Image

ഇൻ്റർനാഷണൽ കൂട് മാറ്റം (ശ്രീജ പ്രവീൺ)

Published on 21 March, 2021
ഇൻ്റർനാഷണൽ കൂട് മാറ്റം (ശ്രീജ പ്രവീൺ)
വർഷങ്ങൾക്ക് ശേഷം വീണ്ടും  കൂട് വിട്ടു കൂട് മാറാനുള്ള തയ്യാറെടുപ്പിൽ ആണിപ്പോൾ മനസ്സ്. ഇത് വരെയുള്ള വീട് മാറ്റങ്ങൾ എല്ലാം ഒന്നൊന്നായി ഫ്ലാഷ് ബാക്കിൽ തെളിഞ്ഞു വരുന്നു..

സ്വന്തമായി വീട് ഉണ്ടായിരുന്നുവെങ്കിലും അച്ഛൻ്റെയും അമ്മയുടെയും ജോലി സ്ഥലത്തിന് അടുത്തായി പല വാടക വീടുകളിൽ ആയിരുന്നു കുട്ടിക്കാലം മുഴുവനും. തിരുവനന്തപുരത്തിൻ്റെ പ്രൗഢ ഗംഭീരമായ പ്രദേശത്ത് ധാരാളം വീടുകളിൽ താമസിക്കാനുള്ള യോഗമുണ്ടായിട്ടുണ്ട്. ചെറിയ ചെറിയ ഓടിട്ട വീടുകൾ മുതൽ ഒരു വലിയ നാലുകെട്ട് വരെ ഞങ്ങൾക്ക് താവളം ഒരുക്കിയിട്ടുണ്ട്.

ചില വീടുകൾ മഴക്കാലം ആകുന്നതു വരെ അതിഗംഭീരം ആണെന്ന് നമുക്ക് തോന്നും. നല്ല ടെറസ്സിട്ട വലിയ വീട്ടിൽ താമസിച്ചിട്ടുണ്ട് ഞങ്ങൾ. വലിയ മുറികൾ, വിശാലമായ മുറ്റം ഒക്കെയുണ്ട്.. പക്ഷേ മഴ തുടങ്ങിയാൽ പിന്നെ മഴ, കട്ടൻ ചായ , ജോൺസൺ മാസ്റ്റർ കോംബിനേഷന് വേണ്ടി വരാന്തയിൽ ഒന്നും പോകണ്ട ആവശ്യമില്ല, റേഡിയോ ഓൺ ആക്കി ബെഡ് റൂമിൽ തന്നെ ഇരുന്നാൽ മതി. നല്ല ഭംഗിയായി ചോരുന്ന കോൺക്രീറ്റ് മേൽക്കൂര ആയിരുന്നു ആ വീടിൻ്റെ പ്രത്യേകത.. ഹൗസോണർക്ക് പക്ഷേ ,അത് വീടിൻ്റെ ഒരു ആകർഷണമാണെന്ന് തോന്നിയത് കൊണ്ട് നമ്മൾക്ക് വീട് മാറേണ്ടി വന്നുവെങ്കിലും നല്ല രസമുള്ള ഓർമ്മകളാണ് ഇപ്പൊ അതൊക്കെ.

പിന്നീട് തൻ്റേതല്ലാത്ത കാരണങ്ങളാൽ ഞാനും അനിയനും വളർന്നു പടർന്നു പന്തലിച്ച കാരണം വീടിന് വലിപ്പം കൂടുതൽ വേണമെന്ന് അച്ഛനും അമ്മയ്ക്കും തോന്നുകയും കൂടുതൽ മുറികൾ ഉള്ള വീടുകളിലേക്ക് മാറുകയും ചെയ്തു വന്നു..

ഈ വീട് മാറ്റങ്ങൾ കല്യാണം കഴിഞ്ഞതോടെ അവസാനിക്കും എന്ന് മനക്കോട്ട കെട്ടിയിരുന്ന ഞാൻ പിന്നീങ്ങോട്ടുള്ള വർഷങ്ങളിൽ നിലത്ത് നിന്നിട്ടില്ല...

അന്ന് മുതൽ വീട് മാത്രമല്ല, നാടാണ് മാറുന്നത്!

ഓരോ അഞ്ചു വർഷം കഴിയുമ്പോഴും കേരളത്തിൽ നിന്ന് മുബൈ, മുംബൈയിൽ നിന്ന് ദുബായ് , ദുബൈയിൽ നിന്ന് ഖത്തർ, അവിടെ നിന്ന് തിരിച്ചു ദുബായ് എന്നിങ്ങനെ പലതും ചാടി കടന്നവർ ആണീ ഞാനും കെട്ടിയോനും പിള്ളേരും ...

കുറ്റം പറയരുതല്ലോ, എല്ലാം പഞ്ചവത്സര പദ്ധതികൾ ആയിരുന്നു ... അഞ്ചു വർഷത്തിൽ ലൊക്കേഷൻ ചേഞ്ച് വേണം.

രാജ്യം വിട്ടുള്ള പലായനങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടിയത് ഖത്തറിൽ നിന്ന് ദുബായിലേക്കുള്ള രണ്ടാം വരവിൽ ആയിരുന്നു. കാരണം ആ യാത്ര ഞാൻ ഒറ്റക്കാണ് നടത്തിയത്.

കെട്ടിയോന് ദുബൈയിൽ നിന്ന് ഒരു ജോലിയുടെ ഓഫർ വരുന്നു. അപ്രതീക്ഷിതമായി എനിക്കും ഞാൻ നേരത്തെ ജോലി ചെയ്തിരുന്ന സ്കൂളിൽ ജോലി കിട്ടുന്നു.. നല്ല ബെസ്റ്റ് ടൈം എന്ന് പറയാൻ വരട്ടെ.. സമയം ആകെ കുഴഞ്ഞു കിടക്കുകയായിരുന്നു.

ഇവിടെ സ്കൂൾ തുറക്കുന്നത് കാരണം എനിക്ക് ഏപ്രിലിൽ എത്തണം. പക്ഷേ പുള്ളിക്കാരൻ്റെ വിസ ശെരിയാകാൻ സമയം എടുക്കും.. ചിലപ്പോ ഒന്നോ രണ്ടോ മാസം. എനിക്കാണേൽ അത്രയും കാത്തിരിക്കാനും പറ്റില്ല. എന്നെയും മക്കളെയും സ്വന്തം വിസ തന്നു തിരിച്ചു കൊണ്ട് വരികയാണ് സ്കൂൾ അധികൃതർ.അവർക്ക് ക്ഷമ നശിച്ചു തുടങ്ങി.ക്ലാസ്സിൽ ടീച്ചർ ഇല്ലാതെ പ്യൂണിനെ വരെ ക്ലാസ്സിൽ കയറ്റെണ്ടി വരുമെന്ന് സൂപ്പർവൈസർ .
മക്കളെയും കൊണ്ട് വന്ന് ജോയിൻ ചെയ്യാം എന്ന് വെച്ചാൽ അവരുടെ പാസ്പോർട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ . അവർക്കും ഏപ്രിലിൽ യാത്ര പാട് തന്നെ...

അങ്ങനെ ഞാൻ ഒറ്റക്ക് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വീട് മാറി. ഒരു ഇൻ്റർനാഷണൽ വീട് മാറ്റം!

 ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ എന്നെ സ്വീകരിക്കാൻ  ആരാണ് വരുന്നത് എന്നോ ഞാൻ അവരെ എങ്ങനെ തിരിച്ചറിയും എന്നോ ഒന്നും എനിക്കറിയില്ല.

വന്നിറങ്ങി പെട്ടികളും കൊണ്ട് പുറത്തേക്ക് ഇറങ്ങി ഞാൻ ഒരു ലക്ഷ്യവും ഇല്ലാതെ മുന്നോട്ട് നടക്കവേ ഒരു കാഴ്ച കണ്ടു. ഒരു വെളുത്ത ബോർഡിൽ എൻ്റെ പേര് 'തങ്ക ലിപികളിൽ ' കൊത്തി വച്ച പോലെ ദൂരെ കാണുന്നു. കൂടെ നടന്നു വന്ന മറ്റു സാദാ പാസഞ്ചേഴ്സ് കേൾക്കാൻ  കാണാൻ വേണ്ടി ഞാൻ കൈ ഉയർത്തി കാണിച്ചു, എന്നിട്ട് ഒരു കാര്യവും ഇല്ലാതെ ഉറക്കെ പറഞ്ഞു, "ആ, എൻ്റെ പേര് കണ്ടല്ലോ". കൂടെയുള്ള ഒരുത്തരും അത് കേട്ട ഭാവം വച്ചില്ല. അത് പിന്നെ നമ്മുടെ നാട്ടിലെ സായിപ്പിനെ പോലെ ആനയിച്ച് കൊണ്ട് പോകാനുള്ള ഭാഗ്യം അവർക്കൊന്നും കിട്ടിയില്ലല്ലോ, അപ്പോ കണ്ണ് കടി കാണില്ലേ?

സെലിബ്രിറ്റി ഫീലിംഗിൽ ബോർഡിന് അടുത്തേക്ക് നടന്നു തുടങ്ങിയതും അതും പിടിച്ചു നിന്നയാൾ തിരിഞ്ഞു നടന്നു തുടങ്ങി .  അടുത്ത് എത്തിയതും എനിക്ക് ആളെ മനസിലായി.ഓഫീസ് സ്റ്റാഫിലെ പയ്യനാണ്. പണ്ട് ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് കണ്ട പരിചയമുണ്ട് .
" വാൻ കുറെ ദൂരെയാണ് കിടക്കുന്നത് ടീച്ചറെ " എന്ന് അവൻ. വാൻ എന്ന് പറഞ്ഞത് നിരാശപ്പെടുത്തി എങ്കിലും പുറത്ത് കാണിച്ചില്ല. മുന്നോട്ട് നടന്നു.

ഒരു അര മുക്കാൽ മണിക്കൂറിനകം എനിക്ക് വേണ്ടി സ്കൂൾ ഒരുക്കി വച്ചിരുന്ന ഫ്ലാറ്റിനു മുന്നിൽ വണ്ടി എത്തി. പയ്യനും ഡ്രൈവറും കൂടി പെട്ടികൾ എല്ലാം മുകളിൽ എത്തിച്ചു . ജോലി ദുബായിൽ ആണേലും താമസം ഷാർജയിലാണ് ഏർപ്പാട് ആക്കിയിരുന്നത്. ഞാൻ ആണെങ്കിൽ ആദ്യമായി ആണ് ഷാർജയിൽ.പാർക്കിംഗ് ഉൾപ്പടെ പത്ത് മുപ്പത് നിലയുള്ള  ഒരു ഭീമാകരനായ കെട്ടിടം . അതിലെ പന്ത്രണ്ടാം നിലയിൽ ആണ് എനിക്കുള്ള ഫ്ലാറ്റ്.

ഫ്ലാറ്റിനുള്ളിൽ കയറിയ ഉടനെ പയ്യനും ഡ്രൈവറും നേരെ എന്നെ അടുക്കളയിലേക്ക് വിളിച്ചു.

" ടീച്ചറെ, ചായപ്പൊടി, പഞ്ചസാര, തൽക്കാലത്തേക്ക് ഉള്ള കപ്പുകൾ ഗ്ലാസുകൾ ഒക്കെ ഇവിടെ ഇരിപ്പുണ്ട് . താമസം തുടങ്ങാനുള്ള എല്ലാ കാര്യങ്ങളും ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. ഇന്നലെ ഞാനും ഇവനും കൂടെ വന്നു മൊത്തം തൂത്ത് തുടച്ചു വൃത്തിയാക്കി ഇട്ടതാണ്. "പയ്യൻ ഉത്തമ കുടുംബിനി ആയി എന്നെ വീട് ഏൽപ്പിച്ചു.

 ഏതൊക്കെ സാധനങ്ങൾ എവിടെയൊക്കെ ഇരിപ്പുണ്ട് , താഴെ ഏതൊക്കെ കടകൾ ഉണ്ട് എന്നൊക്കെയുള്ള വിശദീകരണങ്ങളും തന്നു .

പുറത്തേക്ക് ഇറങ്ങിയ ശേഷം ഡ്രൈവർ പറഞ്ഞു  "നാളെ രാവിലെ സ്കൂളിലേക്ക് പോകേണ്ട ബസ് ഡ്രൈവറുടെ നമ്പർ അവിടെ എഴുതി വച്ചിട്ടുണ്ട്. രാവിലെ അഞ്ചേ മുക്കാലിന് ആണ് വണ്ടി താഴെ വരുന്നത്".

ഗൾഫ് നാടുകളിൽ പൊതുവേ രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സ്കൂൾ സമയം . സ്കൂളിലേക്ക് ദൂരം കുറവാണെങ്കിലും ഷാർജയിലെ ട്രാഫിക് ഒഴിവാക്കാൻ ബസ്സുകൾ വളരെ നേരത്തെ പുറപ്പെടും. അതായത് ഗായത്രി മന്ത്രം ഒക്കെ പറഞ്ഞു സൂര്യനുദിക്കും മുന്നേ ബസ്സിൽ കയറിപ്പറ്റണം എന്നർത്ഥം. അഥവാ ബസ്സ് മിസ്സ് ആയാൽ ടാക്സിക്ക് പോകാമെന്ന് വച്ചാൽ അത് നീങ്ങി നിരങ്ങി അങ്ങെത്തുമ്പോൾ പിന്നെ ഒരു ചായയും വാങ്ങി കുടിച്ചു ഉച്ചക്കുള്ള ബസ്സിനു വീട്ടിലേക്ക്  തിരിക്കാം. അത്രയും സമയം എടുക്കും.  പോരെങ്കിൽ നല്ല റേറ്റും.

ആദ്യ ദിവസം തന്നെ താമസിക്കാൻ വയ്യ പോരെങ്കിൽ നമ്മുടെ കയ്യിൽ ദിർഹവും കുറവാണല്ലോ.

അവർ പോയ ഉടനെ പുറത്തേക്കുള്ള വാതിൽ അടച്ചു പൂട്ടി. ഞാൻ പതിയെ ആ വീടിൻ്റെ ഓരോ കോണും നടന്നു കണ്ടു. അത്യാവശ്യം വലിയ ഒരു ഹാൾ, ഒരു ഇടത്തരം കിടപ്പ് മുറി, ഒരു കുഞ്ഞു അടുക്കള , പേരിനു ഒരു ബാൽക്കണി ഇതൊക്കെ ഉള്ള എല്ലാ സൗകര്യവും ഉള്ള ഫ്ലാറ്റ് ആയിരുന്നു അവർ ഒരുക്കിയത്.

വല്ലാത്ത ഒരു നിശബ്ദത ആയിരുന്നു അന്ന് ആ വീടിനുള്ളിൽ. എയർപോർട്ടിൽ നിന്ന് വാങ്ങിയ പുതിയ ഫോൺ കണക്ഷൻ ഉണ്ടായത് കൊണ്ട് ഹസ്ബന്റിനേയും മക്കളെയും വിളിച്ചു എത്തിയ വിവരങ്ങൾ പറഞ്ഞു. പിന്നെയും ഒന്നും ചെയ്യാനില്ല.

കൊണ്ട് വന്ന തുണികൾ ഒക്കെ എടുത്തു അലമാര യുടെ ഉള്ളിലേക്ക് വച്ചു. ഫ്രിഡ്ജിൽ ഇരുന്ന മുട്ട ഓംലറ്റ് ആക്കി ബ്രഡിൻ്റെ കൂടെ കഴിച്ചു. സമയം ഒന്നും അറിയാൻ വയ്യ. ഫോൺ എടുത്ത് നോക്കിയപ്പോ ഒമ്പതര ആയിരിക്കുന്നു.

ബാത്ത്റൂമിൽ ഗീസർ ഒക്കെയുണ്ട് . രാവിലെ ഒരു നാല് നാലരക്ക് ഉണരണം. കുളിച്ച് ഒരുങ്ങാൻ ഒരു  മണിക്കൂർ വേണ്ടി വരും. ആദ്യ ദിവസം ആയ കൊണ്ട് ടീച്ചറിൻ്റെ ഗമയിൽ സാരി ഉടുത്തു തന്നെ പോകണം. മൂന്ന് വർഷം മുൻപ് ജോലി ചെയ്ത സ്ഥലം ആണെങ്കിലും ഇപ്പൊ നല്ല സ്റ്റൈൽ ആയല്ലോയെന്ന് പഴയ കൂട്ടുകാരെ കൊണ്ടൊക്കെ പറയിപ്പിക്കണം... പണ്ടെ നമുക്ക് ഡ്രസ്സിംഗ്സെൻസില്ല എന്ന് പറയുന്ന കണ്ട്രീസ് ആണ് അതുങ്ങൾ.

കൊണ്ട് വന്ന സാരി, ബ്ലൗസ് ഒക്കെ എടുത്തു കട്ടിലിൻ്റെ ഒരു വശത്ത് വച്ചു. മാച്ചിംഗ് ആയി കൊണ്ട് വന്ന കമ്മൽ മാല ഇതൊക്കെ എടുത്ത് അടുത്ത് തന്നെ നിരത്തി വച്ചു. രാവിലെ തപ്പി നടക്കണ്ടല്ലോ..

പത്ത് മണി കഴിഞ്ഞപ്പോൾ കെട്ടിയോൻ്റെ കാൾ വന്നു. "പേടി ഉണ്ടോ" . ഹും! ഈ വീര ശൂര പരാക്രമിയായ എന്നോടോ ബാലാ എന്ന് ഞാൻ . കാൾ കട്ട് ആയ ശേഷം വാതിൽ അടച്ചിട്ട് ഓടി പോയി കിടന്നു. ഫോണിൽ അലാറം വച്ചിട്ടുണ്ട് . പുതപ്പ് തല വഴി മൂടി ഉറക്കമായി.

താഴെയുള്ള പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് ഞെട്ടി ഉണർന്നത്. വെപ്രാളപ്പെട്ട് ഫോണിലേക്ക് നോക്കി . സമയം അഞ്ച് മണി കഴിഞ്ഞ് ഇരുപത് മിനുട്ട് ആയിരിക്കുന്നു. എന്ത് കൊണ്ടോ അലാറം അടിച്ചില്ല. വയറ്റിൽ നിന്ന് ഒരു ആന്തൽ നെഞ്ചിലേക്ക് പാഞ്ഞു. ഇനി ആകെ ഇരുപത് മിനിട്ട് കൊണ്ട് തയ്യാറായി താഴെയുള്ള സ്റ്റോപ്പിൽ എത്തണം .

പിന്നെ അവിടെ നടന്നത് ചരിത്രമായിരുന്നു. പല്ല് തേച്ചു എന്ന് വരുത്തി മുഖം കഴുകി ചാടിയിറങ്ങി. മടക്കി വച്ചിരുന്ന ഏതോ ചുരിദാർ എടുത്ത് ഇട്ടു. മടക്കി വച്ച വരകൾ ഒക്കെ കൊണ്ട് അതൊരു കളം കളം ഉള്ള ബെഡ് ഷീറ്റ് പോലെ തോന്നിച്ചു. മുടി വാരി കെട്ടി ഒരു ക്ലിപ് വച്ചു. കണ്ണാടിയിൽ കണ്ട എന്നെ കണ്ട് ഞാൻ പോലും മുഖം തിരിച്ചു. തലേന്ന് എടുത്ത് വച്ചിരുന്ന ഫയലുകൾ എടുത്ത് ബാഗും എടുത്ത് പുറത്ത് ഇറങ്ങി വീടും പൂട്ടി ലിഫ്റ്റിൽ കയറി താഴെ എത്തിയതും ബസ്സ് വന്നു നിന്നതും ഒപ്പം .

മൂന്ന് വർഷങ്ങൾക്ക് ശേഷം കൂട്ടുകാരികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ വന്ന എന്നെ കണ്ടു പഴയ കൂട്ടുകാരികൾ പറഞ്ഞു " അയ്യോടി, നീ ഇപ്പോഴും പഴയ പോലെ തന്നെയുണ്ട് . ഒരു മാറ്റവും ഇല്ല " . തൃപ്തിയായി.. കാത്തിരുന്ന നിമിഷം .എൻ്റെ തേച്ചു മിനുക്കിയ സാരി ഓർമ്മിച്ചു കൊണ്ട് വളിച്ച ചിരിയോടെ നിന്നു.

അന്നു രാവിലെ ആ ബാങ്ക് വിളി ശബ്ദം കേട്ടില്ലായിരുന്നുവെങ്കിൽ എത്ര വലിയ മാനക്കേട് ആയേനെ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വിസയൊക്കെ കൊടുത്ത് ആനയിച്ച് കൊണ്ട് വന്ന ടീച്ചർ ആദ്യ ദിവസം തന്നെ അലാറം കേൾക്കാതെ വീട്ടിൽ കിടന്നുറങ്ങിയ കഥ അവിടത്തെ ഇരുന്നൂറ് പേര് വരുന്ന സ്റ്റാഫ് മൊത്തം അറിഞ്ഞേനേ. എന്തിന് കുട്ടികൾ പോലും അറിഞേനെ.

ഓരോ വീടിനും ജീവനുണ്ട് എന്ന് തോന്നാറുണ്ട് മിക്കപ്പോഴും. ആദ്യം  കാണുമ്പോൾ  ഒഴിഞ്ഞ മുറികളായി കിടക്കുന്ന ഒരു  കെട്ടിടം പിന്നീട് നമ്മുക്ക് ഒരുപാട് ഓർമ്മകൾ തരുന്ന വീടായി മാറും.

ഇനി പതിയെ ഈ വീടിനെ വിട്ടു പുതിയ  മേച്ചിൽപ്പുറം തേടി പോകുമ്പോൾ  ഓർമ്മകളിൽ ഇവിടത്തെ ആദ്യ ദിവസവും പള്ളിയിൽ നിന്ന് എന്നെ ഉണർത്താൻ  വേണ്ടി തേടിയെത്തിയ  ശബ്ദവും ഉറപ്പായും ഉണ്ടാകും 
ഇൻ്റർനാഷണൽ കൂട് മാറ്റം (ശ്രീജ പ്രവീൺ)
Join WhatsApp News
Akhila Ani 2021-03-21 15:13:12
Ohh so nice Sreeja. Even in the humour the feelings of affection and nostalgia is so overpowering; your writing revived all my memories of shifting houses 😊Waiting for your next article . Keep writing dear friend. 🤗
Sanu 2021-03-21 06:14:03
Nannayittundu Sreeja👌🏼❤️
Smitha 2021-03-22 05:01:42
Nannayittuntu teacher 👌
Vinita 2021-03-26 16:40:52
Adipoli eppozhathem pole
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക