Image

വസ്തുവിൽ നിന്ന്  കോവിഡ് ബാധക്ക്  സാധ്യത കുറവെന്ന്   സിഡിസി; വാക്സിൻ പാസ്‌പോർട്ടുകൾ’ ആവശ്യമില്ലെന്ന് ഫൗച്ചി

Published on 06 April, 2021
വസ്തുവിൽ നിന്ന്  കോവിഡ് ബാധക്ക്  സാധ്യത കുറവെന്ന്   സിഡിസി; വാക്സിൻ പാസ്‌പോർട്ടുകൾ’ ആവശ്യമില്ലെന്ന് ഫൗച്ചി

ഒരു വസ്തുവിൽ നിന്നോ പ്രതലത്തിൽ  നിന്നോ കൊറോണ വൈറസ് പിടിപെടാനുള്ള  സാധ്യത കുറവാണെന്ന് സിഡിസി. 

കോവിഡ് രോഗിയുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെയോ വായുവിലൂടെ പകരുന്നതിനെയോ  അപേക്ഷിച്ചാണ് രോഗസാധ്യത കുറവാണെന്ന് വിലയിരുത്തുന്നത്.

കഴിഞ്ഞ വർഷം  മാർച്ച്ആദ്യം, വസ്തുക്കളിലൂടെയും ഗ്ലാസ് പ്രതലങ്ങളിലൂടെയും സ്പർശനം  വഴി അപകട സാധ്യതയുണ്ടെന്നു ഏജൻസി പറഞ്ഞിരുന്നു. മേയ് മാസത്തിൽ അത്തരത്തിൽ പെട്ടെന്ന് പകരില്ലെന്ന നിഗമനത്തിൽ ഏജൻസി എത്തിച്ചേർന്നു.  എന്നാൽ, ഒരു വർഷത്തിന് ശേഷമാണ്  ഏജൻസി ഔദ്യോഗിക പുനരവലോകനം നടത്തിയത്. 

 വൃത്തിയാക്കാൻ  അണുനാശിനികളുടെ ആവശ്യമില്ലെന്നും സോപ്പോ ഡിറ്റർജന്റോ കൊണ്ട് പ്രതലങ്ങൾ വൈറസ് വിമുക്തമാക്കാവുന്നതേ ഉള്ളൂ എന്നുമാണ്  സിഡിസി യുടെ വിശദീകരണം.

അണുനാശിനികളുടെ സ്ഥിരം  ഉപയോഗത്തിന് ശാസ്ത്രീയമായ പിന്തുണയില്ല. തിങ്കളാഴ്ച വൈറ്റ് ഹൗസ് കൊറോണ വൈറസ് ബ്രീഫിംഗിനിടെ സിഡിസി മേധാവി ഡോ. റോഷൽ വലൻസ്‌കിയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.

ഫോഗിംഗ്, ഫ്യൂമിഗേഷൻ പോലുള്ള ചില ക്ലീനിംഗ് രീതികളും നന്നല്ലെന്ന് അവർ  പറഞ്ഞു. ഇലക്ട്രോസ്റ്റാറ്റിക് സ്പ്രേ ചെയ്യുന്നത് പ്രാഥമിക രീതിയായി ശുപാർശ ചെയ്യുന്നില്ലെന്നും കൂട്ടിച്ചേർത്തു.

വൈറസ് ഉള്ള വസ്തുവോ പ്രതലമോ  സ്പർശിച്ച ശേഷം വ്യക്തി അവരുടെ മൂക്ക്, വായ അല്ലെങ്കിൽ കണ്ണുകളിൽ സ്പർശിക്കുന്നതിലൂടെയും , രോഗം ബാധിച്ച ആൾ തുമ്മുമ്പോൾ തെറിക്കുന്ന സ്രവത്തിലൂടെയും രോഗം മറ്റുള്ളവർക്ക്ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിനുള്ള സാധ്യത 10,000 ൽ 1 മാത്രമാണെന്ന്  പഠനങ്ങളിൽ  കണ്ടെത്തിയിട്ടുണ്ടെന്ന് സിഡിസി ചൂണ്ടിക്കാട്ടി.

വാക്സിൻ പാസ്‌പോർട്ടുകൾ’ ആവശ്യമില്ലെന്ന് ഫൗച്ചി 

 കൊറോണ വൈറസിനെതിരെ രോഗപ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്ന് തെളിയിക്കാൻ അമേരിക്കക്കാർ വാക്സിൻ പാസ്‌പോർട്ടുകൾ ഉപയോഗിക്കേണ്ട  ആവശ്യമില്ലെന്ന്  ഡോ. ആന്റോണി ഫൗച്ചി തിങ്കളാഴ്ച പറഞ്ഞു. ഫെഡറൽ ഗവണ്മെന്റ് ഒരിക്കലും ഇങ്ങനൊരു രേഖ നിര്ബന്ധമാക്കുമെന്ന് താൻ കരുതുന്നില്ലെന്നും ചില ബിസിനസ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തമായി ഇത്തരം നയങ്ങൾ സൃഷ്ടിക്കുകയും പിന്തുടരുകയും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈറ്റ് ഹൗസ് കോവിഡ് റെസ്പോൺസ് ടീമിന്റെ മുതിർന്ന ഉപദേഷ്ടാവ് ആൻഡി സ്ലാവിറ്റ് മുൻപ് പറഞ്ഞതും ബൈഡൻ ഭരണകൂടം വാക്സിൻ പാസ്‌പോർട്ടുകൾ  എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം സ്വകാര്യ മേഖലയ്ക്ക് നല്കുകമാത്രമാണ് ചെയ്യുന്നതെന്നാണ്.

ന്യു യോർക്ക് സിറ്റി സ്‌കൂളുകൾ 

ന്യൂയോർക്ക് സിറ്റിയിൽ കോവിഡ് മൂലം സ്‌കൂൾ അടയ്ക്കുന്നതിന്റെ  നിയമങ്ങൾ‌ മാറ്റുന്നെങ്കിലും എങ്ങനെ, എപ്പോൾ എന്ന് പറയുന്നില്ല

നിലവിൽ, ഒരു സ്‌കൂളിൽ രണ്ടോ അതിലധികമോ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിക്കുന്ന പക്ഷമാണ് ഉടനടി അടച്ചുപൂട്ടുകയും രണ്ടാഴ്ച വരെ തുറക്കാതിരിക്കുകയും ചെയ്യുന്നത്. ഓരോ ആഴ്ചയും ഇത്തരത്തിൽ നൂറോളം സ്‌കൂളുകൾ അടയ്ക്കുന്നുണ്ട്.
  ചർച്ചകൾക്ക് ശേഷം മേയർ ഡി ബ്ലാസിയോ പുതിയ പദ്ധതി അനുസരിച്ച് 2 കേസുകൾ മാത്രമാണെങ്കിൽ സ്‌കൂൾ അടയ്‌ക്കേണ്ടതില്ലെന്നാണ് വ്യക്തമാക്കിയത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

രണ്ടാമത്തെ ഫൈസർ ഡോസ് നൽകുന്നതിൽ വാൾഗ്രീൻസ്  ഫെഡറൽ മാർഗ്ഗനിർദ്ദേശം അവഗണിച്ചു 

ആദ്യ ഫൈസർ വാക്സിൻ ഡോസ് സ്വീകരിച്ച് മൂന്നാഴ്‌ച കഴിഞ്ഞ് രണ്ടാമത്തെ ഡോസ് സ്വീകരിക്കണം എന്നാണ്  ഫെഡറൽ‌ മാർ‌ഗ്ഗനിർ‌ദ്ദേശം. എന്നാൽ, വോൾഗ്രീൻസ് ഇത്  അവഗണിക്കുകയും നിർദ്ദേശിച്ചതിനേക്കാൾ ഒരാഴ്ച കഴിഞ്ഞ് , അതായത്  ആദ്യ ഡോസ് നൽകി  4  ആഴ്ചകൾക്ക് ശേഷമാണ് അടുത്ത ഡോസ് നൽകിയതെന്ന് തിങ്കളാഴ്‌ച പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.
മോഡേണയുടെ അതേ ഇടവേളയിൽ ഷെഡ്യൂൾ ചെയ്യുന്നത് കമ്പനിക്ക് എളുപ്പമാണെന്നാണ് ഇത് സംബന്ധിച്ച് നൽകിയ ന്യായീകരണം.

എന്നാൽ ഫെഡറൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കമ്പനിയോട് രണ്ടാമത്തെ ഡോസ് നൽകുന്നതിൽ മാർഗ്ഗനിർദ്ദേശം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് പറഞ്ഞു.മൂന്നിൽ നിന്ന് ആറാഴ്‌ച വരെ ഇരു ഡോസുകൾക്കുമിടയിൽ ഇടവേള ഉണ്ടാകുന്നത് പ്രശ്‌നമില്ലെന്ന് ഫൈസർ പറയുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിൽ വ്യത്യാസം ഉണ്ടാകുമോ എന്ന ആശങ്കകൊണ്ട് നിർദ്ദേശിച്ചതുപ്രകാരം മുന്നോട്ടുപോകാനാണ് പറയുന്നത്.

രണ്ടാമത്തെ ഷോട്ടിലെ ആഴ്‌ചയിലെ കാലതാമസം വാക്സിനുകളുടെ മൊത്തത്തിലുള്ള ഫലപ്രാപ്തിയെ  ബാധിക്കുന്നതായി ഒരു സൂചനയും ഇല്ല.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 
 
കോവിഡിനെ പരാജയപ്പെടുത്തുന്ന ആയുധമാണ് വാക്സിൻ. 16 വയസും അതിൽ കൂടുതലുമുള്ള എല്ലാ ന്യൂയോർക്കുകാർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഇനിമുതൽ ലഭ്യമാകും. സാർവത്രിക യോഗ്യത പ്രാബല്യത്തിൽ വന്നതിനാൽ , എല്ലാ ന്യൂയോർക്കുകാർക്കും വാക്സിൻ പര്യാപ്തമാണെന്ന്  ഉറപ്പാക്കാൻ പ്രാദേശിക നേതാക്കളുമായി തുടർന്നും പ്രവർത്തിക്കും. എന്നാൽ , സാർവത്രിക യോഗ്യത എന്നതിനർത്ഥം സാധാരണജീവിതത്തിലേക്ക് കടക്കാമെന്നല്ല. വൈറസ് ഇനിയും പോയിട്ടില്ല. സുരക്ഷാ പ്രോട്ടോക്കോളുകൾ  തുടർന്നും പാലിക്കേണ്ടത് അനിവാര്യമാണ്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ,  വാക്സിനേഷൻ എടുക്കുക. 
 
*  ആശുപത്രിയിൽ പ്രവേശിതരാവരുടെ എണ്ണം 4,434 ആയി ഉയർന്നു.  150,225 ടെസ്റ്റുകളിൽ 6,583 പേരുടെ ഫലം പോസിറ്റീവായി.4.38 ശതമാനമാണ്  പോസിറ്റീവിറ്റി നിരക്ക്. 7 ദിവസത്തെ ശരാശരി പോസിറ്റീവ് നിരക്ക് 3.57 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 906 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: 57.
 
* ന്യൂയോർക്കിലെ 33.3 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് വീതം സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 11,418 ഡോസുകൾ നൽകി. 
  
* എല്ലാ ന്യൂയോർക്കുകാർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനവ്യാപകമായി 'റോൾ അപ്പ് യുവർ സ്ലീവ്' പരസ്യ കാമ്പെയ്‌ൻ ആരംഭിച്ചു. ഏപ്രിൽ 7 ബുധനാഴ്ച മുതൽ പരസ്യങ്ങൾ ടെലിവിഷനിലും ഓൺ‌ലൈനിലും പ്രദർശിപ്പിക്കും. 
 
*  ചില വ്യവസായങ്ങൾക്ക്  രാത്രി 11 മണി മുതൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിക്കും. കാസിനോകൾ, സിനിമാ തിയേറ്ററുകൾ, ബില്യാർഡ്സ് ഹാളുകൾ, ജിമ്മുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയ്ക് നിലവിലുള്ള കർഫ്യൂ പിൻവലിക്കും. ഭക്ഷണ-പാനീയ സ്ഥാപനങ്ങൾക്ക്  രാത്രി 11 മണി മുതൽ ഏർപ്പെടുത്തിയ  കർഫ്യൂവും  ഇവന്റുകൾക്ക് വെളുപ്പിന് 12 മുതലുള്ള  കർഫ്യൂവും നിലവിലെ രീതിയിൽ തുടരും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക