Image

സാജന്‍ ബേക്കറിയിലെ ക്രീംബണ്ണ് (നര്‍മ്മം: സാം നിലമ്പള്ളില്‍)

Published on 19 March, 2021
സാജന്‍ ബേക്കറിയിലെ ക്രീംബണ്ണ് (നര്‍മ്മം: സാം നിലമ്പള്ളില്‍)
വാലും തലയുമില്ലാത്തത് എന്ന് കേട്ടിട്ടില്ലേ., ഇപ്പോള്‍ പറയുന്നതിന് ഉടലുമില്ല. വാലും തലയും ഉടലുമില്ലാതെ എങ്ങനെ സിനിമ പിടിക്കാമെന്നതിന്റെ ഉദാഹരണമാണ് അടുത്തിടെ മലയാളത്തിലിറങ്ങിയ സാജന്‍ ബേക്കറി. ഒരു ബേക്കറി കഥാപാത്രമായി സിനിമപിടിക്കുന്നത് എങ്ങനെയെന്ന് കാണിച്ചുതരികയാണ് ഇതിന്റെ നിര്‍മിതാക്കളും സംവിധായകനും. നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും ഇതെങ്ങനെ സാധിക്കുമെന്ന്. വളരെ എളുപ്പമാണ്. ഏതാനും കഥാപാത്രങ്ങളും കുറെ മൊബൈല്‍ ഫോണുകളും  ബേക്കിറി ഉത്പന്നങ്ങളം ഉണ്ടെങ്കില്‍ സാധിക്കാവുന്ന കാര്യമേയുള്ളു

സിനിമയുടെ പകുതിവരെ, ഇന്റര്‍മിഷന്‍, മൊബൈലിലുള്ള കളിയാണ് നാം കാണുന്നത്. സംഭഷണമല്ല മെസ്സേജ് അയക്കലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ നാമെന്ന കാഴ്ച്ചക്കാരന്‍ വായുംപൊളിച്ച് ഇരിക്കയേ നിവൃത്തിയുള്ളു. പടം ന്യൂജനറേഷനാണന്ന് കൃത്യംചെയ്തവര്‍  അവകാശപ്പെടുന്നില്ലെങ്കിലും നമുക്ക് അങ്ങനെ അനുമാനിക്കുന്നതില്‍ തെറ്റില്ല..

പിള്ളാരുടെ തന്ത, സാജന്‍, അനേകവര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപിച്ചതാണ് ബേക്കറി. അദ്ദേഹം ഇപ്പോള്‍ കഥാവശേഷനാണ്. സാജന്‍ കണ്ടുപിടിച്ച  വിശിഷടവിഭവം ക്രീംബണ്ണായിരുന്നെന്ന് അവസാന നിമിഷത്തില്‍ അജു വറുഗീസ് പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോളാണ് നമ്മള്‍ അറിയുന്നത്. പുള്ളിക്കാരന്റെ ശ്രമം പാടെ പരാജയപ്പെടുന്നു. അവന്റെ പെങ്ങള്‍ ലെനക്ക് അറിയാം അതിന്റെ റെസിപ്പി. പക്ഷെ, ചെക്കനുമായിട്ട് എല്ലാകാര്യത്തിനും മല്ലിടുന്ന അവള്‍ സഹോദരന്‍ ബണ്ണുണ്ടാക്കി രക്ഷപെടാന്‍  അനുവദിക്കുന്നില്ല. അവനാണെങ്കില്‍ സദാസമയവും കാമുകിക്ക് മെസേജ് അയക്കാനും തെണ്ടിത്തിരിയാനുമല്ലാതെ തന്തയുണ്ടാക്കിയ ബേക്കറിയില്‍ ജോലിചെയ്ത് രക്ഷപെടാനുള്ള താത്പര്യമൊന്നും ഇല്ലതാനും.

അവന്റെ കാമുകിപെണ്ണ് ഒരു ക്‌ളിനിക്കല്‍ ലബോറട്ടറിയില്‍ ജോലിചെയ്യുന്ന, നരമ്പില്‍ കുത്തിവെയ്ക്കാനറിയാത്ത ടെക്‌നീഷ്യനാണ്. അവളുടെ പ്രധാനജോലി മൊബൈല്‍ഫോണില്‍ സംഭാഷണവും ഫെയിക്ക് മെസ്സേജ് അയക്കലുമാണ്. ഇവള്‍ എന്താണ് സംസാരിക്കുന്നതെന്ന് നമുക്കാര്‍ക്കും മനസിലാകത്തില്ലെന്നുള്ളത് ആശ്വാസകരം. എന്തോ അവ്യക്തമായ കാരണത്താല്‍ അവള്‍ കാമുകനായ അജു വറുഗീസിനെ ഉപേക്ഷിച്ച് എങ്ങോട്ടോ പോകുന്നു. അത്രയും സന്തോഷം.

അജുവിന്റെ പെങ്ങള്‍ , ലെന, എന്തോ മാനസികരോഗം പിടിപെട്ടവളെപ്പോലെയാണ് പെരുമാറുന്നത്. ബേക്കറിയില്‍ അവള്‍ ജോലിചെയ്യുന്നതായി കാണപ്പെടുന്നുണ്ട്. സഹോദരനുമായി സ്ഥിരം വഴക്കിടലാണ് അവളുടെ ശീലമെന്ന് പറഞ്ഞല്ലോ.  അവനും ഇക്കാര്യത്തില്‍ മോശമല്ല. ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റുചെന്ന് രണ്ടിനേയും പൊതിരെ പൂശിയാലോയെന്ന് കാണികളാരെങ്കിലും മനസ്സാല്‍ ആഗ്രഹിച്ചാല്‍ ഞാനവരെ കുറ്റംപറയില്ല. ഇവളുടെ മൊശട് സ്വഭാവത്തിനുകാരണം ഭര്‍ത്താവായ തമിഴന്‍ ഉപേക്ഷിച്ചുപോയതാണെന്ന് പിന്നീട് അയാളെത്തേടി തേനിയില്‍ പോകുമ്പോളാണ് നമ്മള്‍ അറിയുന്നത്.

ഇനിയുള്ള കഥാപാത്രം ഗണേഷ്കുമാറാണ്. ഇദ്ദേഹം അജുവിന്റെയും ലെനയുടെയും അമ്മാച്ചനാണ്. അദ്ദേഹം ബേക്കറിയില്‍ കൂലിയില്ലാതെ കഠിനാധ്വാനം ചെയ്യുന്നു. ഇടക്കിടെ ബേക്കറിഉത്പന്നങ്ങള്‍ ഷെല്‍ഫില്‍ കൊണ്ടുവെയ്ക്കുകയും വൈകിട്ട് വെള്ളമടിക്കുകയും ചെയ്യുകയാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജോലി.

കഥയുടെ അവസാനം ലെന ക്രീംബണ്ണുണ്ടാക്കി സഹോദരന്‍ രക്ഷപെടാന്‍ സഹായിക്കുന്നു. പിന്നീടവള്‍ സ്വര്‍ക്ഷത്തിലിരുന്ന് അവനെ അനുഗ്രഹിക്കുന്നതോടുകൂടി കഥ അവസാനിക്കുന്നു. ക്രീം ബണ്ണുതിന്നാന്‍ കാശുമുടക്കി തീയേറ്ററില്‍ കയറിയ പാവം കാണികള്‍ തണുത്തുവിറച്ച് വെളിയിലക്കിറങ്ങി. ചൂടുള്ള അന്തരീക്ഷ ഊഷ്മാവ് കൊള്ളുമ്പോള്‍ ആശ്വസിക്കുന്നു.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക