Image

കഴക്കൂട്ടം ഒരു പരീക്ഷണശാല (സി.കെ.വിശ്വനാഥൻ)

Published on 05 April, 2021
കഴക്കൂട്ടം ഒരു പരീക്ഷണശാല (സി.കെ.വിശ്വനാഥൻ)
ഞങ്ങളുടെ കൂടെ നിന്നാല്‍ ഞങ്ങള്‍ മന്ത്രിയാക്കുമായിരുന്നു എന്ന് മുസ്ലിം ലീഗ് നേതാവ് സീതി ഹാജിയും, ഞങ്ങളുടെ കൂടെ നിന്നിരുന്നെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയാക്കുമായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞപ്പോൾ, നിങ്ങളൊന്നുമല്ലല്ലോ എന്നെ മനസ്സിലാക്കി വിളിക്കാന്‍ വന്നത്  എന്നു മറുപടി കൊടുത്ത തൻ്റേടമാണ് നബീസാ ഉമ്മാളിനെ വ്യത്യസ്തയാക്കുന്നത്.
 ലീഗിൻ്റെ കാര്യത്തിൽ അവരുടെ കൂടെയുള്ള ഒരു വനിതാ നേതാവും ഇതുവരെ സഭയില്‍ എത്തിയിട്ടു പോലുമില്ലന്നു കൂടി ഈ പറഞ്ഞതിനോടു കൂട്ടിച്ചേർക്കണം.  
1987 മാർച്ച് 23നു നടന്ന  നിയമസഭാ തെരഞ്ഞെടുപ്പിൽ  34 സ്ത്രീകള്‍ മത്സരിച്ചതില്‍ 8 പേർ മാത്രമാണ് വിജയിച്ചത്. എം.ടി. പദ്മ, ലീലാ ദാമോദര മേനോന്‍, റോസമ്മചാക്കോ എന്നിവർ കോൺഗ്രസ്‌ സ്ഥാനാർത്ഥികള്‍ ആയും കെ. ആർ. ഗൌരിയമ്മ, ജെ. മേഴ്സികുട്ടിയമ്മ സി.പി.ഐ.(എം) സ്ഥാനാർത്ഥികള്‍ ആയും റോസമ്മ പുന്നൂസ്, ഭാർഗവി തങ്കപ്പന്‍ സി.പി.ഐക്ക് വേണ്ടിയും മത്സരിച്ചു ജയിച്ചപ്പോൾ നബീസാ ഉമ്മാള്‍  കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന്
ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി  ജയിച്ച് നിയസമഭയില്‍ എത്തി.
കഴക്കൂട്ടം മണ്ഡലം തിരഞ്ഞെടുപ്പ് ഗോദയിൽ ഒട്ടേറെ ചരിത്രമെഴുതിച്ചേർത്തതാണ്. മണ്ഡലത്തിൻ്റെ മനസ്സ് ആദ്യകാലത്ത് ശരിക്കു പഠിച്ച ഒരു നേതാവായിരുന്നു ഇ.എം.എസ്സ്. അദ്ദേഹമാണ് നബീസാ ഉമ്മാളിനെ കഴക്കൂട്ടത്തു നിർത്താമെന്ന നിർദ്ദേശം വച്ചത്.അതിൽ പിന്നെ ഈ മണ്ഡലം പലരുടേയും പരീക്ഷണശാലയായി.
മുഖ്യമന്ത്രിയായ ശേഷം 1977-ൽ എ.കെ.ആന്റണിയെ തിരഞ്ഞെടുത്തയച്ച ചരിത്രമുണ്ട് കഴക്കൂട്ടത്തിന്. കെ.പി.സി.സി. പ്രസിഡന്റായിരുന്ന എ.കെ.ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ഹൈക്കമാൻഡ് പരിഗണിച്ചതോടെ കഴക്കൂട്ടത്ത് എം.എൽ.എ.യായിരുന്ന തലേക്കുന്നിൽ ബഷീർ രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പിരപ്പൻകോട് ശ്രീധരൻ നായരെ 8669 വോട്ടുകൾക്കാണ് ആന്റണി പരാജയപ്പെടുത്തിയത്.
അതേ സമയം 1991-ൽ നബീസാ ഉമ്മാളിനെ തള്ളി യൂ ഡി എഫ് പക്ഷത്തുനിന്ന എം.വി.രാഘവനെ ജയിപ്പിക്കുകയും ചെയ്തു. അടുത്ത തവണ കഴക്കൂട്ടം വിട്ട് എം.വി.ആർ ആറന്മുളയിലേക്കു ചുവടുമാറ്റിയപ്പോൾ കഴക്കൂട്ടം കാണിച്ച ഔദാര്യം ആറന്മുള കാണിച്ചില്ല. ആറന്മുള കവി കടമ്മനിട്ടയെ തുണച്ചു.
മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേംനസീറും ഒരു പക്ഷെ കഴക്കൂട്ടത്ത് മാറ്റുരക്കണ്ടതായിരുന്നു. അദ്ദേഹം കോണ്‍ഗ്രസ്സില്‍ പ്രവേശിച്ച കാലം. സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിൻ്റെ  മുന്നിലെ  മരച്ചുവട്ടില്‍ ഖദര്‍സിൽക്ക് ജുബ്ബയിട്ട്  നസീർ. രാജീവ്‌ ഗാന്ധിയെ കാണാനുള്ള കാത്തു നിൽപ്പായിരുന്നു അത്. നസീറിൻ്റെ അളിയനായ തലേക്കുന്നിൽ ബഷീറിനു പകരം കഴക്കൂട്ടത്ത് നസീറിൻ്റെ പേര് ഏതാണ്ട് ഉറച്ച ഒരു സമയമുണ്ടായിരുന്നു. ഏതായാലും കഴക്കൂട്ടത്തിന് ആ ഭാഗ്യം ഉണ്ടായില്ല.
ടി.എം.ജേക്കബ്ബിനോട് രണ്ടു വാക്കു പറയാൻ നബീസാ ഉമ്മാളിന് അവസരം കൊടുത്തതും കഴക്കൂട്ടമാണ്.
കേരള സര്‍വ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നബീസാ ഉമ്മാൾ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലായിരുന്നു. അന്ന് മന്ത്രിയായിരുന്ന ടി.എം.ജേക്കബ്ബ് വിളിച്ചു വരുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി സംസാരിച്ചു. പക്ഷെ നബീസാ ഉമ്മാൾ തയാറായില്ല.നബീസാ ഉമ്മാള്‍ എം.എല്‍.എ ആയപ്പോള്‍ പ്രതിപക്ഷത്തായിരുന്നു ജേക്കബ്. പഴയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജേക്കബ്ബ് എന്തോ പറഞ്ഞപ്പോൾ നേർക്കുനേർ മറുപടി കൊടുക്കാൻ കഴിഞ്ഞു.
കഴക്കൂട്ടം വീണ്ടും വാർത്തകളിൽ നിറയുന്നു.നബീസാ ഉമ്മാൾ കാതോർക്കുകയാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക