1
കോലത്തിരി കത്തും
സാമൂരി കുത്തും
തച്ചോളിക്കുറുപ്പ് വെട്ടും
ടിപ്പു പൊട്ടും
ശരിയുടെ ലോകത്തു നിന്നും
സഖാവ് നായനാര്‍ പൊട്ടിച്ചിരിക്കും
2
അന്ന് കോലത്തുവയലായ വയലൊക്കെ നെല്‍കൃഷി
ഇന്ന് പരക്കെ കെട്ടിടകൃഷി
ഇടവിളയായി മതില്കൃഷി
3
മുറ്റത്തെ പൈപ്പിന് ചുവട്ടിലെ ചൊറിത്തവള
മൊസാന്തമരത്തിലെ പറക്കുംതവളയോട് ചോദിച്ചു :
ബ്രോ, ആകാശം ഒരു മിഥ്യയല്ലേ
തുള വീണ ഓസോണ്‍ പാളി ഒരു സത്യമല്ലേ
4
ധ്യാനിക്കുന്ന വേളയില്‍ ആസനം പൊട്ടരുത്
ആസനം പൊട്ടുന്ന വേളയില്‍ ധ്യാനമാകാം
മൂലക്കുരുവിനുള്ള ഒറ്റമൂലിയല്ല ധ്യാനം
വിഷങ്ങള്‍ക്കും പ്രതിവിഷങ്ങള്ക്കും
അതീതമായ ഒരുപചാരം
അനൗപചാരികവും മതാതീതവുമായ
ഒരുപചാരം എന്നും പറയാം
നിത്യവും നടത്തിയാല്‍
ഫ്യൂസാകുംമുമ്പ് ഫീസടയ്ക്കാതെ
സമഗ്രമായി പ്രവേശിക്കാമത്രേ നിത്യതയിലേക്ക്!
5
അറബിക്കടലിലൂടെ ഒരറബി വന്നു
മലമുകളില്‍ ഒരു ബാര്‍ തുറന്നു
വില്യം ലോഗന് എന്ന സായ്വ്
ബാറില്‍ കേറി പത്തു പെഗ് സ്കോച്ച് കഴിച്ചു
സ്കോച്ചും കഴിച്ചു പിപ്പിരിയായി
നട്ടപ്പാതിരക്ക് കുതിരവണ്ടിയില്‍
ബംഗ്ളാവിലേക്കു മടങ്ങുന്ന വഴിയില്‍
വട്ടക്കണ്ണും കപ്പടാമീശയും ഉള്ള ഒരാള്‍
സായ്വിന്റെ വഴിമുടക്കി.
അത് മറ്റാരുമല്ല; ഇരുട്ടില്‍ ഒരു സെന്ബുദ്ധസന്ന്യാസി
ഇന്ത്യന്‍ ഇങ്കില്‍ വരച്ചുവെച്ച ബോധിധര്മ്മന്!
ധര്മ്മന് ഇടിവെട്ടുംവണ്ണം ചോദിച്ചു :
'ഹൂ ആര് യു?'
'മഹാരാജ്'
പരിവര്‍ത്തനത്തെ പേടിക്കുന്ന ലോഗന് പറഞ്ഞു:
'ഐ ആം യു ലൈക് എ ഡ്രീം!'
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല