Image

പുല്‍വാമയും ബാലക്കോട്ടും തീവ്രദേശീയതയും വോട്ട് കമ്പോളവും- (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 26 March, 2021
പുല്‍വാമയും ബാലക്കോട്ടും തീവ്രദേശീയതയും വോട്ട് കമ്പോളവും- (ഡല്‍ഹികത്ത് : പി.വി.തോമസ് )
തീവ്രദേശീയതയും ഹിന്ദുത്വത്തിലൂന്നിയ മതദേശീയതയും തെരഞ്ഞെടുപ്പുകള്‍ ജയിക്കുവാനുള്ള ബി.ജെ.പി.യുടെ വലിയ ഒരു പ്രചരണായുധം ആയിരുന്നു. ഇത് 1990 കള്‍ മുതല്‍ ഫലം കണ്ട് തുടങ്ങുകയും ചെയ്തു. അയോദ്ധ്യയിലെ ബാബരി മസ്ജിദും രാമജന്മഭൂമിയും ആയിരുന്നു അന്ന് മുഖ്യവിഷയം. ഇത് ലോകസഭയില്‍ 1984-ല്‍ രണ്ട് സീറ്റ് മാത്രം ഉണ്ടായിരുന്ന ബി.ജെ.പി.യെ ദല്‍ഹിയില്‍ അധികാരത്തിലെത്തിച്ചു. ആദ്യം 13 ദിവസത്തേക്കും(1996) രണ്ടാമത് 13 മാസത്തേക്കും(1998) പിന്നീട് പൂര്‍ണ്ണകാലാവുധി ആയ അഞ്ച് വര്‍ഷത്തേക്കും(1999). 2014-ലും 2019-ലും ചരിത്രം ആവര്‍ത്തിച്ചു. ഇവിടെയെല്ലാം ബി.ജെ.പി.യുടെ തുരുപ്പ് ശീട്ട് തീവ്രഹിന്ദുത്വ ആയിരുന്നു. ഇപ്പോള്‍ നാല് സംസ്ഥാനങ്ങളിലും(പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, കേരളം) ഒരു യൂണിയന്‍ ടെറിട്ടറിയിലും(പുതുച്ചേരി) നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പി.യുടെ പ്രധാന പ്രചരണ ആയുധം ഇവയൊക്കെതന്നെയാണ്. ഈ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാള്‍ ആണ് ബി.ജെ.പി.യുടെയും മോദി-അമിത്ഷാ നേതൃത്വത്തിന്റെയും അഭിമാന പോരാട്ട പോര്‍ക്കളം. ഇത് 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടുപലകയും ആയിരിക്കും. പശ്ചിമബംഗാളില്‍ അധികാരം പിടിക്കുവാന്‍ ബി.ജെ.പി. ഭഗീരഥ പ്രയത്‌നം ആണ് നടത്തുന്നത്. മതധ്രുവീകരണത്തിലൂടെ വോട്ട്ബാങ്ക് വിപുലീകരിക്കുകയാണ് പതിവിന്‍പടിയുള്ള ലക്ഷ്യം. ഇതിന് തീവ്രദേശീയതയും മതദേശീയതയും അല്ലാതെ മറ്റെന്തുണ്ട്. പുരോഗമനവും മറ്റും പേരിന് ഉണ്ടെങ്കിലും അവ ചവിതചര്‍പണംആണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി. അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും ആണ് പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. സിനിമാ താരങ്ങളും ഉണ്ട്. ഉദാഹരണം മിഥുന്‍ ചക്രവര്‍ത്തി, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ  കളത്തിലിറക്കുവാന്‍ ബി.ജെ.പി. ശ്രമിച്ചെങ്കിലും ദാദ വഴങ്ങിയില്ല. മാര്‍ച്ച് 19-ാം തീയതി ജങ്കിള്‍ മഹലിലെ പുരുലിയയില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ മോദി പാര്‍ട്ടിയുടെ തീവ്രദേശീയത പുറത്തെടുത്തു. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണവും ഇതിനുള്ള പ്രത്യാക്രമണമായി പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്‍ഡ്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ് ട്രൈക്കും ഇവയെ നിരാകരിച്ചുകൊണ്ട് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ബി.ജെ.പി.യുടെ പ്രധാനപ്രതിയോഗിയുമായ മമത ബാനര്‍ജി സ്വീകരിച്ച നിലപാടും ആയിരുന്നു മോദിയുടെ ആക്രമണത്തിന്റെ മുന. 2008- ലെ  ബാട്ട്‌ല ഹൗസ് ഏറ്റുമുട്ടലിനെ വ്യാജ ഏറ്റമുട്ടലായി മമത അടങ്ങുന്ന പ്രതിപക്ഷം ചിത്രീകരിച്ചതും ഇതിലെ ഒരു പ്രതിക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ദല്‍ഹി കോടതി വധശിക്ഷ നല്‍കിയതും മോദി ഉയര്‍ത്തി കാണിച്ചു. പുല്‍വാമയിലും ബാലക്കോട്ടും ബാട്ട്‌ല ഹൗസിലും മമതയും പ്രതിപക്ഷവും ഭീകരര്‍ക്കും ശത്രുരാജ്യത്തിനും ഒപ്പം ആയിരുന്നു നിലകൊണ്ടതെന്ന് മോദി ആരോപിച്ചു. ഇവര്‍ ആര്‍മിക്കോ രാജ്യത്തിനോ ഒപ്പം ആയിരുന്നില്ലെന്നും മോദി ആരോപിച്ചു. മാത്രവുമല്ല ബംഗാളഇല്‍ മമത രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന മാവോയിസ്റ്റുകള്‍ക്ക് ഒപ്പം ആണെന്നും മോദി ചൂണ്ടികാട്ടി. ഇത് മമതയുടെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം ആണെന്നും മോദി പറഞ്ഞു. മമതയുടെ രാഷ്ട്രീയം ന്യൂനപക്ഷപ്രീണനം മാത്രം ആണെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പായപ്പോള്‍ ജയ് ശ്രീരാം മുഴക്കിക്കൊണ്ട് ഭൂരിപക്ഷമതപ്രീണനത്തിനും തയ്യാറാവുന്നതായും മോദി ആരോപിച്ചു. ഇത് വ്യാജം ആണെന്നും ആത്മാവിന്റെ മാറ്റം മൂലമുള്ളതല്ലെന്നും മോദി ജനത്തെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. മോദിയും മമതയും പങ്കെടുത്ത ഒരു ഔദ്യോഗിക പരിപാടിയില്‍ ഹിന്ദുത്വവാദികള്‍ ജയ്ശ്രീരാം ഉയര്‍ത്തിയപ്പോള്‍ മമത പ്രസംഗിക്കാതെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇറങ്ങിപ്പോവുകയും ഗവണ്‍മെന്റ് പരിപാടിക്കിടെ ജയ്ശ്രീരാം വിളിക്കുന്നത് അനുചിതമാണെന്ന് പ്രസ്താവിക്കുകയും ഉണ്ടായി. ഇതിന്റെയും ഓര്‍മ്മപുതുക്കല്‍ ആയിരുന്നു മോദിയുടെ പ്രസ്താവനയുടെ ലക്ഷ്യം.

പുല്‍വാമ ഭീകരാക്രമണം വലിയ ഒരു ദുരന്തം ആയിരുന്നു. 2019 ഫെബ്രുവരി 14-ന് നടന്ന ഈ സംഭവത്തില്‍ 40 സുരക്ഷ സൈനികര്‍ ആണ് കൊല്ലപ്പെട്ടത്. ഇതില്‍ പാക്ഭീകരരുടെ കൈയ്യുണ്ടെന്ന് ഇന്‍ഡ്യ ആരോപിച്ചു. ഹീനമായ ഈ നടപടിയെ ഇന്‍ഡ്യ ഒന്നടങ്കം അപലപിച്ചതുമാണ്. പക്ഷേ, അതേ സമയം മമതയടങ്ങുന്ന പ്രതിപക്ഷം പുതവാമ ഒരു സുരക്ഷ വീഴ്ചയാണെന്ന് പറയുകയുണ്ടായി. ഇത് ശരിയുമാണ്. പുല്‍വാമ സംഭവിക്കരുതായിരുന്നു. പട്ടാളവാഹനവ്യൂഹം വരുന്ന വഴിയില്‍ സിവിലിയന്‍ വാഹനം അനുവദിക്കരുതായിരുന്നു. സഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി പട്ടാളവണ്ടിയിലേക്ക് ഇടിച്ചു കയറിയത് ഒരു കാശ്മീരി മുസ്ലീം ചെറുപ്പക്കാരന്‍ ആയിരുന്നു. ഈ ഭീകരവാദിക്ക് പാക്കിസ്ഥാന്റെയും പാക് ഭീകരരുടെയും ബന്ധം ഉണ്ടെന്നും ഇന്‍ഡ്യ ആരോപിച്ചു. ഇതിനുള്ള പ്രതി നടപടിയായിട്ടാണ് 2019 ഫെബ്രുവരി 26-ന് 12 ദിവസങ്ങള്‍ക്ക് ശേഷം-ഇന്‍ഡ്യ പാക്ക് അതിര്‍ക്കുള്ളിലെ ഭീകരവാദികളുടെ പരിശീലന കേന്ദ്രത്തില്‍ മിന്നലാക്രമണം നടത്തിയത്. ഇതില്‍ വളരെയേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ഇന്ഡ്യ അവകാശപ്പെട്ടു. എന്നാല്‍ ഇത് വിജനമായ ഒരു വനപ്രദേശം ആണെന്ന് പാക്കിസ്ഥാനും വാദിച്ചു.

പുല്‍വാമ ഒരു ദുരന്തമാണ്. ഒരു വീഴ്ചയാണ്. ബാലക്കോട്ട് ഒരു മറുപടി ആണ്. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് തീരുന്നതും അല്ല രൂഢമൂലമായ പാക്ക് ഭീകര നെറ്റ് വര്‍ക്ക്. അതിനാല്‍ ബാലക്കോട്ട് പ്രതീകാത്മകമായ ഒരു ഓപ്പറേഷന്‍ ആയിരുന്നു. ബാലക്കോട്ട് കഴിഞ്ഞപ്പോള്‍ ഇന്‍ഡ്യന്‍ ജനത തികച്ചും സുരക്ഷിതരായോ?  ബാലക്കോട്ട് ഭീകരവാദേ അവസാനിപ്പിച്ചോ? ഇല്ലാ എന്നു തന്നെയാണ് മറുപടി. ഇത് ദേശീയതയെയോ ദേശഭക്തിയെയോ ഹനിക്കുമോ? അതും ഇല്ല. 2020 ജൂണ്‍ 15/16 രാത്രിയില്‍ ഗാല്‍വാന്‍ താഴ് വരയില്‍ മുഷ്ടി യുദ്ധം ഉണ്ടായി. 20 ഇന്‍ഡ്യന്‍ സൈനികര്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ, കൊല്ലപ്പെട്ടു. ത്രിവര്‍ണ്ണപതാകയില്‍ പൊതിഞ്ഞ അവരുടെ ശവപ്പെട്ടികള്‍ ഇന്‍ഡ്യയിലെ വിവിധ ഗ്രാമങ്ങളില്‍ എത്തി. ഒരു മിന്നലാക്രമണവും ഉണ്ടായില്ല. പ്രതിയോഗി കരുത്തനായതാണോ കാരണം.

തീവ്രദേശീയതയും മിലട്ടറി ജിങ്കോയിസവും തെരഞ്ഞെടുപ്പുകളില്‍ വോട്ടു നേടാനായി ഉപയോഗിക്കുന്നത് എന്ത് രാജധര്‍മ്മം ആണ്? എന്ത് രാഷ്ട്രീയധാര്‍മ്മീകതയാണ്? ദേശസുരക്ഷയെയും പട്ടാളത്തെയും രാഷ്ട്രീയവല്‍ക്കരിക്കരുത്. അതും രാജ്യത്തിന്റെ  പ്രധാനമന്ത്രി. മമത ബി.ജെ.പി.യെയും നേതാക്കന്മാരെയും വരത്തര്‍ എന്ന് വിളിച്ച ആക്ഷേപിക്കുന്നതിന് മോദി നല്‍കിയ മറുപടി ശ്രദ്ധേയം ആണ്. രവീന്ദ്രനാഥ് ടാഗോറിന്റെ ദേശീയഗാനത്തിലെ പഞ്ചാബ് ദ്രാവിഡ ഉത്ക്കല ബംഗ്ല എന്ന വരി ഉദ്ധരിച്ചുകൊണ്ട് മോദി പുരബ് മിഡനാപ്പൂറില്‍ മാര്‍ച്ച് 24-ന് പറഞ്ഞു. ഇന്‍ഡ്യയിലുള്ള എല്ലാവരും ഭാരത്മാതാവിന്റെ മക്കള്‍ ആണ്. ആരും പുറത്തുനിന്നും വന്നവരല്ല എവിടെയും. വളരെ ശരിയാണ്. പക്ഷേ സംഘ് പരിവാര്‍ മതന്യൂനപക്ഷങ്ങളോട് ഈ തത്വത്തില്‍ അധിഷ്ഠിതമായാണോ പ്രവര്‍ത്തിക്കുന്നത് ? ദേശീയതക്ക് പകരം അന്തര്‍ ദേശീയതയില്‍ വിശ്വസിക്കുന്ന ഗുരുദേവന്റെ വിശ്വാസപ്രമാണങ്ങളില്‍ മോദിയും സംഘപരിവാറും വിശ്വസിക്കുന്നുണ്ടോ? ഗുരുദേവന്‍ വിശ്വസിച്ചത് വിശ്വപൗരത്വത്തില്‍ ആണ്. മതാധിഷ്ഠിതമായ സങ്കുചിതമായ രാഷ്ട്രീയ പ്രമാണങ്ങളില്‍ അല്ല. വെറുപ്പിന്റെ തത്വശാസ്ത്രത്തില്‍ അല്ല. ഭിന്നിപ്പിക്കുന്നതിന്റെ രാഷ്ട്രീയത്തില്‍ അല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക