Image

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

Published on 31 March, 2021
ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)
യാത്രയുടെ ആരംഭം ഓർത്തെടുക്കുന്ന യാത്രികയെപ്പോലെ ,
ഞാൻ ഓർമ്മകളുടെ തുടക്കം തേടിക്കൊണ്ടിരുന്നു !

കുളിപ്പുരയിൽ അമ്മയോടൊപ്പം  നില്ക്കുന്ന
കൊച്ചു പെറ്റിക്കോട്ടുകാരി  ആ മാറാല വെട്ടത്തിൽ തെളിഞ്ഞു വന്നു. പ്രയാണം തുടരവെ,
അമ്മിഞ്ഞക്കൊതി മാറാതെ അമ്മയെ നോക്കി ചിരിച്ചു നില്ക്കുന്ന രണ്ട് നക്ഷത്രക്കണ്ണുകൾ കാഴ്ചയിലുടക്കി നിന്നു !

"വാവേ കരയല്ലേ ..... "
അമ്മക്കണ്ണിൽ വാത്സല്യത്തിന്റെ പാൽനിലാവ് .
ഓർമ്മയിൽ അമ്മമണം നിറഞ്ഞു തൂവി !

കുഞ്ഞു തുടയിൽ നീലത്തിണർപ്പുകൾ ,ചൂരലിന്റെ  ദ്രുതതാളം !
ചിരിമുഖം മായ്ച്ച് അച്ഛന്റെ രൗദ്രഭാവം.
താളുകൾ മറിക്കാതെ പാഠപുസ്തകം വിറകൊണ്ടു .
എന്നെ നോക്കി വിങ്ങിക്കരയുന്ന അക്കസ്സമസ്യകൾ ,
കുറ്റബോധത്താൽ മുഖം കുനിച്ച് അക്ഷരക്കൂട്ടുകൾ.
കണ്ണീർ ചാലിച്ച് മുറിവുണക്കി അമ്മ !

ഓർമ്മകളിൽ സന്ധ്യ.
ആകാശച്ചെരുവിൽ
നീല നക്ഷത്രങ്ങൾ  !
സുഗന്ധിയായ് ഗന്ധരാജൻ,
അകലെ വെള്ളിയാംകല്ലിലെ കാറ്റിന് കടൽച്ചൂര് !
രാത്രിയുടെ മൂക്കുത്തി പോലെ - പയംകുറ്റി മലയിൽ അണയാതെ നീല വെളിച്ചം!
പുറ്റാറത്ത് മലയിറങ്ങി ,കാവുതീണ്ടി -
കാറ്റു പോലൊരാൾ വരുന്നു !
കണ്ണു ചോപ്പിച്ച് നേരുതേടി ഭാഗം ചോദിച്ച്  മുരടനക്കി മുറ്റത്ത് !
ആരാവുമത് ?
ചാത്തൻ കാളി ഭഗവതി ?!

സ്വപ്നം ..........!
നെറ്റിയിൽ തണുപ്പ് ,അമ്മയുടെ വിരൽ സ്പർശം .
 രാത്രിമഴയിലലിഞ്ഞ് ഒരു തരാട്ട് .
ഇമയടയ്ക്കാതെ മയങ്ങുമ്പോൾ,ജനലോരത്ത് ഒരുതെച്ചിപ്പൂകൈ,ചുവന്നകണ്ണുകൾ !
കണ്ണുകളടച്ച്അമ്മച്ചൂടിലൊളിക്കവെ,
ചിലമ്പൊലി നാദം !
അകന്നും വീണ്ടുമടുത്തും പോകില്ലെന്ന് ശഠിച്ചും ,കൂട്ടു വിളിച്ചും കൂവിവിളിച്ചും വെളിച്ചപ്പെട്ടത് ,
ഞാൻ മാത്രം കേട്ടു !കേട്ടുകേട്ടുഞാനുറങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക