Image

അശാന്തിയുടെ കാറ്റിനാൽ വിലോലമായ പൂമരം (സുനിൽ മംഗലത്ത്)

Published on 10 March, 2021
അശാന്തിയുടെ കാറ്റിനാൽ വിലോലമായ പൂമരം (സുനിൽ മംഗലത്ത്)
ദൈവത്തെ തേടിയായിരുന്നു കസാന്ത് സാക്കീസിൻ്റെയാത്ര അവിടങ്ങളിലൊന്നും കസാന്ത്സാക്കീസിന് ദൈവത്തെ കാണാൻ കഴിഞ്ഞില്ല.അവസാനം വീട്ട് മുറ്റത്ത് തിരിച്ചെത്തി പൂത്ത് നിൽക്കുന്ന ആൽമണ്ട് വൃക്ഷത്തിലാണ് ദൈവത്തെ കാണുന്നത്.

ദർശനം തത്വങ്ങളെ കുറിച്ച് ആവിഷ്ക്കരിക്കുന്ന ജ്ഞാനരൂപമാണ്. എല്ലാ മനുഷ്യരിലും ഒരു ദാർശനികനുണ്ടാവാമെന്ന് അൻ്റോണിയോ ഗ്രാംഷി നിരൂപിച്ചത് ഇറ്റലിയിലെ മുസ്സോളനിയുടെ ജയിലിനകത്തിരുന്നുകൊണ്ടാണ്.

"അറിവായിരുന്നു അവൻ്റെ ആകാശവും, ഭൂമിയും. ആകാശത്തിലെ അറിവിൻ്റെ നക്ഷത്രങ്ങളെ തേടിയാണവൻ നടന്നിരുന്നത്. ആകയാൽ അവൻ അറിവിലും ജ്ഞാനത്തിലും വളർന്ന് വന്നു. അവന് പേരുണ്ടായിരുന്നില്ല"

മാത്യു കെ മാത്യുവിൻ്റെ "ആത്മാവിലും സത്യത്തിലും " എന്ന ദാർശനിക നോവൽ ദൈവാനുഭൂതിയുടെ അമൂർത്താവസ്ഥകളെയും, ഒരു ദേശത്തിൻ്റെ ചരിത്രപരവും, വംശപരവുമായ ജ്ഞാന പദ്ധതികളെയും, അതിൻ്റെ തന്നെ ഉള്ളടക്കവ്യവസ്ഥക്കകത്ത് അപഗ്രഥന വിധേയമാക്കുന്ന, ശരിതെറ്റ് കളുടെയും, അലച്ചിലിൻ്റെയും, കലഹത്തിൻ്റെയും, പീഢനത്തിൻ്റെയും ആന്തരികസ്ഥലികളിലൂടെയുള്ള സ്വപ്ന സഞ്ചാരത്തിൻ്റ ബ്രഹത് ആഖ്യാനാമാണ്.

ഭാഷയുടെ ആനുഭവിക അതിര് അതിൻ്റെ ഗൂഡാർത്ഥ സാധ്യതകളിൽ അവസാനിക്കുന്നതിനാൽ പ്രബഞ്ചവും, ദൈവവും ഭാഷക്ക് പുറത്താണെന്ന് പറയേണ്ടതായുണ്ട്.

നീതിയെന്താണെന്ന് കോടതി മുറ്റത്ത് ചോദിച്ച സോക്രട്ടീസിനെപോലെ, നിയമം എന്താണെന്ന് ചോദിക്കുന്ന കഥ രചിച്ച ഫ്രാൻസിസ് കാഫ്കയെ പോലെ, മാത്യു സ്നേഹമെന്താണെന്നും, മനുഷ്യൻ ആരാണെന്നും പ്രകൃതിയും നമ്മളും തമ്മിലുള്ള വൈരുദ്ധ്യം എങ്ങനെ പരിഹരിക്കാമെന്നും നിരന്തരം അന്വേഷിച്ച് കൊണ്ടേയിരിക്കുന്നു ഈ നോവലിൽ.

ഉല്പപത്തി,പുറപ്പാട്,കാനാൻദേശം, അരുളപ്പാടുകൾ, എന്നീ നാല് ഭാഗങ്ങളായിതിരിച്ചിട്ടുള്ള നോവൽഘടന, വായനയുടെ കാല വിഛേദത്തെ തത്വചിന്താ വിശകലനത്തിലൂടെ പു:നക്രമീകരിക്കുന്ന അസാധാരണ അനുഭവമാണ്.

ഉല്പത്തി.

ആദ്യ പത്ത് അദ്ധ്യായങ്ങളിലായി പഴയ നിയമത്തിലെ ദൈവസങ്കല്പപത്തെയും, അതിൻ്റെ ധാർമ്മിക സദാചാരമൂല്യ സങ്കല്പങ്ങളെയും സന്ദേഹത്തോടെ വീക്ഷിക്കുന്ന, അതിൻ്റെ ചരിത്രത്തെയും, വംശപരമ്പര്യത്തെയും ചോദ്യം ചെയ്യുന്ന ആന്തരികാവസ്ഥകളുടെ രാപ്പകലുകളെ ആഖ്യാനപ്പെടുത്തുന്നു.

ഈ അദ്ധ്യായങ്ങളിലെ മാന്ത്രിക ഭാഷ നമ്മുടെ സ്വപ്നങ്ങളുടെ ജലസ്ഥലികളിൽ ആത്മപരിശോധനയുടെ വിത്ത്കൾ മുളപ്പിക്കുന്നു.

നിലനിൽക്കുന്ന ദൈവസങ്കല്പപത്തിന്റ അപര്യാപ്തത തിരിച്ചറിയുന്നതിലൂടെ വ്യവസ്ഥാപിതമതങ്ങളുടെ അനുഷ്ഠാനത്തിൻ്റെയും, പ്രതികാരത്തിൻ്റയും, സങ്കുചിത ജീവിതകാഴ്ചകളെ ദാർശനികമായി അടയാളപ്പെടുത്താനുള്ള ധീരമായ മിസ്റ്റിക് ആത്മീയതയാൽ നോവൽ ജ്ഞാനത്തെയും, അറിവിനേയും പ്രശ്നവൽക്കരിക്കുന്നു.

"അവൻ ദൈവത്തെ വേട്ടയാടുന്നവൻ കാറ്റിനുള്ളിൽ ദൈവ രൂപം ദർശിക്കുന്നവൻ"

പുറപ്പാട്

വ്യക്തി അനുഭവങ്ങളുടെ സങ്കീർണ്ണതകളാൽ, സ്വജീവിത പരിസങ്ങളിലെ അന്യവത്ക്കരണത്തിൻ്റെ കാരണങ്ങളിൽ ,മാതൃത്വത്തിൻ്റെയും, പ്രണയത്തിൻ്റെയും, ജീവിതകാമനകളുടെയും, ശാരീരിക വ്യവഹാരത്തിന്പുറത്തുള്ള തീഷ്ണമായ ആത്മാന്വേഷണങ്ങളെ അടയാളപ്പെടുത്താനുള്ള സുവിശേഷങ്ങളാൽ, അലഞ്ഞ് തിരിയാൻ നിയോഗിക്കപ്പെട്ടവൻ്റെ സങ്കീർത്തനങ്ങളാൽ അവൻ വിലോലമായി വെയിലേറ്റ് നടന്നു.

കാനാൻദേശം

"ഇരുപത്തിരണ്ട് ബുദ്ധന്മാർക്ക് ശേഷം ആചാര്യൻ അവരോട് പറഞ്ഞു. വരുന്നവൻ പൂർണ്ണ ബുദ്ധൻ മഹാപ്രവാചകൻ. അവൻ വരും.അവൻ്റെ നക്ഷത്രം ആകാശത്ത് ഞാൻ കാണുന്നു. അവൻ ജനിച്ചപ്പോൾ കിഴക്കുദിച്ച നക്ഷത്രം. ഇന്ന് വീണ്ടും ആകാശത്ത് തെളിഞ്ഞിട്ടുണ്ട്.തെക്ക് ദേശത്ത് നിന്ന് അത് യാത്ര തുടങ്ങിയിട്ടുണ്ട്. "

നോവലിൽ തെക്ക്നിന്ന് യാത്രതിരിച്ച് കിഴക്കിൻ്റ ദർശന പദ്ധതിയിൽ വിലയപ്പെടുന്ന നിമിഷങ്ങളിൽ മനസ്സ് ചിതറാൻ തുടങ്ങി.ചിതറിയ മനസിൻ്റെ ചില്ലുപാളികളിൽ അന്നോളം കണ്ടതും കാണാത്തതുമായ ചിത്രങ്ങൾ അവൻ കണ്ടു. പൗരോഹിത്യത്തിൻ്റെ നിഷ്ഠൂരതകൾ, അധികാരിവർഗ്ഗത്തിൻ്റെ അരുംകൊലകൾ,ശവം മറവ് ചെയ്യാൻ പോകുന്ന ബന്ധുക്കളുടെ വിഹ്വലതകൾ, കുരിശേറിയ പ്രവാചകരുടെ സഹനത്തിൻ്റെ തിരുശേഷിപ്പുകൾ.

അരുളപ്പാടുകൾ

"മറ്റാരുമറിയാതെ ഒരു ചെവിയിൽ മറ്റൊരു ചുണ്ട് പറയുന്ന അനുതാപം" വിശ്രാന്തി തേടിയുള്ള അലച്ചിലിനൊടുവിൽ ആത്മാവ് അവതരിക്കുന്നത് സ്വയം രക്ഷിക്കാനാണ്.ജന്മങ്ങൾ ഒരു തുടർച്ചയാണ് പുറപ്പെട്ടിടത്ത് ചെന്നെത്തുന്നത് വരെയുള്ള തുടർച്ച . എല്ലാ അധികാര വ്യവസ്ഥകളെയും ആചാരാനുഷ്ടാനങ്ങളെയും ആത്മ സഞ്ചാരത്തിൻ്റെ വഴികളിൽ ഉപേക്ഷിക്കപ്പെടുന്ന ഒരുവൻ സ്വയം ചരിത്രമായിമാറുകയും, നവീകരണ ആശയങ്ങളുടെ ഉദ്ബോധകനായി തീരുകയും ചെയ്യുന്ന അവസാന മൂന്ന് അദ്ധ്യായങ്ങൾ ഈ നോവലിൽ ശൂന്യമായി കിടക്കുന്നു. ആ ശൂന്യതയിലാണ് അവൻ്റെ മരണത്തെയും പരിപൂർണ്ണമായ ആത്മ ലയനത്തിൻ്റെ അഗ്നി സൗന്ദര്യത്തെയും വായനക്കാരൻ വീണ്ടെടുക്കുന്നത്.

 മുപ്പത്തിമൂന്ന് വയസുള്ള അവൻ്റെ ആത്മപീഢനങ്ങളുടെയും, അതിജീവനത്തിൻ്റെയും, സ്വപ്നങ്ങളുടെയുമൊടിവിൽ യാത്ര തിരിച്ചിടത്ത് എത്തി ചേരുന്ന നിമിഷത്തിൽ, അവൻ്റെ പാദസ്പർശമേറ്റ മാത്രയിൽ അവൻ്റെ കാലുകൾ പൂവളളികളാൽ ചുറ്റപ്പെടുകയും അവൻ കൈകൾ ആകാശത്തേക്കുയർത്തി ആദ്യത്തെ വചന പ്രഘോഷണം നടത്തുകയുമുണ്ടായി.
"ദൈവം സ്നേഹമാകുന്നു. അറിഞ്ഞതിൽ നിന്നുള്ള മോചനമാകുന്നു" 

ഒരോ മനുഷ്യരുടെയും മനസ്സിലുള്ള ദൈവത്തെ അപനിർമ്മിച്ച് അവൻ്റെ തന്നെ ദൈവത്തെ കണ്ടെത്തുന്നതിനായുള്ള നിതാന്ത യാത്രയും, അലച്ചിലുമാണ് നോവലിൻ്റെ വിഷയമെന്നതിനാൽ ആത്യന്തികമായി മനുഷ്യനെ അന്വേഷിക്കുന്ന ഒരോ മനുഷ്യരുടെയും ആന്തരിക ഭൂഭാഗങ്ങളിൽ നിന്ന് തൻ്റെ തന്നെ കുരിശുകളെ വീണ്ടെടുക്കുന്ന രക്തസ്നാനത്തിൻ്റെതായ വിമലീകൃത ജീവിതത്തെ അരുളപ്പാടുകളുടെ മഹാ മൗനത്തിലേക്ക് പ്രപഞ്ചത്തിലെ പൂക്കാലങ്ങളിലേക്ക് കാറ്റിനാൽ ആനയിക്കപ്പെടുന്ന അനുഭവത്തെ സമ്മാനിച്ച നാഷണൽ ബുക്സ്പ്രസിദ്ധീകരിച്ച ഈ നോവൽ മലയാള വായനാസമൂഹം ഏറ്റെടുക്കുമെന്ന ഉറപ്പോടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക