Image

വേദനിക്കിലും, വേദനിപ്പിക്കിലും വേണമീ സ്‌നേഹ ബന്ധങ്ങളൂഴിയില്‍( മൃദുമൊഴി (2) -മൃദുല രാമചന്ദ്രന്‍)

മൃദുല രാമചന്ദ്രന്‍ Published on 02 April, 2021
വേദനിക്കിലും, വേദനിപ്പിക്കിലും വേണമീ സ്‌നേഹ ബന്ധങ്ങളൂഴിയില്‍( മൃദുമൊഴി (2) -മൃദുല രാമചന്ദ്രന്‍)
'ഉരുക്കു ചങ്ങലകള്‍ പൊട്ടിക്കാം, പക്ഷെ ചിലന്തി വലകള്‍ തകര്‍ക്കാന്‍ വയ്യ' എന്നെഴുതിയത് എന്‍. മോഹനന്‍ ആണ് എന്നാണ് ഓര്‍മ.ലളിതമായതിനോട്, സൗമ്യമായതിനോട് നമുക്ക് തോന്നുന്ന ആര്‍ദ്രത സമാനതയില്ലാത്തത് ആണ്.വലുതും, ദൃഡവുമായതിനോട് അനായാസം പൊറുതുകയും, ജയിക്കുകയും ചെയ്യുന്ന നമ്മളില്‍ പലരും നിസ്സാരമെന്നു തോന്നുന്ന ചില അവസരങ്ങളില്‍, അവസ്ഥകളില്‍ നിസ്സഹായരായി നിന്നിട്ടുണ്ടാകും.കലാപങ്ങളുടെയും, വിപ്ലവങ്ങളുടെയും കൊടും തീ ചൂടില്‍ വാടാതെ നിന്നവര്‍ എത്ര പേര്‍ , ഒരു തുള്ളി കണ്ണീരിന്റെ പൊള്ളല്‍ ഏറ്റു പതറിയിട്ടുണ്ടാകും ?

സ്‌നേഹത്തിന്റെ അതീവ ലോലമായ, ഏറെക്കുറെ നിശബ്ദമായ പിന്‍വിളികള്‍ക്ക് കീഴടങ്ങി തുടങ്ങി വച്ച എത്രയെത്ര യാത്രകള്‍ തുടരാതെ നാം പിന്‍മടങ്ങിയിട്ടുണ്ട് ?

ഇഷ്ടങ്ങളുടെയും, കടപ്പാടുകളുടെയും ദുര്‍ബലമായ പിടിച്ചു നിര്‍ത്തലുകള്‍ പൊട്ടിച്ചെറിയാന്‍ കഴിയാതെ , നിശബ്ദമായി നാം എന്തൊക്കെ ത്യജിച്ചിട്ടുണ്ട് ?

വേണ്ടെന്നോ, അരുതെന്നോ പറയാന്‍ കഴിയാത്ത അത്ര മേല്‍ സ്‌നേഹിക്കുന്നതിനാല്‍ എത്ര മേല്‍ തീവ്രമായി വേദനിച്ചിട്ടുണ്ട് ?

നാലിലോ,അഞ്ചിലോ പഠിക്കുമ്പോള്‍ ആണ് തിരുവനന്തപുരത്തുള്ള വല്യമ്മയുടെ വീട്ടില്‍ നിന്നും കന്യാകുമാരിക്ക് ഒരു നീണ്ട കാര്‍യാത്ര നടത്തുന്നത്.ഒരു അംബാസിഡര്‍ കാറില്‍ നിറച്ചും ആളുകള്‍ ഉണ്ടായിരുന്നു. പിറകിലെ സീറ്റില്‍ അമ്മൂമ്മയുടെ മടിയില്‍ ആണ് ഞാന്‍ ഇരുന്നിരുന്നത്. കാര്‍ യാത്രകള്‍ അന്നും, ഇന്നും എനിക്ക് അസ്വസ്ഥതയാണ്. ഇടുങ്ങിയ ഇടങ്ങള്‍ എന്നെ ക്ഷീണിതയാക്കുന്നു.ബന്ധുക്കള്‍ ആയ വേറെയും ചില കുട്ടികള്‍ ഉണ്ടായിരുന്നു കൂടെ.ഇടയ്ക്ക് എപ്പോഴോ കാറില്‍ അന്താക്ഷരി കളി തുടങ്ങി.പാട്ടിന് ഒപ്പം കയ്യടിയും, കളിയും ഒക്കെയുണ്ട്. ഓരോ അക്ഷരവും പ്രഖ്യാപിക്കപ്പെടുമ്പോള്‍ അവയില്‍ തുടങ്ങുന്ന പാട്ടുകള്‍ എനിക്ക് അറിയാമായിരുന്നു. എല്ലാവര്‍ക്കും ഒപ്പം പാടണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.പക്ഷെ അനവധി അപകര്‍ഷങ്ങളെ എന്തു കൊണ്ടൊക്കെയോ ഉള്ളില്‍ പേറിയിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍.

എങ്കിലും ഒടുക്കം, ഉള്ളു കൊണ്ട് ഒരുപാട് ഒരുങ്ങി ഞാന്‍ ഒരു പാട്ടിന്റെ ആദ്യത്തെ വാക്ക് തുടങ്ങി.പെട്ടന്ന് അമ്മൂമ്മ എന്നെ ചുറ്റി പിടിച്ചിരുന്ന കൈ ഒന്ന് കൂടി മുറുക്കി, ഒപ്പം മറ്റേ കൈ കൊണ്ട് എന്റെ വായ് പതുക്കെ ഒന്ന് അമര്‍ത്തി, എന്നിട്ടെന്റെ ചെവിയില്‍ മെല്ലെ പറഞ്ഞു: ' അയ്യേ, കുട്ടിയൊന്നും പാടണ്ട'.എന്ത് കൊണ്ടാണ് അമ്മൂമ്മ അങ്ങനെ പറഞ്ഞത് എന്ന് ഇന്നും എനിക്ക് അറിയില്ല.ഒരിക്കലും ഞാന്‍ ചോദിച്ചിട്ടും ഇല്ല.പതിവില്ലാതെ ആരെങ്കിലും ഒരാള്‍ വീട്ടില്‍ വന്ന ദിവസം, വിളക്ക് വച്ചു കഴിഞ്ഞാല്‍ കണ്ണു കിട്ടിയത് പോകാന്‍ കടുകും, മുളകും ഉഴിഞ്ഞിടുന്ന കരുതലും, സ്‌നേഹവും മാത്രമാണ് അതിന്റെ പിന്നിലെ കാരണം എന്നെനിക്ക് പറയാതെ അറിയാം.

 പക്ഷെ പറയാനും, പാടാനും ആഗ്രഹമുള്ള ഒരുപാട് വാക്കുകള്‍ പറയാന്‍ കഴിയാത്ത സംഘര്‍ഷം വര്‍ഷങ്ങളോളം കൂടെ ഉണ്ടായിരുന്നു.എത്രയൊക്കെ തയ്യാര്‍ എടുത്തിട്ടും,ആദ്യ പാദം വയ്ക്കാതെ  അവസാന നിമിഷം തോല്‍വി സ്വയം സമ്മതിച്ചു തിരിഞ്ഞു നടന്നിട്ടുണ്ട്.ഉള്ളിലെ നിലാവ് ഒക്കെ മേഘം മൂടിയ പോലെ....

പ്രീഡിഗ്രി രണ്ടാം വര്‍ഷ കളാസില്‍ വച്ചാണ് ഒടുക്കം ഞാന്‍  ആ അപകര്‍ഷങ്ങളെ, നിരന്തരമായ പിന്‍വലിയലിനെ കീഴടക്കുന്നത്.തൊണ്ണൂറു കുട്ടികള്‍ നിറഞ്ഞ ക്‌ളാസ്സിനെ നോക്കി, വിറച്ചും, വിയര്‍ത്തും, ഇടറിയും നാല് വാക്ക് പറഞ്ഞു തീര്‍ക്കുമ്പോള്‍ ഉള്ളില്‍ നിലാവ് പൊട്ടി ഒഴുകുകയായിരുന്നു. വസന്തത്തിലെ ആദ്യത്തെ പൂ ഹൃദയം സ്വീകരിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക