Image

കൂട്ട് ( കവിത : രമണി അമ്മാൾ)

Published on 15 March, 2021
കൂട്ട്  ( കവിത : രമണി അമ്മാൾ)
മൊബൈൽ ഫോൺ
ചിലയ്ക്കുന്നു...
ഇടതടവില്ലാതൊരു
പക്ഷിപോലെ..

ഒറ്റയ്ക്കാണെന്ന
തോന്നലേയില്ലെനി-
ക്കെപ്പോഴും മിണ്ടാനും പറയാനുമായൊരാൾ...

ഇവളെനിക്കു കൂട്ട്,
സന്തത സഹചാരി..
തോളത്തു ചാഞ്ഞും വിരൽത്തുമ്പിൽ
തൂങ്ങിയും
പാടിയുമാടിയും
കഥകൾ പറഞ്ഞും
കിലുകിലെ ചിരിച്ചും
കിന്നരിച്ചും...
വായടയ്ക്കില്ലീക്കുറുമ്പി.. !

ഉറങ്ങാൻ കിടക്കുമ്പോൾ
തലയണച്ചോട്ടിലായ്
തൊട്ടു തലോടിയിരിക്കും.
നീണ്ട വായ്ത്താരികൊ-
ണ്ടുണർത്തുമതികാലേ...
ഇവളിലാcണെന്റ സമയസൂചി..
ഭൂതവും..,
വർത്തമാനങ്ങളും,
ഭാവിയും..!

തൊട്ടു വിളിക്കും സൗഹൃദങ്ങൾ
പാടെ തുടയ്ക്കു-
മിഷ്ടമായില്ലെങ്കിൽ..
പകുക്കും,
പങ്കിട്ടെടുക്കുമോരോന്നും..
പുകയും മനസ്സിന്നു
സാന്ത്വനമേകീടും....
എനിക്കിവളരികിലെ
പ്രാപ്യലോകം....!

നവരസഭാഷ്യങ്ങൾ
കേട്ടു മടുത്ത്
ചെവി പൊത്താറുണ്ടാമീ
കൈപ്പിടി സൗഹൃദം..!

ചില നേരമിവളും
അലോസരമായിടും.
ചെറു മുറിവു
ചുരണ്ടിയൊരു
വലിയ വ്രണമാക്കും..
ഉണങ്ങാനിട്ട-
യോർമ്മകളിൽ
തീപ്പൊരി ചിതറും
വെണ്ണീറാവും....

എന്നാലുമിവൾ മാത്രം
ഇന്നെന്റെ മിത്രം....!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക