-->

America

കൊറിയയുടെ വീട് (കഥ: കെ.ആർ.രാജേഷ്)

Published

on

" കൊറിയയുടെ വീട് കത്തിനശിച്ചു "

എന്ന വാർത്ത കേട്ടു കൊണ്ടാണ്, അന്നേ ദിവസം ആ നാട് ഉണരുന്നത്,

ആൻസൺ കൊറിയ, പേര് പോലെ തന്നെ വ്യത്യസ്തമായിരുന്നു, കൊറിയയുടെ ജീവിത രീതികളും,

ആ തീരദേശ ഗ്രാമത്തിലെ ഉപ്പ്കാറ്റിനൊപ്പം ലക്ഷ്യമിലാതെ ഒഴുകി നീങ്ങുന്നതായിരുന്നു ആൻസൻ കൊറിയ എന്ന യുവത്വത്തിന്റെ അവസാന നാളുകളിലേക്ക് എത്തി നിന്ന അവിവാഹിതനായ, ആ നാട്ടിൽ പറയത്തക്ക ബന്ധങ്ങളൊന്നുമില്ലാത്ത ആ കുറിയ മനുഷ്യന്റെ ജീവിതവും,

കടൽത്തീരത്ത് നിന്ന് ഒരുപാട് ദൂരെയല്ലാതെയുള്ള പുറമ്പോക്കിലെ, ആ ഒറ്റമരത്തിന്റെ ചോട്ടിലെ ടാർപ്പോളിൻ  ഷീറ്റ് കൊണ്ട് മറച്ച ,  പുരനമ്പരോ, വീട്ടുപേരോ, വൈദ്യുതിയോ ഒന്നും തന്നെ വിരുന്നെത്തിയിട്ടില്ലാത്ത  ഒറ്റമുറി ഷെഡ്ഡായിരുന്നു കൊറിയയുടെ വാസസ്ഥലം,

നാട്ടുകാർ അതിനെ "കൊറിയയുടെ വീട് " എന്ന് വിളിച്ചു,

പണ്ടെങ്ങോ, ഒരു ചാകരക്കാലത്ത് ആ നാട്ടിൽ വന്നെത്തിയതാണ് കൊറിയ , ആ ചാകരക്കാലം കഴിഞ്ഞിട്ടും  കൊറിയ ആ നാട്ടിൽ തന്നെ തങ്ങി, അധികം ആരോടും അടുക്കാതെ, മനസ്സ് തുറക്കാതെ,  കണ്മുന്നിൽ കാണുന്ന അപരിചിതർക്ക് പോലും ഒരു ചെറുപുഞ്ചിരി നല്കി , കൊറിയ കടന്നുപോകും,

പകൽ നേരങ്ങളിൽ പലപ്പോഴും കാലങ്ങളായി അടച്ചിട്ടിരിക്കുന്ന വൈദ്യരുടെ മടക്കടയുടെ തട്ടിന്റെ മുകളിലോ,  കരക്ക് കയറ്റിയേക്കുന്ന ഏതേലും വള്ളത്തിന്റെ മുകളിലോ ഇരുന്നുകൊണ്ട് കടലിന്റെ അഗാധതയിലേക്ക് കണ്ണ് നട്ടിരിക്കുന്നത് കാണാം,

ചൂടുള്ള പകൽനേരങ്ങളിൽ കടൽ നോക്കി രണ്ടുപേരെ അങ്ങനെ ഇരിക്കാറുള്ളു, ഒന്ന് കൊറിയ, മറ്റൊന്ന് ബൂട്ടിയ ബാബു ആണ്,

" വിവരം മൂത്തു വട്ടായവൻ "  ,

" കഞ്ചാവും, മയക്കുമരുന്നുമൊക്കെ ഉപയോഗിച്ച് സ്വബോധം നഷ്ട്ടമായവൻ "

ഇംഗ്ലീഷ് പറഞ്ഞു അലഞ്ഞു നടക്കുന്ന ബൂട്ടിയബാബുവിന്  നാട്ടുകാർ പല വിശേഷണങ്ങളും ചാർത്തി നല്കാറുണ്ട്  ,

വെയിൽ തങ്ങുന്ന വൈകുന്നേരങ്ങളിൽ, കടപ്പുറത്തെ പുതമണ്ണിൽ ചെറുബാല്യങ്ങളുടെ  കാൽപന്ത്കളി ആസ്വദിച്ചു ഇരിക്കുന്നത് കൊറിയയുടെ മറ്റൊരു പതിവാണ്,  

നാട്ടിൻപുറത്തെ മെസ്സിമാർക്കും ,  നെയ്മർമാർക്കും , റൊണാൾഡോമാർക്കുമൊക്കെ തങ്ങളുടെ ഫ്രീകിക്കുകൾക്കും, ഹെഡ്ഡറുകൾക്കും, ചുണ്ടിലൊരു ചെറുചിരിയോടെ കൊറിയയുടെ വക  കയ്യടിച്ചുള്ള  പ്രോത്സാഹനം പലപ്പോഴും ലഭിക്കാറുണ്ടായിരുന്നു,

സന്ധ്യമയങ്ങുമ്പോൾ സജീവമാകുന്ന സുന്ദരന്റെ തട്ടുകടയിലെത്തുന്ന കൊറിയയുടെ രാത്രി ഭക്ഷണം,  തട്ടുകടയിലെ രണ്ടോ മൂന്നോ ദോശയും,  ചമ്മന്തിയുമാണ്, കൂട്ടത്തിലൊരു മധുരമില്ലാത്ത സുലൈമാനിയും,

വീട്ടിൽ പാചകം മുതലായ സാമ്പ്രദായിക രീതികളോടൊക്കെ മുഖംതിരിച്ചു നിൽക്കുന്ന കൊറിയ പകൽ നേരങ്ങളിൽ വിശപ്പടക്കുന്നത്  എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം,

റേഷൻകടക്കു സമീപമുള്ള ഹൈദരാലിക്കയുടെ പീടികയാണ്, അവിടെ നിന്ന് ബ്രഡ്, ഏത്തക്ക, മധുരമില്ലാത്ത ബിസ്കറ്റ്, ക്യാരറ്റ്,മെഴുകുതിരി,തീപ്പെട്ടി  ഇവയൊക്കെ നിരന്തരം കൊറിയ വാങ്ങിക്കൊണ്ടു പോകാറുണ്ട്,

ഈ കൊറിയക്ക് എന്താണ് ജോലി ?,

 തന്റെ നിത്യചിലവിനുള്ള പണം കൊറിയ കണ്ടെത്തുന്നത് എങ്ങനെ ?

ഈ ചോദ്യങ്ങൾ ഉയരുമ്പോൾ മറുപടിക്കായി നമുക്ക് കാർത്തികപ്പള്ളിക്കാരൻ വർക്കിച്ചായന്റെ  ചെറുകിട സോഡാഫാക്റ്ററിയിലേക്ക് പോകേണ്ടി വരും,

അവിടെ പാർട്ട്‌ ടൈം ജോലിയെന്നപോലെ  ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ സോഡാ കുപ്പികൾ കഴുകിവൃത്തിയാക്കുന്ന ജോലി കൊറിയയുടേതാണ്,  

വർക്കിച്ചായന്റെ സോഡാനിർമ്മാണ ഷെഡിന്റെ ഓരത്തായി കുന്തിച്ചിരുന്നു, ആരോടും മിണ്ടാതെ ചിന്തകളിൽ മുഴുകി , തന്നെ പോലെ തന്നെ മെല്ലിച്ചൊരു ബ്രഷ് ഉപയോഗിച്ച് സോഡാകുപ്പിയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ അഴുക്കുകളോട് സമരം ചെയ്യുന്ന കൊറിയയെ നമുക്കവിടെ കാണുവാൻ കഴിയും,

ആ ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ കൂലി തന്നെ കൊറിയയുടെ നിത്യജീവിതത്തിലെ ചെലവുകൾക്ക് ധാരാളമെന്നാണ്, കൊറിയയുടെ ജീവിത രീതികളിൽ  നിന്ന് നമുക്ക് മനസിലാക്കാവുന്നത്,

" അവൻ ഇവിടെ വന്നാൽ മേടിക്കുന്ന സാധങ്ങൾക്ക് കൃത്യമായി കാശ് തരും, ഇന്നേവരെ അതിന് മുടക്കം വന്നിട്ടില്ല "

തട്ടുകട സുന്ദരനും, ഹൈദരാലിക്കയും ഒരേ സ്വരത്തിലാണ് പറയുന്നത്,

ആ നാട്ടിലെ ഉത്സവം, പള്ളിപെരുന്നാൾ ഇവയിലോക്കെ തന്നെ ആദ്യാവസാനം വരെ കൊറിയയുടെ സാന്നിധ്യമുണ്ടാകും, ആരോടും അധികം മിണ്ടാതെ, ഒരു കോണിലായ് കൊറിയ കാണും,  അത്തരം വിശേഷപ്പെട്ട ദിവസങ്ങളിൽ ഒരു വെള്ള പാന്റും, വെള്ള ഷർട്ടും ആയിരിക്കും കൊറിയയുടെ വേഷം,

" വെള്ളക്കാരൻ കൊറിയ " എന്ന് ചെറുപ്പക്കാരുടെ സംഘം ആ സമയങ്ങളിൽ  പരിഹാസചുവയോടെ പറയുന്നത് കേൾക്കാം..

അത്തരം വിശേഷദിവസങ്ങളിലോ, ഹർത്താൽ ദിനങ്ങളിലോ ഒക്കെത്തന്നെ സമീപത്തൊക്കെ താമസിക്കുന്ന വീട്ടുകാർ മനസറിഞ്ഞു ആഹാരവുമായി   കൊറിയയുടെ ഒറ്റമരത്തിനു കീഴിലുള്ള ഷെഡ്‌ഡിൽ എത്താറുണ്ട്, എന്നാൽ അപൂർവ്വമായി മാത്രമേ കൊറിയ ആ സ്നേഹം സ്വീകരിക്കാറുള്ളു , മിക്കവാറും സമയങ്ങളിൽ സ്നേഹപൂർവ്വം അവ നിരസിക്കുകയാണ് പതിവ്,

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനായിട്ട്  നാട്ടിലെ പ്രമുഖപാർട്ടിക്കാർ രണ്ടു കൂട്ടരും കൊറിയയെ സമീപിച്ചിട്ടുണ്ടെങ്കിലും, കൊറിയ അതിനൊക്കെ ഒരു നിഷേധാത്മക സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്, ആയതിനാൽ റേഷൻകാർഡില്ലാത്ത,  വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത, മറ്റ് തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെയില്ലാത്ത, കൊറിയ എന്ന പേരുമാത്രം സ്വന്തമായുള്ള ആ മനുഷ്യൻ കൂടുതൽ ആരോടും അടുക്കാതെ, ആർക്കും ശല്യമില്ലാതെ, ആ നാടിന്റെ ഭാഗമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു,

അങ്ങനെ ഇരിക്കവെയാണ് ആ നാട്ടുകാരനായ,  മത്സ്യതൊഴിലാളിയായ, രണ്ടു ചെറുബാല്യങ്ങളുടെ അച്ഛനായ,  പുഷ്കരന്റെ കരൾ രോഗം കഠിനമാകുന്നത്,

കരൾ മാറ്റിവെക്കുക എന്ന മാർഗ്ഗം വൈദ്യശാസ്ത്ര വിദഗ്‌ദ്ധർ നിർദ്ദേശിച്ചപ്പോൾ, കരൾ പകുത്തുനൽകുവാൻ പ്രിയതമ തയ്യാറെയെങ്കിലും, അതിനാവശ്യമായ തുക കണ്ടെത്തുകയെന്നത്  പുഷ്ക്കരന്റെ കുടുംബത്തെ സംബന്ധിച്ച് ബാലികേറാ മലയായിരുന്നു,

നാട്ടിലേ രാഷ്ട്രിയ സാമൂഹിക പ്രവർത്തകർ ചേർന്ന്  ഒരു കമ്മറ്റി രൂപികരിച്ചു, ഒരു ദിവസം പല സംഘമായി തിരിഞ്ഞു  ആ പഞ്ചായത്തിലേ മുഴുവൻ വീടുകളിൽ നിന്നും പുഷ്കരന്റെ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തുക എന്ന തീരുമാനത്തിലെത്തി,

അന്നാദ്യമായി കൊറിയയും ആരും പ്രത്യേകിച്ചു ക്ഷണിക്കാതെ തന്നെ ഫണ്ട് പിരിവിനു മറ്റുള്ളവർക്കൊപ്പം ഇറങ്ങി, വെള്ള പാന്റും വെള്ള ഷർട്ടും തന്നെ വേഷം,

പഞ്ചായത്ത്‌ മെമ്പർ പവിത്രന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിലായിരുന്നു കൊറിയയും,   കൊറിയയുടെ ഷെഡ്ഡ് നിൽക്കുന്ന വാർഡിലെ പണസമാഹരണമായിരുന്നു ആ സംഘത്തിൽ നിഷിപ്തമായ ദൗത്യം,

" നമുക്ക് രാമചന്ദ്രൻ മാഷിന്റെ വീട്ടിൽ നിന്ന് തന്നെ തുടങ്ങാം "

മെമ്പർ പവിത്രൻ പിരിവ് തുടങ്ങേണ്ട ആദ്യ വീടായി തിരഞ്ഞെടുത്തത് കോളേജ് അധ്യാപകനായി വിരമിച്ച, അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയായ രാമചന്ദ്രൻ മാഷിന്റെ വീടായിരുന്നു,

" അതെന്താ, ആദ്യത്തെ പൈസ ഞാൻ തന്നാൽ വാങ്ങില്ലേ ?  "

ആദ്യമായി കൊറിയയുടെ ശബ്ദം ഉയർന്നു,

കൂലിപണിക്കാരായ സാധാരണക്കാർ വരെ ഏറ്റവും കുറഞ്ഞത് തങ്ങളുടെ ഒരു ദിവസത്തെ കൂലിയെങ്കിലും തരാമെന്ന് ഏറ്റിട്ടുള്ളതിനാൽ, രാമചന്ദ്രൻ മാഷിൽ നിന്നും ഒരു നല്ല തുക ആദ്യമായ് കൈപ്പറ്റി ധനസമാഹരണം അനൗപചാരികമായി ഉത്ഘാടനം ചെയ്താൽ, അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ  അതുവഴി ഈ ഫണ്ട്പിരിവിനു ലഭിക്കാൻ പോകുന്ന  മൈലേജിനെ കുറിച്ച് പവിത്രൻ പതിഞ്ഞ സ്വരത്തിൽ കൊറിയയെ പറഞ്ഞുമനസിലാക്കി,

പവിത്രനും, കൊറിയയുമടങ്ങുന്ന സംഘം,  രാമചന്ദ്രൻ മാഷിന്റെ വീടിന്റെ ഗേറ്റിനു മുന്നിലെത്തുമ്പോഴേക്കും, ഗേറ്റ് കടന്ന് പുറത്തേക്ക് വന്ന ഇന്നോവ ക്രിസ്റ്റയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന,   ഈയടുത്തകാലത്ത് വിവാഹിതനായ മാഷിന്റെ മകൻ വിമൽ  ഒരു നേർത്ത പുഞ്ചിരിയോടെ അച്ഛൻ അകത്തുണ്ടെന്ന് സൂചിപ്പിച്ചു,

" ആ ചെക്കനും കേന്ദ്ര ഗവൺമെൻറ് ഉദ്യോഗം കിട്ടിയതല്ലേ, അവന്റെ കയ്യിൽ നിന്നും എന്തേലും വാങ്ങണം നമുക്ക് "

സംഘത്തിലുള്ള അഷ്‌റഫിന്റെ ചോദ്യത്തിന് അതേയെന്ന അർത്ഥത്തിൽ തലയാട്ടിയ  പവിത്രൻ, മാഷിന്റെ കയ്യിൽ നിന്ന് പണം സ്വീകരിക്കുമ്പോൾ അത് ലൈവായി ഫേസ്ബുക്കിൽ ഇടണമെന്ന് അഷ്‌റഫിനെ ചട്ടംകെട്ടി,

നിറപുഞ്ചിരിയോടെ തന്നെ മാഷും, സഹധർമ്മിണിയും നാലംഗ സംഘത്തെ വീടിന്റെ സ്വീകരണമുറിയിലേക്ക് ക്ഷണിച്ചു ,

" അപ്പോൾ കൂടുതൽ സമയം കളയണ്ട , നിങ്ങൾക്കും തിരക്കുള്ളതല്ലേ "

രാമചന്ദ്രൻ മാഷ് തന്റെ പണം പവിത്രന് കൈമാറി, നിറഞ്ഞ ചിരിയോടെ പവിത്രൻ  ഏറ്റുവാങ്ങിയെങ്കിലും, ആ ചിരിക്ക് ആയുസ്സ് കുറവായിരുന്നു,

" എന്താണ് മാഷേ ഇത്,  ഇരുനൂറു രൂപയോ , ഈ നാട്ടിലെ കൂലിപണിക്കാർ വരെ ഒരു ദിവസത്തെ വേതനമാണ് തരുന്നത്, മാഷിൽ നിന്ന് ഞങ്ങൾ ഇതല്ല പ്രതീക്ഷിച്ചത് "

ചുണ്ടിലേ ചിരിമാഞ്ഞതിനൊപ്പം പവിത്രൻ സൂചിപ്പിച്ചു,

" ഞാനും എന്റെ ഇപ്പോഴുത്തെ ഒരു ദിവസത്തെ വേതനമാണ് തന്നത്,

അറിയാമോ ഞാനും, ഇവളും പെൻഷൻ ആയതിനു ശേഷം, വീട്ടിലെ വേലക്കാരിയെ പറഞ്ഞുവിട്ടു,

വീട്ടിലെ ജോലി ഞാനും, ഇവളും കൂടിയങ്ങു ചെയ്യുവാണ്‌,  

വേലക്കാരിക്ക് കൊടുത്തുകൊണ്ടിരുന്നത് മാസം പന്ത്രണ്ടായിരം രൂപയായിരുന്നു,അതായത് ദിവസം നാനൂറു രൂപ,

ഇപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി ആ ജോലികൾ ചെയ്യുന്നത് കൊണ്ട് എന്റെ ഒരു ദിവസത്തെ  ശമ്പളം,  കണക്ക് വെച്ച് ഇരുന്നൂറ് രൂപ,

അത് ഞാൻ തന്നു "

പരിഹാസത്തിന്റെ ചുവയുള്ള വാക്കുകൾ മാഷ്  പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും , പവിത്രന്റെ കയ്യിലിരുന്ന പണം തട്ടിയെടുത്തു കൊറിയ മാഷിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിരുന്നു,

ആർത്തലക്കുന്ന തിരമാല കണക്കിന്‌ പ്രഷുബ്‌ദ്ധമായിരുന്നു കൊറിയ അപ്പോൾ,  അതുവരെ ആരും കാണാത്ത കൊറിയയുടെ മറ്റൊരു മുഖം,

" ഇവന്റെയൊക്കെ കയ്യിൽ നിന്ന് പണം വാങ്ങി ഫിറ്റ് ചെയ്താൽ പുക്കരന്റെ കരൾ പോലും കലങ്ങിപോകും,
 ഇന്നാ ഇത് മേടിച്ചു, ഫണ്ട് പിരിവ് ആരംഭിക്കു "

കൊറിയ തന്റെ പോക്കറ്റിൽ നിന്ന് ഏതാനും നോട്ടുകളും, ചില്ലറയുമടക്കം പവിത്രന്റെ കയ്യിലേക്ക് നല്കി, അലറുകയായിരുന്നു,

നടന്ന സംഭവങ്ങളൊക്കെതന്നെ അഷ്‌റഫിന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെ ലൈവായി ലോകം കാണുന്നുണ്ടായിരുന്നു,

വിവിധ സംഘങ്ങളായി നടത്തിയ ഫണ്ട് പിരിവ് അന്നേ ദിവസം വൈകുന്നേരം അവസാനിച്ചപ്പോൾ പുഷ്കരന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുക കണ്ടെത്തുവാൻ കഴിഞ്ഞിരുന്നു,

******** ********

" രാത്രി മെഴുകുതിരി  കത്തിച്ചു വെച്ച്  പുസ്തകം വായിക്കുവാരുന്നു,  

വായനക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി, മെഴുകുതിരി മറിഞ്ഞു വീണു തീ പിടിച്ചതാണ്, പരാതിയൊന്നുമില്ല "

കത്തിചാമ്പലായ കൊറിയയുടെ ഷെഡിനു സമീപം നിന്ന് കൊണ്ട് പോലീസിനോടും, മെമ്പർ പവിത്രനോടുമൊക്കെ കൊറിയ കാര്യങ്ങൾ വിശദീകരിച്ചു,

" കൊറിയ കള്ളം പറയുവാ,
  ഇന്നോവ കാറിൽ വന്ന ഒരുത്തൻ പെട്രോളൊഴിച്ചു തീ കത്തിച്ചതാണ് "

വൈദ്യരുടെ മാടക്കടയിലിരുന്നു ബൂട്ടിയബാബു വിളിച്ചുപറയുന്നത്, ഭ്രാന്തന്റെ ജൽപ്പനങ്ങളായി മാത്രം കലാശിച്ചു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

പ്രണയം (ജംഷീര്‍)

സഖാവ് കാസ്‌ട്രോ ദിവാകരന്‍ (കഥ: സാം നിലമ്പള്ളില്‍)

THIS IS GETHSEMANE (POEM:Samgeev)

സ്‌നേഹം (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

നസ്രായനായ ക്രിസ്തു (നോയമ്പുകാല രചന: ചാക്കോ ഇട്ടിച്ചെറിയ)

ആകാശം കഥ പറയുന്നു (കഥ: സുനി ഷാജി)

മനസ്സൊരു മാരിവില്ല് (ജയശ്രീ രാജേഷ്)

നാഥനോശാന (മാര്‍ഗരറ്റ് ജോസഫ്)

വീട് (കവിത: ജിസ പ്രമോദ്)

View More