Image

നമ്പാടന്‍ മാഷ് എന്ന ചിരിപ്പടക്കം (സി.കെ വിശ്വനാഥന്‍)

സി.കെ വിശ്വനാഥന്‍ Published on 02 April, 2021
 നമ്പാടന്‍ മാഷ് എന്ന ചിരിപ്പടക്കം (സി.കെ വിശ്വനാഥന്‍)
തോറ്റ എംഎല്‍എ എന്ന് ഇന്നസെന്റ് ഒരു സിനിമയില്‍ സ്വയം വിശേഷിപ്പിക്കുന്നുണ്ട്. തോറ്റാല്‍ പിന്നെ എങ്ങനെ എം.എല്‍.എ എന്നു പറയാം എന്നതായിരുന്നു അതിലെ കോമഡി.എന്നാല്‍ ഇന്നസെന്റിനു മുമ്പേ ജീവിതത്തില്‍ ഇതു പറഞ്ഞ മറ്റൊരു ഇരിങ്ങാലക്കുടയുടെ എം എല്‍ എ ഉണ്ടായിരുന്നു - സാക്ഷാല്‍ നമ്പാടന്‍ മാഷ്.
ഇന്നസെന്റ് എല്ലാ അര്‍ത്ഥത്തിലും ലോനപ്പന്‍ നമ്പാടന്റെ പിന്‍മുറക്കാരനാണ്.നമ്പാടനെ ലോകസഭയില്‍ എത്തിച്ച ചിഹ്നം തന്നെയാണല്ലോ ഇന്നസെന്റിനും അങ്ങനെ ഒരവസരം നല്‍കിയത്.
നമ്പാടന്‍ മാഷ് ചുവപ്പിച്ച മുകുന്ദപുരം തന്നെയാണല്ലോ ഇന്നസെന്റിന്റെ ചാലക്കുടി.
2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും കോണ്‍ഗ്രസിലെ കെ.പി.വിശ്വനാഥനോട് തോറ്റു നില്‍ക്കുകയായിരുന്നു നമ്പാടന്‍ മാഷ്.
മുകുന്ദപുരത്തെ ലോകസഭാ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ആലോചന വന്ന അവസരത്തില്‍ ഇടതു മുന്നണിക്ക് രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല. ലോനപ്പന്‍ നമ്പാടന്‍ തന്നെ സ്ഥാനാര്‍ത്ഥി. എതിര്‍ സ്ഥാനാര്‍ഥി ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. ഫലം വന്നപ്പോള്‍ തോറ്റ എം.എല്‍.എ ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ എം.പി. ആയി.
തൊട്ടടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്തിനു പകരം മണ്ഡലത്തിന്റെ പേര് ചാലക്കുടിയായി പുനര്‍നിര്‍ണയിച്ചു. അങ്ങനെ മുകുന്ദപുരത്തെ അവസാന എംപി. എന്നു മാത്രമല്ല  അവിടെ  ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ വ്യക്തിയെന്ന ഖ്യാതിയും നമ്പാടന്‍ മാഷിനു സ്വന്തമായി.
ബിവററേജസിലെ വാര്‍ഷിക കണക്കെടുപ്പില്‍ ചാലക്കുടി പലപ്പോഴും ഒന്നാം സ്ഥാനത്തായിരിക്കും.എം.പി. ആണെങ്കിലും നമ്പാടന്‍ മാഷ് മണ്ഡലത്തെക്കുറിച്ച് ചോദിച്ചാല്‍ പറയും- ' നാട്ടില്‍ കുടികിടപ്പുകാരുടെ എണ്ണം കൂടിക്കൂടി വരുകയാണ്. കുടിക്കുക, കിടക്കുക. അതാണ് മാഷുദ്ദേശിക്കുന്ന കുടികിടപ്പ്. യു ഡി എഫ് പക്ഷത്തുനിന്ന് എല്‍ഡിഎഫില്‍ വന്ന ശേഷം പ്രസംഗത്തില്‍ മുഴുവന്‍ പഴയ കൂട്ടുകാരെയാണ് കളിയാക്കുക പതിവ് -
കുട്ടി അഹമ്മദ് കുട്ടി പുഷ്പുള്‍ എഞ്ചിന്‍ പോലെയാണെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ പേരിലെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള കുട്ടിയെ ഉദ്ദേശിച്ചാണ് ഈ കളിയാക്കല്‍.  വീരേന്ദ്രകുമാര്‍ ജനിച്ചത് തന്നെ എം.പി. ആയിട്ടാണെന്നാണ് നമ്പാടന്‍ മാഷിന്റെ പക്ഷം.
മന്ത്രി മുസ്തഫയെ കണ്ടാല്‍ കേരളത്തില്‍ ദാരിദ്യമുണ്ടെന്ന് ആരെങ്കിലും പറയുമോ ? മുസ്തഫ ഭക്ഷ്യമന്ത്രി ആയപ്പോള്‍ പറഞ്ഞതാണ്. വെഡ്ഡിങ്ങും വെല്‍ഡിങ്ങും ഒന്നുതന്നെ. പുരുഷനും സ്ത്രീയും തമ്മിലുള്ള വെല്‍ഡിങ്ങാണ് വെഡ്ഡിങ്ങ് - മാഷിന്റെ ഗുണപാഠം ഇതു മാത്രമല്ല, ഗ്രൌണ്ട് ' എന്നാല്‍ ഭൂമി. 'വാട്ടര്‍' എന്നാല്‍ ജലം. ഗ്രൌണ്ട് വാട്ടര്‍ എന്നാലോ ഭൂഗര്‍ഭജലം. ഈ ഗര്‍ഭം എവിടന്ന് വന്നു ? മാഷ് ഇത് ചോദിക്കുന്നത് സര്‍ക്കാരിലെ ഭാഷാവിദഗ്ദ്ധന്‍മാരോട്.
1977-ല്‍ തുടങ്ങി 2001 ല്‍ അവസാനിച്ച നിയമസഭാ ജീവിതത്തില്‍ മൂന്നു പ്രാവശ്യം കൊടകരയുടേയും നാലു പ്രാവശ്യം ഇരിങ്ങാലക്കുടയുടേയും പ്രതിനിധിയായി. 27 നാടകങ്ങളിലും മൂന്നു സിനിമയിലും അഭിനയിച്ച മികച്ച നടന്‍.നമ്പാടന്‍ നിറഞ്ഞു നിന്ന  തെരെഞ്ഞെടുപ്പു കാലം എന്നാല്‍ കേരളത്തില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടി വിടര്‍ന്ന കാലം കൂടിയാണ്.
ഈ രാഷ്ട്രീയ ജീവിതം സംതൃപ്തമാണോ എന്ന ചോദ്യത്തിന് മാഷ് പറഞ്ഞ മറുപടി -
'വെറും ഒന്നാംക്ലാസില്‍ പഠിപ്പിച്ചിരുന്ന മാഷാണ് ഞാന്‍. ആദ്യം പഞ്ചായത്ത് മെമ്പറായി, ആറുതവണ എംഎല്‍എ. രണ്ടുതവണ മന്ത്രി. ഒടുവില്‍ പാര്‍ലമെന്റംഗം.  എന്നെപ്പോലെ ഭാഗ്യവാന്‍ കേരള രാഷ്ട്രീയത്തിലുണ്ടോ?'

 നമ്പാടന്‍ മാഷ് എന്ന ചിരിപ്പടക്കം (സി.കെ വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക