Image

നൂറു ദിവസം കഴിഞ്ഞിട്ടും (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 19 March, 2021
നൂറു ദിവസം കഴിഞ്ഞിട്ടും (ഡല്‍ഹികത്ത് : പി.വി.തോമസ്)
മറന്നുപോയിട്ടില്ലെന്ന് കരുതുന്നു. ഇവിടെ ഇപ്പോഴും ഇങ്ങനെ ഒരു ജനകീയ സമരം തുടരുന്നുണ്ട്. കര്‍ഷകസമരം മാര്‍ച്ച് ആറിന് കര്‍ഷകസമരം 100 ദിവസം പിന്നിട്ടു. സ്വാതന്ത്ര്യത്തിന്റെ  75-ാം വാര്‍ഷീകാഘോഷങ്ങള്‍ക്ക് ഗംഭീരമായ തുടക്കം കുറിച്ചപ്പോഴും അഞ്ച് സംസ്ഥാനങ്ങളിലെ ജനാധിപത്യമാമാങ്കത്തിന് കെങ്കേമമായി കൊടിയേറിയപ്പോഴും രാജ്യാന്തര ക്രിക്കറ്റ് കളിക്കളങ്ങളില്‍ ഇന്‍ഡ്യയുടെ വിജയപതാക പാറിയപ്പോഴും മഞ്ഞും മഴയും വെയിലുമേറ്റ് കര്‍ഷകര്‍ ദല്‍ഹിയിലെ അതിര്‍ത്തികളില്‍ അഭയാര്‍ത്ഥികളെപോലെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കെട്ടിക്കിടക്കുകയായിരുന്നു. ആരാണ് ഇതിനൊരു പരിഹാരം കാണേണ്ടത് ? ഇന്‍ഡ്യയിലെ പ്രതിവര്‍ഷം ഒന്നടങ്കം സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം ഉണ്ട്. ഐക്യരാഷ്ട്രസഭയും, യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ക്യാനഡ തുടങ്ങിയ മറ്റുചില ലോകരാഷ്ട്രങ്ങളും ആശങ്ക അറിയിച്ചിട്ടും നിരവധി അന്താരാഷ്ട്ര പ്രശസ്തരായ സെലിബ്രിറ്റികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും ഈ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ ഇന്‍ഡ്യ ഗവണ്‍മെന്റിന് ഇതുവരെ സാധിച്ചിട്ടില്ല. സമരക്കാരെ ദേശദ്രോഹികളായും ഭീകരവാദികളുടെ ചട്ടകങ്ങളായും ചിത്രീകരിച്ചു. അവര്‍ ഖാലിസ്ഥാനികളാണെന്നും ആക്ഷേപമുണ്ടായി ഗവണ്‍മെന്റിന്റെ പക്ഷത്തുനിന്നും. കര്‍ഷകസമരത്തെ പിന്തുണക്കുന്ന സോഷ്യല്‍ ആക്ടിവിസ്റ്റുകളെ അര്‍ബന്‍ നക്‌സലൈറ്റുകളായും ദേശദ്രോഹികളായും ചിത്രീകരിച്ചു. ചിലരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. മറ്റു ചിലര്‍ക്കെതിരെ അറസ്റ്റ് ഭീഷണി നിലനില്‍ക്കുന്നു.

സമരക്കാര്‍ക്ക് ഒരേ ഒരു ഡിമാന്റേ ഉള്ളൂ. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം. കാരണം അത് ഗവണ്‍മെന്റിന്റെ ചങ്ങാത്ത മുതലാളികളായ കോര്‍പ്പറേറ്റുകളെ സഹായിക്കുവാനും കര്‍ഷകരെ ഈ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കുവാനും ഉള്ള കരിനിയമങ്ങള്‍ ആണ്. നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറല്ല. കാരണം അവ കര്‍ഷകരുടെ സാമ്പത്തീക ഭദ്രത ഉറപ്പു വരുത്തുവാനുള്ളവയാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. എന്നാല്‍ ഈ സാമ്പത്തീക ഭദ്രത അപകടകരമായ അടിയറവ് വയ്ക്കല്‍ ആണെന്നും അതിനാല്‍ അവ വേണ്ടെന്നും കര്‍ഷകര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. എന്നാല്‍ ഇവ ജനാധിപത്യ വിരുദ്ധമായി കര്‍ഷകരില്‍ അടിച്ചേല്‍പിക്കുവാനാണ് ഗവണ്‍മെന്റിന്റെ പദ്ധതി. സമരം അങ്ങനെ തുടരുന്നു. 11 റൗണ്ട് ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇപ്പോള്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്.

ഗവണ്‍മെന്റിന് ആരംഭം മുതലേ പാളിച്ചകള്‍ പറ്റി. വളരെ പ്രധാനപ്പെട്ട ഈ നിയമങ്ങള്‍ ഇതിന്റെ  ഗുണനഷ്ടഭോക്താക്കളായ കര്‍ഷകരെ വിശ്വാസത്തില്‍ എടുക്കാതെയാണ് കൊണ്ടുവന്നത്. അതും പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സ് രൂപത്തില്‍. പിന്നീട് അവ ബില്ലുകളായി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ലോകസഭയില്‍ അവ പ്രസക്തമായ ചര്‍ച്ചകള്‍ ഒന്നും ഇല്ലാതെയും രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയും പാസാക്കി. പിന്നീട് കര്‍ഷകസമരം. ഗവണ്‍മെന്റ് ആദ്യം കര്‍ഷകരുമായി ചര്‍ച്ചനടത്തുവാന്‍ പോലും വിസമ്മതിച്ചു. പിന്നീട് ചര്‍ച്ച നടന്നപ്പോള്‍ ഇരുകൂട്ടരും കടുപിടുത്തവും. രണ്ട് വര്‍ഷത്തേക്ക് ഒരു പരീക്ഷണമെന്നരീതിയില്‍ ഈ മൂന്നു നിയമങ്ങളെ സ്വീകരിക്കുവാന്‍ ഗവണ്‍മെന്റ് പറഞ്ഞു. കര്‍ഷകര്‍ സ്വീകരിക്കുവാന്‍ ഗവണ്‍മെന്റ് പറഞ്ഞു. കര്‍ഷകര്‍ അത് തള്ളി. പിന്നീട് ഒരു വര്‍ഷത്തേക്ക് എന്നായി. അതും കര്‍ഷകര്‍ തള്ളി. അതിനുശേഷം ഈ നിയമങ്ങളില്‍ ചില പരാധീനതകള്‍ ഉണ്ടെന്നും അതിനാല്‍ 18 മാസത്തേക്ക് അവയെ സസ്‌പെന്റ് ചെയ്യുന്നുവെന്നും ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. അതും കര്‍ഷകര്‍ തള്ളി. ഇത് കര്‍ഷകസമരം അട്ടിമറിക്കുവാനുള്ള ഒരു തന്ത്രമായിട്ടുമാത്രം ഇവര്‍ കണ്ടു. മാത്രവും അല്ല നിലവില്‍വന്നിട്ടുള്ള ഒരു നിയമത്തെ സസ്‌പെന്റ് ചെയ്യുവാന്‍ നിയമപരമായ മാര്‍ഗ്ഗം ഇല്ല. വേണമെങ്കില്‍ റൂളുകള്‍ സൃഷ്ടിക്കാതെ അവയുടെ നിര്‍വ്വഹണം നീട്ടാം. ഫ്രീസ് ചെയ്യുവാന്‍ സാധിക്കുകയില്ല. ഭരണഘടനയിലോ നിയമനിര്‍മ്മാണ പ്രക്രിയയിലോ ഇങ്ങനെ ഒരു സാദ്ധ്യത ഇല്ല. സുപ്രീംകോടതിക്ക് വേണമെങ്കില്‍ ഒരു നിയമം സ്‌റ്റേ ചെയ്യാം. പക്ഷേ, ഇക്കാര്യത്തില്‍ സുപ്രീംകോടതി നിയമങ്ങളെ സ്‌റ്റേ ചെയ്തിട്ടില്ല. അവ പ്രാവര്‍ത്തീകമാക്കുന്നതിനെ മാത്രമേ താല്‍ക്കാലികമായി സ്റ്റേ ചെയ്തിട്ടുള്ളൂ. സുപ്രീംകോടതി ഈ നിയമങ്ങളെ പഠിക്കുവാന്‍ നിയമിച്ച ഒരു പാനലും കര്‍ഷകര്‍ നിരാകരിച്ചു. കാരണം അതിലെ എല്ലാ അംഗങ്ങളും ഈ നിയമങ്ങളെ പരസ്യമായി സ്വാഗതം ചെയ്തവര്‍ ആയിരുന്നു!

അങ്ങനെ നവംബര്‍ 26, 2020 ആരംഭിച്ച കര്‍ഷകസമരം ഒരെത്തും പിടിയും ഇല്ലാതെ പ്രക്ഷുബ്ദമായി അനന്തമായി തുടരുകയാണ്. മാര്‍ച്ച് 26 ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് കര്‍ഷകരാണ് ഗ്രാമങ്ങളില്‍ നിന്നും ദല്‍ഹിയിലേക്ക് വരുന്നതെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ട്രാക്ടറുകളും. ദല്‍ഹിയുടെ അതിര്‍ത്തികള്‍ കമ്പിവേലികൊണ്ടും ഇരുമ്പ് ബാരിക്കേടുകള്‍ കൊണ്ടും, ഇരുമ്പാണികള്‍ പാകിയ പാതകൊണ്ടും ഭീകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. 160-ലേറെ കര്‍ഷകര്‍ ഇതിനകം മരിച്ചു. ഇതില്‍ ആത്മഹത്യയുംപെടുന്നു. സില്‍ഘു ബോര്‍ഡറില്‍ മാത്രം, 1,70,000 കര്‍ഷകര്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് കര്‍ഷകനേതാക്കന്മാര്‍ അവകാശപ്പെടുന്നു. മോദി-ഷാമാരുടെ ഏകാധിപത്യ ഭരണത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ കര്‍ഷകസമരമെന്ന്് സാമുഹ്യ-രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അസം ഉപരോധനവും ഖാലിസ്ഥാന്‍ മൂവ്‌മെന്റും എല്ലാം വിലയിരുത്തിയാലും ഈ കര്‍ഷകസമരം സ്വതന്ത്രാനന്തര ഇന്‍ഡ്യ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഒരു സമരം ആണെന്ന് പറയാം.

ഇത് സമാധാനപരമായി പരിഹരിക്കുവാന്‍ എന്താണ് വഴി? ജോഗീന്ദര്‍ സിംങ്ങ് ഉഗ്രഹാന്‍ എന്ന കര്‍ഷകനേതാവ് പറയുന്നത് മൂന്ന് നിയമങ്ങളില്‍ രണ്ടെണ്ണം റദ്ദാക്കി മൂന്നാമത്തെ നിയമം തടഞ്ഞുവയ്ക്കുകയും ചെയ്താല്‍ കര്‍ഷകര്‍ അവരുടെ കൃഷിഭൂമിയിലേക്ക്  റാബികൃഷിക്കായി പോകും എന്നാണ്. അല്ലെങ്കില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള മനുഷ്യചങ്ങലയാണ് കര്‍ഷകര്‍ ആസൂത്രണം ചെയ്യുന്നത്.

വിദേശസെലിബ്രിററികള്‍ ഇന്‍ഡ്യയിലെ കര്‍ഷകസമരത്തെ പിന്തുണച്ചപ്പോള്‍ ഇവിടെ ഭരണപക്ഷത്ത് പ്രതിവിമര്‍ശനത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ന്നതുപോലെ ഇപ്പോള്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് ഈ വിഷയം ചര്‍ച്ച ചെയ്തപ്പോഴും ശക്തമായ പ്രതികരണം ഉണ്ടായി. റിഹാനയയോ, ഗ്രെറ്റ ഇന്‍ബെര്‍ഗ്ഗോ അല്ല ഇന്‍ഡ്യയെ വിഭജിക്കുന്നതെന്നും അത് ബി.ജെ.പി. ഗവണ്‍മെന്റ് ആണെന്നും മറ്റുമുള്ള വാക്പ്രയോഗങ്ങള്‍ ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ ഉയര്‍ന്നുകേട്ടു. ബ്രിട്ടീഷ് പാര്‍ലിമെന്റ് അവരുടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മറ്റുള്ള രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്നും ലോകസഭസ്പീക്കര്‍ ഓം ബിര്‍ള പ്രതികരിക്കുകയുണ്ടായി. ഇന്‍ഡ്യയുടെ നയതന്ത്രകാര്യാലയം ഇതിനെ ബ്രിട്ടനിലെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ചിത്രീകരിച്ചു. ഇന്‍ഡ്യ ദല്‍ഹിയിലെ ബ്രിട്ടീഷ് പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയുണ്ടായി. ഇതൊക്കെ നയതന്ത്രപരമായ സ്ഥിരം തന്ത്രങ്ങള്‍ മാത്രം.
 എന്തുകൊണ്ട് ഇതുപോലുള്ള അന്താരാഷ്ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം? ഒരു ഭരണാധികാരിയുടെ, ഒരു ഗവണ്‍മെന്റിന്റെ, ഭരണപരമായ നൈപുണ്യം തെളിയക്കപ്പെടുന്നത് ഇതുപോലുള്ള ജനകീയ സമരങ്ങളെ ജനാധിപത്യപരമായി നേരിടുന്ന, പരിഹരിക്കുന്ന രീതികളിലൂടെയാണ്. ഇവിടെ മോദിക്ക് അദ്ദേഹത്തിന്റെ ഭരണ നിപുണത ജനാധിപത്യത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തെളിയിക്കേണ്ടിയിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക