക്കമാന്‍ഡ്, സമാനരീതിയില്‍ ഇരുവരുടെയും കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഗ്രൂപ്പ് വ്യത്യാസം മാറ്റിവച്ച്, ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ പ്രചാരണത്തില്‍ സജീവമായി ഇടപെടാന്‍ ഒരുക്കമാണെന്നു സംസ്ഥാന നേതൃത്വത്തെ രാഹുല്‍ അറിയിച്ചിട്ടുണ്ട്.

രാഹുല്‍ ഉള്‍പ്പെട്ട നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതിയെ ചോദ്യം ചെയ്ത ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കളുടെ വായടപ്പിക്കാനും കോണ്‍ഗ്രസിലെ ഔദ്യോഗിക പക്ഷത്തിനു വിജയം അനിവാര്യമാണ്.

അസം തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ധനമന്ത്രി ഹിമന്ത ബിശ്വശര്‍മ, സംസ്ഥാന പ്രസിഡന്റും മുന്‍ സ്പീക്കറുമായ രഞ്ജിത് കുമാര്‍ ദാസ് എന്നിവര്‍ പട്ടികയിലുണ്ട്. മുഖ്യമന്ത്രി ആദ്യ ഘട്ടത്തിലും മറ്റു 2 പേര്‍ 3ാം ഘട്ടത്തിലുമാണ് മത്സരിക്കുന്നത്. 3 വനിതകളുള്‍പ്പെടെ 70 പേരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ 3 ഘട്ടങ്ങളിലായാണ് അസമില്‍ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ഉന്നത നേതാക്കള്‍ പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക