Image

ദശ ശൈശവം (കവിത: വേണുനമ്പ്യാർ)

Published on 23 March, 2021
ദശ ശൈശവം (കവിത:  വേണുനമ്പ്യാർ)
ഒന്ന്

യാത്രയുടെ ഭാരമില്ലാത്ത  സഞ്ചാരി
താവളം ഉറപ്പിക്കാത്ത  കോമളത്തിങ്കൾച്ചിരികൾ  
 
ഓർമ്മകളുടെ മഞ്ഞുമേഘങ്ങൾക്കപ്പുറം
ആയുസ്സിന്റെ അരുണോദയം  

നാവും മുലക്കണ്ണും തമ്മിൽ
ആദിമവിസ്മയരസസ്പർശം
 
അഴുക്കുകൾ കട്ട കെട്ടാത്ത
ആദിമബോധപ്രവാഹത്തിന്റെ ശീതളമായ നൈരന്തര്യം
ഏതു ദശയിലും വീണ്ടെടുക്കാവുന്ന
നഷ്ടസ്വർഗ്ഗം  

ദശകളുടെ   ആവർത്തനരഹസ്യത്തിലേക്ക്
ജാലകം തുറക്കുന്ന  പുത്തൻ   ചുളിവുകൾ  
 
വിഷസ്തനങ്ങളെ  നിർവീര്യമാക്കുന്ന
പുണ്യതന്മാത്രകളുടെ  ഊർജ്ജത്തിടമ്പ്    
 
വിശ്രാന്തിയുടെ തുണിത്തൊട്ടിലിൽ
നിമിഷങ്ങളുടെ വിരലുണ്ണുന്ന  ശൈശവം
 
ജീവാക്ഷരങ്ങളുടെ കൊഞ്ചലുകൾക്കിടയിൽ  
കിട്ടുന്ന മുത്തങ്ങൾക്ക്
ഇലഞ്ഞിയുടെയും
കണ്മഷിയുടെയും  മണം

മണ്ണ് തിന്ന വായ
വെണ്ണ കട്ട കൈ
മുതിർന്നവർക്കൊരു കിലുക്കാംപെട്ടി  
ഉള്ളം കുളിർപ്പിക്കുന്ന തണ്ണീർത്തടം  

ഓർമ്മപ്പുസ്തകത്തിൽ സഞ്ചാരി
മറന്നുവെച്ചൊരു   മയിൽ‌പ്പീലി  

പുതിയ അതിഥിയെ  തെരുവിൽ  കാക്കയ്ക്കും പരുന്തിനും
വിട്ടു കൊടുക്കാതിരിക്കാം  
പുത്തൻ കാമുകന് വേണ്ടി അമ്മത്തൊട്ടിലിലേക്ക്
വലിച്ചെറിയാതിരിക്കാം  

അത്യുന്നതങ്ങൾ  ആശീർവ്വദിക്കുമെങ്കിൽ      
ശവത്തിനു പകരം ശൈവമാകാം
ശിവോഹം
ശിവോഹം
ശൈശവം!


രണ്ട്
 
കുഞ്ഞിനും അമ്മയ്ക്കും ഉറക്കമില്ല.
യൂട്യൂബിൽനിന്നു ഒഴുകിവരുന്നു  ഒരുറക്കുപാട്ട് .......

കരയല്ലേ കുഞ്ഞേ കരയല്ലേ കുഞ്ഞേ
കൊട്ടിലകത്തെ തൊണ്ടച്ചന്റെയോമനയുറക്കം
കെടുത്തല്ലേ കുഞ്ഞേ
ഉറക്കം മുറിഞ്ഞാലരിശപ്പെട്ടങ്ങ്  ‌ തുള്ളും    
കരയല്ലേ കുഞ്ഞേ കരയല്ലേ കുഞ്ഞേ
കാലന്റെ കണ്ണ് കൊള്ളാതിരിക്കാനിത്തിരി
കരിമഷിയെഴുതട്ടേ   കുഞ്ഞേ
നീറിയാലും പുകഞ്ഞാലും ഇമ്മ്ണി   നേരം
സഹിക്കെന്റെ കുഞ്ഞേ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക