Image

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാല്‍ മതി: സക്കറിയ

(പി.ഡി ജോര്‍ജ് നടവയല്‍) Published on 29 March, 2021
നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാല്‍  മതി: സക്കറിയ
ചിക്കാഗോ/തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് പോള്‍ സക്കറിയായെ ലാനാ ആദരിച്ചു. സക്കറിയ മലയാളത്തിലെ ചിന്താധാരയ്ക്ക് നല്‍കിയ സംഭാവന അതുല്യമെന്ന് ലാനാ ആവര്‍ത്തിച്ചു. ലാനാ പ്രസിഡന്റ് ജോസന്‍ ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. ആദര സമര്‍പ്പണം ഡോ. എം വി പിള്ള നിര്‍വഹിച്ചു. അമേരിക്കന്‍ മലയാളി നവ തലമുറ, നല്ല മലയാളിയായില്ലേലും നല്ല മനുഷ്യനായാല്‍ മതി എന്ന് സക്കറിയാ മറുപടി പ്രസംഗത്തില്‍ പ്രസ്താവിച്ചു. 
 
എഴുത്തുകാരായ എതിരവന്‍ കതിരവന്‍, തമ്പി ആന്റണി, രാജേഷ് വര്‍മ,  കെ. നിര്‍മ്മല, മീനു എലിസബത്ത്,  ലാനാ ട്രഷറാര്‍ കെ കെ ജോണ്‍സണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. ലാനാ  സെക്രട്ടറി എസ്. അനിലാല്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ്  ജെയിന്‍ ജോസഫ് എം സി ആയിരുന്നു, ജോയിന്റ് സെക്രട്ടറി ജോര്‍ജ് നടവയല്‍ നന്ദി പ്രകാശിപ്പിച്ചു. 
 
യോഗത്തില്‍,  ലാനാ സെക്രട്ടറിയും എഴുത്തുകാരനുമായ എസ്. അനിലാലിന്റെ 'സബ്രീന' എന്ന ചെറുകഥാസമാഹാരം എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് പോള്‍ സക്കറിയാ, പ്രകാശനം ചെയ്തു. ഡോ. എം വി. പിള്ളയ്ക്ക് കഥാസമാഹരം നല്‍കിയാണ്  
'സബ്രീന' എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തത്.     ഷിജി അലക്‌സ് ചിക്കാഗോ പുസ്തക പരിചയം നടത്തി.  പ്രവീണ്‍ വൈശാഖന്‍ (ഐവറി ബുക്‌സ്), ആമി ലക്ഷ്മി,  എം. പി. ഷീല, സാമുവേല്‍ യോഹന്നാന്‍ എന്നിവരും  ലാനാ അംഗങ്ങളും എഴുത്തുകാരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.   ഗ്രന്ഥകര്‍ത്താവ്  എസ്. അനിലാല്‍ നന്ദി പ്രകാശിപ്പിച്ചു. 
 
മതവും ജാതിയും പലേവിധത്തില്‍ നശീകരണ ശക്തികളായി: സക്കറിയാ മറുപടി പ്രസംഗത്തില്‍
 
മതവും ജാതിയും പലേവിധത്തില്‍ നശീകരണ ശക്തികളായിട്ട് പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് ലാനയെപ്പോലെ വിശ്വാസികളും, ഒരുപക്ഷേ വിശ്വാസികളല്ലാത്തവരും അടങ്ങിയ മതേതര കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നുള്ളതും, അവര്‍ തോറ്റു പോയിട്ടില്ല ഇനിയും എന്നുള്ളതും, നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ തികച്ചും മണ്ണടിഞ്ഞിട്ടില്ല എന്നുള്ളതിന്, അത്, അമേരിക്കയിലായാലും മണ്ണടിഞ്ഞിട്ടില്ലാ, എന്നുള്ളതിന്  ഒരു തെളിവായിട്ടാണ്, ഞാനതിനെ കാണുന്നത്. കേരളത്തില്‍ പത്തിരുപത് വര്‍ഷങ്ങളായിട്ട്, മതവും ജാതിയും രാഷ്ട്രീയവും ഒത്തൊരുമിച്ച് സൃഷ്ടിച്ച ഒരു നവോത്ഥാനവിരുദ്ധ തരംഗം ഉണ്ട്. അത്  ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്; അത്  പ്രത്യേകം ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. മാധ്യമങ്ങളും എല്ലാവരുംകൂടി, കൂടിച്ചേര്‍ന്ന്, വെള്ളപൂശിയ വിഷം, ടിവി ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പ്രവഹിക്കുന്നു, അമേരിക്കയിലേയ്ക്കും  തീര്‍ച്ചയായും പ്രവഹിക്കുന്നുണ്ട്. അതിനു യാതൊരു സംശയവുമില്ല. അങ്ങനെയുള്ള ഒരു ഭീകര കാലത്താണ് ലാന, സാഹിത്യത്തിന്റെ പേരില്‍, മലയാള ഭാഷയുടെ പേരില്‍, അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി വിജയിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേകമായിട്ട് ലാനയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍.
 
 
എഴുത്തച്ഛന്‍ പുരസ്‌കാരം ആണ് എന്നെ നിങ്ങളുടെ മുമ്പില്‍ എത്തിച്ചിരിക്കുന്നത്. ഡോക്ടര്‍ എം വി പിള്ള സാര്‍  ഭംഗിയായി അവതരിപ്പിച്ച പോലെ, ഭാഷാപിതാവിന്റെ  പേരിലുള്ള  പുരസ്‌കാരമാണത്. അതേസമയം അതൊരു ഭരണകൂടത്തിന്റെ പുരസ്‌കാരവുമാണ്. ഞാനിവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത് ഈ പുരസ്‌കാരം എന്നില്‍ ഉയര്‍ത്തിയ ചില ചോദ്യങ്ങളാണ്. സ്വതന്ത്ര നിലപാടുകളുള്ള ഒരു എഴുത്തുകാരന്‍ എന്ന് സ്വയം കരുതുന്ന ഞാന്‍, ഈ ഭരണകൂട പുരസ്‌കാരത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന ഒരു ചോദ്യം ഉണ്ടായിരുന്നു. ആ ചോദ്യം ഫലിത പൂര്‍വമാണെങ്കിലും എം വി പിള്ള സാര്‍ ഉയര്‍ത്തുകയും ചെയ്തു. 
 
ഞാനും ആ ചോദ്യം എന്നോട് അന്ന് ചോദിച്ചിരുന്നു. ഞാന്‍ എന്നോടുതന്നെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ചേര്‍ത്താണ്  പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഞാനന്നവിടെ കുറച്ചു കാര്യങ്ങള്‍ പറഞ്ഞത്. അതില്‍നിന്ന് ഒന്നുരണ്ടു കാര്യങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഭരണകൂടങ്ങളെപ്പോലുള്ള അധികാര കേന്ദ്രങ്ങളുമായുള്ള കൊടുക്കല്‍ വാങ്ങലുകളുടെ സ്വഭാവത്തെക്കുറിച്ച് എഴുത്തുകാര്‍ മാത്രമല്ല, ജനാധിപത്യ വിശ്വാസികളായ ഏതൊരു പൗരനും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന  വളരെ പ്രധാനപ്പെട്ട വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുവാനും കൂടിയാണ് ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയുന്നത്. കാരണം എല്ലാ അധികാര കേന്ദ്രങ്ങളും ഒരേസമയം അധികാരദുര്‍വിനിയോഗ കേന്ദ്രങ്ങളും കൂടിയാണ്. ഈ കാര്യം ചരിത്രകാരന്‍ Lord Baron Acton പറഞ്ഞിട്ടുള്ളതാണ്. 'Power tends to corrupt, and absolute power corrupts absolutely' എന്ന് Acton പണ്ടേ പറഞ്ഞു വെച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ ഭരണകൂടങ്ങള്‍, നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരുപോലെ, ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് കുപ്രസിദ്ധങ്ങളാണ്, അഴിമതിയ്ക്ക് കുപ്രസിദ്ധങ്ങളാണ്. ഈ പശ്ചാത്തലത്തിലാണ് ഈ പുരസ്‌കാര സ്വീകരണത്തെപ്പറ്റി ചില ചിന്തകള്‍ മുന്നോട്ടു വച്ചത്. 
 
മലയാളികളുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്നത്, പ്രധാനമായിട്ടും, എന്റെ അഭിപ്രായത്തില്‍, അഞ്ച് അധികാരകേന്ദ്രങ്ങള്‍ ആണ്. കേരളത്തില്‍ ഇന്ന് ജീവിക്കുന്ന മലയാളികളെ, ദൈനംദിനം നിയന്ത്രിക്കുന്ന, അഞ്ച് അധികാരകേന്ദ്രങ്ങള്‍ ഇവയാണ്. 1: ഭരണകൂടം, (സ്വാഭാവികമായിട്ടും നമ്മള് ഉത്തരവാദിത്വം അവര്‍ക്ക് കൊടുത്തിട്ടുണ്ട്.)  2: മതം, 3: ജാതി, 4: സര്‍വവ്യാപിയായ മാധ്യമങ്ങള്‍, 5: ദൃശ്യവും അദൃശ്യവുമായ സാമ്പത്തിക താല്‍പര്യങ്ങള്‍. ഈ അഞ്ച് ശക്തികളാണ്, അധികാരകേന്ദ്രങ്ങള്‍ ആയി അവരുടേതായ രീതിയില്‍, മലയാള ജീവിതത്തെ  അമ്മാനമാടിക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയില്‍ അന്ന് ഞാന്‍ ചേര്‍ക്കാന്‍ വിട്ടു പോയ വളരെ പ്രധാനപ്പെട്ട അധികാര സമുച്ചയം കൂടെ ഉണ്ട്. അതിപ്പോള്‍ ഞാന്‍ കൂട്ടിച്ചേര്‍ക്കുകയാണ്. അതാണു രാഷ്ട്രീയപാര്‍ട്ടികള്‍. അങ്ങനെ ആറ് അധികാര കേന്ദ്രങ്ങള്‍ ആണ് മലയാളികളുടെ മേല്‍ പിടിമുറുക്കിയിരിക്കു ന്നത്. 
 
അതുകൊണ്ട്, സ്വതന്ത്രരായ എഴുത്തുകാര്‍, ഭരണകൂടത്തിന്റെ  മാത്രമല്ല ഈ സമാന്തര അധികാര കേന്ദ്രങ്ങളുടെയും കൂടി അംഗീകാരങ്ങള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് ഓരോതവണയും അവരവരോട് ചോദിക്കേണ്ടതുണ്ട്. മാധ്യമങ്ങളുടെ അംഗീകാരം സ്വീകരിക്കേണ്ടത് ഉണ്ടോ? മതത്തിന്റെ അംഗീകാരം സ്വീകരിക്കാമോ? ജാതിയുടെ സ്വീകരിക്കാമോ? കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടേത്  സ്വീകരിക്കാമോ എന്നുള്ള ഒരു ഇഷ്യൂ ഉണ്ട്. . കാരണം ഈ പറഞ്ഞ ആറ് അധികാര കേന്ദ്രങ്ങളിലും ജനാധിപത്യ വിരുദ്ധങ്ങളും മതേതരത്വ വിരുദ്ധങ്ങളും മനുഷ്യാവകാശ വിരുദ്ധങ്ങളും ആയ ശക്തികള്‍ നിരന്തരമായി കുടിയിരിക്കുന്നുണ്ട്; പുരുഷമേധാവിത്വം കുടിയിരുപ്പുണ്ട്; സദാചാര മനോവൈകൃതങ്ങള്‍ കുടി ഇരിപ്പുണ്ട്; വര്‍ഗ്ഗീയ വിഷ ജീവികള്‍ അവിടെയെല്ലാം തമ്പടിച്ചിട്ടുണ്ട്. ഇതെല്ലാം, സത്യത്തില്‍, മലയാളികളുടെ മാത്രം ഒരു പ്രത്യേക സ്വഭാവമല്ല;  ഇന്ത്യയിലെ അധികാര വ്യവസ്ഥിതികളുടെ കൂടപ്പിറപ്പുകള്‍ ആണ് ഞാന്‍ ഈ പറഞ്ഞവയെല്ലാം. അതുകൊണ്ട് മാത്രമാണ്, എന്റെ പ്രസംഗത്തിന്റെ ഒരു ചെറിയ ഭാഗം ഇവിടെ ഉദ്ധരിക്കുന്നത്;  എന്തുകൊണ്ടെന്നാല്‍, അതില്‍ പ്രത്യക്ഷപ്പെടുന്നത്, എഴുത്തുകാരുടെ മാത്രമല്ല, ഭരണകൂടങ്ങളുമായി, സാംസ്‌കാരികമായി, കൊടുക്കല്‍വാങ്ങലുകള്‍ നടത്തേണ്ടിവരുന്ന, ഏതു കലാകാരന്റെയും കൂടി, പ്രശ്‌നമാണ് എന്ന്, എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ഉദ്ധരിക്കുകയാണ് ആ പ്രസംഗത്തില്‍ നിന്ന്. 
 
പിണറായി വിജയന്‍ നയിക്കുന്ന ഭരണത്തെപ്പറ്റി എനിക്ക് വിമര്‍ശനമുണ്ട്. അവയില്ലെങ്കില്‍ ഒരു പൗരന്‍ എന്ന നിലയില്‍ ഞാനൊരു മരപ്പാവയാണ്. അതേസമയം, ഈ ഭരണകൂടത്തോട് എനിക്ക് യോജിപ്പുകളും ഉണ്ട്.  ഈ യോജിപ്പുകളുടെ വെളിച്ചത്തില്‍ അല്ല, ഞാന്‍ ഈ പുരസ്‌കാരം സ്വീകരിച്ചത്. ഞാനത് ചെയ്യുന്നത് ഈ ഭരണകൂടത്തോടുള്ള വിയോജിപ്പുകളും യോജിപ്പുകളും അടങ്ങിയ എന്റെ രാഷ്ട്രീയത്തിത്തിന്റെ വെളിച്ചത്തിലാണ്. എല്ലാ ഭരണകൂടങ്ങള്‍ക്കും സംഭവിക്കുന്ന വീഴ്ചകള്‍ ഈ ഭരണകൂടത്തിനും സംഭവിക്കുന്നത് കണ്ണുതുറന്നു കണ്ടുകൊണ്ടാണ് ഞാന്‍ സ്വീകരിക്കുന്നത്. പക്ഷേ, മലയാളിയായ എന്റെ കാഴ്ചപ്പാടില്‍, ഇന്നത്തെ ഇന്ത്യയില്‍, ഈ ഭരണകൂടത്തിന് ഒരു പ്രത്യേക അര്‍ത്ഥമുണ്ട്, പ്രത്യേക പ്രസക്തിയുണ്ട്.  
 
 കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന്, ഇന്നത്തെ ഇന്ത്യയില്‍, വര്‍ഗീയ ഫാഷിസത്തിന് കീഴടങ്ങാത്ത ഒരു ജനതയുടെ ഭരണകൂടം എന്ന വിലമതിക്കാനാവാത്ത പ്രാധാന്യമുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍, നാം, മുഴുവന്‍ ഇന്ത്യക്കും മാതൃകയാണ്. ഈ പുരസ്‌കാരം സ്വീകരിക്കുന്നതിലൂടെ, ഞാന്‍ എന്റെ എളിയരീതിയില്‍ ചെയ്യുന്നത്, പുരോഗമനോന്മുഖമായ ഒരു ഇടതുപക്ഷത്തെ പറ്റിയുള്ള എന്റെ പ്രതീക്ഷകളോടും വര്‍ഗീയതയ്ക്ക് അടിമപ്പെടാന്‍ വിസമ്മതിക്കുന്ന ഒരു ജനതയോടുമുള്ള എന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കലാണ്, എന്നാണ്, ഞാന്‍ കരുതുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഞാനീ പുര്‍സ്‌കാരം സ്വീകരിക്കുന്നത്,  ഒരെഴുത്തുകാരന്റെ സുചിന്തിതമായ, രഷ്ട്രീയ നിലപാടുകളുടെ  വെളിച്ചത്തിലാണ്. ഇക്കൂടെ ഞാന്‍ മറ്റൊരു കാര്യം കൂടെ പറഞ്ഞു; മലയാളികളാണ് എന്നിലെ എഴുത്തുകാരനെ വളര്‍ത്തിയത്. ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയ ഭരണകൂടം മലയാളികളുടേതാണ്.  ഈ പുരസ്‌കാരത്തിന്റെ തുക വന്നത് അവരുടെ ഖജനാവില്‍ നിന്നാണ്. അവര്‍ക്ക് എന്റെ നന്ദി. ഞാന്‍ മറ്റാര്‍ക്കും നന്ദി പറഞ്ഞില്ല.
 
 
Thomas Jefferson ന്റെ  പറഞ്ഞു പഴകിയ, എന്നാല്‍ വിലപിടിച്ച, വാക്കുകള്‍ ഞാന്‍ ഇവിടെ ആവര്‍ത്തിക്കുകയാണ്.'Eternal vigilance is the price of liberty.' അമേരിക്കയുടെ Founding Father ആയ Jefferson പറഞ്ഞത് ' അവസാനിക്കത്ത ജാഗ്രതയണ് സ്വാതന്ത്ര്യത്തിന്റെ വില' എന്നാണ്. യാതൊരു അധികാര കേന്ദ്രത്തേയും മുഖവിലയ്‌ക്കെടുക്കാന്‍ പാടില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്, പ്രത്യേകിച്ചും ഇന്ത്യയില്‍.
 
മാധ്യമങ്ങളാണ് ആദ്യംതന്നെ ജാഗ്രത നഷ്ടപ്പെടുത്തിയത്
 
പക്ഷേ നിര്‍ഭാഗ്യവശാല്‍, നമുക്ക് ജാഗ്രത പൂര്‍ണമായും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നമുക്ക് വേണ്ടി ജാഗ്രത പുലര്‍ത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന മാധ്യമങ്ങളാണ് ആദ്യംതന്നെ ജാഗ്രത നഷ്ടപ്പെടുത്തിയത്; അല്ലെങ്കില്‍ ജാഗ്രതയെ അവരുടെ കണക്കുകൂട്ടലുകളില്‍ നിന്ന് ഒഴിവാക്കിയത്. അതു കൊണ്ട് എന്ത് സംഭവിച്ചു? ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനും മനുഷ്യ സ്വാതന്ത്ര്യങ്ങള്‍ക്കും ഏല്‍ക്കുന്ന പ്രഹരങ്ങള്‍ അവര്‍ ഒളിച്ചു വയ്ക്കുന്നു; അല്ലെങ്കില്‍ വെള്ള പൂശി പ്രദര്‍ശിപ്പിക്കുന്നു. മലയാളികളെ, അവരുടെ മാധ്യമങ്ങള്‍ കൊണ്ടുവന്ന് എത്തിച്ചിരിക്കുന്നത്;  (ഇന്ത്യയെപ്പറ്റി പൊതുവില്‍ പറയേണ്ട ആവശ്യം എനിക്കില്ല), ഇരുട്ടുമുറിയില്‍ കറുത്ത പൂച്ചയെ തേടുന്നവര്‍ എന്ന അവസ്ഥയിലാണ്.
 
അര്‍ദ്ധസത്യങ്ങളും പുകമറകളും കൊണ്ട് മലയാളിയുടെ ടെലിവിഷന്‍ സ്‌ക്രീനും പത്രത്താളുകളും നിറയുന്നു.  ഞാന്‍ പറയുന്നത്, നമ്മുടെ ജാഗ്രത, മാദ്ധ്യമങ്ങള്‍ ആ ജാഗ്രത കൈവെടിഞ്ഞാലും, ആ ജാഗ്രത, നമുക്ക്, നമ്മുടെ ഉള്ളില്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയണം. ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയ്ക്കും, കേരളം എന്ന സംസ്ഥാനത്തിന്റെ പൗരന്മാര്‍ എന്ന നിലയ്ക്കും, ആ ജാഗ്രത പുന:സൃഷ്ടിക്കാന്‍ മനമുക്ക് കഴിയണം; മാദ്ധ്യമങ്ങള്‍ നമ്മെ ഉപേക്ഷിച്ചാലും. ഇതാണ് എനിക്കു പ്രത്യേകമായിട്ട് പറയാനുള്ളത്; നമ്മുടെ ജാഗ്രത. അതേസമയം ഈ ജാഗ്രത, ഭരണകൂടം എന്ന ഒറ്റ അധികാര കേന്ദ്രത്തെപ്പറ്റി മാത്രമായാല്‍ പോരാ. മലയാളികളായ നമ്മുടെ മേല്‍ കത്രികപ്പൂട്ടിട്ടിരിക്കുന്ന മറ്റ് അഞ്ച് അധികാര കേന്ദ്രങ്ങളെപ്പറ്റിയും അവസാനിക്കാത്ത ജാഗ്രത വേണം. ആ അധികാര കേന്ദ്രങ്ങളുടെ പേര് ഞാന്‍ ആവര്‍ത്തിക്കുകയാണ്, നമ്മുടെ കത്രികപ്പൂട്ടുകാരാണിവര്‍: മതം, ജാതി, മാദ്ധ്യമങ്ങള്‍, സാമ്പത്തിക താത്പര്യങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍. മലയാളി  പ്രവാസികളെ സംബന്ധ്ധിച്ചിടാത്തോളം എന്നെ അതിശയിപ്പിച്ചിട്ടുള്ള ഒരു വസ്തുത, നിങ്ങള്‍ക്കെല്ലാവര്‍ക്കും സുപരിചിതമായ കാര്യമാണ്. കേരളത്തില്‍ അവരുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്ന അതേ അധികാര കേന്ദ്രങ്ങളാണ് അവരെ പ്രവാസത്തിലേക്ക് പിന്തുടരുന്നത് എന്നതാണ് എനിക്ക് അവിശ്വസനീയമായി തോന്നിയിട്ടുള്ളത്. ഒരുപക്ഷേ, ഇതിനൊരു അപവാദം എന്നു പറയുന്നത്,  കേരളത്തിലെ ഭരണകൂടം, നിങ്ങളെ അവിടെ ഭരിക്കുന്നില്ല, കേരലത്തിലെ സാമ്പത്തിക താത്പര്യങ്ങള്‍ ഒരു പക്ഷേ നിങ്ങളെ അവിടെ ഭരിക്കുന്നില്ല. പക്ഷേ, ബാക്കിയെല്ലാം, ബാക്കി അധികാര കേന്ദ്രങ്ങളെല്ലാം, വളരെ ഭംഗിയായിട്ട് നിങ്ങളുടെ പിന്നാലെ അവിടെ വന്നു കൂടിയിട്ടുണ്ട്. Unbelievable, but true!
 
ഞാന്‍ മതത്തിലും ജാതിയിലും വിശ്വസിക്കുന്നില്ല എന്നതിനാല്‍ മറ്റുള്ളവരും അങ്ങിനെ ആയിരിക്കണം എന്നു കരുതിവാനുള്ള പോഴത്തം എനിക്കില്ല. ജാതി ഇന്ത്യക്കാരന്റെ കൂടെപ്പിറപ്പാണ്. മതം ഏതാണ്ട് എല്ലാ മനുഷ്യന്റെയും കൂടെപ്പിറപ്പാണ്. എന്നെ അത്ഭുതപ്പെടുത്തുന്നതിതാണ്: താരത്മ്യേന സാമൂഹിക പുരോഗതിയും ആധുനികതയും നേടിയ ഒരു സമൂഹത്തിലേക്ക് കുടിയേറുമ്പോള്‍, കേരളത്തില്‍ നിന്ന് തങ്ങളോടൊപ്പം സഹയാത്ര ചെയ്ത ഒട്ടനവധി സങ്കുചിത മനോഭാവങ്ങളെ പുനര്‍വിചിന്തനത്തിന് വിധേയമാക്കാന്‍ പോലും പലരും മുതിരുന്നില്ലാ എന്നുള്ളതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അതും. പത്തും മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ക്കു മുമ്പ്, തങ്ങളോടൊപ്പം ഒത്തു ചേര്‍ന്നു പോന്ന ആ മനോഭാവങ്ങളെ, അതായത്, ജാതിയേയും മതത്തേയും ഒക്കെ സംബന്ധിച്ച കാര്യങ്ങള്‍. മറിച്ച്, അവ രൂക്ഷമാകുകയല്ലേ ചെയ്തത് എന്ന് സംശയിക്കേണ്ട ഒരവസ്ഥയുണ്ടോ എന്ന് , എന്റെ ഈ ദൂരെ നിന്നു കണ്ടിട്ടുള്ള ചില നിരീക്ഷണങ്ങള്‍ കൊണ്ടു മാത്രം ഞാന്‍ പറയുകയാണ്. നമ്മുടെ മത വിഭാഗീയതകളും ജാതീയ വിഭാഗീയതകളും അമേരിക്കയില്‍ കൂടുതല്‍ ശക്തമാകുമ്പോഴും (എന്നു ഞാന്‍ പറയുമ്പോള്‍ തെറ്റാണെങ്കില്‍ എന്നോടു ക്ഷമിക്കുക, ഒരുപക്ഷേ, ആയിരിക്കുകയില്ല; എങ്കിലും, എന്റെ ഒരു നിരീക്ഷണമാണത്), ഞാനതില്‍ മറ്റൊരു വിചിത്രമായ ഘടകം കാണുന്നുണ്ട്.
 
ഒരുപക്ഷേ ഇത് അമേരിക്കന്‍ പ്രവാസ ജീവിതത്തെപ്പറ്റി അടുത്തറിയാത്തതുകൊണ്ടുള്ള എന്റെ തെറ്റുധാരണ ആയിരിക്കാം. എനിക്ക് തോന്നിയിട്ടുള്ളത്, മലയാളി പ്രവാസികളുടെ രണ്ടാം തലമുറയും മൂന്നാം തലമുറയും, ജാതിമത ചിന്തകള്‍ ഒരുപക്ഷേ ഇത്രമാത്രം ശക്തമായി വയ്ക്കുന്നില്ലാ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ഒരുപക്ഷേ, ജാതിയും മതവും നിരപേക്ഷമാകുമ്പോള്‍ (പെട്ടെന്ന് എനിക്കൊരു സംശയം തോന്നിയതാണ്) ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം, ജാതിയും മതവും അവന്‍/അവള്‍ അപ്‌ളൈ ചെയ്തില്ലെങ്കില്‍,  അവന്‍/അവള്‍, മലയാളിയേ അല്ലതായിത്തീരുമോ എന്നതാണെന്റെ ചോദ്യം. അതാണോ ഒരളവുകോള്‍ എന്നുള്ള ഒരു പ്രശ്‌നം. അപ്പോള്‍, ഈ കുട്ടികള്‍,  മലയാളികള്‍ക്ക് സ്വാഭാവികമായ അവരാര്‍ജ്ജിച്ച മതത്തില്‍ നിന്നും ജാതിയില്‍ നിന്നും ഈ കുട്ടികള്‍ മാറിപ്പോകുന്നത് തന്നെയാണോ അവരുടെ മലയാളിത്തമില്ലായ്മയുടെ ഒരു അളവുകോല്‍ എന്ന് ഞാന്‍ ചോദിക്കുകയാണ്. അങ്ങനെയാണെങ്കില്‍, നമ്മള്‍ അഭിമുഖീകരിക്കുന്നത് മറ്റൊരു ചോദ്യമാണ്: ജാതിയും മതവും ആണോ മലയാളിയുടെ അടിസ്ഥാന ഐഡന്‍ഡിറ്റി? അതോ ഭാഷയാണോ, മലയാളമെന്നു പറയുന്ന ഭാഷ? ഇതെല്ലാം നാം കാണേണ്ട ചോദ്യങ്ങളാണ്, ചോദിക്കേണ്ട ചോദ്യങ്ങളാണ്. 
 
കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു മലയാളിക്ക് രാഷ്ട്രീയം അവന്റെ ജനിതക  കോശങ്ങളില്‍ തന്നെയുണ്ട്. നമുക്ക് അതിനു തെറ്റ് പറയാന്‍ പറ്റില്ല 
അതുകൊണ്ട്, മുസ്ലിംലീഗും, കേരള കോണ്‍ഗ്രസ്സുകളും ബിജെപിയും കോണ്‍ഗ്രസ്സുളും സിപിഎമ്മും സിപിഐയും ജനതാ പാര്‍ട്ടികളും എല്ലാം അവനെ അമേരിക്കയിലേക്ക് പിന്തുടരുന്നതില്‍ ഒരു അത്ഭുതവുമില്ല. കാരണം, അവന്റെ ഒരു ജീവവായുവാണ് രാഷ്ട്രീയം. പക്ഷേ, അത്ഭുതം എന്താണെന്നാല്‍, ഒരാഗോള പരിപ്രേക്ഷ്യമുള്ള അമേരിക്കയില്‍ ഇരുന്ന്,  രാഷ്ട്രീയത്തെപ്പറ്റി വളരെ പക്വമായ വിമര്‍ശനങ്ങളും അവലോകനങ്ങളും ലഭിക്കുന്ന ഒരു സമൂഹത്തില്‍ ഇരുന്നുകൊണ്ട്,  ശരാശരി മലയാളി (എല്ലാവരും എന്ന് ഞാന്‍ പറയുന്നില്ല) ഈ രാഷ്ട്രീയപാര്‍ട്ടികളുടെ വചനപ്രഘോഷങ്ങള്‍ക്ക്, അന്ധമായി,  യാതൊരു ചോദ്യംചെയ്യലും ഇല്ലാതെ, കീഴടങ്ങുന്നത് ആണ്, അത്ഭുതകരം. അതൊരുപക്ഷേ, നയാഗ്ര ഫാള്‍സ് ഒക്കെ പോലെ തന്നെ ലോകത്തിലെ അത്ഭുതങ്ങളില്‍ ഒന്നാണ്. എങ്ങനെയാണ്, ഇത്രമാത്രം, വിദ്യാഭ്യാസവും വിവരവും ഉള്ള മലയാളി, ടെലിവിഷനുകള്‍ പടച്ചുവിടുന്ന, ഈ കഥകള്‍ കേട്ട്, ഇതില്‍ എല്ലാം വിശ്വസിച്ചു വഷളാകുന്നത്? അമേരിക്കയില്‍ ഇരുന്ന്,  അവര്‍ നാട്ടിലെ രാഷ്ട്രീയ വിഗ്രഹങ്ങളെ മതിവരാതെ ആരാധിക്കുന്നത് നമ്മള്‍ കാണുന്നു. ഓരോ ടെലഫോണ്‍ കോളുകളും അവിടുന്നു കിട്ടുമ്പോള്‍, എനിക്ക് ഈ ആരാധന, ടെലഫോണിലൂടെ, ഇങ്ങനെ ഇങ്ങനെ ഒഴുകി വരുന്നത്, എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോഴും എനിക്കു തോന്നുന്നത്,  , രണ്ടാം തലമുറയുടെ മനസ്സില്‍;  (നിങ്ങളാണ് പറയേണ്ടത്) പിണറായി വിജയനോ  ഉമ്മന്‍ചാണ്ടിയ്‌ക്കോ എന്തെങ്കിലും സ്ഥാനം ഉണ്ടെന്നോ ഒന്നും  എനിക്കറിഞ്ഞുകൂടാ.
 
 അങ്ങനെയാണെങ്കില്‍, പ്രവാസി മലയാളിത്തം എന്നുപറയുന്നത് ഒരു ഒന്നാം 
തലമുറ പ്രതിഭാസം മാത്രമല്ലേ എന്നുകൂടി ഞാന്‍ ചോദിക്കുകയാണ്. ഞാന്‍ ഒരു പ്രവാസി അല്ലാത്തതുകൊണ്ട് എനിക്ക് ഇതിന്റെ ഒരു ഉത്തരം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കാരണം അത്രമാത്രം സങ്കീര്‍ണ്ണമാണ് ഒരു പ്രവാസിയുടെ ജീവിതം എന്ന് എനിക്കറിയാം. ഞാന്‍ ഇതിനകത്ത് കൊണ്ടുവന്നിരിക്കുന്ന ലളിത വത്ക്കരണങ്ങള്‍ നിങ്ങള്‍ ക്ഷമിക്കണം. പലതവണ അമേരിക്കയില്‍ വന്നിട്ടുള്ള ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്, എന്തുമാത്രം കൂടി കലങ്ങി കലങ്ങി കുഴഞ്ഞതാണ് നിങ്ങളുടെ ജീവിതങ്ങളുടെ സ്വഭാവം എന്ന്, എനിക്കറിയാം. അതുകൊണ്ട് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഒരൊറ്റ കാര്യമേ തോന്നിയിട്ടുള്ളൂ, ഒറ്റ കാര്യമേ പറയാനുള്ളൂ. ഈ തരത്തില്‍, ഒന്നാം തലമുറ കഴിഞ്ഞ്, രണ്ടാം തലമുറയോടൊപ്പം മലയാളിത്തം അപ്രത്യക്ഷമാകുകയാണെങ്കില്‍ സാരമില്ല. ഒരു നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാല്‍ ധാരാളം മതി എന്നാണ് എനിക്ക് തോന്നുന്നത്. അതു മാത്രമാണ് എനിക്കു വാസ്തവത്തില്‍ ഇന്ന് പറയാനുള്ളത്. ഇതു ഞാന്‍ കടം വാങ്ങിയ ഒരു വാചകമാണ്. മലയാളികളുടെ വംശം ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മഹാനായ വ്യക്തി എന്ന് ഞാന്‍ കരുതുന്ന മനുഷ്യനില്‍നിന്ന് ഞാനിതു മോഷ്ടിച്ചെടുത്തതാണ്. അദ്ദേഹത്തിന്റെ ഒരു വാചകത്തിന് അല്പം വ്യത്യാസം വരുത്തി. അദ്ദേഹത്തിന്റെ കൃത്യമായ വാക്കുകള്‍: ''മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'' എന്നതാണ്. ഞാന്‍ അതിനെ ഇങ്ങനെയൊന്നു മാറ്റി എടുത്തതാണ്. അപ്പോള്‍ ആ മഹാ മനുഷ്യ ന്റെ മനോഹരമായ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, അതു പറഞ്ഞു കൊണ്ട്, ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു: നിങ്ങള്‍ എനിക്ക് തന്ന ഈ 
ഗംഭീരമായ നിമിഷങ്ങള്‍ക്ക്, സുന്ദരമായ നിമിഷങ്ങള്‍ക്ക്,  സ്‌നേഹപൂര്‍വ്വമായ നിമിഷങ്ങള്‍ക്ക് നന്ദി.
 
നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാല്‍  മതി: സക്കറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക