Image

പൊട്ടിവീഴുന്ന താരകങ്ങൾ : ആൻസി സാജൻ

Published on 13 March, 2021
പൊട്ടിവീഴുന്ന താരകങ്ങൾ : ആൻസി സാജൻ
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തലയെടുപ്പ് ഒന്നു കൂടി ഉയർത്തിക്കാട്ടി അവതരിപ്പിക്കപ്പെടുന്ന ഒരു കൂട്ടം ആളുകളുണ്ട്. എഴുത്തുകാരും സിനിമക്കാരും ഉയർന്ന ഉദ്യോഗസ്ഥരുമൊക്കെ ചേർന്ന സാംസ്കാരിക നായകർ. ഭരണം പിടിക്കുക എന്ന പരമമായ ലക്ഷ്യത്തിൽ കണ്ണു വച്ചാണ് രാഷ്ട്രീയപ്പാർട്ടികൾ ഇവരെ സ്ഥാനാർത്ഥികളാക്കുന്നത് എന്നതും സ്പഷ്ടമാണ്. ചരിത്രം പരിശോധിച്ചാൽ അത് ബോധ്യമാവും. ജയിച്ചു വന്നാൽ തന്നെ രാഷ്ട്രീയ ചരിത്രത്തിലോ സേവന ചരിത്രത്തിലോ നിയമ നിർമ്മാണ സംരംഭങ്ങളിലോ ഇവരൊന്നും ചരിത്രമെഴുതി ജനമനസ്സുകൾ കീഴടക്കിയിട്ടുണ്ടോ എന്നതും സംശയമാണ്. പുട്ടിനിടയ്ക്ക് തേങ്ങ ചേർക്കുന്നതു പോലെ ഗത്യന്തരമില്ലാതെ ഇവരെയൊക്കെ അവതരിപ്പിക്കുകയാണെന്ന് മനസ്സിലാക്കാം. ഒരു സീറ്റിൽ തന്നെ ഒരുപാട് പേർ  സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നിടത്താണ് നക്ഷത്രങ്ങൾ പൊട്ടിവീഴും പോലെ മേൽപ്പറഞ്ഞവർ അവതരിക്കുന്നത്.അതുവരെ ,രാഷ്ട്രീയവും രാഷ്ട്രീയ പ്രവർത്തനവും വിലകുറച്ച് കാണുന്ന ഇവർ ഈ എളുപ്പ വഴിയിലൂടെ ഓടിക്കയറാൻ വരുന്നു.
'കേരളത്തിലെ യഥാർത്ഥ പൊളിറ്റിക്കൽ റിയാലിറ്റി അറിഞ്ഞു പ്രവർത്തിക്കാൻ പറ്റുന്ന അധികം സിനിമക്കാരും എഴുത്തുകാരും ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. അതിൽ അത്ഭുതപ്പെടാനും ഇല്ല.കാരണം , ഇവിടെ രാഷ്ട്രീയം വേറൊരു ലോകമാണ്.....
ഒരുപാടു വർഷം രാഷ്ട്രീയത്തിൽ പയറ്റിത്തെളിയാത്തവരെ കൊണ്ടുവന്നാൽ മലയാളികൾക്ക് അത്ര വിശ്വാസം വരില്ല. '
എഴുത്തുകാരൻ സക്കറിയ പറഞ്ഞതാണിത്. അതത്രയും സത്യവുമാണ്.
ജീവിത യാഥാർത്ഥ്യങ്ങൾ പകർത്തുന്ന എഴുത്തുകാരും ജീവിതം സിനിമയിലവതരിപ്പിക്കുന്നവരും ഉദ്യോഗശീതളിമയിൽ അഭിരമിക്കുന്നവരും വേറെയൊരു ഉയർന്ന ലോകത്താണെന്ന് കരുതി കഴിയുന്നവരാണ്. യഥാർത്ഥ ജനജീവിതം അവരെ അലട്ടുന്നില്ല. ജനങ്ങൾക്കിടയിൽ ഇടകലർന്നുള്ള പ്രവർത്തനപരിചയവുമില്ല. രാഷ്ട്രീയ പ്രവർത്തകർ കേൾക്കാൻ തയാറാകുന്നതുപോലെ ആളുകളുടെ വിഷമങ്ങൾ കേൾക്കാനും അതിൽ ചേർന്നു നിൽക്കാനും ഇവരെക്കൊണ്ട് കഴിയുകയുമില്ല. എല്ലാവരുടെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നില്ലെങ്കിലും ജനം രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കുകയും അവരിൽ പ്രതീക്ഷ വയ്ക്കുകയും ചെയ്യുന്നുണ്ട് എന്ന സത്യം അവഗണിക്കാനാവില്ല.
എഴുത്തുകാരുടെ അടഞ്ഞുകിടക്കുന്ന വീടുകളിലേക്ക് ആവലാതി പറയാൻ ആരും ചെല്ലുന്നില്ല. സിനിമക്കാരുടെ ഏഴയലത്തേയ്ക്കു പോലും സാധാരണക്കാരന് പ്രവേശിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരുടെ കാര്യവും ഏറെക്കുറെ അങ്ങനെ തന്നെ. എന്നാൽ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും അവർ ചെല്ലുന്നിടങ്ങളിലും ആവലാതി ബോധിപ്പിക്കാൻ കാത്തു നില്ക്കയാണ് ജനങ്ങൾ. നമ്മുടെ നാടിന്റെ ശീലങ്ങളാണതൊക്കെ.
പേരും പ്രസിദ്ധിയും ഏറെയുള്ള എഴുത്തുകാർക്ക് ആരാധകരും ഏറെയുണ്ടാവും. വായിക്കുന്നവരുടെ മനോരാജ്യങ്ങളിൽ രാജാവുമാകും അവർ. എന്നാൽ യാഥാർത്ഥ്യം എത്ര വ്യത്യസ്തമാണ്. പത്രപ്രവർത്തകർക്കും അഭിമുഖങ്ങൾ നടത്തുന്നവർക്കുമൊക്കെ അത് കൂടുതൽ മനസ്സിലാവും. ഗൗരവത്തിന്റെയും ചിന്താ തീവ്രതയുടെയും മുഖം മൂടിയണിഞ്ഞ് നന്ദിയെന്ന വാക്കുപോലും മറക്കുന്നവർ കുറവല്ല. പറയാതെ വീട്ടിലേക്ക് അഭിനന്ദിക്കാൻ ചെന്നവരെ ഒരു പാട് നേരം കാത്ത് നിർത്തുകയും എഴുത്ത് മുറിച്ചതിന്റെ പരിഭവമറിയിക്കുകയുമൊക്കെ ചെയ്യുന്നത് അവരുടെ ശൈലിയിൽ പെടും. എന്നാൽ രാഷ്ട്രീയക്കാരുടെ ശൈലി ഇതാവാൻ പാടില്ല; അങ്ങനെ വരുമ്പോൾ അവർ ജനപ്രിയർ ആയേ മതിയാവൂ...
ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട് .
പിന്നെ അഴിമതിയും സ്വജന പക്ഷപാതവും : അത് എവിടെയാണില്ലാത്തത് ? അംഗീകാരങ്ങൾക്കും ഉയർച്ചകൾക്കുമായി ഭരണകേന്ദ്രങ്ങളുടെ ഇടനാഴികളിൽ ചുറ്റിത്തിരിയാതെ കടന്നുപോയി കൂടണയുന്നകാറ്റുകൾ എത്രയുണ്ടാവും ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക