2020 ൽ, കൊറോണ വൈറസ് യുഎസിലെ പ്രധാന മരണകാരണങ്ങളിൽ മൂന്നാമത് മാത്രമാണെന്ന് സിഡിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഹൃദ്രോഗവും കാൻസറും മൂലമാണ് കൂടുതൽ അമേരിക്കക്കാർ മരണപ്പെട്ടത്. 2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ യുഎസ് പൗരന്മാർക്കിടയിലെ മരണങ്ങളുടെ ഡാറ്റ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കോവിഡ് അനുബന്ധ മരണങ്ങളിൽ 91 ശതമാനവും പ്രായാധിക്യം മൂലമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജോൺസൺ & ജോൺസൺ വാക്സിന്റെ 15 മില്യൺ ഡോസുകൾ അബദ്ധവശാൽ ഉപയോഗശോന്യമായെന്ന് റിപ്പോർട്ട്
ജോൺസൺ & ജോൺസന്റെ കൊറോണ വൈറസ് വാക്സിൻ ഏകദേശം 15 മില്യൺ ഡോസുകൾ നിർമാണശാലയിലെ തൊഴിലാളികളുടെ അശ്രദ്ധമൂലം ഉപയോഗശൂന്യമായെന്ന
റിപ്പോർട്ട് ബുധനാഴ്ച പുറത്തുവന്നു. ഇത് നിശ്ചയിച്ചുറപ്പിച്ച അളവിൽ മരുന്നിന്റെ കയറ്റുമതി നടത്തുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
എമർജന്റ് ബയോ സൊല്യൂഷൻസ് ബോൾട്ടിമോർ പ്ലാന്റിലെ തൊഴിലാളികൾ ആഴ്ചകൾക്ക് മുമ്പ് , ജെ & ജെയുടെ സിംഗിൾ-ഡോസ് വാക്സിന്റെ ചേരുവകളും മറ്റൊരു കോവിഡ് വാക്സിന്റെ ചേരുവകളും അബദ്ധത്തിൽ ഇടകലർത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
രാജ്യവ്യാപകമായി നിലവിൽ വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ ജെ & ജെ ഡോസുകളെ ഈ പിഴവ് ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കയറ്റുമതിയെ ഇത് ബാധിക്കുമെങ്കിലും, പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നതുപോലെ മേയ് മാസത്തിനകം യു എസിലെ എല്ലാ മുതിർന്ന പൗരന്മാരെയും വാക്സിനേറ്റ് ചെയ്യാനുള്ള അളവിൽ ഡോസ് ലഭ്യമാകുമെന്നാണ് ഫെഡറൽ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
ലക്ഷക്കണക്കിന് അമേരിക്കക്കാർ സാമ്പത്തിക ഞെരുക്കംകൊണ്ട് ഡോക്ടറെ കാണാൻ കൂട്ടാക്കിയില്ലെന്ന് പഠനം
കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയിൽ, പണം ലാഭിക്കാനുള്ള തീവ്രശ്രമത്തിൽ ജീവൻ പണയപ്പെടുത്തി ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ഡോക്ടറെ കാണാതെയും ചികിത്സ തേടാതെയും കഴിഞ്ഞതെന്ന് പുതിയ പഠനം.
പാൻഡെമിക് കാരണം തൊഴിലില്ലായ്മ രൂക്ഷമാവുകയും ആരോഗ്യ പരിരക്ഷയുടെ ചെലവുകൾ താങ്ങാവുന്നതിനേക്കാൾ അധികം വർദ്ധിക്കുകയും ചെയ്തതോടെയാണ് ജനങ്ങൾ രോഗം വന്നിട്ടും ഡോക്ടറെ കാണുന്നത് ഒഴിവാക്കിയത്.
വെസ്റ്റ് ഹെൽത്ത് നടത്തിയ സർവ്വേ പ്രകാരം യഥാർത്ഥത്തിൽ ചികിത്സ ആവശ്യമായിരുന്നവരാണ് എല്ലാം വിധിക്ക് സമർപ്പിച്ച് കഴിഞ്ഞുകൂടിയത്.
18 വയസ്സും കൂടുതലുമുള്ള വെളുത്ത അമേരിക്കക്കാരിൽ ശരാശരി 16% ആളുകളും 29% ബ്ളാക്സും 21% ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിനോ വിഭാഗവും ഇത്തരത്തിൽ ചികിത്സ ത്യജിച്ചവരിൽ പെടുന്നു.
തൊഴിലില്ലാത്ത അമേരിക്കക്കാരാണ് ഡോക്ടറെ കാണുന്നത് ഒഴിവാക്കിയതിൽ ഇരട്ടിയിലധികവും. നിലവിൽ യുഎസിന്റെ തൊഴിലില്ലായ്മ നിരക്ക് 6.2% ആണ്.
10 മില്യൺ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ഏപ്രിൽ മുതൽ 17മില്യൺ ആളുകൾ തൊഴിലുകൾ വീണ്ടെടുത്തെന്ന് കണക്കുകൾ പറയുന്നു.
ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്
സംസ്ഥാനത്ത് കോവിഡ് മൂലമുള്ള അപകടസാധ്യത ഇപ്പോഴും വളരെ കൂടുതലാണ്. ന്യൂയോർക്കുകാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് ത്വരിതപ്പെടുത്തിയത് , വ്യാപനം കുറയ്ക്കുമെങ്കിലും സുരക്ഷ മുൻകരുതലുകൾ ഉപേക്ഷിക്കാനുള്ള സമയമല്ല ഇത്. വാക്സിനൊപ്പം തന്നെ ജനങ്ങൾ ജാഗ്രത പുലർത്തുകയും ചെയ്താൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് വേഗം മടങ്ങാൻ കഴിയുകയുള്ളൂ. പുതിയ വാക്സിനേഷൻ സൈറ്റുകൾ തുറക്കുകയും, യോഗ്യത വികസിപ്പിക്കുകയും പോലെ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പക്ഷേ വൈറസ് ഇപ്പോഴും പടരുകയാണ്, ഒപ്പം വ്യാപനത്തിന്റെ തോതും കൂടുന്നു. അശ്രദ്ധമായ പെരുമാറ്റത്തിന്റെ പ്രതിഫലനമാണിത് എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
* ആശുപത്രിയിൽ പ്രവേശിതരായവരുടെ എണ്ണം 4,651 ആയി കുറഞ്ഞു. 220,369 ടെസ്റ്റുകളിൽ 8,382 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്: 3.80 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 899 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: 62.
* ന്യൂയോർക്കിലെ 30.4 ശതമാനം പേർ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ വീതമെങ്കിലും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 192,853 ഡോസുകൾ വിതരണം ചെയ്തു .
* ബിസിനസ്സുകളും ഇവന്റുകളും സുരക്ഷിതമായി വീണ്ടും തുറക്കാൻ സഹായിക്കുന്നതിന് ന്യൂയോർക്ക് ഫോർവേഡ് റാപ്പിഡ് ടെസ്റ്റിംഗ് പ്രോഗ്രാം വിപുലീകരിക്കുന്നു. ഏപ്രിൽ 1 വ്യാഴാഴ്ച ഇരുപത്തിയഞ്ച് പുതിയ സൈറ്റുകൾ തുറക്കും. ന്യൂയോർക്ക് ഫോർവേഡ് റാപ്പിഡ് ടെസ്റ്റ് പ്രോഗ്രാമിലൂടെ മിതമായ നിരക്കിൽ 30 മിനിറ്റോ അതിൽ കുറവോ സമയംകൊണ്ട് കോവിഡ് ടെസ്റ്റുകൾ നടത്തി ഫലം അറിയാം.
* ന്യൂയോർക്കിന്റെ സമ്പദ്വ്യവസ്ഥയെ സുരക്ഷിതമായി പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിന്, സംസ്ഥാനം എക്സൽസിയർ പാസ് ലോഞ്ച് ചെയ്തു.ന്യൂയോർക്കുകാരുടെ വാക്സിനേഷൻ സ്റ്റാറ്റസ്, സമീപകാല കോവിഡ് പരിശോധനാഫലം എന്നിവ തെളിയിക്കാൻ ഒപ്പം കരുതാവുന്ന രേഖയാണിത്. മൊബൈൽ എയർലൈൻ ബോർഡിംഗ് പാസിന് സമാനമായിരിക്കും ഈ പാസ്. വ്യക്തികൾക്ക് പാസ് പ്രിന്റ് ഔട്ട് എടുത്ത് കയ്യിൽ കരുതുകയോ അല്ലെങ്കിൽ സ്മാർട്ട്ഫോണുകളിൽ സേവ് ചെയ്യുകയോ മതിയാകും. ഓരോ പാസിനും സുരക്ഷിതമായ ഒരു ക്യുആർ കോഡ് ഉണ്ടായിരിക്കും. പൊതുവേദികളിൽ അപ്ലിക്കേഷൻ സ്കാൻ ചെയ്ത് പ്രവേശിക്കാം.
IOS, Android ഉപകരണങ്ങളിൽ Excellsior Pass Wallet ആപ്ലിക്കേഷൻ ലഭ്യമാണ്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല