Image

അസ്തമനമറിയാതെ (കഥ: അനാമിക സജീവ്)

Published on 15 March, 2021
അസ്തമനമറിയാതെ (കഥ: അനാമിക സജീവ്)
ഗേറ്റിനെതിരെയുള്ള അമ്പലക്കുളത്തിൽ നിന്ന് കഴുത്ത് നീണ്ട് കറുത്ത നിറമുള്ള ഒരു കിളി , മീനിനെ കൊത്തിയെടുത്ത് കൊണ്ട്  പറന്ന്പോയീ. " ആ കിളീടെ പേര് എന്താ അമ്മമ്മേ? " പല്ലവിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ നിന്ന് പോയീ ഞാൻ.    ഉത്തരമറിയാത്ത ചോദ്യങ്ങളെ നേരിടുന്ന വയസ്സിയായ അമ്മമ്മയെ ഒന്ന് നോക്കി പല്ലവി പടികളിറങ്ങി താഴേയ്ക്ക് പോയി.

      അമ്മയ്ക്കെല്ലാ കിളികളെക്കുറിച്ചും അറിയാമായിരുന്നു എന്ന  ഓർമ്മയിലൊരു  നെടുവീർപ്പ് എന്റെ നഷ്ടബോധത്തെ കെട്ടിപ്പിടിച്ചു.  

"അമ്മേ ഈ വെള്ളാച്ചിക്ക്  ആരാ വെള്ളാച്ചി എന്ന് പേരിട്ടത് ?"  അവസാനത്തെ പപ്പടം ചുട്ട് പാത്രത്തിലേക്കിട്ട് കൈമലർത്തിക്കാട്ടി അമ്മ   പറയുന്നു " ആ ...ആർക്കറിയാം? "    

അമ്മയോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം പ്രായത്തിന്റെ നിറഭേദങ്ങളും സ്വരവ്യത്യാസങ്ങളും ഏറിയും കുറഞ്ഞുമിരുന്നൂ. കാലം വരുത്തിയ കോലങ്ങളിലെപ്പോഴോ ചോദ്യവും ഉത്തരവുമൊക്കെ ഞാൻ തന്നെയായപ്പോൾ അമ്മ ഒരു പാട് പിറകിലായി അതോ താൻ അമ്മയെ പിറകിലാക്കിയോ?

അമ്മ മരിക്കുന്ന ദിവസം താനെവിടെയാരുന്നൂ?  തനിക്ക്  അമ്മയെ നഷ്ടപ്പെടുകയാണെന്ന റിയാതെ ഷാംപെയ്ൻ മണക്കുന്ന ചുണ്ടുകളോടെ  കാമുകനായ നവീൻ രുസ്തഗിയെ ചുംബിക്കുകയായിരുന്നൂ താൻ .

നവീൻ രുസ്തഗിയെ നഷ്ടപ്പെട്ടതിനു ശേഷം  അമ്മയെ ഓർത്ത് താൻ കരഞ്ഞതൊന്നും അമ്മ ഒരിക്കലും അറിഞ്ഞിട്ടുണ്ടാകില്ല.

നിരത്തിലൂടെ, ഓർമ്മകളും സ്വപ്നങ്ങളും കോർത്ത പളുങ്ക്മാലയാണ് ജീവിതം എന്ന് അർത്ഥം വരുന്ന വരികൾ ഹിന്ദിയിൽ പാടിക്കൊണ്ട് രാജാജി തെരുവിന്റെ അങ്ങേയറ്റത്തേക്ക് മാഞ്ഞുപോയി  .  രാജാജിയുടെ കൈയ്യിലും കഴുത്തിലും കവറുകൾ കെട്ടിത്തൂക്കിയിരുന്നു... ഇടയ്ക്കിടെ രാജാജി എന്തിനെന്നില്ലാതെ പൊട്ടിച്ചിരിച്ചു. കുട്ടികൾ രാജാജിയെ നോക്കി  "ഭ്രാന്തൻ ഭ്രാന്തൻ" എന്ന് വിളിച്ച്കൊണ്ട് പലവഴി ചിതറിയോടി.

ചില നിമിഷങ്ങൾ അങ്ങനെയാണ്... അവ  നമ്മെ നിസ്സംഗതയോടെ , എന്നാൽ  ഒരു ചെറുപിടച്ചിലോടെ നോക്കുന്ന കാഴ്ചക്കാർ മാത്രമാക്കിക്കളയും .

    പല നിറങ്ങളിലുള്ള വളകളുമായി രാജാജിയുടെ സൈക്കിൾ റോഡിന്റെ അങ്ങേയറ്റത്ത് പ്രത്യക്ഷപ്പെടുന്നതും  കാത്ത് നിന്ന കുട്ടിക്കാലം തിരികെ വന്നെങ്കിലെന്ന് തോന്നിപ്പിക്കുന്ന ചില മിന്നായക്കാഴ്ചകളുണ്ട്.

ഭൂതകാലത്തിൽ നിന്ന് വർത്തമാനത്തിലേക്കെ ത്തി നോക്കുന്ന ആർക്കും വേണ്ടാതാകുന്ന രാജാജിയെപ്പോലുള്ളവരുടെ വാർദ്ധക്യത്തിന്റെ  പല്ലില്ലാത്ത ചിരി... ചുക്കിച്ചുളിഞ്ഞ കൈയ്യുടെ വാത്സല്യം... മങ്ങിമറയുന്ന ഇത്തിരി ഓർമ്മവെട്ട ത്തിൽ തെളിയുന്ന സ്നേഹം..... ഒക്കെയും കൈപിടിച്ച് നടത്തുന്നത്  നിഷ്കളങ്കമായ കുട്ടിക്കാലത്തേക്കാണ്.

"ഈ കുട്ടിക്ക് നടക്കാനറിയില്ലേ? നടന്ന് പോ പെങ്കൊച്ചേ " ഇടവഴിയിലെ കയ്യാലയ്ക്കൽ നിന്ന്  വെള്ളാച്ചി വിളിച്ചുപറയുന്നു. "വീടിന് തെക്ക് വടക്ക് വഴിനടന്നാൽ കടം കയറും " ന്ന് പറഞ്ഞ് തന്നെ  വഴക്ക് പറയുന്ന  സൂസുവുമ്മച്ചീടെ കണ്ണ് വെട്ടിച്ച് അവരുടെ വീടിന് മുന്നിലൂടെ ഓടുമ്പോഴാണ് വെള്ളാച്ചീടെ ഈ സ്നേഹപ്രകടനം...

അത് കേൾക്കാൻ കാത്തിരുന്നത് പോലെ ഇത്തിരിപ്പോന്ന ഉമ്മച്ചി  എക്സ്പ്രസ്സ് പോലെ പാഞ്ഞ് വന്ന് കതിനാവെടി പൊട്ടിക്കുന്ന പോലെയാണ് പറയുക "എത്ര പറഞ്ഞാലും കേൾക്കൂല്ല ഈ അസത്ത്പെണ്ണ് " അത് കേൾക്കാത്ത മട്ടിലൊരു ഓട്ടമാണ് താൻ. ..   അപ്പോഴും തനിക്ക് പിറകിൽ, നെത്തോലി പോലുള്ള ആ ശരീരത്തിൽ നിന്ന് ശകാരമഴ തോരാതെ പെയ്യുന്നത് കേൾക്കാം.

ഓടിട്ട ആ കുഞ്ഞുവീട്ടിൽ നിന്ന്  മകളുടെ പുതിയ ഇരുനില വീട്ടിലേക്ക് പോയ സൂസുവുമ്മച്ചിയെ പിന്നീട് കണ്ടിട്ടേയില്ല. ആ ഇരുനിലവീടിന് മുകളിലെ ഒറ്റമുറിയിലെ അവരുടെ ജീവിതത്തെക്കുറിച്ച് ഓർക്കാൻ അന്ന് തന്റെ പ്രായം മെനക്കെട്ടിരുന്നില്ല  . എന്നാലിന്ന്  ചിന്തിക്കാറുണ്ട് "ഓരോ പടികളിറങ്ങാനും കയറാനും പടുവൃദ്ധയായ സൂസുവുമ്മച്ചി എന്ത് മാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകണം " എന്ന് .

മക്കളില്ലാത്ത വെള്ളാച്ചി  ദത്തെടുത്ത് വളർത്തിയ ഒരുത്തി   അവസാനകാലത്ത് വെള്ളാച്ചിയെ  വീട്ടിൽ നിന്ന് അടിച്ചിറക്കിയെന്ന് കേട്ടപ്പോൾ കുറെ സങ്കടം തോന്നി...പിന്നെയതും മറന്നു .

ജീവിതമങ്ങനെയാണ്...നമ്മൾ മനുഷ്യർ സൗകര്യപൂർവ്വം ചിലരെയൊക്കെ ഒരു ദയയുമില്ലാതെ മറവിയിലേക്കെറിഞ്ഞ് കളയും.  

നമുക്ക് വേണ്ടാത്തവരെയും... നമ്മളെ വേണ്ടുന്നവരെയും ചിലപ്പോഴെങ്കിലും നാം മറവി എന്ന മൂന്നക്ഷരത്തിലിട്ട് ശ്വാസംമുട്ടിച്ച് കൊന്നുകളയാറുണ്ട്.  

ഭിത്തിയിലെ ഫോട്ടോ സ്പേയ്സിൽ പ്രിയയും  പ്രീതിയും പല ആംഗിളിൽ ചിരിക്കുന്നു.  അവാർഡ് വിന്നിങ്ങ് ഫോട്ടോസ്, തന്നെ അവർ ഉമ്മ വെക്കുന്ന ഫോട്ടോ... അവരുടെ അച്ഛനൊപ്പമുള്ള ഫോട്ടോ .... അദ്ദേഹം തന്നെ ചേർത്ത് പിടിച്ച് നിൽക്കുന്നത്.... അങ്ങനെയങ്ങനെ  പലനിറങ്ങളുള്ള ഫോട്ടോസിലേക്ക് കണ്ണുകളാഴ്ത്തി വെറുതേയിരുന്നു.

 ഓരോ ഫോട്ടോയും പഴയ കാലത്തിലേക്കുള്ള കൈചൂണ്ടികളാണ് ; ചിലപ്പോഴൊക്കെ വർത്തമാനകാലത്തിന്റെ തീക്കനൽപ്പൂവ് ചൂടുന്നവയും.

താഴെ ഗേറ്റിന് വെളിയിൽ നീട്ടിയുള്ള ഹോൺ മുഴങ്ങി.  വാച്ച്മാൻ  ഗേറ്റ് തുറക്കുന്നതും BMW അകത്തേക്ക്  വരുന്നതും കണ്ടു.

ധൃതിയിൽ ഹാൻഡിൽ ലോക്ക് തിരിച്ച് ബെഡ്റൂമിനകത്തേക്ക് കയറുമ്പോൾ ഇന്നലെ പ്രിയ പറഞ്ഞ വാക്കുകൾ ഭിത്തികളിൽ പ്രതിദ്ധ്വനിക്കുന്നുണ്ടെന്ന്  തോന്നി.  

"അമ്മ ഇനി ഈ റൂമിലിരുന്നാൽ മതി.  എന്താവശ്യമുണ്ടെങ്കിലും ഈ കോളിങ്ങ് ബെല്ലമർത്തിയാ  മീനു വരും... എന്താവശ്യമുണ്ടേലും  അവളോട് പറഞ്ഞാൽ മതി  "

മകളുടെ സ്നേഹമോർത്ത് അഭിമാനമാണ് തോന്നിയത്.  

പക്ഷേ ചില വാക്കുകൾക്ക് സ്നേഹത്തിന്റെ  നിറംപൂശലേയുള്ളൂ....അങ്ങനെയുള്ള വാക്കുകൾക്ക്  കഠാരയേക്കാൾ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കാൻ കഴിയും.

പ്രിയ തുടരുകയാണ് "സന്ദീപിനെയും എന്നെയും കാണാനിവിടെ പലരും വരുന്നുണ്ട്.  അമ്മ അവരുടെ മുന്നിലേക്കൊന്നും വരരുത്.  സന്ദീപിന് അതൊന്നുമിഷ്ടമാവില്ല.  അതോണ്ടാ ഈ റൂമിലിരുന്നാൽ മതി എന്ന് പറഞ്ഞത് " .   

പറഞ്ഞ് നിർത്തിയ വാക്കുകളുടെ അറ്റത്ത് മൗനത്തെ കൊളുത്തിയിട്ട് പ്രിയ പോയ നിമിഷം മുതൽ  അമ്മക്കുപ്പായമഴിച്ച് വെച്ച്  അനുസരണയുള്ള പാവയാകാൻ മനസ്സിനെ പാകപ്പെടുത്തുകയാരുന്നു.   ഒഴുകിയിറങ്ങിയ കണ്ണുനീരിന് പ്രിയയുടെയും പ്രീതിയുടെയും അച്ഛന്റെ ഓർമ്മകളുടെ തണലും ചൂടുമുണ്ടാരുന്നു.

ശബ്ദമുണ്ടാക്കാതെ ഇടക്കിടെ പടികൾ കയറി വരുന്ന മീനുവും, ശബ്ദമുണ്ടാക്കിക്കൊണ്ട് വല്ലപ്പോഴും മാത്രം അമ്മയെത്തേടി പടികൾ കയറിവരുന്ന പ്രിയയും മനസ്സിനെ അസ്വസ്ഥമാക്കി.

മുറിയിൽ മങ്ങിയും തെളിഞ്ഞും നൃത്തം വെക്കുന്ന പോക്ക് വെയിലിനൊപ്പം എന്നിലെ അമ്മമ്മയും അമ്മയും മകളും  "ഞാനാദ്യം, ഞാനാദ്യം" എന്ന മട്ടിൽ മത്സരിച്ച് കൊണ്ടേയിരുന്നു.  മത്സരത്തിനൊടുവിൽ  എന്നിലെ അമ്മയെയും അമ്മമ്മയെയും  പിന്നിലാക്കി എന്നിലെ മകൾ ഏറെ ദൂരം മുന്നിലെത്തി

അങ്ങകലെ അസ്തമനസൂര്യന്റെ അവസാനത്തെ പൊട്ടും മറയുകയാണ്.

ഇരുൾ പരക്കുകയാണ് ചുറ്റിനും...

സൂസുവുമ്മച്ചി മാത്രം  ഓർമ്മകളിൽ എനിക്ക് കൂട്ടിരുന്നു.  ഓർമ്മയുടെ അവസാന പടവിലേക്ക് വഴുതിവീഴുന്ന  അസത്ത്പെണ്ണിനെ വഴക്ക് പറയാതെ അവർ  വടക്ക്ന്ന് തെക്കോട്ടും, തെക്ക്ന്ന് വടക്കോട്ടും ആരും കാണാതെ ഓടിക്കൊണ്ടിരുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക