Image

ഉപ്പുമാവ് (കവിത: ചന്ദ്രതാര)

Published on 24 March, 2021
ഉപ്പുമാവ്  (കവിത: ചന്ദ്രതാര)
ഉപ്പുമാവ് ഒരു നൊസ്റ്റാൾജ്യയാണ്.
അതു പാവപ്പെട്ട കുട്ടികൾക്കുള്ളതാണ്.
പാവപ്പെട്ടവരല്ലെന്ന്
അഭിനയിച്ച എന്നെപ്പോലുള്ളവരെല്ലാം
ഉപ്പുമാവു നോക്കി
കൊതിയിറക്കി.

നാലാമത്തെ പിരീഡിന്
ഉപ്പുമാവിൻ്റെ ഗന്ധമാണ്.
മണിയടി കേട്ടാൽ
സുരേഷും റഷീദും
ക്ലാസ്സീന്നെണീക്കും.
ഇത്തിരി നാണത്തോടെ പ്രേമച്ചേച്ചിയുമെണീക്കും.

ഉപ്പുമാവിളക്കണം.
വട്ടുരുളിയിൽ തലങ്ങും വിലങ്ങുമിളക്കണം.
ഇളക്കിയിളക്കിയുലർത്തണം.
ആറിലും ഏഴിലും
തോറ്റ പിള്ളേർ
ഉരുളിക്കു ചുറ്റും നിന്ന്
ഉപ്പുമാവിളക്കി.

വരിനിൽക്കുന്ന കുട്ടികൾക്ക്
പിയൂൺ രാഘവേട്ടൻ
വിളമ്പിക്കൊടുത്തു....
അകലെ വരാന്തയിൽ
അരമതിലിൻ്റെ മറവിൽ
കൊതിയോടെ ഞാൻ കാത്തിരുന്നു.
പാത്രങ്ങൾ കഴുകിയൊതുക്കി
വട്ടുരുളി കഴുകിക്കമഴ്ത്തി
കാക്കകളുടെ കലപിലയ്ക്കുള്ളിലൂടെ
പ്രേമച്ചേച്ചി വരും.

എനിക്കുള്ള പങ്ക്
നീണ്ട പാവാടയിലൊളിപ്പിച്ച്
ആരും കാണാതെ
കൊണ്ടുത്തരും.

ഒരു നെയ് പായസത്തിനും
കിട്ടിയിട്ടില്ല
ഇന്നുവരെ
അതിൻ്റെ സ്വാദ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക