Image

ഭൂമി കാത്തു വയ്ക്കുന്ന കല്ലുകൾ കൊണ്ട് മെനയുന്ന ശിൽപ്പങ്ങൾ (മൃദുല രാമചന്ദ്രൻ)

Published on 04 April, 2021
ഭൂമി കാത്തു വയ്ക്കുന്ന കല്ലുകൾ കൊണ്ട് മെനയുന്ന ശിൽപ്പങ്ങൾ (മൃദുല രാമചന്ദ്രൻ)
സങ്കടത്തെ ഉരുക്കി എടുത്ത് ഒരു ശിൽപ്പി ഒരു രൂപം കൊത്തിയാൽ അത് പൂർണ്ണമാകുന്നത് പിയത്ത ആയിട്ട് ആയിരിക്കും.
യൗവനം കടക്കാത്ത തന്റെ ഏകമകന്റെ , ക്രൂശിക്കപ്പെട്ട ദേഹത്തെ മടിയിൽ കിടത്തി അവന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന അമ്മയുടെ രൂപം ദുഃഖം ദ്രവിപ്പിച്ചുണ്ടാക്കിയതാണ് മൈക്കലാഞ്ചലോ .

കൈ പിടിച്ചു വീഴാതെ പിച്ച നടത്തിയ മകൻ മരക്കുരിശു ചുമന്ന്, കല്ലേറും, ചാട്ടവാർ തല്ലുമേറ്റ്  മല കയറുന്നത് കണ്ട് ഒപ്പം അമ്മയും ഉണ്ടായിരുന്നു.ഉമ്മ വച്ചു താലോലിച്ച ഉടലിൽ മുള്ളാണികൾ തറഞ്ഞു കയറുന്നതും, എത്രയോ വട്ടം തന്റെ വിരലോടിയ മുടിയിൽ മുൾക്കിരീടം അമരുന്നതും, താൻ പാല് കൊടുത്തുറക്കിയ കുട്ടി ഒരു തുള്ളി വെള്ളത്തിന് വേണ്ടി പൊരിഞ്ഞു പിടയുന്നതും, നീതിയുടെ ഇടിനാദം പോലെ ഉയർന്ന ശബ്ദം "എന്റെ ദൈവമേ, എന്റെ ദൈവമേ എന്നെ കൈ വിട്ടത് എന്തിന് ?" എന്ന് നെഞ്ചു തകർന്നു വിലപിക്കുന്നതും  കണ്ടു നിന്ന ഒരു അമ്മ.

മകൻ ലോകത്തിന്റെ വെളിച്ചവും, വിശുദ്ധിയും ആയി ജ്വലിക്കുമ്പോൾ ആത്മാവിൽ ദുഃഖത്തിന്റെ ഇരുണ്ട തീ പുകഞ്ഞ അമ്മ.
എന്റേത്, എന്റേത് എന്ന് ചേർത്തു പിടിച്ച അമ്മകൈകളെ, ചുംബിച്ചു, വേദനിപ്പിക്കാതെ പതുക്കെ അടർത്തി മാറ്റി , ലോകത്തിന്റെ വേദനകളിലേക്ക് മകൻ നടന്ന് പോയപ്പോൾ തടയാതിരുന്ന അമ്മ.

അനീതിയുടെ കാറ്റ് പിടിച്ച വ്യവസ്ഥിതികളെ, നടുക്കി നിർത്തിയ ചൂണ്ടു വിരൽ ആയി മനുഷ്യ സ്നേഹം മകനിൽ വിറ കൊണ്ടപ്പോൾ അത് മനസിലാക്കിയ അമ്മ.
ദുരയും, വെറിയും മൂത്ത അധികാരത്തിന്റെ പ്രലോഭനങ്ങൾക്ക് വഴി പെടാതെ, വിഷാദം വഴിഞ്ഞ കണ്ണുകളും ആയി , മറ്റാർക്കും കാണാത്ത എന്തോ തിരഞ്ഞു, തളർന്ന പുത്രന്റെ വ്യഥകളെ ഉള്ളിലേറ്റിയ അമ്മ.

അവന്റെ ആധി പൂണ്ട അലച്ചിലുകൾക്കും, തീ കുമിഞ്ഞ വാക്കുകൾക്കും ഒടുക്കം, ചതിയുടെ വെള്ളിനാണയ കിലുക്കങ്ങളിൽ പതറിയ സഖിത്വത്തിന്റെ വാരിക്കുഴിയിൽ വീണ്, സഹിക്കാ നോവിന്റെ മുറിവുകൾ മേലാകെയണിഞ്ഞു , ആത്മാവ് മുറിഞ്ഞു വിലപിച്ചു തന്റെ മടിയിലേക്ക്  വെളിച്ചം കെട്ട ഒരു നക്ഷത്രം പോലെ അടർന്ന് വീണ മകന്റെ മുഖത്തേക്ക് നോക്കുന്ന ആ അമ്മയെ കൊത്തിയ കല്ലുകൾ , ഈ ശില്പമായി ഉടൽ പൂകാൻ ഭൂമി എത്ര കാലമായി തന്റെ നെഞ്ചോടു ചേർത്തു വച്ചതായിരിക്കും ?

മകനെ എന്തു കൊണ്ട് തടഞ്ഞില്ല, അവനെ എന്ത് കൊണ്ട് പിടിച്ചു നിർത്തിയില്ല, സ്വാർത്ഥം ശരി വയ്ക്കുന്ന സ്നേഹത്തിന്റെ പിൻവിളികൾ കൊണ്ട് അവന്റെ യാത്രകളെ എന്ത് കൊണ്ട് വിലക്കിയില്ല എന്ന് ആരോ ചോദിക്കവെ അവൾ പറഞ്ഞുവെത്രേ : " കൊടുങ്കാറ്റുകളെ ആയിരമായിരം ഇലകളിൽ ഒതുക്കി വച്ചിട്ടും, നിശബ്ദമായ കാട് പോലെയാണ് അമ്മ-ചില ശബ്ദങ്ങൾ ഉള്ളിൽ മാത്രം ഒതുങ്ങേണ്ടത് ആണ്.ഓരോ തിരയിലും ശിലകളെ തകർക്കുന്ന കുതിര ശക്തിയുണ്ടായിട്ടും കരയുടെ തുടക്കം വരെ വന്ന് മടങ്ങുന്ന കടൽ പോലെ ആണ് അമ്മ-ചിലയിടങ്ങളിലേക്ക് സ്നേഹം കൊണ്ടാണെങ്കിലും കടന്ന് ചെല്ലരുത് എന്നറിയുന്നവൾ. സ്വന്തം ഉടലിന്റെ പതുപ്പുള്ള ഇരുളിൽ പത്തു മാസങ്ങൾ മാത്രമേ മക്കളെ കാക്കാൻ തനിക്ക് അവകാശമുള്ളൂ എന്ന് തിരിച്ചറിവുള്ളവളാണ് അമ്മ-അത് കഴിഞ്ഞാൽ മനുഷ്യ ശിശു വെളിച്ചത്തിന്റേതാണ് എന്ന് അറിയുന്നവൾ".

എന്നിട്ട് അവൾ കരയാതെ മകന്റെ തണുത്ത ഉടൽ,  തന്റെ പൊള്ളുന്ന ജീവനിലേക്ക് ചേർത്തു.
ഭൂമി കാത്തു വയ്ക്കുന്ന കല്ലുകൾ കൊണ്ട് മെനയുന്ന ശിൽപ്പങ്ങൾ (മൃദുല രാമചന്ദ്രൻ)
Join WhatsApp News
MTNV 2021-04-07 18:53:37
The Lord's Passion as well that of His Mother's participation in same is to be seen through the eyes of revealed faith - The Lord who is suffering in His human nature in His mysterious Oneness in Divinity such that every Act of His having its infinite grace and power - a thorn for every evil thought of each of His children , to undo its effects...and so on .. every pain and humiliation getting transformed into flames of Love and the strength in the ardent zeal and Love to embrace the Holy Will of The Father , to thus undo the effects of the rebellious self will and its carnal slaveries down through the generations . The Old Testament giving a narrative of same , reading of which is to help persons to be set free from same ,invoking the Power of The Precious Blood that unto such evils . The Mother too , in Oneness in Heart , forgiving each of us for our own role in all their sufferings that we too ask for and trust in same grace , to thus Rise in The Sun of The Divine Will, in praise and gratitude - 'by His Stripes we are healed ' . Love and praise to The Risen Lord - in His Holy Mother and all His holy angels and saints and all His children !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക