Image

തിരുവല്ലയിൽ 'സർപ്രൈസ്' വിജയം പ്രതീക്ഷിക്കാമോ? (പ്രവാസി കാഴ്ച്ച-9, ജോർജ് എബ്രഹാം)

Published on 05 April, 2021
തിരുവല്ലയിൽ 'സർപ്രൈസ്' വിജയം പ്രതീക്ഷിക്കാമോ?  (പ്രവാസി കാഴ്ച്ച-9, ജോർജ് എബ്രഹാം)
തിരുവല്ല: ഏറെക്കാലമായി കേരള കോൺഗ്രസിനു വേണ്ടി പിന്നണിയിൽ നിന്നുകൊണ്ട്  മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കുഞ്ഞു കോശി പോളിനെക്കുറിച്ച്  അറിയുന്നവർക്കൊക്കെ  അദ്ദേഹത്തെപ്പറ്റി മോശമായി ഒന്നും തന്നെ  പറയാനില്ല. യുഡിഎഫിന്റെ ഭാഗമായ കേരള കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതാവ് പി ജെ ജോസഫിന്റെ വിശ്വസ്തനാണ് അദ്ദേഹം. ജോസഫ് പുതുശ്ശേരിയേയോ  വർഗ്ഗീസ് മാമ്മനെയോ പരിഗണിക്കുമെന്ന്  അഭ്യൂഹങ്ങളുണ്ടായിരുന്ന  തിരുവല്ല സീറ്റിലേക്കാണ് കോശി പോളിന് നറുക്കു വീണത്.

എന്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടി ആ സീറ്റ് ജോസഫ് ഗ്രൂപ്പിൽ നിന്ന് തിരിച്ചെടുക്കാത്തത് എന്ന നിരാശയിൽ നിന്ന് യുവ നേതാക്കൾ ഉൾപ്പെടെ നിരവധി  കോൺഗ്രസ് പ്രവർത്തകർ  ഇനിയും മുക്തരായിട്ടില്ലെന്ന് എനിക്ക് നേരിൽ കണ്ടു ബോധ്യമായി. തിരുവല്ലയിൽ  കേരള കോൺഗ്രസ് പ്രവർത്തകർ നൂറിനു താഴെയേ ഉണ്ടാകൂ എന്നും കോൺഗ്രസ് ഊർജസ്വലനായ ഒരു യുവ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിൽ  വിജയം ഉറപ്പായേനെ എന്നുമാണ് അവരിൽ പലരുടെയും അഭിപ്രായം. തുടർച്ചയായ മൂന്ന് തോൽവികൾക്കുശേഷവും കേരള കോൺഗ്രസ്  ആ സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നതിലെ നിരാശയും അവർ  പ്രകടിപ്പിച്ചു.

ഒരാഴ്ച മുമ്പ് വരെ, എൽ.ഡി.എഫിലെ സിറ്റിംഗ് എം‌എൽ‌എയും മുൻ മന്ത്രിയുമായ മാത്യു ടി. തോമസ് വിജയിക്കുമെന്ന് മുൻ‌കൂട്ടി ഉറപ്പിച്ച മട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നാൽ, ദിവസങ്ങൾ കടന്നുപോകുന്തോറും, പ്രചാരണം ചൂടുപിടിച്ചതോടെ, കുഞ്ഞു  കോശിക്ക് വിജയിക്കാൻ അവസരമുണ്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. വ്യക്തമായ  മുൻ‌തൂക്കം പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷം ഇപ്പോൾ  അല്പം പരിഭ്രാന്തരായതിന്റെ  സൂചനയുണ്ട്. 

സ്ഥാനാർത്ഥികൾ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചുകൊണ്ട് വോട്ട് അഭ്യർത്ഥന നടത്തുന്ന സ്ഥിതിവിശേഷം അടുത്തിടെ രൂപപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. കുഞ്ഞുകോശിയുടെ റോഡ്ഷോയിൽ ശശി തരൂരിന്റെ സാന്നിധ്യം, അണികളിൽ ആവേശം നിറച്ചു.

മാത്യു ടി.തോമസ് തന്റേതായ വഴികളിലൂടെ നടക്കുന്ന ഒറ്റയാനാണെന്നു വിശേഷിപ്പിക്കാം. അതിനാൽ സ്വന്തം  ഇടവകയിലെ  (മാർത്തോമാ) പലരുടെയും വോട്ട് പോലും അദ്ദേഹത്തിന്  ലഭിക്കാത്ത സാഹചര്യം ഉണ്ട്. എന്നാൽ, തിരുവല്ലയിലെ ജനങ്ങൾക്കിടയിൽ   ആത്മാർത്ഥവും സത്യസന്ധവുമായ സേവനം കാഴ്‌ചവയ്ക്കുന്ന  നേതാവെന്ന നിലയ്ക്ക്  അദ്ദേഹത്തിന്റെ നാമധേയം സുപരിചതമാണ്. .

തിരുവല്ലയിൽ  കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലെക്സ്, ബൈപാസ് റോഡ്, ഹൈടെക്ക് സ്‌കൂളുകൾ, നിർധനർക്ക് 764 വീടുകൾ, കുടിവെള്ള  പദ്ധതികൾ, തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്കും ക്ഷേമപദ്ധതികൾക്കും ചുക്കാൻ പിടിച്ച നേതാവെന്ന നിലയിലാണ് അദ്ദേഹം വോട്ട് അഭ്യർത്ഥിക്കുന്നത്. മുൻ മന്ത്രി എന്ന പ്രവൃത്തിപരിചയംകൊണ്ട് ഒരു കാര്യം നടപ്പിലാക്കാൻ എന്ത് ചെയ്യണമെന്ന്  കൃത്യമായ ധാരണ അദ്ദേഹത്തിന് മുതൽക്കൂട്ടാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഒരു അവസരം കൂടി തനിക്ക് തരണമെന്നാണ് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിക്കുന്നത്

ഓർത്തോഡോക്സ് സഭക്കാർക്കും  മാർത്തോമ്മക്കാർക്കും ഇടയിലായാണ് ഇവിടുത്തെ വോട്ട് വിഹിതത്തിന്റെ സിംഹഭാഗവും കിടക്കുന്നത്. മാത്യു.ടി യോടുള്ള വിരോധംകൊണ്ട് ഒട്ടേറെ മാർത്തോമ്മക്കാർ മാറിക്കുത്തുന്ന വോട്ടുകൾ കുഞ്ഞു കോശി പോളിന് അട്ടിമറി വിജയം സമ്മാനിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. 

മധ്യ തിരുവിതാംകൂറിൽ തങ്ങൾ വ്യക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ടെന്ന് പൊതുജനത്തെ ബോധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിജെപി തിരുവല്ലയിൽ കരുക്കൾ നീക്കുന്നത്. വോട്ട് ശതമാനം വര്ധിപ്പിക്കയും തങ്ങളുടെ വളർച്ച വ്യക്തമാക്കുകയും ചെയ്യുക. എൻഡിഎ യോട് അനുഭാവമുള്ള നല്ലൊരു വിഭാഗം തിരുവല്ലയിലുണ്ട്. അവർ ബിജെപി സ്ഥാനാർഥി അശോകൻ കുളനടയ്ക്ക് വോട്ട് ചെയ്യും.
see also
 
തിരുവല്ലയിൽ 'സർപ്രൈസ്' വിജയം പ്രതീക്ഷിക്കാമോ?  (പ്രവാസി കാഴ്ച്ച-9, ജോർജ് എബ്രഹാം) തിരുവല്ലയിൽ 'സർപ്രൈസ്' വിജയം പ്രതീക്ഷിക്കാമോ?  (പ്രവാസി കാഴ്ച്ച-9, ജോർജ് എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക