Image

തുടര്‍ഭരണം ഉറപ്പാക്കലിന്റെ കാണാപ്പുറങ്ങള്‍ (സുരേന്ദ്രന്‍ നായര്‍)

Published on 31 March, 2021
തുടര്‍ഭരണം ഉറപ്പാക്കലിന്റെ കാണാപ്പുറങ്ങള്‍ (സുരേന്ദ്രന്‍ നായര്‍)
നിപ്പ നിവാരണത്തിലും കോവിഡ് കണ്ടുകെട്ടിയതിലും ലോകമാധ്യമങ്ങളുടെ ബഹുമതികള്‍ സ്വന്തമാക്കിയ കേരളസര്‍ക്കാര്‍ തീരദേശവാസികള്‍ ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഓഖിയും ലക്ഷങ്ങള്‍ സംഭാവന നല്കിയവര്‍ക്കുപോലും ലഭ്യമാകാത്ത പ്രളയശ്വാസ കണക്കുകളുമായി വീണ്ടും ജനവിധി തേടുകയാണ്.
                           
വട്ടിപ്പലിശക്കു വായ്പ വാങ്ങുന്ന കിസ്ബി മുഖേന കോടികള്‍ ചെലവുവരുന്ന വിവിധ പദ്ധതികള്‍ക്ക് കല്ലുകള്‍ സ്ഥാപിച്ചും ഉത്ഘാടന ബോര്‍ഡുകള്‍ വച്ചും മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ സാരിയും മിക്‌സിയും ടെലിവിഷനും കൊടുത്തു വോട്ട് വാങ്ങുന്ന തമിഴ്‌നാടിനെ പിന്നിലാക്കി ഭക്ഷ്യധാന്യ കിറ്റുകളും ക്ഷേമ പെന്‍ഷനുകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖേന ജനങ്ങളില്‍ എത്തിച്ചു സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും വോട്ടുകള്‍ ഉറപ്പാക്കി രണ്ടാം ഊഴം ഉറപ്പിച്ചിരിക്കുകയാണ്.
                      
എല്ലാം ശരിയാക്കിയ ഒരു സര്‍ക്കാരിന്റെ കേവലമായ ഉറപ്പല്ല മറിച്ചു മലയാളം മുതല്‍ തമിഴ് കന്നഡ തെലുങ്ക് മറാത്തി ഹിന്ദി തുടങ്ങിയ വാര്‍ത്താ ചാനലുകളും വര്‍ത്തമാന പത്രങ്ങളും പരസ്യങ്ങളിലൂടെയും സര്‍വേ കളിലൂടെയും സാക്ഷ്യപ്പെടുത്തി സ്ഥിരീകരിക്കുന്ന വസ്തുതയാണ്.
                       
കേരളം ഇതിനുമുന്‍പ് കണ്ടിട്ടുള്ള 15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പ് രംഗമാണ് ഇന്നു നാം കാണുന്നത്. ചുവരെഴുതിയും നോട്ടീസ് അടിച്ചും വീടുകള്‍ കയറിയിറങ്ങി വോട്ടുകള്‍ അഭ്യര്‍ഥിച്ചും പരിചയിച്ച പതിവ് രീതി ഇന്നാകെ മാറിയിരിക്കുന്നു. നവ ലിബറലിസവും ക്രോണി ക്യാപിറ്റലിസവും കീഴടക്കിയ കമ്മ്യൂണിസവും ഗാന്ധിസവും ഇപ്പോള്‍ സമ്പൂര്‍ണ്ണമായി വാണിജ്യവല്‍ക്കരിച്ചു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം മുന്തിയ വ്യവസായമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.അവരുടെ വാണിജ്യ താത്പര്യങ്ങള്‍ ഒളിച്ചുകടത്തുന്നത് മനം മയക്കുന്ന പരസ്യങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയുമാണ്. മൂലധനത്തിന്റെ തുടര്‍ ലഭ്യതയും ലാഭവിഹിതത്തിന്റെ വളര്‍ച്ചയുമാണ് എവിടെയും ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായി പെയ്ഡ് പ്രചാരണ സംഘങ്ങള്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം പരസ്യങ്ങള്‍ സാധാരണമാണെങ്കിലും കാര്‍ഷിക സമ്പത്ഘടനയില്‍ അധിഷ്ഠിതമായ സ്ഥാനാര്‍ത്ഥിയുടെ പേര് വായിക്കാനറിയാതെ ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യുന്ന ജനകോടികള്‍ ഉള്ള ഇന്ത്യയില്‍ ഈ പ്രവണത തുടക്കം കുറിച്ചിട്ടു നാളുകള്‍ ഏറെയായിട്ടില്ല. സര്‍ക്കാരിന്റെ സാധാരണ നടപടികളെപ്പോലും പര്‍വ്വതീകരിച്ചു വിപണന ചരക്കാക്കി ആവര്‍ത്തിചാര്‍ത്തിച്ചുള്ള പരസ്യങ്ങളിലൂടെ മനുഷ്യ മനസ്സുകളില്‍ പച്ചകുത്തി ഉറപ്പിക്കുക. സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന പൊതുസമ്മതരായ എഴുത്തുകാരെയും നിഷ്പക്ഷ മാധ്യമങ്ങളെയും വിലക്കെടുത്തും പ്രലോഭിപ്പിച്ചും പ്രചാരകരാക്കുക, താരപൊലിമയുള്ളവരെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ റോഡ്‌ഷോകളില്‍ അണിനിരത്തുക അങ്ങനെ പോകുന്നു വോട്ടു ഉറപ്പിക്കാന്‍ മാമാങ്കങ്ങള്‍.

ഉല്‍പ്പന്നങ്ങളുടെ വില നിര്ണയിക്കുമ്പോള്‍ പരസ്യച്ചെലവ് അന്തര്‌ലീനമാകുന്നതുപോലെ പൊതു ഖാജനാവില്‍ നിന്നും പദ്ധതികളിലേക്കു പണമെത്തുമ്പോള്‍ കൃത്യമായ വിഹിതം മാര്‍ക്കറ്റിംഗിനായി മാറ്റി വയ്ക്കപ്പെടുന്നു.
                 
 ഉപഭോക്താവ് അവശ്യം അറിഞ്ഞിരിക്കേണ്ട ഉല്‍പ്പന്ന വിവരങ്ങള്‍ മറച്ചു പിടിക്കുകയും കറുത്തമേനി വെളുപ്പിക്കുന്ന ചര്‍മ്മ ലേപനങ്ങളുടെ ഇല്ലാത്ത ഗുണമേന്മ വെളുത്ത സുന്ദരിമാര്‍ സാക്ഷ്യപ്പെടുത്തുന്നതുപോലെ സര്‍ക്കാര്‍ പദ്ധതികള്‍ ചായം പൂശി ബഹുവര്‍ണ്ണ ബാനറുകളില്‍ പൊതുജന മനസ്സുകളില്‍ നിറക്കുന്നു. ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ കഴിയാത്ത ഭ്രമാത്മകതയുടെ ലോകത്തു സാധാരണ വോട്ടര്‍മാരെ കൊണ്ടുചെന്നെത്തിക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മാറി മറിഞ്ഞിരിക്കുന്നു.ഭരിച്ചവരെയും ഭരിക്കാന്‍ ആഗ്രഹിക്കുന്നവരെയും കാര്യകാരണ സഹിതം വിചാരണ ചെയ്തു വിധിയെഴുതേണ്ട അവസരമാണ് ഇവിടെ നഷ്ടമാകുന്നത്.
                            
 വിചാരണയെ അപ്രസക്തമാക്കി ഏകപക്ഷിയമായി വിധി പ്രഖ്യാപിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പ്രചാരണ സംഘം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ ഒരിക്കലും വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയതും മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറക്കുന്നതുമായ ചില വിവരങ്ങള്‍ കൂടി പറഞ്ഞാലേ ഈ പംക്തി പൂര്‍ണ്ണമാകൂ.
                         
29,295 കോടി രൂപയുടെ കമ്മി ബഡ്ജറ്റാണ് നടപ്പു സാമ്പത്തിക വര്ഷത്തേക്കായി ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കിയത്. മുന്‍സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെയും അഴിമതിയെയും വിഷയമാക്കി ഭരണം നേടിയ സര്‍ക്കാരിന്റെ ധനമന്ത്രി നടത്തിയ ധന വിനിയോഗമിങ്ങനെ,
            
മഹാപ്രളയത്തിനു മുന്‍പുവരെ ഭരണ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ചെലവിട്ടത് 30.57 കോടി, യാതൊരു പരിഷ്കരണവും നിര്‍ദ്ദേശിക്കാത്ത ഭരണ പരിഷ്കാര കമ്മീഷന്‍ ചെലവഴിച്ചതു ഏഴേകാല്‍ കോടി, പാര്‍ട്ടിക്കാര്‍ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാത്രം നടത്തുന്ന റബ്‌കോ മാര്‍ക്‌ഫെഡ് റബര്‍ മാര്‍ക്കറ്റിങ് എന്നിവയുടെ ധൂര്‍ത്തിനായി നല്‍കിയത് 306 കോടി,രണ്ടു പ്രാവശ്യം എം പിയായി ഭേദപ്പെട്ട പെന്‍ഷനുള്ള തോറ്റ എം പിക്ക് ഡല്‍ഹിയില്‍ ഓഫീസ് നടത്താന്‍ 50 ലക്ഷം, വിവിധ ഉപദേശകര്‍ക്കായി മറ്റൊരു 6 കോടി ,പി .ആര്‍ . ഡി . വകുപ്പിനെ വെറുതെയിരുത്തി പാര്‍ട്ടി പത്രക്കാരും ചാനലുകാരും ചേര്‍ന്ന് കോടികള്‍ വസൂലാക്കിയത് പോരാഞ്ഞിട്ട് സര്‍ക്കാര്‍ സെക്രട്ടറിയുടെയും സ്‌പെഷ്യല്‍ സെക്രട്ടറിയുടെയും സ്‌കെയിലില്‍ ആജീവനാന്തം പെന്‍ഷനും ഉറപ്പാക്കി.
                     
നൂറ്റി അന്‍പതില്‍ പരം പാര്‍ട്ടി അനുഭാവികളായ ആളുകള്‍ സര്‍ക്കാര്‍ അഭിഭാഷകരായി ഹൈക്കോടതിയില്‍ നിലവിലുള്ളപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ എ ജി യും ഡെപ്യൂട്ടിമാരും നിലനില്‍ക്കെ പ്രതിമാസം ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ ആനുകുല്യങ്ങളോടെ ഒരു ലൈസന്‍ ഓഫീസറും മറ്റൊരു നിയമ ഉപദേഷ്ട്ടാവും പുതുതായി നിയമിക്കപ്പെട്ടു.

ഈ അഭിഭാഷക പടയുടെ സാന്നിധ്യമുണ്ടായിട്ടും പ്രമാദമായ അഞ്ചോളം കേസുകളില്‍ വന്‍ പ്രതിഫലം നല്‍കി സുപ്രിംകോടതി വക്കീലന്മാരെ കേരളത്തില്‍ എത്തിച്ചും മിടുക്കു തെളിയിച്ചു. നാളിതുവരെ കേരളം കാണാത്ത ധൂര്‍ത്തിലൂടെ പൊതുകടം സര്‍വകാല റെക്കോര്‍ഡിലെത്തിച്ചു. ഒരു ലക്ഷത്തി ഇരുപതിനായിരം പേര് ജടഇ മുഖേന സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയപ്പോള്‍ പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ഉദ്യോഗം കവര്‍ന്നെടുത്ത പാര്‍ട്ടിക്കാര്‍ രണ്ടു ലക്ഷം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍വ്വകലാ ശാലകളിലെ പ്രൊഫസ്സര്‍ തസ്തികകള്‍ ഒട്ടുമുക്കാലും യുവജന നേതാക്കന്മാരുടെ സഹധര്‍മ്മിണിമാര്‍ക്കായി സംവരണം ചെയ്തു മാതൃകയും കാണിച്ചു. ഈ വിവരങ്ങളൊക്കെ തെരഞ്ഞെടുപ്പ് സമയത്തു ഉയര്‍ന്നു വരാതിരിക്കാന്‍ ഒരു 800 കോടിയുടെ പരസ്യം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങള്‍ക്കു നല്‍കാനും സര്‍ക്കാര്‍ മറന്നില്ല.
                    
തുടര്‍ ഭരണ പ്രവചനങ്ങളും സ്തുതിഗീതങ്ങളും മാധ്യമങ്ങളില്‍ നിറയുമ്പോഴും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ കേരളത്തെ ഒരു സ്വതന്ത്ര രാജ്യമാക്കാനാണെന്നു തോന്നുമാറുള്ള പ്രഖ്യാപനങ്ങള്‍ ചിലരെങ്കിലും ചൂണ്ടി കാണിക്കുന്നത് ശുഭോദര്‍ക്കമാണ് . ഫെഡറല്‍ സംവിധാനത്തെയും രാജ്യത്തിന്റെ അഖണ്ഡതയെയും വെല്ലുവിളിച്ചുകൊണ്ട് ഭരണ ഘടനാ സ്ഥാപനങ്ങളായ സി ആന്‍റ് എജി , എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി. ബി. ഐ ,കസ്റ്റംസ്, റിസേര്‍വ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെ വെല്ലുവിളിക്കുക നിലനില്‍ക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ അവര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുക എന്നിവയൊക്കെത്തന്നെ ആശാസ്യമല്ലാത്ത നടപടികളാണ്.  ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ ഇന്ത്യ സ്വാതന്ത്രയായപ്പോള്‍ അത് അംഗീകരിക്കാതിരുന്ന ഒരു പാര്‍ട്ടി, ഇന്ത്യയെ പതിനഞ്ചു സ്വതന്ത്ര രാഷ്ട്രങ്ങള്‍ ആക്കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട പാര്‍ട്ടി അതിന്റെ മുന്‍നിലപാടുകളിലേക്കു മടങ്ങുകയാണോയെന്നു ചിലരെങ്കിലും സംശയിക്കുന്നുണ്ടാകാം.
                   
 മുഖ്യ വിഷയങ്ങളെ പിന്നിലാക്കി കെട്ടുകാഴ്ച്ചകള്‍ കളം നിറയ്ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള സര്‍ക്കാര്‍ തുടര്ഭരണം നേടിയാല്‍ അത് അനേകം രാഷ്ട്രീയ സമസ്യകളുടെ തുടക്കം കൂടിയായിരിക്കുമെന്നു പല നിരീക്ഷകരും ചൂണ്ടികാണിക്കുന്നുമുണ്ട്. നമുക്ക് കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക