Image

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

Published on 30 March, 2021
 ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)
" Being popular is the most important thing in the life. "
Homer ഹോമറാണ് ശരി എന്നഭിപ്രായമില്ല. പക്ഷേ ചിലരെങ്കിലും അർഹിക്കുന്ന
പ്രശസ്തിയിലേക്കെത്താതെ വിധിയുടെ നിഴലിൽ ഒതുക്കപ്പെടാറുണ്ട്. സാഹിത്യത്തിലായാലും ജീവിതത്തിലായാലും പ്രധാന കഥാപാത്രങ്ങളുടെ നിഴലായി
മാറുന്ന ചിലരുണ്ട്. അവരുടെ ചിന്തകളോടൊപ്പം ചേർന്നു നടക്കാനും പതിയെ
കൈപിടിച്ചു നടത്താനുമുള്ള ചരിത്രദൗത്യവുമായി പല കാലങ്ങൾക്കപ്പുറത്ത്
നിന്ന് ചിലർ  വരികയും ചെയ്യും . കവിത അത്തരമൊരു മറനീക്കലിനു
വിധേയമാവുകയാണ് "ചിത്രത്തിലില്ലാത്തവർ " എന്ന സമാഹാരത്തിലൂടെ.

സി.കെ. രാജൻ കല്ലടിക്കോട് എന്ന കവി മറ്റാരും കാണാത്ത ചിലരെ കാണുകയും
വാക്കുകളിലൂടെ പകർത്തുകയും ചെയ്യുന്നുണ്ട്.  ഭാരതരാമായണങ്ങളുടെ
വഴിത്താരകളിലൂടെയുള്ള യാത്രയിലാണ് രാജൻമാഷ് നമ്മളിതു വരെ കാണാത്ത ചില
മുഖങ്ങളെ കണ്ടെത്തുന്നത്. ചിലർ നമുക്ക് ചിരപരിചിതരാണെങ്കിലും തീർത്തും
അപരിചിതമായ ഭാവത്തിലാണ് നാമവരെ ഈ കവിതകളിൽ  പരിചയിക്കുന്നത്. ഭീരു എന്ന
കവിത യുധിഷ്ഠിരന്റെ മനോഗതമാണ്. യുദ്ധം ജയിച്ച, മോക്ഷപ്രാപ്തി എന്ന
ലക്ഷ്യം മാത്രം മനസ്സിൽ നിലനിർത്തി മുന്നോട്ടു പോകുന്ന യുധിഷ്ഠിരനെയാണ്
ഭാരതത്തിൽ നാം കണ്ടിട്ടുള്ളത്. പക്ഷേ പശ്ചാത്താപവിവശനനായി, ധർമപുത്രരെന്ന
വിളിയ്ക്ക് താനനുയോജ്യനാകാത്തതെന്തുകൊണ്ട് എന്ന് വിശദീകരിക്കുന്ന
യുധിഷ്ഠിര നാണ് "ഭീരു " വിൽ ചിത്രീകരിക്കപ്പെടുന്നത്. നൂറ്റവരുടെ പെങ്ങൾ
ദുശ്ശളയുടെ ഭാവിയോർത്ത് വിലപിക്കുന്ന സുയോധനൻ, അയോദ്ധ്യയിൽ മോഹങ്ങൾ
ഹോമിച്ച ഊർമിള, കർമബന്ധങ്ങളുടെ ബന്ധന മറിഞ്ഞ കർണൻ, പച്ചില ചാർത്തിനുള്ളിൽ
പഥികന്റെയമ്പി നായി കാത്തിരിക്കുന്ന കൃഷ്ണൻ, ശരശയ്യയിൽ കിടന്നു കേഴുന്ന
ഭീഷ്മർ, നഷ്ട ജീവിതസൗഭാഗ്യങ്ങളോർത്ത് സരയൂ തീരത്ത് നിൽക്കുന്ന രാമൻ
എന്നിവർ കവിതയിലെ അത്തരം  ചിലർ മാത്രം .

കവിത പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാത്രം ചേർന്നൊഴുകുന്നവയല്ല, അത്
നമ്മുടെ ജീവിതത്തിന് ചുറ്റും പരക്കുന്നുണ്ട്. ഈ സമാഹാരത്തിന്
അവതാരികയെഴുതിയ പി.രാമൻ അഭിപ്രായപ്പെട്ടതു പോലെ " കഥകൾ പറഞ്ഞുതന്ന
മുത്തശ്ശി, ഉള്ളിൽ തഴച്ചു വളർന്ന ഭാരതരാമായണകഥകൾ, ആ കഥകളരുളിയ അനുഭവ
പാഠങ്ങളും മൂല്യബോധങ്ങളും കൊണ്ട് നിത്യജീവിതത്തെ മനസ്സിലാക്കാനും
നേരിടാനുമുള്ള മനോഭാവം, കുടുംബബന്ധങ്ങളോടും സൗഹൃദ ബന്ധങ്ങളോടുമുള്ള
പറ്റ്, സ്വന്തം തലമുറയുടെ പരിമിതിയും പുതുതലമുറയുടെ കരുത്തുമറിയുന്ന
വിവേകം എന്നിങ്ങനെ ഒട്ടേറെ ഇഴകൾ ചേർന്നുരുവപ്പെട്ടവയാണ്" ഈ കവിതകൾ.
സഹധർമിണിയും, തിരുവാതിരയും, നഷ്ടപ്രണയവും, ധർമ്മസങ്കടവും, ഗൃഹാതുരതയും,
മുത്തശ്ശിയുമെല്ലാം കാല്പനിക പരിവേഷത്തോടെ ഈ കവിതകളിൽ ഇടം
പിടിക്കുന്നുണ്ട്. പലപ്പോഴും ഭാവനയും സമകാലവും കൂടി കൈക്കൊർത്ത്
നടക്കുന്ന സവിശേഷാർത്ഥമുള്ള കവിതകളും കൂടി വിടരുന്ന നൂതനാനുഭവമാണ്
ചിത്രത്തിലില്ലാത്തവർ.

തന്റെ ജീവിതാനുഭവങ്ങളുടെ  നെല്ലും പതിരും വേർതിരിച്ചെടുത്താണ്  രാജൻ മാഷ്
 ഈ  കാവ്യസുമങ്ങൾ വിരിയിച്ചെടുത്തിട്ടുള്ളത്.
ഇക്കാലഘട്ടത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും പുതുക്കപ്പെടേണ്ട ചിന്തകളും
രാജൻമാഷ് കാവ്യാത്മകമായി അവതരിപ്പിക്കുന്നു. ലോഗോസ് ബുക്സ്
പ്രസിദ്ധീകരിച്ച " ചിത്രത്തിലില്ലാത്തവർ " എന്ന സമാഹാരം അച്ഛനെ
സ്നേഹിക്കുന്ന മക്കളുടെ പരിശ്രമമാണ്. പലകാലത്തായി അച്ഛനെഴുതിയ വരികളിൽ
അച്ചടിമഷി പുരട്ടുവാനുള്ള മക്കളുടെ തീരുമാനം അറുപത്തേഴാം വയസ്സിൽ ഒരു
കവിയെ സൃഷ്ടിച്ചിരിക്കുന്നു.


 ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്) ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)
Join WhatsApp News
Sudhir Panikkaveetil 2021-03-31 13:02:50
ധർമ്മപുത്രർ എന്ന വിളിക്ക് താൻ അനുയോജ്യനല്ലെന്നു അദ്ദേഹത്തെകൊണ്ട് ചിന്തിപ്പിച്ച ശ്രീ രാജന്റെ കവിത വായിക്കാതെ തന്നെ നല്ലതെന്നു പറയാൻ കഴിയും. ഉൾക്കാഴ്ച്ചയുള്ള, സത്യം തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന കവി, ധാർമ്മികതയെക്കുറിച്ചു നല്ല ബോധമുള്ളയാളായിരിക്കും. ധര്മപുത്രൻ ഭീരു മാത്രമല്ല അവസരവാദിയും തിരുത്തൽവാദിയും, കേരളത്തിലെ ചീത്ത രാഷ്ട്രീയക്കാരോട് തുല്യനുമാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക