Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -5: കാരൂര്‍ സോമന്‍)

Published on 09 March, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -5: കാരൂര്‍ സോമന്‍)
ശീവേലിപ്പൂക്കള്‍

നീണ്ടു കിടക്കുന്ന പുഞ്ചപ്പാടത്ത് തെളിഞ്ഞ പ്രകാശത്തില്‍ ഏതാനും സ്ത്രീജനങ്ങളും പുരുഷന്മാരും കണ്ടത്തില്‍ വളര്‍ന്നു നില്ക്കുന്ന നെല്‍ക്കതിരുകള്‍ക്കിടയില്‍ നിന്ന് കളകള്‍ പറിച്ചെടുക്കുകയും പുരുഷന്മാര്‍ നെല്‍ക്കതിരുകള്‍ക്കിടയിലേക്ക് രാസവളം വീശിയെറിയുകയും ചെയ്തുകൊണ്ടിരുന്നു. കണ്ടത്തിന്റെ ഒരുഭാഗത്തായി ഏഴുവയസ് പ്രായം വരുന്ന ഒരു ആണ്‍കുട്ടി നെല്ലുകള്‍ക്കിടയില്‍നിന്ന് കള പറിച്ച് മാറ്റിവയ്ക്കുന്നത് ആരും ശ്രദ്ധിച്ചില്ല. ഒരു കണ്ടത്തില്‍ നിന്ന് മറ്റൊരു കണ്ടത്തിലേക്ക് കുഞ്ഞരുവികള്‍ നിശബ്ദമായി ഒഴുകിക്കൊണ്ടിരുന്നു. പുഞ്ചപ്പാടം സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങി. പാടങ്ങള്‍ക്ക് മുകളിലൂടെ വയല്‍ക്കിളികള്‍ കൂട്ടമായി പറന്നു. പാടത്തിന്റെ പലഭാഗത്തും ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. പാടത്തിന്റെ ഉടമയായ ചാരുംമൂടന്‍ വക്കീല്‍ക്കുപ്പായം അഴിച്ചുമാറ്റി കൃഷിയിലും സാഹിത്യത്തിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
വരമ്പത്തിരുന്ന വളമെടുക്കാന്‍ മുന്നോട്ടു വരുമ്പോള്‍ പുതിയൊരാള്‍ കണ്ടത്തില്‍ നില്ക്കുന്നത് കണ്ട് ശങ്കിച്ചു നിന്നു. ഇവന്‍ എവിടെനിന്നു വന്നു? പണി ചെയ്യുന്നവരുടെ മകനാണോ? അതിനുള്ള സാദ്ധ്യതയില്ല. ചിലപ്പോള്‍ ആടുമാടുകള്‍ക്ക് കൊടുക്കാന്‍ കളപറിക്കാന്‍ വന്നതായിരിക്കും. വരമ്പില്‍ നിന്ന് കളകള്‍ കാര്യായി പറിച്ചെടുക്കുന്ന കുട്ടിയെ സൈമണ്‍ നിമിഷങ്ങള്‍ നോക്കി നിന്നു. അവന്‍ ഇട്ടിരിക്കുന്നത് ഒരു കീറിയ നിക്കര്‍ മാത്രമാണ്. ശരീരത്തും നിക്കറിലും ചെളി പറ്റിയിരിക്കുന്നു.
സ്‌നേഹപൂര്‍വ്വം ചോദിച്ചു ""എടാ കൊച്ചനെ നീ ഏതാ?''
അവന്റെ തല മുകളിലേക്കുയര്‍ന്നു. മ്‌ളാനമായ മുഖഭാവത്തോടെ നോക്കി. ചാരുംമൂടന്‍ തറപ്പിച്ചുനോക്കിയത് കണ്ട് തലച്ചോറില്‍ ഒരല്പം പേടി തോന്നി. അനുവാദമില്ലാതെയല്ലേ കള പറിക്കാനിറങ്ങിയത്. ആ കാട്ടിയത് അനുസരണക്കേടല്ലേ? വിഷാദഭാവത്തോടെ അടുത്തേക്കു ചെന്നു ഭയത്തോടെ നോക്കി. മുഖഭാവം ആകെ മാറിയിരിക്കുന്നു. അദ്ദേഹം വഴക്കു പറയുമോ? അടിക്കുമോ?
മുഖത്തെ അമ്പരപ്പുകണ്ട് ചാരുംമൂടന്‍ വീണ്ടും ചോദിച്ചു.""നീ ഏതാ? ഏതാ നിന്റെ വീട്?'' ചാരുംമൂടന്റെ ശാന്തമായ ശബ്ദം കേട്ട് അവന്റെയുള്ളിലുണ്ടായിരുന്ന ഭയം മാറി.
അവന്‍ പറഞ്ഞു, ""അക്കരയാ വീട്.''
ചാരുംമൂടന്റെ അടുത്ത ചോദ്യമുയര്‍ന്നു ""ഈ പറിക്കുന്നത് പശുവിന് കൊടുക്കാനോ അതോ കാളക്കോ?''
അവന്‍ പെട്ടെന്നു പറഞ്ഞു, ""ഇതു വിക്കാനാ.''
ചാരുമൂടന്‍ തുറിച്ചുനോക്കിയിട്ട് ഒരുകാര്യം തീര്‍ച്ചപ്പെടുത്തി. ഇതിനുമുമ്പും പാടത്തിറങ്ങി ആരോ കള പറിച്ചിട്ടുണ്ട്. അത് ഇവന്‍തന്നെയാണോ?
""ഇതിന് മുമ്പ് പാടത്തിറങ്ങി നീ കള പറച്ചിട്ടുണ്ടോ?''
അവന്‍ തറപ്പിച്ചുനോക്കി. സത്യം പറഞ്ഞാല്‍ ഇദ്ദേഹം വഴക്കു പറയുമോ? കള്ളനെ കയ്യോടെ പിടികൂടിയാല്‍ തല്ലുമോ? എന്തായാലും കള്ളം പറയാന്‍ വയ്യ. ഇപ്പോഴും സ്വന്തം കണ്‍മുന്നിലല്ലേ പറിച്ചത്. ഞാന്‍ കള പറിച്ചുമാറ്റുന്നതിന് കാശൊന്നും തരുന്നില്ലല്ലോ.
അവന്‍ കുറ്റവാളിയെപ്പോലെ പറഞ്ഞു. ""ഒണ്ട്. വെശപ്പു വരുമ്പം കള പറിച്ച് വില്ക്കും. എന്നുവച്ച് ഒരു നെല്ലുപോലും ഞാന്‍ പറിക്കത്തില്ല സാറെ.''
ആ വാക്കുകള്‍ ചാരുംമൂടന്റെ ആത്മാവിന്റെ ആഴങ്ങളിലെവിടെയോ ചെന്നു തൊട്ടു. അവനെ കണ്ടാലറിയാം ഏതോ പാവപ്പെട്ട കുടുംബത്തിലേയാണെന്ന്. എണ്ണ തേക്കാത്ത ചെമ്പിച്ച മുടിയും എല്ലുന്തിയ നെഞ്ചിന്‍കൂടം അതിനുള്ള തെളിവാണ്. ആ ശരീരത്തിലേക്ക് സൂക്ഷിച്ചുനോക്കി ചോദിച്ചു, ""നിന്റെ പേരെന്താ?''
""കരുണാകരന്‍. വീട്ടില്‍ വിളിക്കുന്നത് കരുണെന്നാ.''
""ഏതുക്ലാസ്സിലാ പഠിക്കുന്നെ.'' അവന്‍ വളരെ താല്പര്യത്തോടെ പറഞ്ഞു.
""രണ്ടിലാ പഠിക്കുന്നെ. ഇപ്പം പോണില്ല.''
ചാരുംമൂടന്‍ സംശയത്തോടെ നോക്കി. ""അതെന്താ കരുണ്‍?'' ഒരു നിമിഷം ആ മുഖത്തേക്ക് അവന്‍ നോക്കി. ഇന്നുവരെ ആരും ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല.
""അമ്മയ്ക്ക് വയ്യ. മരുന്നിനൊക്കെ കാശ് വേണം സാറെ. പിന്നെ പട്ടിണി.'' ചാരുംമൂടന്റെ മുഖത്ത് വിവിധ വികാരങ്ങള്‍ മിന്നി മറഞ്ഞു. എന്താണ് ഈ കുട്ടിയില്‍നിന്ന് കേള്‍ക്കുന്നത്. അവര്‍ക്കിടയില്‍ വലിയൊരു ബന്ധം ഉടലെടുത്തതായി അനുഭവപ്പെട്ടു. ഒരു നിമിഷം അവന്‍ സ്വന്തം മകനെന്നുപോലും തോന്നി. അവനും അദ്ദേഹത്തോട് ഏറെ താല്പര്യം തോന്നി. ആദ്യം കരുതിയത് കണ്ടത്തിലിറങ്ങി കള പറിച്ചതിന് വഴക്കുപറയും എന്നാണ്. അതുണ്ടായില്ല. ഓമനത്തമുള്ള അവനെ ചാരുംമൂടന്‍ അഭിമാനത്തോടെ നോക്കി. സ്വന്തം പഠനം ഉപേക്ഷിച്ച് അമ്മയെ നോക്കാന്‍ ഈ ചെറുപ്രായത്തിലേ തയ്യാറായിരിക്കുന്നു. അവനെപ്പറ്റി കൂടുതലായി അറിയണമെന്ന് തോന്നി. അവന്‍ ദയനീയ സ്വരത്തില്‍ പറഞ്ഞു.
""സാറിന്റെ കണ്ടത്തിലെ എല്ലാ കളകളും ഞാനിന്ന് പറച്ചു തരാം. എനിക്ക് പൈസ തന്നാല്‍ മതി. നെല്ലൊന്നും പറിക്കത്തില്ല. ഞാന്‍ പറിച്ചത് കാണിക്കാം.'' പെട്ടെന്നവന്‍ വരമ്പില്‍ പറിച്ചുവച്ച കളകള്‍ ഓരോന്നായി എടുത്തു കാണിച്ചു. അവനിലെ ഉത്സാഹവും ആഗ്രഹവും നിശ്ചയദാര്‍ഢ്യവുമെല്ലാം കണ്ട് ചാരുംമൂടന് ആശ്ചര്യം തോന്നി. ഈ പ്രായത്തില്‍ അവന് ഇത്രമാത്രം ചെയ്യാനെ ശക്തിയുള്ളൂ. എന്തും ചെയ്യാന്‍ തയ്യാറായി മുന്നില്‍ നില്ക്കുന്ന കുട്ടിയെ ആദ്യമായി കാണുകയാണ്. പ്രതീക്ഷകളോടെ നോക്കി നില്‌ക്കെ അദ്ദേഹം അവന്റെ തലയില്‍ തലോടി പുഞ്ചിരിച്ചു.
കരുണിന്റെ കാര്യങ്ങള്‍ ചാരുംമൂടന്‍ വിശദമായിത്തന്നെ ചോദിച്ചറിഞ്ഞു. ഇത്ര ചെറുപ്പത്തിലേ ജീവിതത്തോട് പൊരുതേണ്ടി വന്നല്ലോ എന്ന ചിന്ത മനസ്സിനെ മഥിച്ചു. ഒരു കുട്ടി സ്കൂളില്‍ പോയി പഠിക്കേണ്ടതിന് പകരം പഠിക്കുന്നത് ജീവിതഭാരങ്ങളാണ്. അവന്റെ കുടുംബത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. അവനോട് സ്‌നേഹവും അനുകമ്പയും തോന്നി. അവര്‍ ജോലി തുടര്‍ന്നു. ഉച്ചയ്ക്ക് വീട്ടില്‍ നിന്നെത്തിയ ഭക്ഷണം കഴിക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം കരുണുമുണ്ടായിരുന്നു. വയല്‍വരമ്പിന്റെ മദ്ധ്യഭാഗത്ത് തെങ്ങുകള്‍ നിരനിരയായി വളര്‍ന്നു നില്ക്കുന്നു. അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തെങ്ങോലകളിലിരുന്ന കാക്കകള്‍ ഒളികണ്ണിട്ടുനോക്കി. വരമ്പിനോട് ചേര്‍ന്ന് ചെറിയൊരു തോടും ഒഴുകുന്നുണ്ട്. വയറുനിറയെ ഭക്ഷണംകഴിച്ച കരുണ്‍ അതീവ സന്തോഷവാനായിരുന്നു.
വരമ്പത്തൂടെ നാട്ടുകാര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.  പാടത്തും വരമ്പത്തും കൃഷിക്കാര്‍ക്കൊപ്പം പണി ചെയ്യുന്ന ചാരുംമൂടനെ നാട്ടുകാര്‍ക്ക് വളരെയിഷ്ടമാണ്. നാടു ഭരിക്കുന്നവര്‍ ഇദ്ദേഹത്തെ കണ്ടു പഠിക്കണം. മാവേലിക്കരയിലെ സമ്പന്ന കുടുംബമായ പുതുക്കാടന്‍ പുത്തന്‍വീട്ടിലാണ് ജനനം. പിതാവ് ഡാനിയേല്‍ സിങ്കപ്പൂരിലായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തെ സേവിച്ചതിന് ധാരാളം പാരിതോഷികങ്ങള്‍ വാങ്ങിയ വ്യക്തി. ഇപ്പോഴും രാജ്യസേവനത്തിനായി പലരും കുടുംബങ്ങളില്‍ നിന്നുണ്ട്. അനുജന്‍ കുഞ്ഞുമോന്‍ ലണ്ടനിലാണ് സ്ഥിരതാമസം. അദ്ദേഹത്തിന്റെ ഏതാനും സാഹിത്യകൃതികള്‍ പുറത്തിറക്കിക്കഴിഞ്ഞു. എപ്പോഴും ദുര്‍ബലരായ മനുഷ്യര്‍ക്കൊപ്പമാണ് സഹവസിക്കുന്നത്. പാവങ്ങളുടെ രക്ഷയ്ക്കായി പലപ്പോഴും എത്താറുണ്ട്.
മൂന്നുമണിയോടെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ട് അതിലെ പ്രധാനിയോടെ അവിടെ കിടക്കുന്ന സാധനങ്ങളും പുല്ലും മറ്റും വീട്ടിലെത്തിക്കാന്‍ പറഞ്ഞിട്ട് കരുണിനെ മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരുത്തി യാത്ര തിരിച്ചു. എന്തോ അറിയാനുള്ള വ്യഗ്രത ചാരുംമൂടന്റെ മുഖത്ത് വ്യക്തമായിരുന്നു. ഇതിനുമുമ്പും ഇവന്‍ വയലില്‍ കള പറിച്ചെടുക്കുന്നത് കണ്ടിട്ടുണ്ട്. പശുക്കള്‍ക്ക് കൊടുക്കാനാവുമെന്നാണ് കരുതിയത്. ഒരു കുട്ടിയുടെ പഠിത്തവും മറ്റും മുടങ്ങുകയെന്നത് ഉള്ളില്‍ ആശങ്കയാണുണ്ടാക്കുന്നത്. ജീവിതലക്ഷ്യത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന കുട്ടിയെ കണ്ടപ്പോള്‍ അവന്റെ വേദനയില്‍ ചേരാതെയിരിക്കുക മനുഷ്യത്വമുള്ള കാര്യമല്ല. ഇതുപോലൊരു മോള്‍ തനിക്കുണ്ട്. അവളുടെ സ്ഥാനത്താണ് ഇവനെയും കരുതുന്നത്. ഒരു കുട്ടിയും പഠിക്കാതിരിക്കരുത്. പഠിക്കാത്ത കുട്ടികള്‍ അടിമകളെപ്പോലെ ജീവിക്കേണ്ടി വരും. ഈ കൂട്ടരാണ് മറ്റുള്ളവരെ അനുസരിച്ചും ആശ്രയിച്ചും ജീവിക്കുന്നത്. ഒരു പൗരന്‍ സ്വതന്ത്രനും മനുഷ്യനുമാകണമെങ്കില്‍ അക്ഷരങ്ങള്‍ വായിച്ച് വളരണം. ആത്മവിശ്വാസം നേടിയെടുക്കണം. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്ന ഈ കാലത്ത് അറിവിന്റെ വിശാലലോകത്തേക്ക് കുട്ടികള്‍ ധാരാളമായി വായിച്ച് അറിവുണ്ടാക്കണം. അത് സാമൂഹിക പരിവര്‍ത്തനത്തിന് വഴിയുണ്ടാക്കും.
മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരുന്ന കരുണിന്റെ കണ്ണുകള്‍ വെട്ടിത്തിളങ്ങി. പരുന്തിനെപ്പോലെ മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരുന്ന് പറക്കുമ്പോള്‍ ആഹ്ലാദത്തുടിപ്പായിരുന്നു. പുഞ്ചപ്പാടത്തിന്റെ ഒരു കോണിലാണ് അവന്റെ വീട്. വീടും പാടങ്ങളും മുഖാമുഖം കാണാം. ആ ഭാഗത്തുകൂടി ചെറിയൊരു തോട് ഒഴുകുന്നുണ്ട്. ആ തോട്ടില്‍ വരാലും മുശിയും കൈക്കോരയുമുണ്ട്. കരുണ്‍ അവിടെ ചൂണ്ടയില്‍ മീന്‍ പിടിക്കാറുണ്ട്. സൂര്യപ്രഭയില്‍ പരല്‍ മീനുകള്‍ വെള്ളത്തില്‍ നീന്തിത്തുടിച്ചുകൊണ്ടിരുന്നു.
മകനെ കാണാതെ ബിന്ദു വിഷമിച്ചിരിക്കുമ്പോഴാണ് ഒരു മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം കാതുകളില്‍ പതിഞ്ഞത്. ചെറിയ വീടിന്റെ ചെറുവരാന്തയില്‍ ചക്ക പൊളിച്ചുകൊണ്ടിരുന്ന ബിന്ദു തിരിഞ്ഞുനോക്കി. മുറ്റത്തുവന്ന മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം കേട്ട് നായ കുരച്ചു. കരുണിന്റെ ശാസനകേട്ട് നായ വായടച്ചു വാലാട്ടിക്കാണിച്ചു. അടുത്ത വീട്ടിലുള്ളവര്‍ എത്തിനോക്കി. ബിന്ദു അടുത്തിരുന്ന ഊന്നുവടിയെടുത്ത് മുകളിലേക്ക് ഉയരാന്‍ ശ്രമിച്ചു. എണീറ്റയുടനെ വടി കയ്യില്‍നിന്ന് താഴെ വീണു. കരുണ്‍ ഓടിച്ചെന്ന് അമ്മയെ പിടിച്ച് വീണ്ടും തറയിലിരുത്തി. വീണ്ടും എഴുന്നേല്ക്കാനാഞ്ഞ ബിന്ദുവിനോട് ചാരുംമൂടന്‍ പറഞ്ഞു.
''ഇരുന്നോളൂ, എണീക്കണ്ട.'' ബിന്ദുവിന്റെ ഹൃദയമിടിപ്പ് കൂടി. ആരാണീ വന്നിരിക്കുന്നത്? നാടിന്റെ പ്രിയങ്കരനായ നോവലിസ്റ്റ്. എന്തിനാണ് ഇദ്ദേഹത്തെ ഇങ്ങോട്ടു കൊണ്ടുവന്നത്. വലിയ ആള്‍ക്കാര്‍ക്ക് ഇരിക്കാന്‍ നല്ലൊരു കസേര പോലുമില്ല. അവന്‍ അകത്തേക്ക് പോയിക്കഴിഞ്ഞു.
ബിന്ദു ശബ്ദമുയര്‍ത്തി പറഞ്ഞു, ''എടാ സാറിന് ഇരിക്കാന്‍....''
കരുണ്‍ ഉടനടി മറുപടി കൊടുത്തു, ''കൊണ്ടുവരുന്നമ്മേ....''
അകത്തെ മുറി യില്‍ പൊടിപിടിച്ചു കിടന്ന ഒരു കസേര തുടച്ചിട്ട് മുറ്റത്തേക്കു കൊണ്ടുവന്നിട്ട് പറഞ്ഞു, ''സാറെ ഇരിക്ക്.''
ഒപ്പം വന്ന ആളിനെപ്പറ്റി അവന് ഒന്നുമറിയില്ല. അമ്മയ്ക്ക് അറിയാമെന്ന് തോന്നുന്നു. ചാരുംമൂടന്‍ ഇരുന്നിട്ട് ബിന്ദുവിന്റെ ശോകാകുലമായ മുഖത്തേക്ക് നോക്കി. യൗവനപ്രസരിപ്പുള്ള ആ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. മുഖമാകെ പ്രസന്നമാണ്. ഇതിനുമുമ്പവള്‍ ഇന്നത്തെക്കാള്‍ സുന്ദരിയായിരുന്നിരിക്കണം. മുഖത്ത് ചായം തേച്ച് സൗന്ദര്യം വരുത്തേണ്ട ആവശ്യമില്ല. ഇരുപത്തഞ്ച് വയസ് കാണുമെന്ന് തോന്നുന്നില്ല. അമ്മയേയും മകനെയും സൂഷ്മതയോടെ നോക്കി. കറുത്തമ്മയ്ക്ക് നല്ല വെളുത്ത നിറമുള്ള മോന്‍. കേട്ടിടത്തോളം ഈ ജീവിതത്തില്‍ ധാരാളം മുറിവുകള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി. മകന്റെ പ്രസവത്തോടെ ഒരു കാല്‍ തളര്‍ന്നുപോയ അമ്മ. ഭര്‍ത്താവ് അപകടത്തില്‍ മരിച്ചപ്പോള്‍ ജീവിത്തില്‍ നിന്ന് ഒറ്റപ്പെട്ടു എന്നു തോന്നുന്ന ഭാര്യ.
മൃദുവായി ചോദച്ചു, ''എന്താണ് ഈ കുട്ടിയുടെ പഠിപ്പ് നിര്‍ത്തിയത്? ബിന്ദു എത്രവരെ പഠിച്ചു?''
''രണ്ടു വര്‍ഷം കോളേജില്‍ പഠിച്ചു. കോളേജില്‍ സാര്‍ പ്രസംഗിക്കാന്‍ വന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.'' അത്രയും കേട്ടതോടെ അവളോടു താല്പര്യമേറി.
''സാറിന്റെ ഒരു നോവല്‍ ഞാന്‍ വായിച്ചു. അകത്തിരിപ്പുണ്ട്.''
അവള്‍ വളരെ ആത്മാര്‍ത്ഥമായി സംസാരിക്കുന്നത് കണ്ട് കൗതുകമുണ്ടായി. പലപ്പോഴും പെണ്‍കുട്ടികള്‍ ഇത്തരമൊരു അവസ്ഥയില്‍ കണ്ണീര്‍ വാര്‍ത്ത് ജീവിതത്തോട് വെറുപ്പും അമര്‍ഷവും കാട്ടാറുണ്ട്. ഇവള്‍ക്ക് അത്തരത്തിലുള്ള വെറുപ്പും വിദ്വേഷവും ഒന്നുമില്ല. അതുകൊണ്ട് പ്രയോജനമില്ലെന്നറിയാമായിരിക്കും. നഷ്ടവസന്തങ്ങള്‍ക്കിടയില്‍ ഒരു പൂവ് വിടര്‍ന്നു നില്ക്കുന്നു. അതാണ് കരുണ്‍. എല്ലാ നിരാശകളില്‍ നിന്നും മോചനം നേടാന്‍ അതവളെ സഹായിക്കും. അവന്റെ പഠനമാണ് ചാരുംമൂടനെ അസ്വസ്ഥനാക്കിയത്. ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അവന്‍ എന്നിലേക്ക് വളരുകയായിരുന്നു. ഇത്രയും മിടുക്കനായ ഒരുകുട്ടി പഠിക്കാതെപോകാന്‍ പാടില്ല. പഠിച്ചു വളരുകതന്നെ ചെയ്യണം. ബിന്ദുവിനെ ആശ്വസിപ്പിച്ചിട്ട് പറഞ്ഞു. ''കരുണിനെ പഠിപ്പിക്കാനുള്ള എല്ലാ ചിലവുകളും ഞാന്‍ ഏറ്റെടുത്തുകൊള്ളാം. ഉടന്‍ സ്കൂളില്‍ വിടണം. അടുത്ത തിങ്കളാഴ്ചതന്നെ മാവേലിക്കര സ്കൂളില്‍ രാവിലെ പത്തുമണിക്ക് എത്തുക. ഞാനവിടെ കാണും. മറ്റു മൂന്നുകുട്ടികളെക്കൂടി ഞാന്‍ പഠിപ്പിക്കുന്നുണ്ട്. എന്തു പറയുന്നു?''
സ്വന്തം അച്ഛനെപ്പോലെ അവള്‍ അദ്ദേഹത്തെ വിടര്‍ന്ന കണ്ണുകളോടെ ഹൃദയസംതൃപ്തിയോടെ നോക്കി. സ്വന്തം അച്ഛനുപോലുമില്ലാത്ത വ്യഥകള്‍ മറ്റൊരാള്‍ക്ക് ഉണ്ടായിരിക്കുന്നു. അത് ആഹ്ലാദത്തുടിപ്പുകളായി അവളില്‍ അലയടിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ജീവിതം എന്നോടു ചെയ്തത് ക്രൂരത മാത്രമാണ്. അതിനടുത്തായി ഇത്രമാത്രം സ്‌നേഹവും കാരുണ്യവും ഉള്ളതായി അറിഞ്ഞില്ല. അവന്റെ ഭാവിയെപ്പറ്റി ആശങ്കയുമായി കഴിഞ്ഞു. രണ്ടുകാലിനും ആദ്യം തളര്‍ച്ച അനുഭവപ്പെട്ടു. രണ്ടു വര്‍ഷം കഴിഞ്ഞാണ് ഒരു കാലിന് അല്പം ആശ്വാസം അനുഭവപ്പട്ടത്. ഇതിനിടയില്‍ വീട്ടുജോലികള്‍ ചെയ്യാന്‍ ഒരു സഹായി ആവശ്യമായി. മറ്റൊരു വഴിയുമില്ലാതെ മനസ് വേദനിച്ചപ്പോള്‍ മകന്‍ മുന്നോട്ടു വന്നു. ''അമ്മയെ നോക്കാന്‍ ഞാനില്ലേ. ഞാന്‍ പോവില്ല സ്കൂളില്‍.'' രണ്ടാം ക്ലാസില്‍ നിന്ന് മുകളിലേക്കുയരാന്‍ അവന് കഴിഞ്ഞില്ല.
ചാരുംമൂടന്‍ ചോദിച്ചു ''നീ മര്‍ത്തോമാ സ്കൂളിലല്ലേ പഠിച്ചത്?'' ബിന്ദു അതെയെന്ന് മറുപടി പറഞ്ഞു. വീട്ടിലെത്തിയ ദൈവത്തെ അവള്‍ കണ്‍നിറയെ കണ്ടു. അവള്‍ സന്തോഷത്തോടെ പറഞ്ഞു. ''ഒത്തിരി നന്ദിയുണ്ടു സാറെ, എന്റെ കുഞ്ഞിന്റെ ഭാവിയെ ഓര്‍ത്തുള്ള ദുഃഖം മാത്രമാണ് ഇന്നേവരെ ഉണ്ടായിരുന്നത്.''
അവള്‍ക്ക് ധൈര്യം കൊടുത്തിട്ട് പറഞ്ഞു. ''ജീവിതം നമ്മെ എപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും. ആ ഭീഷണിയെ നേരിടാനല്ലെ ദൈവം നമുക്ക് ബുദ്ധിയും ശക്തിയും തന്നിരിക്കുന്നത്. എന്തിനേയും നേരിടാനുള്ള ധൈര്യം വേണം. ആ തിരിച്ചറിവില്ലാത്തവരാണ് ആത്മഹത്യയിലേക്കും മറ്റും പോകുന്നത്. എന്തായാലും നിങ്ങള്‍ വിഷമിക്കേണ്ട.''
അവള്‍ ദുഃഖഭാരത്തോടെ പറഞ്ഞു. ""ഞങ്ങള്‍ പാവങ്ങളായിപ്പോയി. ആരും സഹായിക്കാനില്ല സാറെ. പിന്നെ നല്ല അയല്‍ക്കാരാണ്. അവര്‍ സഹായിക്കും സാറെ. സാറും കൂടിയായപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷമായി.'' അപ്പോഴേയ്ക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു. അത് ഏങ്ങലായി മാറി. അവള്‍ കണ്ണുകള്‍ തുടച്ചു. മരുഭൂമിയുടെ മദ്ധ്യത്തില്‍ ഒരു നീരുറവ ഒഴുകുന്നതായി അനുഭവപ്പെട്ടു.
കസേരയില്‍ നിന്നെഴുന്നേറ്റിട്ട് ചാരുംമൂടന്‍ കരുണിനോട് പറഞ്ഞു ""കരുണ്‍ നിനക്ക് സ്കൂളില്‍ പോകണ്ടായോ?''
അവന്‍ ഒരു നാണംകുണുങ്ങിയെപ്പോലെ മറുപടി പറഞ്ഞു, ""പോണം.''
""മിടുക്കന്‍.''
ഉടുപ്പിന്റെ പോക്കറ്റില്‍ നിന്നും കുറെ നോട്ടുകള്‍ എടുത്തിട്ട് ബിന്ദുവിനെ ഏല്പിച്ചിട്ടു പറഞ്ഞു ""വിഷമിക്കേണ്ട. എല്ലാം വിശ്വാസങ്ങളും രക്ഷയിലേക്കുള്ള ഒരു യാത്രയാണ്. നാളത്തന്നെ കുറെ അരിയും മറ്റും ഞാനിവിടെ എത്തിക്കാം. മരുന്നൊക്കെ മുടങ്ങാതെ കഴിക്കുക. നാളെയും പാടത്ത് പണിയുണ്ട്. കരുണ്‍ വരണം, പണിയെടുക്കാനല്ല, നിന്നോട് എനിക്ക് ചിലതൊക്കെ ചോദിക്കാനുണ്ട്.''
കരുണ്‍ ആഹ്ലാദത്തുടിപ്പോടെ തലയാട്ടി. ചാരുംമൂടന്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര തിരിച്ചു. ബിന്ദുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും നോട്ടുകള്‍ കയ്യിലിരുന്ന് വിറയ്ക്കുകയും ചെയ്തു. സമ്പത്ത് കൂട്ടിവയ്ക്കാന്‍ ശ്രമിക്കുന്നവരുടെ മധ്യത്തില്‍ ഇങ്ങനെയും മനുഷ്യരുണ്ടല്ലോ. മറ്റുള്ളവരുടെ വേദനയില്‍ പങ്കാളിയാകാന്‍ ഈ ലോകത്ത് എത്രപേര്‍ക്ക് കഴിയുന്നു. ഇന്നുവരെ ഒരാളെപ്പോലും കണ്ടിട്ടില്ല. വാഗ്ദാനങ്ങള്‍ നല്കാനും വാ തോരാതെ പ്രസംഗിക്കാനും വഞ്ചിക്കാനും ചതിക്കാനും അവര്‍ക്കൊപ്പം കൂട്ടുകൂടാന്‍ ധാരാളം പേരുണ്ട്. ബിന്ദു മകനെ അടുത്തിരുത്തി അവന്റെ കവിളില്‍ ചുംബിച്ചു. വേദനാജനകമായ ഭൂതകാലത്തില്‍ നിന്നും ആനന്ദകരമായ ഒരു വര്‍ത്തമാനകാലത്തിലേക്ക് വന്നിരിക്കുന്നു. അഞ്ഞൂറിന്റെ നോട്ടുകള്‍ മടിയില്‍ തിരുകി വച്ചിട്ട് മകന്റെ കയ്യില്‍ പിടിച്ച് ബിന്ദു ഒറ്റക്കാലില്‍ എഴുന്നേറ്റുനിന്നു. ഉടനടി ഊന്നുവടി അമ്മയുടെ കഷത്തില്‍ വച്ചുകൊടുത്തു. ഒരു കൈ വിറച്ചു. ഒറ്റക്കാലില്‍ ആണെങ്കിലും അധികനേരം നില്ക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് അമ്മയുടെ മിക്ക ജോലികളും കരുണാണ് ചെയ്യുന്നത്.
അടുക്കളയിലേക്ക് വടിയില്‍ കുത്തി ബിന്ദു നടന്നിട്ട് അതിനുള്ളിലെ ചെറിയ ബഞ്ചിലിരുന്നിട്ട് ചോദിച്ചു. ""കരുണേ നീ ഉച്ചയ്ക്ക് എന്തെങ്കിലും കഴിച്ചോ?'' അവന്‍ ആ മുഖത്തേക്ക് സന്തോഷത്തോടെ നോക്കി തലയാട്ടി കാണിച്ചു.
പല ദിവസവും അടുത്ത വീട്ടിലെ മാവിലെ പച്ചയും പഴുത്തതുമായ മാമ്പഴവും അയലത്ത് നിന്ന് കൊടുക്കുന്ന ചക്കപ്പഴവും തിന്നാണ് വയറു നിറയ്ക്കുന്നത്. ആ വീടുകളിലെ തെങ്ങിലും പ്ലാവിലും കയറാന്‍ കരുണിനെയാണ് അയല്‍ക്കാര്‍ സമീപിക്കുന്നത്. ബിന്ദുവിന്റെ മനസ്സില്‍ ദുഃഖവും കുറ്റബോധവും നിറയാറുണ്ടെങ്കുലം ആരെങ്കിലും ആഹാരം കൊടുക്കുമെന്ന് അവള്‍ക്കറിയാം. ഉച്ചയ്ക്ക് വീട്ടില്‍ വരാത്തതിനും ഒരു കാരണമുണ്ട്. അമ്മ വയറുനിറയെ ആഹാരം കഴിക്കട്ടെയെന്നാണ് മകന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ഉച്ചയ്ക്ക് വീട്ടില്‍ വരാറില്ല. തോട്ടിലൂടെ ഒഴുകുന്ന തെളിനീര്‍ അവന്റെ ദാഹമകറ്റാറുണ്ട്. അടുപ്പില്‍ തീ കത്തിച്ചിട്ട് കൊതുമ്പും ചെറിയ ചുള്ളികളും വച്ച് ഊതിക്കൊടുത്തു. അമ്മയുടെ നിര്‍ദേശപ്രകാരം ഒരു മണ്‍കലത്തില്‍ ചക്ക അടുപ്പില്‍ വച്ചു. ചക്ക വെന്തു തുടങ്ങി. ഇന്നവന് എല്ലാ അടുക്കള പണിയും അറിയാം. മീന്‍ വെട്ടി കറിവയ്ക്കാന്‍ വരെ പഠിച്ചു. തോട്ടില്‍ പോയി അമ്മയുടെ തുണികള്‍ കഴുകിയുണക്കുന്നതും അവനാണ്.
ദിവസങ്ങള്‍ മുന്നോട്ടു പോയി. നീണ്ടുവളര്‍ന്നുകിടന്ന മുടി വെട്ടി. കീറിയ തുണികള്‍ക്കു പകരം നല്ല തുണികള്‍ ധരിച്ചു. നല്ല ഭക്ഷണങ്ങള്‍ പാകം ചെയ്തു. ആറു മാസത്തേക്കു കഴിയാനുള്ള അരി ഒരു ചാക്കിലാക്കി ചാരുംമൂടന്റെ ജോലിക്കാര്‍ എത്തിച്ചു കൊടുക്കുക പതിവാക്കി. അതിനൊപ്പം തേങ്ങ, ചക്ക, ചേന ചേമ്പ് മുതലായവയുമുണ്ടായിരുന്നു. പുഞ്ചപ്പാടത്ത് അവന്‍ ചാരുംമൂടന്റെ നിഴലായി എപ്പോഴും കൂടെയുണ്ടാകും. പഠനത്തിനൊപ്പം പാടത്തും കരയിലുമായി അവന്‍ പച്ചക്കറികള്‍ വച്ചുപിടിപ്പിച്ചു. ആ പച്ചക്കറി തോട്ടങ്ങള്‍ പഠിക്കുന്ന സ്കൂളിലും കൂട്ടുകാരുടെ വീട്ടിലും നട്ടുവളര്‍ത്തി. കടകളില്‍ പോയി വിഷാംശമുള്ള പച്ചക്കറികള്‍ വാങ്ങാതെ സ്വന്തം വീട്ടില്‍ അവയുണ്ടാക്കാന്‍ അവന്‍ കൂട്ടുകാരെ ഉപദേശിച്ചു. ഓരോരോ വീടുകളില്‍ പാവക്ക്, പയര്‍, പച്ചമുളക്, വെള്ളരി, മത്തങ്ങ, ചീര, വെള്ളരി, പടവലങ്ങ, കാബേജ്, കോവയ്ക്ക മുതലായവ വളര്‍ന്നു. കരുണ്‍ പലരുടെയും കണ്ണിലുണ്ണിയായി മാറി. പക്വമായ സ്വഭാവം. അനുസരണ, ബഹുമാനം, സ്‌നേഹം അവന്റെ കൂടപ്പിറപ്പുകളായി. ഇന്നത്തെ കുട്ടികള്‍ക്ക് ഒരു വഴികാട്ടിയായി അവനെ പലരും കണ്ടു. പഠനവും കൃഷിയും ഒരുപോലെ തുടര്‍ന്നു. ഒരു കൃഷിക്ക് രാസവഷം ഉപയോഗിക്കാതെ ജൈവവളമാണ് ഉപയോഗിക്കുന്നത്. കൃഷിയുടെ എല്ലാ ബാലപാടങ്ങളും പഠിച്ചത് ഗുരുതുല്യനായ ചാരുംമൂടനില്‍ നിന്നാണ്.
ഇന്നവന്‍ പുതുക്കാടന്‍ പുത്തന്‍വീട്ടിലെ കാര്യസ്ഥനാണ്. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കരുണിനെ കോളേജില്‍ പഠിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക