പൂഞ്ഞാറിൽ പി.സി. നേരിടുന്ന വർഗീയത; മാന്യതയുടെ പര്യായമായി ടോമി കല്ലാനി (പ്രവാസി കാഴ്ചകൾ-3, ജോർജ് എബ്രഹാം)

Published on 27 March, 2021
പൂഞ്ഞാറിൽ പി.സി. നേരിടുന്ന വർഗീയത; മാന്യതയുടെ പര്യായമായി ടോമി കല്ലാനി  (പ്രവാസി കാഴ്ചകൾ-3,  ജോർജ് എബ്രഹാം)
ലോകത്തിന്റെ നാനാകോണുകളിലിരുന്ന് പ്രവാസി മലയാളികൾ രാഷ്ട്രീയ കേരളത്തിലേക്ക് കണ്ണോടികുമ്പോൾ, സ്ഥിതിഗതികൾ വിചിത്രമായി തോന്നാം. അത്തരത്തിൽ എടുത്തു പറയാവുന്നതാണ് പൂഞ്ഞാർ മണ്ഡലത്തിലെ സംഭവവികാസങ്ങൾ. 

പൊതുപ്രവർത്തകരെന്നും രാഷ്ട്രീയക്കാരെന്നും പറയുമ്പോൾ സമൂഹം കല്പിച്ചിരിക്കുന്ന സ്വഭാവ സവിശേഷതകളെല്ലാം പൊട്ടിച്ചെറിഞ്ഞാണ് പി.സി. ജോർജ് ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്. പി.സി ക്ക് വിവാദങ്ങൾ പുത്തരിയല്ല; വാസ്തവത്തിൽ അദ്ദേഹത്തെ കൂടുതൽ പേർ അറിയുന്നതും ഇത്തരം വിവാദങ്ങളിലൂടെയാണ്. 

ഇത്തവണത്തേത് പക്ഷേ അല്പം കടന്ന കൈയാണ്. അത്രയ്ക്ക് രൂക്ഷമായ ഭാഷയും ഭാവപ്രകടനങ്ങളുമാണ് ജനങ്ങൾക്ക് മുൻപാകെ അദ്ദേഹം കാഴ്‌ചവച്ചത്. ഇതെല്ലാം കണ്ടിട്ടും  പൂഞ്ഞാറുകാർ പി.സി.ജോർജിന് വോട്ട് ചെയ്യുമോ എന്ന് ആരായാലും സംശയിച്ചു പോകും.

എന്നാൽ, പൂഞ്ഞാറിന്റെ വശ്യമനോഹരമായ ഭൂമികയിലൂടെ നടന്നു നീങ്ങും തോറും ആ തോന്നൽ മങ്ങിപ്പോകും. പി.സി  തന്റെ വായിൽ വരുന്നതൊക്കെ വിളിച്ചുപറഞ്ഞ് വെറുതെയങ്ങ് നേടിയെടുത്തതല്ല ഏഴ് തവണ ഒരേ മണ്ഡലത്തിലെ വിജയമെന്ന് അടിവരയിടുന്നതാണ് ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം. കഠിനാധ്വാനവും അർപ്പണ ബോധവും കൊണ്ട് ഇഴചേർന്നതാണത്.  

മണ്ഡലത്തിലെ ഏതൊരാൾക്കും  ഏത് നേരത്തും കരുതലും തുണയുമായി ഒരു നേതാവുണ്ടെന്ന ധൈര്യമാണ് പി.സി തന്റെ  പ്രവർത്തനങ്ങളിലൂടെ പകർന്നുകൊടുത്തിരിക്കുന്നത്. രാഷ്ട്രീയപരമായി എന്തൊക്കെ വിടുവായത്വം വിളമ്പിയാലും, നാട്ടുകാർക്ക് തന്നിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടില്ലെന്ന പാഠമാണ് പി.സി കേരളത്തിലെ മറ്റു രാഷ്ട്രീയക്കാർക്ക് മുൻപിൽ തുറന്നു വയ്ക്കുന്നത്.

കാലങ്ങളായി ജനസമ്മതനായി തുടരുന്നതിന് പിന്നിലെ കാരണങ്ങൾ അറിയാൻ ഞാൻ നാട്ടുകാരിൽ കുറെയധികം പേരുമായി സംസാരിച്ചു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കാര്യമാണ്. വിളിച്ചാൽ വിളിപ്പുറത്ത് പി.സി ഉണ്ടാകും; എന്ത് പ്രശ്നവും പരിഹരിക്കും; ഭരിക്കുന്നത് ആരായാലും നാടിന്റെ വികസനത്തിന് ആവശ്യമായ പണം പി.സി.ജോർജ് പൂഞ്ഞാറിൽ എത്തിച്ചിരിക്കും. ഇതിനപ്പുറം ജനങ്ങൾക്ക് എന്താണ് വേണ്ടത്?

ഇപ്പോൾ, സ്വതന്ത്രൻ കൂടി ആയതോടെ മറ്റു മുന്നണികൾക്ക് വിധേയപ്പെടേണ്ട സാഹചര്യമില്ലാതെ നാടിന് വേണ്ടി മാത്രം പ്രവർത്തിക്കാൻ കഴിയുമെന്നും  കൂട്ടത്തിലൊരാൾ വിലയിരുത്തി. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് അദ്ദേഹം ഉപയോഗിച്ച ഭാഷയും ശൈലിയും നാടിന് അപമാനം വരുത്തിയെന്ന് കരുതുന്നുണ്ടോ എന്നും ഞാൻ ചോദിച്ചു. അതൊക്കെ വ്യക്തിപരം എന്ന മറുപടി കൊണ്ട്   അവർ തള്ളിക്കളയുന്നു.  'പി സി' എന്താണെന്ന് വിധിയെഴുതാൻ അത്‌  കൊണ്ട് സാധ്യമല്ലെന്നും നേതാവിനെ പിന്തുണച്ച്  അവർ പറയുന്നു..

എന്നാൽ, പി.സി.ജോർജിന് പുഷ്പം പോലെ വിജയിക്കാവുന്ന സാഹചര്യമല്ല  ഇത്തവണ ഉള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ്ഗീയത കൊണ്ടുവന്നതാണ് പി സി ക്ക് വിനയായത്. മുസ്ലീങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ  പ്രസ്താവനകളാണ് ഈരാറ്റുപേട്ടയിൽ  പ്രചാരണ റാലിക്കിടെ കൂക്കുവിളി നേരിടേണ്ട സാഹചര്യം ഉണ്ടാക്കിയത്. 

ഇതിൽ പ്രകോപിതനായാണ് പി.സി.ജോർജ് മോശം വാക്കുകൾ ഉപയോഗിക്കുകയും മുസ്ലിം വോട്ടുകൾ തനിക്ക് ആവശ്യമില്ലെന്ന് വിളിച്ചുപറയുകയും ചെയ്തത്. ഏകദേശം 30,000 മുസ്ലിം വോട്ടർമാരാണ് ഇവിടെ ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പിൽ പി. സി വിജയിച്ചത് 27,821 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. 

പി.സി.ജോർജിനെ പരാജയപ്പെടുത്തണമെന്ന് മുസ്ലീങ്ങൾ ഒന്നടങ്കം തീരുമാനിച്ചാൽ, ആ വോട്ടുകൾ എങ്ങോട്ട് മറിയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മറുവശത്ത്, ഒരു ക്രിസ്ത്യൻ - ഹിന്ദു ഏകീകരണവും നടക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി‌ജെ‌ഡി‌എസ്, എൻ‌ഡി‌എയുടെ കീഴിൽ നിന്നതുകൊണ്ട്  20,000 വോട്ടുകളാണ് നേടിയത്.

ഈ സാഹചര്യം കോൺഗ്രസ് സ്ഥാനാർഥി ടോമി കല്ലാനിക്ക് വിജയിക്കാൻ അവസരമൊരുക്കും. കർഷക കുടുംബത്തിൽ നിന്നു വരുന്ന അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ആഴത്തിൽ വേരുള്ള വ്യക്തിത്വമാണ്. കോട്ടയം ഡിസിസി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള കല്ലാനി, നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. 

വലിപ്പച്ചെറുപ്പമില്ലാത്ത പെരുമാറ്റമെന്ന സ്വഭാവ സവിശേഷതകൊണ്ടും സത്യസന്ധതകൊണ്ടും ടോമി കല്ലാനിയോട് ജനങ്ങൾക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. പാർട്ടിയുടെ ആദർശങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നയാൾ കൂടിയാണ് അദ്ദേഹം. ലോകത്തെവിടെ ഇരുന്നും ഒരു മലയാളി തന്റെ പ്രശ്നം പറഞ്ഞാൽ ടോമി കല്ലാനി അത് പരിഹരിക്കും എന്നൊരു വിശ്വാസം നേടിയെടുത്തിട്ടുള്ളതുകൊണ്ട് പ്രവാസികൾക്കിടയിൽ അദ്ദേഹത്തിനൊരു ഉറ്റമിത്രത്തിന്റെ പരിവേഷമാണ്.

പൂഞ്ഞാറിന്റെ മലയോര പ്രദേശമായ കൈപ്പള്ളിയിൽ വച്ച് ടോമി കല്ലാനിയുമായി നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ചു. തന്റെ കഴിവ് തെളിയിക്കാൻ ഒരു അവസരം നൽകിയാൽ, നാടിന്റെ വികസനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന്  തന്റെ വോട്ടർമാരെ അദ്ദേഹം സവിനയം ബോധ്യപ്പെടുത്തി. മണ്ഡലത്തിന് നാണക്കേടുണ്ടാക്കില്ലെന്നും അദ്ദേഹം ഉറപ്പു പറയുന്നു. പ്രതീക്ഷ സ്ഫുരിക്കുന്ന ആ വാക്കുകൾ കേൾവിക്കാരിലും പ്രത്യാശ നിറക്കുന്നു. 

ജനവിധി എന്തായിരിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണണം. മനോരമയുടെ സർവേ ഫലം, സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപുള്ളതായതുകൊണ്ട് അതിന്റെ കൃത്യത വിശ്വാസത്തിലെടുക്കാൻ കഴിയില്ല. 

ഇടതു മുന്നണിയിൽ നിന്ന് മത്സരിക്കുന്ന സെബാസ്റ്റ്യൻ കുളത്തുങ്കലിനും നല്ല ജനപിന്തുണയുണ്ട്. പി.സി. ജോർജിനൊപ്പം ഓടിയെത്താൻ വരും ദിവസങ്ങളിൽ ഇവരിൽ ആർക്ക് സാധിക്കുന്നോ അയാൾക്കായിരിക്കും മേൽക്കൈ. 

പൂഞ്ഞാറിൽ പി.സി. നേരിടുന്ന വർഗീയത; മാന്യതയുടെ പര്യായമായി ടോമി കല്ലാനി  (പ്രവാസി കാഴ്ചകൾ-3,  ജോർജ് എബ്രഹാം) പൂഞ്ഞാറിൽ പി.സി. നേരിടുന്ന വർഗീയത; മാന്യതയുടെ പര്യായമായി ടോമി കല്ലാനി  (പ്രവാസി കാഴ്ചകൾ-3,  ജോർജ് എബ്രഹാം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക