Image

കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)

Published on 06 March, 2021
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ പലരും അരനൂറ്റാണ്ടായി രാഷ്ട്രീയരംഗത്ത് സജീവമായ വ്യക്തിത്വങ്ങളാണ്.പിൻഗാമികൾക്കായി അവർ വഴിമാറി കൊടുക്കേണ്ട സമയമാണിത്. രണ്ട് തലമുറകളോ അതിൽ കൂടുതലോ ആയി നേതൃസ്ഥാനത്ത് തുടരുന്നവർ, പിന്നാലെ വരുന്ന ചെറുപ്പക്കാർക്ക് ലഭിക്കേണ്ട അവസരം നഷ്ടപ്പെടുത്തുന്നു. നേതാക്കളിൽ ഭൂരിഭാഗവും കേരളത്തിലെ ജനങ്ങളെ മികച്ച രീതിയിൽ സേവിക്കുകയും ജനക്ഷേമത്തിനായി  അശ്രാന്തം പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് എന്നതിൽ സംശയമില്ല. അതിന് കേരളത്തിലെ ജനങ്ങൾ അവരോടെന്നും കടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, കാലത്തിന്റേതായ മാറ്റം അനിവാര്യമാണ്. വളർന്നുവരുന്ന കേരളത്തെ പ്രതിനിധീകരിക്കാൻ പുതിയ മുഖങ്ങൾ, പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും, മുന്നോട്ടു വരണം.

ജീവിതം ക്ഷണികമാണെന്നാണ് പറയപ്പെടുന്നത്. നിർദ്ദിഷ്ട ഘട്ടം എത്തുന്നതോടെ മനുഷ്യജീവിതം പരിമിതപ്പെടും. പ്രായം കൂടുന്നതിന് അനുസൃതമായി ഉണ്ടാകുന്ന കുറവുകൾ ഒരു  വസ്തുത തന്നെയാണ്. കാര്യങ്ങൾ ഗ്രഹിക്കാനും ഓർത്തെടുക്കാനും പ്രയാസം നേരിടുന്നതും, മുൻപത്തേതു പോലെ ഭാഷ വഴങ്ങാതെ വരുന്നതും, പ്രവർത്തനക്ഷമത കുറയുന്നതുമെല്ലാം  പ്രായാധിക്യം കൊണ്ട് എല്ലാ മേഖലകളിലും സാധാരണയായി കണ്ടുവരുന്നതാണ്. എന്നാൽ, ജൈവീകമായി ആർജ്ജിച്ച സ്വഭാവ സവിശേഷതകൊണ്ട്, ഈ നിയമത്തിന് അപവാദമായി ചിലർ സ്വന്തം കർമ്മരംഗത്ത് ഊർജ്വസ്വലരായി തുടരും.

അടുത്തിടെ നടന്ന ഒരു ചർച്ചയിൽ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയക്കാരൻ 'ആലത്തൂർ മോഡലിനെ'കുറിച്ച് പരാമർശിക്കുന്നത് കേൾക്കാൻ ഇടയായി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ, സിപിഎം കോട്ടയിൽ അതിശയകരമായ വിജയം സ്വന്തമാക്കിയ കോൺഗ്രസിന്റെ യുവ സ്ഥാനാർഥി രമ്യ ഹരിദാസിനെ പറ്റിയായിരുന്നു പരാമർശം. കോൺഗ്രസ് പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധി, കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് രമ്യയെ മത്സരാർത്ഥിയായി തിരഞ്ഞെടുക്കുന്നത്. അത്തരമൊരു ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ, ഒരുപക്ഷേ ഞാൻ ഉൾപ്പെടെ ആരും ഒരിക്കലും അവരുടെ പേര് കേൾക്കുമായിരുന്നില്ല.

രമ്യയെ ലോക്സഭയിലേക്ക് അയയ്ക്കാൻ ആലത്തൂരിലെ വോട്ടർമാരെ പ്രേരിപ്പിച്ചത് എന്താണെന്ന് ചോദിച്ചാൽ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാം. പുതിയ സ്ഥാനാർത്ഥിയിൽ ജനങ്ങൾ പുലർത്തുന്ന പ്രത്യാശ എടുത്തു പറയാവുന്ന ഘടകമാണ്.  കൂലിത്തൊഴിലാളിയായ അച്ഛന്റെയും തയ്യൽക്കാരിയായ അമ്മയുടെയും മകൾ എന്നത് എളിയ ജീവിത പശ്ചാത്തലമുള്ള വ്യക്തി എന്ന പരിഗണന നൽകിയതോടെ സാധാരണക്കാർക്ക് അവരിലൊരാൾ എന്ന തോന്നൽ ജനിപ്പിച്ചു. ഗായികയായതും ഏറെ ഗുണം ചെയ്തു.  പ്രചാരണ വേദികളിൽ പ്രസംഗത്തോടൊപ്പം , രമ്യയുടെ ശ്രുതിമധുര ഗാനങ്ങൾ ആസ്വദിക്കാനും കഥകൾ കേൾക്കാനും ആളുകൾ ഒഴുകിയെത്തി. പാർട്ടിയുടെ ആശയങ്ങൾക്കായി സമർപ്പിക്കപ്പെട്ട മാതൃകാപരമായ പൊതുപ്രവർത്തകയാണ് താനെന്ന് തെളിയിക്കാൻ സാധിച്ചതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. 

ലോകമെമ്പാടുമുള്ള സമൂലമായ മാറ്റങ്ങൾ ആശ്വാസകരമാണ്. മുമ്പൊരിക്കലുമില്ലാത്തവിധം  ഒന്നല്ലെങ്കിൽ വേറൊരു തരത്തിൽ സാങ്കേതികവിദ്യകൾ, ലോകത്തെ മാറ്റിമറിക്കുന്നു. സംഘടനയിലായും സമൂഹത്തിലായാലും തലമുറകൾ മാറുന്നതിനനുസരിച്ച്  മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കാലാകാലങ്ങളിൽ വ്യത്യസ്ത മൂല്യങ്ങളും സവിശേഷതകളും ഉള്ള പുതിയ ആളുകൾ മുന്നോട്ടു വരുന്ന സാഹചര്യത്തിലാണ് ഇത്തരം പരിവർത്തനം സാധ്യമാകുന്നത്. അതുകൊണ്ടു തന്നെ, വെറുതെ അലസമായിരുന്നാൽ അവസരം തേടിയെത്തുമെന്ന് കരുതുന്നതിൽ അർത്ഥമുണ്ടോ?

ഇന്നത്തെ നമ്മുടെ നേതാക്കളിൽ നല്ലൊരു ശതമാനവും കംപ്യൂട്ടർ സാക്ഷരത ഇല്ലാത്തവരാണ്. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം ഇ-മെയിലുകൾ നോക്കാൻ പോലും അറിയാത്ത നിരവധി നേതാക്കളുണ്ട്. ഉടനടി നടപടി എടുക്കേണ്ട പല കാര്യങ്ങളും ആശയവിനിമയ രംഗത്തുള്ള ഇത്തരം പ്രാഗത്ഭ്യക്കുറവ് മൂലം ശ്രദ്ധിക്കപ്പെടാതെയും പ്രതികരണം ലഭിക്കാതെയും  തുടരുന്നതിൽ അതിശയപ്പെട്ടിട്ട് കാര്യമില്ല.  മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാനും ചുറ്റുപാടുകളെക്കുറിച്ച് വ്യക്തമായ ധാരണ പുലർത്താനും കഴിയാത്തവർക്ക് ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവസരോചിതമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുന്നത് തികഞ്ഞ പരാജയമാണ്.

കാലത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞ്, കുതിച്ചുപായുന്ന സാമൂഹിക മാറ്റങ്ങൾക്കൊപ്പം ഓടിയെത്താൻ ചുറുചുറുക്കുള്ള പുതിയ നേതൃനിരയാണ് നമുക്ക് വേണ്ടത്.  കോൺഗ്രസ് പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ സ്വഭാവഗുണത്തിനും സമഗ്രതയ്ക്കും അതുപോലെ തന്നെ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.
 ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയ രംഗം പരിശോധിച്ചാൽ, നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ച് ബിജെപി ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നത് കാണാം. കോൺഗ്രസ് എം‌എൽ‌എമാർ മറുകണ്ടം ചാടി സർക്കാരിനെ താഴെയിറക്കിയ പുതുച്ചേരിയിലേതാണ് രാജ്യം ഈ ശ്രേണിയിൽ സാക്ഷ്യം വഹിച്ച ഏറ്റവും ഒടുവിലത്തെ സംഭവം.  ബിജെപിയുടെ തന്ത്രത്തെ എത്രമാത്രം രൂക്ഷമായി കുറ്റപ്പെടുത്താൻ കഴിയുമോ, അതിനേക്കാൾ ഹീനമായ അപരാധമാണ് ഈ പറയുന്ന നിയമസഭാ സാമാജികർ ചെയ്തിരിക്കുന്നത്. തങ്ങളുടെ ചൊൽപ്പടിക്ക് വഴങ്ങാത്തവരെ നേരിടാൻ ബിജെപി യുടെ കയ്യിൽ ചില ആയുധങ്ങളുണ്ട്. എം എൽ എ മാരുടെ ബലഹീനത മനസ്സിലാക്കിക്കൊണ്ട് കരുക്കൾ നീക്കുന്നതാണ് ഇതിൽ പ്രധാനം. കേന്ദ്ര ഏജൻസികളെക്കൊണ്ട് എംഎൽഎ- മാർ നടത്തിയ അഴിമതി, നിയമവിരുദ്ധമായ സമ്പാദ്യങ്ങൾ , മറ്റ് കുറ്റകൃത്യങ്ങൾ‌ എല്ലാം അന്വേഷിച്ചു വച്ചിട്ടുള്ള ബിജെപി, തങ്ങളെ എതിർക്കുന്നവരുടെ രഹസ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണി മുഴക്കുമ്പോൾ തന്നെ കാര്യങ്ങൾ അനുകൂലമാകും.

ബിജെപിയെയോ സിപിഎമ്മിനെയോ പോലെ കോൺഗ്രസ് ഒരു കേഡർ ( ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന) പാർട്ടിയല്ല.  സംഘടനയുടെ അപര്യാപ്തതകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് താഴെത്തട്ടിലുള്ള സാധാരണക്കാരുമായും തൊഴിലാളികളുമായും ബന്ധപ്പെടുന്നതിന് പാർട്ടി, സേവാ ദൾ  അല്ലെങ്കിൽ ഐ‌എൻ‌ടിയുസി പോലുള്ള നിരവധി ഉപ ഗ്രൂപ്പുകൾ തുടങ്ങിയത്. ഇന്ന്, ഈ ഉപവിഭാഗങ്ങൾ പേരിന് നിലനിൽക്കുന്നു എന്നല്ലാതെ തീരെ പ്രസക്തമല്ല. പാർട്ടിയുടെ തത്ത്വചിന്തകൾ സൈദ്ധാന്തികമാക്കുന്നതിനും എഴുതി തയ്യാറാക്കുന്നതിനും ആ ആശയങ്ങൾ യുവതലമുറയുടെ മനസ്സിലേക്ക് പകർന്നു കൊടുക്കുന്നതിനും 
നിരവധി ബുദ്ധിജീവികൾ കോൺഗ്രസ് പാർട്ടിയിലും ഉണ്ടായിരുന്നു, പ്രമുഖ നേതാക്കൾ രാജ്യത്തുടനീളം പഠന ക്ലാസുകളോ യൂത്ത് ക്യാമ്പുകളോ സംഘടിപ്പിച്ച് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും തത്വചിന്തകൾ പഠിപ്പിക്കുമായിരുന്നു.  ഇക്കാര്യത്തിൽ പാലാ കെ.എം. മാത്യു, എം. എ.ജോൺ അടക്കം ഒരുപാട് പ്രഗത്ഭ നേതാക്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. യുവാക്കളുടെ ചിന്തയെ പ്രബുദ്ധമാക്കുന്നതിനും ജനസേവനത്തിലേക്ക് അവരെ വഴിതിരിച്ചു വിടുന്നതിലും സ്തുത്യർഹമായ സംഭാവനകളാണ് ഇവർ നൽകിയത്. ഉയർന്ന ധാർമ്മിക നിലവാരം പുലർത്തുന്നതിൽ മറ്റുള്ളവർക്ക് ജീവിക്കുന്ന മാതൃകളായിരുന്നു ആ നേതാക്കൾ.

 ഇന്ന് കേരളത്തിലെ രാഷ്ട്രീയം തകർന്നിരിക്കുകയാണ്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പേരിലെ മത്സരം മൂലമുണ്ടായ ഭിന്നിപ്പുകൊണ്ട് മാത്രമല്ല, ധാർമ്മികതയുടെ അഭാവം കൊണ്ടുകൂടിയാണ് രാഷ്ട്രീയരംഗം ഈ അവസ്ഥയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.
ആശയത്തോടുള്ള  പ്രതിബദ്ധത കൊണ്ടോ പ്രത്യേകമായ എന്തെങ്കിലും ലക്ഷ്യത്തിന് വേണ്ടിയോ സർക്കാരിലേക്ക് ആളുകൾ ആകൃഷ്ടരാകുന്ന കാലമൊക്കെ കഴിഞ്ഞു. സ്ഥാനാർത്ഥിത്വം ലഭിക്കുന്നതിന് പരിഗണിക്കപ്പെടുന്നതുപോലും കൂടുതൽ പണം കെട്ടിവയ്ക്കാൻ തയ്യാറാവുകയും ആ നഷ്ടം നികത്താനും തനിക്കും വരും  തലമുറകൾക്കും സമ്പാദിച്ചുകൂട്ടാനും കെൽപ്പുള്ളവരായിരിക്കും. പണത്തോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള ഇത്തരം കോൺഗ്രസുകാരെയാണ് ബിജെപി നിഷ്പ്രയാസം വിലയ്‌ക്കെടുത്ത് വിജയം ഉറപ്പിക്കുന്നത്.

നിലവിൽ ഇന്ത്യൻ  ജനസംഖ്യയുടെ 50 ശതമാനവും  25 വയസ്സിനു താഴെയാണെന്നും 65 ശതമാനത്തിലധികവും 35 വയസ്സിനു താഴെയുള്ളവരാണെന്നും രാഷ്ട്രീയക്കാരുടെ നാവിൽ നിന്ന് തന്നെ നമ്മൾ ആവർത്തിച്ച് കേൾക്കുന്നുണ്ട്.  2020 ൽ ഒരു ഇന്ത്യക്കാരന്റെ ശരാശരി പ്രായം 29 വയസ്സായിരുന്നു. ഇങ്ങനൊരു രാജ്യത്ത്, നിയമസഭാ സീറ്റുകളുടെ 40% യുവജനങ്ങൾക്കായി അനുവദിക്കുന്നതിൽ എന്തുകൊണ്ടാണ് ഇത്രയും വിമുഖത?  സർഗ്ഗാത്മകശക്തിയുള്ള പുതുമകളുടെ ഉറവിടമായ ഏതൊരു രാഷ്ട്രീയ വ്യവസ്ഥയിലും ചടുലമായ മാറ്റങ്ങൾ കൈവരിക്കാനാകും. അവരുടെ അനന്തമായ സാധ്യതകൾക്ക് മുന്നിൽ അവസരങ്ങളുടെ വാതായനങ്ങൾ തുറന്നുകൊടുക്കാത്തത് ദുഃഖകരമാണ്.

ആരോ അടുത്തിടെ ചോദിച്ചു, 'എന്താണ് വനിതാ സ്ഥാനാർത്ഥികളുടെയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും ദൗർലഭ്യത്തിന് കാരണം? സ്ത്രീകൾക്ക് താൽപ്പര്യമില്ലാത്തതുകൊണ്ടാണോ അതോ രാഷ്ട്രീയ വ്യവസ്ഥ അത്തരത്തിൽ പ്രതികരിക്കാത്തതുകൊണ്ടാണോ ഇത് അസാധ്യമാകുന്നത് ?'  
ഒരു സ്ത്രീ  അധ്യക്ഷ സ്ഥാനം വഹിക്കുന്ന കോൺഗ്രസ് പോലൊരു പാർട്ടിക്ക്, മത്സരരംഗത്ത്  വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്! എല്ലാ സീറ്റുകളുടെയും 33% സ്ത്രീകൾക്ക് അനുവദിക്കുന്നതിനെ കുറിച്ച് വീരവാദം മുഴക്കുന്ന പാർട്ടി, രാജ്യവ്യാപകമായി അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്ന ആശയത്തിന് മുന്നിൽ മൗനം ഭജിക്കുന്നു. അടുത്തിടെ നടന്ന പഞ്ചായത്ത് / മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ തടസ്സങ്ങളെ അവഗണിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധത കാണിച്ചത് ശുഭസൂചനയാണ്. സ്ത്രീകളുടെ സജീവ പങ്കാളിത്തം മനുഷ്യാവകാശത്തിന്റെ കാര്യം കൂടിയാണ്.  സമഗ്രമായ വളർച്ചയ്ക്കും  സുസ്ഥിര വികസനത്തിനും അത്യാവശ്യ ഘടകമായിതിനെ കണക്കാക്കാം. കോൺഗ്രസ് പാർട്ടി മുൻപ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയും സഖ്യകക്ഷിയോട് കീഴടങ്ങിക്കൊണ്ട് മതപരമായ കാരണങ്ങളുടെ പേരിൽ  ഒരൊറ്റ വനിതാ സ്ഥാനാർത്ഥിയെ നിർത്താൻപോലും വിസമ്മതിക്കുന്നതും ദയനീയമാണ്!

ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പോരാളിയെന്ന് കോൺഗ്രസ് പാർട്ടി സ്വയം അഭിമാനിക്കുന്നുണ്ടെങ്കിലും, അത് പ്രാവർത്തികമാക്കാൻ കഴിയാതെ പോകുന്നു. പാർട്ടിക്കുള്ളിലെ പോരാട്ടവും ഗ്രൂപ്പിസവും ഒഴിവാക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അമേരിക്കയിൽ  ചെയ്തതുപോലെ സ്ഥാനാർഥി നിർണ്ണയത്തിൽ ശ്രദ്ധ പുലർത്തുകയാണ് ആദ്യം വേണ്ടത്.
വരാനിരിക്കുന്ന ഈ തിരഞ്ഞെടുപ്പ് കേരളത്തിന് തീർച്ചയായും ഒരു വഴിത്തിരിവായിരിക്കും. ഈ ഘട്ടത്തിൽ പാർട്ടിക്ക് രണ്ടിലൊന്ന് തീരുമാനിക്കാം. ഒന്നുകിൽ, കോൺഗ്രസിനോട് ഇപ്പോഴും കൂറുള്ളവരുടെ ആന്തരിക വിലാപങ്ങൾക്ക് ചെവി കൊടുക്കാം. അല്ലെങ്കിൽ, സമീപ ഭാവിയിൽ ഒരു രണ്ടാം നിര പാർട്ടിയായി തരം താഴാൻ തയ്യാറെടുക്കുക.

Join WhatsApp News
jacob25@hotmail.com 2021-03-06 16:03:15
first tell all the leaders above 60 to resign
CID Mooosa 2021-03-06 17:48:48
Good thoughts George Abraham but the senior politicians have to accept it and that is a big question.Our senior politicians have to move away and give the opportunity for new comers then only the country will grow fast.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക